സാഹസിക യാത്രകള്‍ക്കു പര്യാപ്തമോ നമ്മുടെ റോഡുകള്‍….??

                                                      

Jess Varkey Thuruthel & D P Skariah

സ്വന്തം സ്വപ്‌നങ്ങള്‍ക്കു പിന്നാലെ ഇറങ്ങിത്തിരിച്ച അനസ് എന്ന ചെറുപ്പക്കാരനും ഓര്‍മ്മയായി….. സ്‌കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കു യാത്ര തിരിച്ച മലയാളിയായ അനസ് (31) ആണ് ഹരിയാനയില്‍ ട്രക്ക് ഇടിച്ചു മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ പഞ്ച്കുലയിലെ പോലീസ് സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ അനസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സ്‌കേറ്റിംഗിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മെയ് 29-നാണ് അനസ് ഒറ്റയ്ക്കു യാത്ര തിരിച്ചത്. 3800 കിലോമീറ്റര്‍ സഞ്ചരിച്ച് കാശ്മീരിലെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, ലക്ഷ്യത്തിലെചത്താന്‍ 600 കിലോമീറ്റര്‍ കൂടി ശേഷിക്കെ ആയിരുന്നു അപകടം.

മാസങ്ങളുടെ കാത്തിരിപ്പോ തയ്യാറെടുപ്പുകളോ ഒന്നുമില്ലാതെ ദീര്‍ഘദൂര യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു അനസ്. യാത്ര പോകുന്നതിന് 2 ദിവസം മുന്‍പ് മാത്രമാണ് ഈയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങള്‍ വഴി പറഞ്ഞിരുന്നു.

സുരക്ഷിതമായ ഒരു കാല്‍നട യാത്ര പോലും സാധ്യമല്ല നമ്മുടെ റോഡുകളില്‍. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരില്‍ ഭൂരിഭാഗം പേരും യാതൊരു നിയമവും പാലിക്കുന്നില്ല. റോഡിന്റെ ശോചനീയാവസ്ഥ പോലും കണക്കിലെടുക്കാതെ നിരത്തുകളില്‍ തലങ്ങും വിലങ്ങും ചീറിപ്പായുകയാണ് വാഹനങ്ങള്‍. വലിയ വാഹനങ്ങള്‍ ചെറിയ വാഹനങ്ങളെ പരിഗണിക്കുന്നതു പോലുമില്ല. ഇതിനെല്ലാം പുറമേയാണ് ലഹരി ഉപയോഗിച്ചുള്ള വാഹനമോടിക്കല്‍. ഏതു നിമിഷവും എവിടെ നിന്നും അപകടങ്ങളുണ്ടാകാം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ, യാത്രയ്ക്കായി പ്രത്യേക പാതകളില്ലാതെ സ്‌കേറ്റിംഗില്‍ ഒരു യാത്ര എന്നത് അത്യന്തം അപകടകരമാണ്.വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്രകളെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബ്രിട്ടണ്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഭരിക്കുന്നവര്‍ പോലും സൈക്കിളില്‍ യാത്ര ചെയ്യുന്നു. അവിടെ സൈക്കിളിനു വേണ്ടി പ്രത്യേക റോഡു തന്നെയുണ്ട്. പക്ഷേ, ഇന്ത്യയിലാകട്ടെ, നേരെ ചൊവ്വേ നടക്കാന്‍ പോലും റോഡില്‍ സ്ഥലമില്ല. റോഡുകള്‍ അതീവ ശോചനീയമായ അവസ്ഥയിലുമാണ്. ഇതിനു പുറമെയാണ് മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍.

സാഹസിക യാത്രകള്‍ നടത്തുന്ന, അങ്ങനെ യാത്ര പോകാന്‍ താല്‍പര്യപ്പെടുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. നടന്നും സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും കാശ്മീരിലേക്കും മറ്റുമെല്ലാം പോകുന്നവര്‍. യാത്ര എന്നെന്നും ഹരമാണ്, മനസിനെ ഏറെ ആനന്ദിപ്പിക്കുന്നതുമാണ്. പക്ഷേ, ഈ യാത്രകള്‍ നടത്തുന്നതിന് എത്രത്തോളം പര്യാപ്തമാണ് നമ്മുടെ നിരത്തുകള്‍…?? സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ യാത്രക്കാര്‍ക്കു നല്‍കുന്ന സംരക്ഷണം എന്താണ്…?? യാതൊന്നുമില്ല എന്നതാണ് ഉത്തരം.

ഏറ്റവും തീവ്രമായ ഒരാഗ്രഹം സാധിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ലക്ഷ്യമാണ്. പക്ഷേ, നമ്മുടെ സാഹചര്യങ്ങളും നിയമ സംവിധാനങ്ങളും നമുക്ക് അനുകൂലമല്ല താനും. അപ്പോള്‍, നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്വയം സംരക്ഷണമൊരുക്കുക എന്നത്. പൊതു നിരത്തില്‍ സ്‌കേറ്റിംഗ് അനുവദനീയമാണോ എന്ന പ്രശ്‌നവും നിലവിലുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിച്ചു കൊണ്ടാവണം നമ്മുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പായാന്‍. അകാലത്തില്‍ ജീവന്‍ നഷ്ടപ്പെടുകയോ ഇങ്ങിനി ജീവിതത്തിലേക്കു മടങ്ങിവരാത്ത വണ്ണം തകര്‍ന്നു പോകുകയോ ചെയ്്താല്‍ നഷ്ടം അവരവര്‍ക്കു മാത്രമല്ല, അവരെ സ്‌നേഹിക്കുന്നവര്‍ക്കു കൂടിയാണ്.


Leave a Reply

Your email address will not be published. Required fields are marked *