ഇത്ര ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌കോ?

Jess Varkey Thuruthel 

പട്ടാപ്പകല്‍, അബിഗേല്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ആദ്യം ചോദിച്ച തുക 5 ലക്ഷം രൂപയാണ്. പിറ്റേന്നായപ്പോഴേക്കും അതു പത്തു ലക്ഷമായി ഉയര്‍ത്തി. എങ്കിലും ഇത്രയും ചെറിയ തുകയ്ക്കു വേണ്ടി ഇത്രയും വലിയ റിസ്‌ക് എടുത്തതെന്തിന്? മോഷണത്തിനു വേണ്ടിയാണെന്നു തെറ്റിദ്ധരിപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ വഴിതിരിച്ചു വിടാനുമായി ചില കുറ്റവാളികള്‍ നിസ്സാരങ്ങളായ പലതും മോഷണം നടത്തിയ സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അത്തരം നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും കുറ്റവാളികളെ പിടികൂടാനും കേരള പോലീസിനു കഴിഞ്ഞിട്ടുമുണ്ട്. ഈ തട്ടിക്കൊണ്ടുപോകലിനു പിന്നിലും ഇത്തരം ചിലത് സംശയിക്കേണ്ടിയിരിക്കുന്നു.

കേരള പോലീസിനും കേരളത്തിലെ ജനങ്ങള്‍ക്കും ഇത്തരമൊരു കുറ്റകൃത്യം ആദ്യസംഭവമായിരുന്നു. മലയാളികള്‍ക്ക് ആകെ കണ്ടു പരിചയമുള്ള തട്ടിക്കൊണ്ടുപോകല്‍ സിദ്ധിക്-ലാല്‍ സിനിമയായ റാംജി റാവു സ്പീക്കിംഗ് ആണ്. കേരളത്തിന് ഇന്നോളം പരിചിതമല്ലാത്ത ഒരു കുറ്റകൃത്യമാണിത്. ദിവസങ്ങളോളം ഇതിനായി കുറ്റവാളികള്‍ നിരീക്ഷണം നടത്തി. കുട്ടികളെ നിരീക്ഷിച്ചു. ഇത്തരത്തില്‍ വലിയ റിസ്‌ക് എടുത്ത് ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ശേഷം ആവശ്യപ്പെട്ട തുകയാകട്ടെ അഞ്ചു ലക്ഷവും! പിന്നീടത് പത്തു ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും ഇത്രയും ചെറിയ തുകയ്ക്ക് ഇത്രയും വലിയൊരു റിസ്‌ക് എന്തിന്?

പണത്തിനു വേണ്ടി കുറ്റവാസനയുള്ളവര്‍ ചെയ്യുന്ന പല ബിസിനസുകളുമുണ്ട്. മയക്കു മരുന്നു വില്‍പ്പന, സ്വര്‍ണ്ണക്കടത്ത്, മോഷണം, പിടിച്ചുപറി, വെട്ടിപ്പ്, തട്ടിപ്പ്, തുടങ്ങിവയെല്ലാം ഇക്കൂട്ടത്തില്‍ പെടും. തട്ടിക്കൊണ്ടുപോകലിനെ അപേക്ഷിച്ച്, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു റിസ്‌ക് കുറവാണ്. എന്നിട്ടും വിജയിക്കാന്‍ സാധ്യത കുറവുള്ള തട്ടിക്കൊണ്ടുപോകല്‍ നടത്തി, എന്നുമാത്രമല്ല, അതിന് അവര്‍ ആവശ്യപ്പെട്ട തുകയും വളരെ ചെറുത്.

നാലഞ്ചു ദിവസത്തിലേറെ നിരീക്ഷണം നടത്താനും തട്ടിക്കൊണ്ടു പോകലിനു ശേഷം തുക കൈയില്‍ കിട്ടുന്നതു വരെ ചെലവഴിക്കാനും ഈ തുക മതിയാവില്ല. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടത് ഇത്ര ചെറിയ തുക ആയിരുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെ ലക്ഷ്യം സാമ്പത്തികമല്ലായിരുന്നു എന്നു സംശയിക്കാന്‍ കാരണം.

കുട്ടികളെ രണ്ടുപേരെയും തട്ടിക്കൊണ്ടു പോകാന്‍ തന്നെയാണ് പ്രതികള്‍ പ്ലാന്‍ ചെയ്തിരുന്നത് എന്നു വേണം സംശയിക്കാന്‍. അതിനു കഴിയാതെ പോയത് മൂത്ത കുട്ടിയുടെ ചെറുത്തു നില്‍പ്പും പിന്നാലെ സ്‌കൂട്ടറിലെത്തിയ സ്ത്രീ ഇതു കണ്ടതുമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ ആളെക്കൂട്ടുകയും പോലീസില്‍ അറിയിക്കുകയും കാറു കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തതോടെ പോലീസ് ഇക്കാര്യം അറിയും മുന്‍പേ സുരക്ഷിത സ്ഥാനത്ത് എത്തുക എന്നത് അസാധ്യമായിക്കാണണം.

ഇന്നിപ്പോള്‍ മൊബൈല്‍ ഇല്ലാത്ത ആരും തന്നെയില്ല. അതിനാല്‍ത്തന്നെ, ഇത്തരത്തില്‍ വലിയൊരു കുറ്റകൃത്യം പുറംലോകമറിയാതിരിക്കുകയുമില്ല. ആ വാര്‍ത്ത കാട്ടുതീ പോലെ പടരും. പോലീസെത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കു ശേഷം മോചന ദ്രവ്യം ആവശ്യപ്പെട്ടവര്‍ പറഞ്ഞത് പോലീസില്‍ അറിയിക്കരുത് എന്നാണ്. ലാന്റ് ഫോണുകള്‍ പോലും ആവശ്യത്തിനില്ലാതിരുന്ന കാലഘട്ടത്തില്‍ കിഡ്ണാപ്പര്‍മാര്‍ ഉപയോഗിക്കുന്ന ഈ ഡയലോഗ് എന്തിനാണ് ടെക്‌നോളജിയുടെ ഈ മഹാവിസ്‌ഫോടനകാലത്ത് ഈ കുറ്റവാളികള്‍ ഉപയോഗിച്ചത്? അറിയിക്കാതെ പോലീസ് യാതൊന്നും അറിയില്ലെന്നു കരുതിയോ?


#AbigelSara #Kidnapping #Ransom #Keralapolice

Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *