Thamasoma News Desk
ഇനിയൊരു തവണ കൂടി മലയാളികള്‍ക്ക് ആ രംഗങ്ങള്‍ കാണാനുള്ള ശേഷിയുണ്ടാവില്ല. ആസിഫില്‍ (Asif Ali) അവര്‍ കണ്ടത് സ്വന്തം പ്രതിച്ഛായ തന്നെയാണ്. ഏയ് ഓട്ടോ എന്ന സിനിമയില്‍, വിളമ്പി വച്ച ആഹാരത്തിനു മുന്നില്‍ നിന്നും മോഹന്‍ലാലിന്റെ കഥാപാത്രമായ സുധിയെ എഴുന്നേല്‍പ്പിച്ചു വിടുന്ന സീന്‍ ഉണ്ട്. ഇത്തരത്തില്‍ പൊതുവേദിയിലും അല്ലാതെയും എത്രയോ മനുഷ്യര്‍ അപമാനിതരാകുന്നു…! രമേശ് നാരായണനെപ്പോലുള്ള വമ്പരെന്നു ധരിക്കുന്നവരുടെ ഗര്‍വ്വ് അനുഭവിച്ചവര്‍ എത്രയോ. ഒരു പൊതുവേദിയില്‍ രമേശ് കാണിച്ചത് ഈ വിധമാണെങ്കില്‍ സിനിമ സെറ്റുകളില്‍ എത്രത്തോളം മോശമായിട്ടായിരിക്കും തനിക്കു കീഴില്‍ പണിയെടുക്കുന്നവരോട് ഇയാള്‍ പെരുമാറിയിട്ടുണ്ടാവുക?
പുരസ്‌കാരം നല്‍കുന്ന ആസിഫിനെ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല അയാള്‍. ആ അവാര്‍ഡ് നല്‍കുന്നതിനായി നടന്നുവരുമ്പോഴും അയാളുടെ കണ്ണുകള്‍ പരതുന്നത് വേറെന്തോ ആണ്. ആസിഫിന്റെ മുഖത്തേക്കു നോക്കാന്‍ എന്നല്ല, ആ മനുഷ്യന്‍ അവിടെയുണ്ടെന്ന പരിഗണന പോലും രമേശ് നാരായണന്‍ നല്‍കുന്നില്ല.
സംഗീതജ്ഞരുടെ കുടുംബത്തിലാണ് രമേശ് ജനിച്ചത്. അയാള്‍ മ്യൂസിക് കോളജില്‍ പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്ത മ്യുസീഷ്യന്‍മാരുടെ ശിഷ്യത്വവും സ്വീകരിച്ചിട്ടുണ്ട്. എല്ലാ രീതിയിലും പ്രിവിലേജ്ഡ് ആയ ജീവിതമാണ് രമേശിന്റേത്. ആസിഫിന്റെ കാര്യം അങ്ങനെയല്ല. കലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു വീട്ടില്‍നിന്നാണ് അയാള്‍ വരുന്നത്.
വെള്ളിത്തിരയിലെ താരമാകുന്നതിന് വേണ്ടി ആസിഫ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവസരങ്ങള്‍ക്കുവേണ്ടി സംവിധായകരുടെ പുറകെ അയാള്‍ അലഞ്ഞിട്ടുണ്ട്. പ്രാദേശിക ചാനലിലെ അവതാരകന്റെ വേഷത്തില്‍ ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ട്. നായകനായി അഭിനയിച്ച ചില സിനിമകളില്‍ സഹ സംവിധായകന്റെ ജോലി കൂടി താന്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് ആസിഫ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആസിഫ് പൂര്‍ണ്ണമായും സാധാരണക്കാരന്റെ പ്രതിനിധിയാണ്. സാധാരണക്കാരന്‍ വളരുന്നതും ഉയരങ്ങളിലെത്തുന്നതും ആഗ്രഹിക്കാത്ത ചില മനുഷ്യരുണ്ട്. അവരില്‍പ്പെട്ട ഒരാള്‍ മാത്രമാണ് രമേഷ് നാരായണന്‍.
തനിക്ക് അവസരം തന്ന ജയരാജിനോടുള്ള കടമയും കടപ്പാടും നിര്‍വ്വഹിക്കേണ്ടത് മറ്റൊരാളെ അപമാനിച്ചുകൊണ്ടല്ല. അവരെ ചെറുതാക്കിക്കൊണ്ടുമല്ല. ആസിഫിന്റെ ഹൃദയം തകര്‍ക്കാതെ രമേശ് നാരായണന് ജയരാജിന്റെ കൈയില്‍ നിന്നും പുരസ്‌കാരം വാങ്ങാമായിരുന്നു. അപമാനിതനായ ആസിഫിനെ ചേര്‍ത്തു പിടിക്കാന്‍ ജയരാജും ശ്രമിച്ചില്ല.
ഈ വിഷയത്തെക്കുറിച്ച് അശ്വിന്‍ രാജ് എഴുതിയ വരികള്‍ കൂടി ചേര്‍ത്തു വയ്ക്കുന്നു.
അന്ന് പൃഥ്വിരാജ് അപമാനിച്ചെന്ന് പരാതി, ഇന്ന് ആസിഫ് അലിക്കെതിരെ; വിവാദങ്ങളിലെ രമേഷ് നാരായണന്‍. ഇത്തവണ രമേഷ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ചുവെന്നതാണ് ആരോപണമെങ്കില്‍ മുമ്പ് നടന്‍ പൃഥ്വിരാജ് തന്നെ അപമാനിച്ചെന്ന് പരാതി പറഞ്ഞത് രമേഷ് നാരായണന്‍ തന്നെയായിരുന്നു വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍.
എം ടിയുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് രമേഷ് നാരായണന്‍ വിവാദങ്ങളില്‍ നിറയുന്നത്. ഇതിന് മുമ്പും വിവാദങ്ങളില്‍ രമേഷ് നാരായണന്‍ ഇടം പിടിച്ചിരുന്നു. ഇത്തവണ രമേഷ് നാരായണന്‍ അപമാനിച്ചുവെന്നതാണ് ആരോപണമെങ്കില്‍ മുമ്പ് നടന്‍ പൃഥ്വിരാജ് തന്നെ അപമാനിച്ചെന്ന് പരാതി പറഞ്ഞത് രമേഷ് നാരായണന്‍ തന്നെയായിരുന്നു.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു രമേഷ് നാരായണന്റെ ആരോപണം. 2016 ലെ സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദം ആരംഭിച്ചത്. ആ വര്‍ഷത്തെ മികച്ച ഗായകനുള്ള പുരസ്‌കാരം പി ജയചന്ദ്രനും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം രമേഷ് നാരായണനുമായിരുന്നു. ഇതിന് പിന്നാലെ തന്റെ പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നും തന്റെ പാട്ടുകള്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിയുടെ നിര്‍ദ്ദേശ പ്രകാരം ഒഴിവാക്കിയെന്നുമായിരുന്നു രമേഷ് നാരായണന്റെ പരാമര്‍ശം.
ചിത്രത്തിന് വേണ്ടി ആറ് പാട്ടുകള്‍ താന്‍ ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് പുറംലോകത്തെത്തിയത്. അതില്‍ തന്നെ ശാരദാംബരം മാത്രമാണ് സിനിമയില്‍ ഉപയോഗിച്ചത്. ഈ ഗാനത്തിനും കൂടിയായിരുന്നു പി ജയചന്ദ്രനും രമേഷ് നാരായണനും പുരസ്‌കാരം ലഭിച്ചത്.
”എന്നെക്കൊണ്ട് ‘എന്നു നിന്റെ മൊയ്തീനി’ല്‍ സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകള്‍ക്ക് അക്കാദമിക് നിലവാരും മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തല്‍. പാട്ടുകളെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം” എന്നായിരുന്നു രമേഷ് നാരായണന്‍ പറഞ്ഞത്. ഇത്രയും വര്‍ഷത്തെ എന്റെ അനുഭവത്തിനിടയില്‍ പൃഥ്വിയേയും വിമലിനേയും പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല. ഇത് ആദ്യത്തെ അനുഭവമാണ് എന്നും രമേഷ് നാരായണന്‍ പറഞ്ഞിരുന്നു.
എം ജയചന്ദ്രനായിരുന്നു പിന്നീട് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെ അപമാനിച്ചതിന്റെ പേരില്‍ രമേഷ് നാരായണനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ ‘മനോരഥങ്ങള്‍’ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെ കഴിഞ്ഞ ദിവസമായായിരുന്നു വിവാദത്തിനു കാരണമായ സംഭവം.
പരിപാടിയില്‍ പങ്കെടുത്ത രമേഷ് നാരായണന് മെമന്റോ സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു വേദിയിലേക്കു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേഷ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. സംവിധായകന്‍ ജയരാജിനെ വേദിയിലേക്കു വിളിച്ചുവരുത്തിയ രമേഷ് നാരായണന്‍ ആസിഫിന്റെ കൈയില്‍നിന്ന് മെമന്റോ എടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു.
മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍. അതേസമയം ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് രമേഷ് നാരായണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്നും ആദ്യമായാണ് സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതെന്നും രമേഷ് നാരായണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് മനോരഥങ്ങള്‍ എന്ന ആന്തോളജിയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് 15 ന് സീ 5 ലൂടെ റിലീസ് ചെയ്യും. ഉലകനായകന്‍ കമല്‍ഹാസനാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട്, എം ടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി എന്നിവരാണ് ആന്തോളജി ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് വിവിധ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47