ഏകാധിപത്യം, ജനാധിപത്യക്കുഴലിലൂടെ

ഏകാധിപത്യം (Dictatorship), ജനാധിപത്യക്കുഴലിലൂടെ : ആഗോള ജനാധിപത്യ മാന്ദ്യത്തിന് ഒരു ഇന്ത്യൻ രാഷ്ട്രീയ മാതൃക.

             - Adv. CV Manuvilsan 

*ആമുഖം :

രാജ്യത്തിൻ്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള നമ്മുടെ വെറും വിശകലനങ്ങൾക്ക് മാത്രമല്ല, മറിച്ച് ജനാധിപത്യത്തിൻ്റെ പുത്തൻ പ്രവണതകളെ കൂടുതൽ വിശാലമായി മനസ്സിലാക്കുന്നതിനും, ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാകുന്നതിനും വളരെ പ്രധാനപ്പെട്ടതാണ്, ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ. അവയടക്കം ഞാൻ ഇവിടെ ചോദിക്കുന്നതും, ചോദിക്കാൻ പോകുന്നതും, അതുപോലെ ചോദിക്കാതെ പോയതുമായ കുറെ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെയുള്ള ഒരു ഓട്ട പ്രദക്ഷിണമാണ് ഈ കുറിപ്പ്. :

 1. “ജനാധിപത്യ രാജ്യമാണോ ഇന്ത്യ?”
  ============================

അത് അങ്ങനെ തന്നെ തുടങ്ങണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പേരിൽ അറിയപ്പെടുന്ന, ഇന്ത്യ എന്ന ഭാരതം, ഇന്നും ഒരു ജനാധിപത്യ രാജ്യമാണോ എന്ന ചോദ്യം തന്നെ വെറും ക്ലീഷേ ആണെന്ന് കരുതേണ്ട ഒരു സ്ഥലത്ത് നിന്നു കൊണ്ട്, വീണ്ടും അതേ ചോദ്യം, അതേ ഭാവത്തോടെ ചോദിച്ചാൽ, അത് ക്ലീഷേ അല്ലാതെയായി മാറുമോ? ഇന്നലെയോ മിനിഞ്ഞാന്നോ വരെ അത്തരം ഒരു ചോദ്യത്തിന്റെ പ്രസക്തി കേവലം ഒരു സർക്കാസം അല്ലെങ്കിൽ തികഞ്ഞ ഒരു ക്ലീഷേ ഒക്കെ ആയിരുന്നു. എന്നാൽ ഇന്ന്, അത്തരമൊരു ചോദ്യവും, ഇത്തരമൊരുത്തരവും വെറും ക്ലീഷേ എന്ന് പറഞ്ഞ് തള്ളിക്കളയാൻ ആകില്ല. അതിന് ഒരു കാരണം, ഇന്ന് ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ഇടയിലെവിടെയോ നിലകൊള്ളുന്നൊരു “ഹൈബ്രിഡ് ഭരണകൂടമായി ഇന്ത്യയുടെ വർത്തമാന രാഷ്ട്രീയ ഭരണക്രമത്തിന് രൂപാന്തരണം സംഭവിച്ചു എന്നുള്ളതാണ്.

 1. ഭരണകൂടം @ഹൈബ്രിഡ് ഭരണകൂടം:
  =============================== സമ്പൂർണ്ണ ജനാധിപത്യമോ സമ്പൂർണ്ണ സ്വേച്ഛാധിപത്യമോ അല്ലാത്ത ജനാധിപത്യ സംവിധാനത്തെ തരം തിരിക്കുന്നതിന് ഉപയോഗിക്കുന്ന പേരാണ് “ഹൈബ്രിഡ് ഭരണകൂടം”.

ജനാധിപത്യമെന്ന കര ഭൂമിക്കും, സ്വേച്ഛാധിപത്യമെന്ന ജലാശയത്തിനും മധ്യേ നിലകൊള്ളുന്ന വെള്ളവും ചെളിയും ചേർന്ന് രണ്ടും കെട്ടതായി മാറുന്ന ചതുപ്പിനെയാണ് ഹൈബ്രിഡ് എന്ന് വിളിക്കുന്നത്. ഇങ്ങനെ രൂപാന്തരപ്പെടുന്ന ഇടങ്ങളിൽ കുടികൊള്ളുന്ന ഇടത്തിൽ, കരയേതെന്നോ, കടലേതെന്നോ വേർതിരിക്കാനാകില്ല. ഇങ്ങനെ കലങ്ങി മറിഞ്ഞ വെറും ചതുപ്പിൻ്റെ ദുരവസ്ഥയിലാണ്, നിലവിൽ ഹൈബ്രിഡ് എന്ന സങ്കര പ്രദേശമായി നിലകൊള്ളുന്ന നമ്മുടെ ജനാധിപത്യ ലോകം.

 1. ആഗോള ജനാധിപത്യവത്കരണം:
  ==============================

അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ Steven Levitsky, ടൊറൻ്റോ യൂണിവേഴ്സിറ്റിയിലെ Lucan A. Way എന്നിവരുടെ “The Myth of Democratic Recession” എന്ന ഗ്രന്ഥം ആഗോള ജനാധിപത്യ മാന്ദ്യം എന്ന വിഷയം ചർച്ച ചെയ്യുന്നു. 1980കളിലെ വിജയകരമായ ജനാധിപത്യ വത്കരണത്തിൽ വേരൂന്നിയ, ശീത യുദ്ധാനന്തര, ശുഭാപ്തി വിശ്വാസത്തിൽ നിന്നാണ് ജനാധിപത്യ മാന്ദ്യത്തെ കുറിച്ചുള്ള ധാരണകൾ ഉടലെടുത്തത്. എന്നാൽ, 1990-കളുടെ തുടക്കത്തിൽ പ്രതിസന്ധിയിലായ സാമ്പത്തിക ദൃഢത, വേര് പിടിച്ച് വന്ന ദേശീയത മേൽ ആഗോള കച്ചവട ശക്തികളുടെ ബാഹ്യ സമ്മർദ്ദം എന്നിവ പല സ്വേച്ഛാധിപതികളെയും അവർ കയ്യാളിക്കൊണ്ടിരുന്ന അധികാരം ഒന്നുകിൽ ഉപേക്ഷിക്കാനോ അല്ലെങ്കിൽ എതിർപ്പുകൾ നേരിട്ട് അതിൻ്റെ പ്രത്യാഘാതങ്ങളെ സഹിക്കാനോ നിർബന്ധിതരാക്കി എന്ന് പറയാം. വരികൾക്കിടയിലൂടെ വായിക്കാതെ, അന്താരാഷ്ട്ര നിരീക്ഷണ സമൂഹം, ഈ സ്വേച്ഛാധിപത്യ പ്രതിസന്ധികളെ ജനാധിപത്യപരമായ പരിവർത്തനങ്ങളായി ആഘോഷിക്കപ്പെട്ടു. ഇപ്രകാരം പരക്കെ വീക്ഷിക്കപ്പെട്ട ഈ പരിണാമങ്ങളിൽ പലതും അങ്ങനെയല്ലായിരുന്നു എങ്കിലും, ഇത് സമ്പൂർണ്ണ ജനാധിപത്യ വത്ക്കരണത്തിലേക്കുള്ള ജൈത്ര യാത്രയാണെന്ന് ഒക്കെ സാർവ്വ ദേശീയമായി പ്രഖ്യാപിക്കപ്പെട്ടു.

 1. സ്വേച്ഛാധിപത്യ ഏകീകരണം
  ========================

തുടർന്നു ലോകം കണ്ടത് സ്വേച്ഛാധിപത്യ ഏകീകരണം എന്ന മറുപുറത്തിൻ്റെ വ്യാപനം ആണ്. ഇതിനെയാകട്ടേ അന്താരാഷ്ട്ര നിരീക്ഷണ സമൂഹം വ്യാഖ്യാനിച്ചത് ജനാധിപത്യപരമായ “പിൻമാറ്റം” ആയിട്ടാണ്. പുത്തൻ സാമ്പത്തിക നയവും അതിനെ തുടർന്ന് നടപ്പിലാക്കപ്പെട്ട ഉദാര വൽക്കരണം, സ്വകാര്യ വൽക്കരണം പിന്നെ ഘട്ടം ഘട്ടമായുള്ള ആഗോള വൽക്കരണം എന്നിവ, അന്നോളം ലോക സാമ്പത്തിക വ്യവസ്ഥയിലെ നിലനിന്നിരുന്ന ഒട്ടുമിക്ക സമവാക്യങ്ങളെയും പുനർ നിർവചിക്കുകയും അവയ്ക്കെല്ലാം പുനർ മൂല്യവൽക്കരണം നടത്തുകയും ചെയ്തു. എന്നിട്ടും ജനാധിപത്യ വൽക്കരിക്കപ്പെടാത്ത ഏഷ്യയിലും യൂറോപ്പിലുമൊക്കെയായി നിലകൊണ്ട ചൈന അടക്കമുള്ള മറ്റ് പലയിടങ്ങളിലും ശക്തിപ്പെട്ട നിരാശ മൂലം അശുഭാപ്തി വിശ്വാസം ശക്തിപ്പെട്ടു. ജനാധിപത്യ വൽക്കരണത്തിന് വളരെ അനുകൂലമായ സാഹചര്യങ്ങൾക്കിടയിലും, ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യം എന്ന ലക്ഷ്യം അവശേഷിപ്പിച്ച മിക്ക സ്വേച്ഛാധിപത്യങ്ങളും നാമമാത്ര ജനാധിപത്യങ്ങളായി തന്നെ നില നിന്നിരുന്നു.

5. ആഗോള ജനാധിപത്യ മാന്ദ്യം: റിയാലിറ്റി ഷോ

ആഗോള ജനാധിപത്യ മാന്ദ്യം” എന്നത് സത്യത്തിൽ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു റിയാലിറ്റി ഷോയാണ്. അതിലെ പേരെടുത്ത് പറയാവുന്ന ഒരു Participant ആണ് ഇന്ത്യ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പേരിൽ നിന്നും, ഇന്ത്യ എന്ന ഭാരതത്തിൻ്റെ തരം, ഇന്ത്യയില്ലാത്ത ഭാരതം എന്ന സമീപകാല ഹൈബ്രിഡ് ഭരണ കൂട സിദ്ധാന്തത്തിലേക്ക് പരിണാമം ചെയ്യപ്പെട്ടത്, ലോകത്തിൽ തന്നെ വളർന്ന് വരുന്ന സ്വേച്ഛാധിപത്യ ഭരണക്രമത്തിൻ്റെ വലിയ സ്വാധീനമായാണ് വായിക്കാനാകുന്നത്. ഹൈബ്രിഡിൽ വീണ് മൃതമാകുന്ന ജനാധിപത്യം, എങ്ങനെയാണ് മൂന്നാം നാൾ, ഏകാധിപത്യമായി ഉയിർത്തെഴുന്നേൽക്കുന്നത് എന്ന ജനാധിപത്യ തകർച്ചയുടെ എടുത്ത് പറയാവുന്ന ഒരു ഉദാഹരണമായി മാറി കഴിഞ്ഞു, ഇന്ത്യയെ വേണ്ടാത്ത ഭാരതം.

 1. ജനാധിപത്യം എന്ന പാലം !
  ======================

ഒരു ജനാധിപത്യ രാജ്യത്തിൻറെ ഏകാധിപത്യത്തിലേക്കുള്ള അതി നാടകീയമായ ഉയർത്തെഴുന്നേൽപ്പ് എന്നത് ഒരിക്കലും ഒരു ഭരണ അട്ടിമറിയിലൂടെയോ, അർദ്ധരാത്രി നോക്കിയുള്ള പ്രതിപക്ഷ നേതാക്കളുടെ സമ്പൂർണ്ണ അറസ്റ്റിലൂടെയോ അല്ല, പകരം, നിയമത്തെയും നിയമ കാര്യ നടത്തിപ്പ് സ്ഥാപനങ്ങളേയും തങ്ങൾക്ക് അനുകൂലമാക്കി പുനഃക്രമീകരിച്ച്, യാതൊരു വിട്ടു വീഴ്ചയും ഇല്ലാതെ രാജ്യത്തെ പ്രതിപക്ഷത്തെ, പൂർണ്ണമായും മത-ദേശീയതയിലൂടെ നേടിയെടുക്കുന്ന ഭൂരിപക്ഷം ഉപയോഗിച്ച് തികച്ചും നിയമപരമായ മാർഗ്ഗത്തിലൂടെ നിർദ്ദയം, നിരന്തരം, നിർഭയം ഉപദ്രവിച്ച് കൊണ്ട്, ഒന്നുകിൽ തങ്ങൾക്ക് എതിരെ നിൽക്കാത്ത വിധം നിശബ്ദരാക്കി കൊണ്ട് അല്ലെങ്കിൽ ഒരു ചെറുവിരൽ പോലും അനക്കാൻ ആകാത്ത വിധം അവരെ നിയമ പാശത്താൽ ബന്ധിച്ചു ജയിലിലടച്ചു നേടിയെടുക്കുന്നു. ഇതിന് ഉപയോഗപ്പെട്ടുത്താവുന്ന ഏറ്റവും അനുയോജ്യമായ ഒരു പാലം ആണ് ജനാധിപത്യം എന്ന് കണ്ടെത്തിയത് യാദൃശ്ചികമാണ് എന്ന് പറഞ്ഞു കൂടാ.

 1. ഭരണകൂടത എന്ന ദേശവിരുദ്ധത
  ============================

രാജ്യം എന്നത് സർക്കാർ ആണെന്ന വീക്ഷണം സത്യത്തിൽ ജനാധിപത്യ വിരുദ്ധമാണ്. മത വിശ്വാസത്തെക്കാൾ മൗലികമായി ആളുകളിൽ അടിച്ചു കയറ്റുന്ന ഒരുതരം തീവ്ര ലഹരിയാണ് ഇത്. ഒരു പൗരൻ തൻ്റെ സർക്കാരിനെ പറ്റി നടത്തുന്ന ഏത് വിമർശനത്തെയും, രാജ്യത്തോടുള്ള യുദ്ധാഹ്വാനമായി വ്യാഖ്യാനിക്കുന്നതിലൂടെ, ഒരു രാജ്യത്തിലെ ജനാധിപത്യത്തിൻ്റെ മൗലിക കണമായ തെരഞ്ഞെടുപ്പിനിടയിൽ ഉണ്ടാകുന്ന രാഷ്ട്രീയ എതിർപ്പുകളെ, യുദ്ധത്തിലെ ശത്രുവിൻ്റെ ആക്രമണത്തോട് ഉപമിക്കപ്പെടുക എന്നത് ഭരണകൂടത എന്ന ദേശവിരുദ്ധതയാണ്.

 1. തെരഞ്ഞെടുപ്പ് ഒരു യുദ്ധമല്ല :
  ==========================

സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ ആ ആശയത്തെത്തന്നെ ഇല്ലാതാക്കുക എന്ന കഠിന ശ്രമത്തിലാണ് തങ്ങൾ എന്ന സൂചനകൾ തന്ന് കൊണ്ടേയിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ജനാധിപത്യ വ്യവസ്ഥിതിയിലെ തെരഞ്ഞെടുപ്പ് എന്നത്, ഒരിക്കലും ആരും, ആരോടും നടത്തുന്ന യുദ്ധ പ്രഖ്യാപനമോ, ശത്രു സംഹാര പ്രകിയയോ ആകാൻ പാടില്ല. എന്നാൽ, ഒരു യുദ്ധത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും അടിസ്ഥാന നിലനിൽപ്പിനെ നിർണയിക്കുന്ന ഒന്നാണ് ജയവും തോൽവിയും. അവിടെ, ജയിക്കുന്നവർക്ക് മാത്രം ജീവിക്കാം തോൽക്കുന്നവർക്ക് മരിക്കാം. ഇത്തിരി സോഫിസ്റ്റിക്കേറ്റഡ് ആയി പറഞ്ഞാൽ, തോൽക്കുന്നവർക്ക് ഒന്നുകിൽ മരിക്കാം, അല്ലെങ്കിൽ ശേഷകാലം ജയിച്ചവരുടെ അടിമകളായി കഴിച്ചു കൂട്ടി, ഭരണകൂടം എന്ന കാരാഗൃഹത്തിൽ മരിച്ചു ജീവിക്കാം.

 1. തെരഞ്ഞെടുപ്പാനന്തരം !
  =====================

ജനാധിപത്യ വ്യവസ്ഥിതിയിൽ നടത്തപ്പെടുന്ന പൊതു തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും അല്ല, മറിച്ച് ഭൂരിപക്ഷം ലഭിക്കുന്നവരും, ഭൂരിപക്ഷം ലഭിക്കാതെ പോയവരും ആണ് ഉള്ളത്. ഇവിടെ തിരഞ്ഞെടുപ്പിലൂടെ രൂപീകൃതമാകുന്ന ഭരണ സംവിധാനത്തിൽ, തോൽക്കുകയും ജയിക്കുകയും ചെയ്ത ഇവർ രണ്ടുപേർക്കും അവരുടേതായ റോളുകൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ട്രീയകക്ഷി ഭരിക്കുവാനുള്ള ഒരു ടീം രൂപീകരിക്കും. ഗവൺമെൻറ് എന്നാണ് ആ ടീമിൻറെ പേര്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും അവർക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ക്ഷേമ രാഷ്ട്രം സ്ഥാപിക്കുവാനും നിദാന്ത ജാഗരൂകരായിരിക്കുക എന്നതാണ് ഭരിക്കുവാൻ ചുമതല ലഭിക്കുന്നവരുടെ അടിസ്ഥാന കർത്തവ്യം. ഭൂരിപക്ഷം ലഭിക്കാതെ പോയവർ എങ്ങും പാലായനം ചെയ്യില്ല. വിക്രമാദിത്യൻ്റെ തോളിൽ തൂങ്ങുന്ന വേതാളത്തെ പോലെ അവർ, ഭരിക്കുവാൻ ചുമതല ലഭിക്കുന്ന ജയിച്ചവരോട്, നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. സത്യത്തിൽ ജനാധിപത്യ ഭരണ ക്രമത്തിൽ ചോദ്യം ചോദിക്കുക എന്നത് ഉത്തരം പറയുന്നതിനേക്കാൾ പ്രയാസമേറിയ ഒരു സംഗതിയാണ്.

10. മോദിയുഗം: ഭ്രമയുഗത്തിൻ്റെ ഒരു അപഭ്രംശമോ ? :

ഹൈപ്പോതിസീസ് അഥവാ അനുമാനം എന്നത് ഒരാളുടെ പ്രസ്താവനയാണ്. അത് ചിലപ്പോൾ ആരെയെങ്കിലും കുറിച്ചാകാം, അല്ലെങ്കിൽ എന്തിനെയെങ്കിലും കുറിച്ചും ആകാം. സ്ഥിരീകരണത്തിന് ശേഷം മാത്രം ഈ അനുമാനം തെളിയിക്കപ്പെടുകയോ നിരാകരിക്കുകയോ ചെയ്യാം.

**മോദിയുഗത്തെ കുറിച്ച് ഒരു ഹൈപ്പോതിസീസ് പറയാം:

“നരേന്ദ്രമോദിയെന്ന വിശ്വർഷി, തൻ്റെ 10 വർഷത്തെ ഭരണത്തിൽ ഇന്ത്യക്ക് സമ്മാനിച്ച ഏറ്റവും വലിയ നേട്ടം എന്നത്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഒരു ചീത്ത പേര് ഘട്ടം ഘട്ടമായി ഇല്ലാതാക്കി എന്നുള്ളതാണ്.”

**ഈ ഹൈപോസിസിനെ, അതിൻ്റെ മാന്യമായ അർത്ഥം ഉൾക്കൊണ്ട് കൊണ്ട്, ഏത് വിധത്തിൽ നോക്കി കാണാം?

ആഗോള ജനാധിപത്യ മാന്ദ്യത്തിന്റെ ഉപമ പറയാൻ, ഇന്ന് ഇന്ത്യയേക്കാൾ യോജിച്ച ഒരു രാജ്യമുണ്ടാകില്ല. ഒരാൾ ചരിത്രം തിരഞ്ഞ് പോയാൽ, ജനാധിപത്യം എന്ന ഒന്നിൻ്റെ സാധ്യത തീരെയില്ലാതിരുന്ന നേരത്താണ്, ഇന്ത്യയിൽ ജനാധിപത്യം എന്ന ഭരണക്രമം സ്ഥാപിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാനാകും.

അന്നു നിലവിലിരുന്ന രാജവാഴ്ചയിൽ പ്രജകളായിരുന്ന നമ്മൾ, പിന്നീട്, എപ്പോഴോക്കെയോ, എവിടെ നിന്നൊക്കെയോ വന്നു കയറിയിറങ്ങി പോയ ഒട്ടേറെ പേരുടെ അടിമകളോ, പ്രജകളോ, ആയി മാറി എന്നത് ചരിത്രം. അടിമത്തം എന്ന് നമ്മൾ വിളിക്കുന്ന ബ്രിട്ടീഷ് സാമ്ര്യാജ്യത്തിൻ്റെ കൊളോണിയൽ ഭരണത്തിൽ നിന്നും ഒരു അർദ്ധരാത്രി പരമാധികാരം നേടിയ നമ്മൾ, ആകാശത്തിലെ മേഘ കൂട്ടങ്ങൾക്കിടയിൽ നിന്നും വേർപെടുന്ന മേഘശകലങ്ങളെ പോലെ ഒറ്റപ്പെട്ടു പോയിരുന്നിരിക്കണം. കടൽ കടന്നു വന്ന് ആരോ നമ്മളുടെ സ്വാതന്ത്ര്യം കട്ടെടുത്തതും വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ ഒരു നാളത് ഇവിടെ തിരികെ വച്ചിട്ട് അവർ കടൽ കടന്നു പോയി എന്നതും നിഗുഢമല്ലേ? എല്ലാം നിഗൂഢമാണ്; എന്തിനേറെ നമ്മൾ എന്നതു പോലും, സത്യത്തിൽ, നിഗൂഢമാണ്.

 1. ജനാധിപത്യം: ഇന്ത്യൻ വളർച്ചക്കഥ
  ==============================

ഇന്ത്യൻ ജനാധിപത്യം അതിൻ്റെ ആദ്യ ഏഴുപതാണ്ടുകളിൽ കൂടുതൽ സ്ഥിരതയോടെ വളർന്നുകൊണ്ട് വിമർശകരുടെ കൂട്ടത്തെത്തന്നെ ആകെ ആശയക്കുഴപ്പത്തിലാക്കി. ഭരണഘടനാനുസൃത ഔപചാരിക മാർഗങ്ങളിലൂടെയും, സൈന്യത്തിന് മേൽ സിവിലിയൻ ഭരണം ഉറപ്പിച്ചതിലൂടെയും, പതിറ്റാണ്ടുകളായി നടന്ന ശക്തമായ ബഹുകക്ഷി തെരഞ്ഞെടുപ്പ് മത്സരങ്ങളിലൂടെയും, ഇന്ത്യയുടെ ജനാധിപത്യം, ആഴത്തിൽ അതിൻ്റെ വേരുകൾ ഉറപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിൻ്റെ സ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയുള്ള മാനദണ്ഡങ്ങൾ ശക്തിപ്പെട്ടത് ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷതയെ ഉറപ്പുവരുത്തിതെരഞ്ഞെടുപ്പിൽ നിഷ്പക്ഷതയെ ഉറപ്പുവരുത്തി.
സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പോലുള്ള അനൗപചാരിക മാർഗങ്ങളിലൂടെയും മറ്റും ജനാധിപത്യത്തിൻ്റെ രാഷ്ട്രീയ ഔപചാരികത നിലനിർത്താനായി.

എന്നാൽ ഈ കാലയളവിൽ, ജനാധിപത്യത്തിൻ്റെ സുപ്രധാനമായ രണ്ട് വൻ തകർച്ചകൾക്കും, ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്:

 1. 1975 ജൂൺ മുതൽ 1977 മാർച്ച് വരെയുള്ള 21 മാസ കാലയളവ് അടിയന്തരാവസ്ഥ എന്നറിയപ്പെടുന്നു.
 2. 2014-ലെ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പിൽ ആരംഭിച്ച സമകാലിക തകർച്ച.

നരേന്ദ്ര മോദിയുടെ ഭരണകാലത്ത്, പ്രധാന ജനാധിപത്യ സ്ഥാപനങ്ങൾ എല്ലാം ഔപചാരികമായി നില നിന്നിരുന്നു. എന്നാൽ ജനാധിപത്യത്തെ അടിവരയിടുന്ന എല്ലാ വിധ മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും ഗണ്യമായ തരത്തിൽ അധഃപതിച്ചിരിക്കുന്നതായി കാണാം.

 1. ഇന്ദിരയുടെ 1975 & മോദിയുടെ 2024
  ===============================

സമകാലിക ഇന്ത്യയിലെ ഈ അനൗപചാരികമായ ജനാധിപത്യ തകർച്ച എന്നത്, 1975-ലെ അടിയന്തരാവസ്ഥയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

i. പുതിയ വീഞ്ഞും, പുതിയ കുപ്പിയും:


ഇന്ന് എന്നത് ഒരിക്കലും ഇന്നലെയുടെ ആവർത്തനമല്ല, ഫാസിസത്തിൽ പ്രത്യേകിച്ചും. ഇന്ദിരാഗാന്ധി 1975 ൽ ചെയ്തത് പോലെ തിരഞ്ഞെടുപ്പ് തന്നെ നിരോധിച്ചു കൊണ്ടല്ലാതെ, രാഷ്ട്രീയ എതിർപ്പുകളെ സമൂലമായിട്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു കൊണ്ടല്ലാതെ, പൗര സ്വാതന്ത്ര്യം പൂർണ്ണമായും ബലമായി ഇല്ലാതാക്കി കൊണ്ടല്ലാതെ, സ്വതന്ത്ര മാധ്യമങ്ങളെ മിണ്ടാതാക്കിക്കൊണ്ടല്ലാതെ, മിക്കവാറും എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും അന്ന് ഔപചാരികമായി ഇല്ലാതാക്കിയത് പോലെയല്ലാതെ, അഭിനവ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വ്യതിചലനത്തിൻ്റെ അളവും കോലും, എല്ലാ തരത്തിലും വ്യത്യസ്ഥമാണ്, ഈ മോഡിയുഗത്തിൽ.

ii. കോൺഗ്രസ്സിൻ്റെ ഒരു വലിയ പിഴ:
——————————————————–

ഭാരതത്തിൻ്റെ സമഗ്രാധിപത്യം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി, വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്ലാനിങ്, സമാന്തരമായി ഇതേ രാജ്യത്ത് നടന്നു കൊണ്ടിരിക്കുകയായിരുന്നു എന്ന യാഥാർത്ഥ്യം, ഒരിക്കൽ പോലും തിരിച്ചറിയുവാനുള്ള ബോധം ഉണ്ടാകാനാകാതെ പോയതാണ് കോൺഗ്രസ് ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ കർത്തവ്യ ലംഘനം.

iii. അത് ആരുടെ വിജയം !!
—————————————-

സമഗ്രാധിപത്യത്തിലേക്ക് കാൽ വയ്ക്കാനൊരുങ്ങിയിരിക്കുന്ന മോഡി യുഗത്തെ, സംഘപരിവാറിൻ്റെ വിജയം എന്നൊക്കെ പറഞ്ഞ്, വീണ്ടും കെണിയിൽ വീഴാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മറാത്ത ബ്രാഹ്മണർക്ക് എന്നും അപ്രമാദിത്വമുള്ള ഒരു സംഘടനയാണ് RSS. ഇരുപതാം നൂറ്റാണ്ടിൽ, സവർക്കറെപ്പോലുള്ള മറാത്ത ബ്രാഹ്മണർ, ഹിന്ദുത്വ പ്രത്യയശാസ്ത്രം രൂപീകരിക്കുകയും, ഹെഡ്‌ഗേവാറും അദ്ദേഹത്തിൻ്റെ പിൻഗാമിയായ ഗോൾവാൾക്കറും ഹിന്ദു ദേശീയവാദ സംഘടനയായ ആർഎസ്എസ് സ്ഥാപിക്കുകയോ നയിക്കുകയോ ചെയ്തപ്പോഴും, ആ അപ്രമാദിത്വം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല. ആർഎസ്എസ് സ്ഥാപിച്ചതും ഭരിക്കുന്നതും ബ്രാഹ്മണരാണ്. എല്ലാ ജാതിയിൽപ്പെട്ടവർക്കും കേഡർ തുറന്നിട്ടുണ്ടെങ്കിലും ആർഎസ്എസിൻ്റെ ഉന്നത നേതൃത്വം ബ്രാഹ്മണരാണ്.

ആർഎസ്എസിൻ്റെ സ്ഥാപകൻ കെ.ബി. ഹെഡ്‌ഗേവാർ ബ്രാഹ്മണനായിരുന്നു
ഹെഡ്‌ഗേവാറിന് ശേഷം വന്ന പരഞ്ജപെ, മഹാരാഷ്ട്ര ബ്രാഹ്മണ ജാതിയാണ്. 1940 മുതൽ 1973 വരെ ഗോൾവാൾക്കർ എന്ന മറാത്ത ബ്രാഹ്മണൻ ആയിരുന്നു ആർഎസ്എസ് തലവൻ. 1974 മുതൽ 1993 വരെ ബ്രാഹ്മണനായ മധുകർ ദത്താത്രയ ദേവ്‌റസ് RSS തലവനായി.

ബ്രാഹ്മണനല്ലാത്ത ഒരേയൊരു RSS തലവനായത് രാജേന്ദ്ര സിംഗ് മാത്രമാണ്. പിന്നീട് വന്ന കെ സുദർശൻ, മോഹൻ ഭാഗവത് ബ്രാഹ്മണർ ആയിരുന്നു. അതുകൊണ്ട് രാജേന്ദ്രനൊഴികെ ആർഎസ്എസ് എല്ലായ്‌പ്പോഴും ബ്രാഹ്മണരാണ് നയിക്കുന്നത്. കോൺഗ്രസ് പാർട്ടി ഗാന്ധി കുടുംബത്തെ ചുറ്റിപ്പറ്റിയതു പോലെ ബ്രാഹ്മണ ആധിപത്യമുള്ള ആർഎസ്എസിന് ചുറ്റും കറങ്ങിത്തന്നെയാണ് ബിജെപി വളർന്നതും അധികാരത്തിലേറിയതും.

iv. മോഡീയം: ഒരു വെട്ടിനിരത്തൽ
——————————————————

RSS എന്ന സംഘടനക്കും സംഘപരിവാറിനും ഭാരതീയ ജനതാ പാർട്ടി എന്ന BJP മേൽ ഉണ്ടായിരുന്ന സമഗ്രാധിപത്യത്തെ വെട്ടി നിരത്തി കൊണ്ടാണ് മോദിയും അമിത് ഷായും അധികാരത്തിൻ്റെ ഓരോ തടസ്സങ്ങളെയും കീഴടക്കി ഇവിടെ എത്തി നിൽക്കുന്നത്. പേരിനു പോലും ഒരു രണ്ടാം നിലയെ വളരാൻ അനുവദിക്കാത്ത ഏകാധിപത്യ നടപടിക്രമങ്ങൾ, ഇവിടെ അവരും തെറ്റിച്ചിട്ടില്ല. അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ ഇക്കാലത്ത് നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവവികാസങ്ങളെ കൃത്യതയോടെയും സൂക്ഷ്മതയോടെയും നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാൻ കഴിയും, നടന്നതൊന്നും ഒരിക്കലും യാദൃശ്ചികം ആയിരുന്നില്ല എന്ന്.

v. Lifting up of Fascist Veil:
—————————————-

രാജ്യത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഒരു ശത-കോടീശ്വര ഇന്ത്യൻ കുടുംബമായ അദാനി കുടുംബം, സ്വന്തം ഓഹരികൾ വാങ്ങി ഇന്ത്യൻ ഓഹരി വിപണിയിൽ കോടിക്കണക്കിന് ഡോളർ രഹസ്യമായി നിക്ഷേപിച്ചതായി വെളിപ്പെടുത്തുന്ന രേഖകൾ ഉദ്ധരിച്ച് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഓഫ്‌ഷോർ സാമ്പത്തിക രേഖകൾ പരിശോധിച്ചത് അനുസരിച്ച്, ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തത്, ഇന്ത്യയിലെ ഏറ്റവും വലുതും ശക്തവുമായ ബിസിനസ്സുകളിൽ ഒന്നായി മാറുന്ന സമയത്ത് അദാനി ഗ്രൂപ്പിൻ്റെ സ്വന്തം കമ്പനികളിൽ സ്റ്റോക്ക് സ്വന്തമാക്കാൻ അദാനി കുടുംബത്തിൻ്റെ കൂട്ടാളികൾ വർഷങ്ങളോളം വിവേകത്തോടെ ചിലവഴിച്ചിരിക്കാം എന്നാണ്. 2022- ആയപ്പോഴേക്കും, അതിൻ്റെ സ്ഥാപകനായ ഗൗതം അദാനി, 120 ബില്യൺ ഡോളറിലധികം (94 ബില്യൺ പൗണ്ട്) മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ലോകത്തിലെ മൂന്നാമത്തെ ധനികനുമായി മാറി.ന്യൂയോർക്ക് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അദാനി ഗ്രൂപ്പിനെതിരെ “കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി” എന്നാണ് ആരോപിച്ചത്. 2022-ൽ 288 ബില്യൺ ഡോളറിൻ്റെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ കമ്പനിയുടെ “സ്കൈ ഹൈ” മാർക്കറ്റ് മൂല്യനിർണ്ണയത്തിന് സംഭാവന നൽകി, സ്വന്തം ഓഹരികൾ വാങ്ങാൻ അതാര്യമായ ഓഫ്‌ഷോർ കമ്പനികളുടെ ഉപയോഗവും “അപകടമായ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് വഞ്ചനയും” നടന്നിട്ടുണ്ടെന്നും അത് ആരോപിച്ചു.

ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (OCCRP) നേടിയ രേഖകളുടെ അടിസ്ഥാനത്തിൽ, ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്, മൗറീഷ്യസിൽ അദാനിയും കൂട്ടാളികളും നിയന്ത്രിക്കുന്ന ഒരു അജ്ഞാതവും സങ്കീർണ്ണവുമായ ഓഫ്‌ഷോർ ഓപ്പറേഷൻ്റെ വിശദാംശങ്ങൾ ആദ്യമായി വെളിപ്പെടുത്തിയാണ്. 2013 മുതൽ 2018 വരെ കമ്പനികളുടെ ഗ്രൂപ്പിൻ്റെ ഓഹരി വിലയെ പിന്തുണയ്ക്കാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. ഇതുവരെ, ഈ ഓഫ്‌ഷോർ നെറ്റ്‌വർക്ക് അഭേദ്യമായി തുടർന്നു. ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് അദാനി രഹസ്യമായ ഓഫ്‌ഷോർ ഓപ്പറേഷനുകളിൽ വഹിച്ച സ്വാധീനശക്തിയുടെ ശക്തമായ തെളിവുകളും രേഖകൾ നൽകുന്നു.

രേഖകളിൽ, പണം ഒഴുകിയതായി തോന്നിയ ഓഫ്‌ഷോർ കമ്പനികളുടെ ഏക ഗുണഭോക്താക്കളാണ് വിനോദ് അദാനിയുടെ അടുത്ത കൂട്ടാളികളായ രണ്ട് പേർ. കൂടാതെ, മൊറീഷ്യസ് ആസ്ഥാനമായുള്ള രണ്ട് ഫണ്ടുകളിൽ നിന്ന് അദാനി സ്റ്റോക്കിലേക്കുള്ള നിക്ഷേപം വിനോദ് അദാനിയുടെ അറിയപ്പെടുന്ന ഒരു ജീവനക്കാരൻ നടത്തുന്ന ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനി മേൽനോട്ടം വഹിച്ചതായി സാമ്പത്തിക രേഖകളും അഭിമുഖങ്ങളും സൂചിപ്പിക്കുന്നു.

OCCRP വെളിപ്പെടുത്തിയ കത്ത് അനുസരിച്ച്, അദാനി ഗ്രൂപ്പിൻ്റെ സംശയാസ്പദമായ സ്റ്റോക്ക് മാർക്കറ്റ് പ്രവർത്തനത്തിൻ്റെ തെളിവുകൾ 2014 ൻ്റെ തുടക്കത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)ക്ക് കൈമാറി. എന്നാൽ നരേന്ദ്ര മോഡി തിരഞ്ഞെടുക്കപ്പെട്ടു മാസങ്ങൾക്ക് ശേഷം, ഈ വിഷയത്തിൽ ഗവൺമെൻ്റ് റെഗുലേറ്ററുടെ താൽപ്പര്യം നഷ്ടപ്പെട്ടു എന്നു വേണം മനസ്സിലാക്കാൻ.

ഗൗതം അദാനിയുമായുള്ള 21 വർഷത്തത് അടക്കം സമാന സ്വഭാവമുള്ള നരേന്ദ്ര മോദിയുടെ വിവിധ ബന്ധങ്ങൾ മോദി-യുഗത്തിൽ ഉടലെടുത്ത ഇന്ത്യയുടെ ജനാധിപത്യ തരം മാറ്റൽ എന്ന ആ പ്രക്രിയയിലൂടെ, ലോകത്തെ 8 ബില്യൺ ജനങ്ങളിൽ 1.4 ബില്യൺ ആളുകൾ ഒറ്റയടിക്ക് സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. ഇതോടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും ജനാധിപത്യത്തെ ഇല്ലാതാക്കിയ ഏകാധിപത്യ / സമഗ്രാധിപത്യ രാഷ്ട്രങ്ങളായി മാറി. ഇതിൽ നിന്നും വായിച്ചെടുക്കേണ്ടത്, 3 ബില്യൺ ജനങ്ങൾ ജനാധിപത്യരേ അല്ലാതായി മാറി എന്നാണ്. ഇനി, ഇതിനൊപ്പം BRICS എന്ന സമാന്തര Inter State Organization-ൻ്റെ ഉത്ഭവവും വളർച്ചയും കൂടി കൂട്ടി വായിച്ചാൽ മനസ്സിലാകും ഈ മോഡി യുഗത്തിന്റെ ആവരണത്തിനു പിന്നിൽ എന്താണ് ഉള്ളത് എന്ന് !

Adv. CV Manuvilsan

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *