അധ്യാപക ഗുണ്ടകളില്‍ താങ്കളുടെ അമ്മയും ഉള്‍പ്പെടും ജിയോ…!

Thamasoma News Desk

നല്ല പേരന്റിംഗും ടീച്ചിംഗും ഇവിടെ നടക്കുന്നില്ലെന്നും ദേഹോപദ്രവം നടത്തുന്ന അധ്യാപകരെ താന്‍ വെറുക്കുന്നുവെന്നും അവര്‍ ഗുണ്ടകള്‍ക്കു സമമാണെന്നും സംവിധായകന്‍ ജിയോ ബേബി (Jeo Baby) പറഞ്ഞത് ഈയിടെയാണ്. ഇതിനു മറുപടിയായി നഥാന്‍ മാത്യു കുറിച്ചിട്ട വരികള്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. അധ്യാപക ഗുണ്ടകളില്‍ ജിയോ ബേബിയുടെ അമ്മ കൂടി ഉള്‍പ്പെടും!

അധ്യാപകരെക്കുറിച്ച് ജിയോ പറഞ്ഞ വീഡിയോയുടെ താഴെ, കമന്റായി നഥാന്‍ കുറിച്ചിട്ട വരികള്‍ ഇങ്ങനെയാണ്, ‘ജിയോ ചേട്ടാ, നിങ്ങള്‍ പറഞ്ഞത് നൂറു ശതമാനം കറക്ടാണ്. നാലാം ക്ലാസ് വരെ മാത്സ് എന്റെ ഈസി സബ്ജക്ട് ആയിരുന്നു. അതു കഴിഞ്ഞ് 5-ാം ക്ലാസ് മുതല്‍ ഞാന്‍ കണക്കില്‍ മഹാ തോല്‍വി ആയി മാറി. അതിന് ഒറ്റക്കാരണം, അതു പഠിപ്പിച്ച ടീച്ചര്‍ ആയിരുന്നു, ഒരു ഏലിയാമ്മ ടീച്ചര്‍. അടി, നുള്ളല്‍, ഉത്തരം പറയുന്നതു വരെ നിരന്തര പീഡനം. കണക്ക് വെറുത്തു പോയി, സ്‌കൂളില്‍ പോകാന്‍ മടി ആയി. പിന്നീട് ഉള്ള സ്‌കൂള്‍ ലൈഫ് ഫുള്‍ ഞാന്‍ കണക്കില്‍ പരാജയപ്പെട്ടു.

അതെല്ലാം ഒരു ഏലിയാമ്മ ടീച്ചര്‍ കാരണം. ആ ഏലിയാമ്മ ടീച്ചര്‍ ജിയോ ചേട്ടന്റെ അമ്മ ആയിരുന്നു. എനിക്ക് ടീച്ചറിനോട് വെറുപ്പ് ഒന്നും ഇല്ല. ഞാന്‍ എല്ലാം മറന്നു. യൂണിവേഴ്‌സിറ്റിയില്‍ എത്തിയപ്പോള്‍, അവിടെ ഇതേ കണക്ക് ഒരു ടീച്ചര്‍ വളരെ ഭംഗിയായി എന്നെ പഠിപ്പിച്ചു. ഒരു ടീച്ചര്‍ എന്നാല്‍ എന്താണ് എന്ന് അവരാണ് എന്നെ പഠിപ്പിച്ചത്. ഞാന്‍ ഇതു പറയാന്‍ കാരണം, ഈ ഏലിയാമ്മ ടീച്ചര്‍ മക്കളെയും ഇങ്ങനെയാണ് പഠിപ്പിച്ചത് എന്നാണ് ഞാന്‍ വിചാരിച്ചത്. I was surprised when you said your parents never physically punished you.’

വിദ്യാര്‍ത്ഥികള്‍ക്ക് ചില വിഷയങ്ങള്‍ വളരെ എളുപ്പവും ചില വിഷയങ്ങള്‍ പ്രയാസമേറിയതുമായിരിക്കും. ഇതിന്റെ പ്രധാന കാരണം ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ്. അതികഠിനമായി ശിക്ഷിച്ചാല്‍ മാത്രമേ കുട്ടികള്‍ നേര്‍വഴിക്കു വരികയുള്ളു എന്ന ചിന്താഗതിയാണ് ഭൂരിഭാഗം മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ളത്. തങ്ങളുടെ കുട്ടികളെ തല്ലി നന്നാക്കാനായി പല മാതാപിതാക്കളും അധ്യാപകരെ ഏല്‍പ്പിക്കുന്നു. സാഡിസം ഇഷ്ടപ്പെടുന്ന അധ്യാപകര്‍ ആ ജോലി ഭംഗിയായി ചെയ്യുകയും ചെയ്യുന്നു. ജീവിതത്തോടുള്ള നിരാശയും വെറുപ്പും കുട്ടികളില്‍ തീര്‍ക്കുന്ന അധ്യാപകരും മാതാപിതാക്കളുമുണ്ട്. ഇവരെല്ലാം നശിപ്പിക്കുന്നത് കുട്ടികളുടെ ഭാവിയെ തന്നെയാണ്. ഈ സമൂഹത്തില്‍ ക്രിമിനലുകള്‍ ഉണ്ടാകുവാനുള്ള പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്.

അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അപമാനവും ശാരീരിക മാനസിക പീഢനങ്ങളുമെല്ലാം അവരുടെ ഭാവിയെ തുലച്ചു കളയുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ദേഹത്തെ തൊലി നുള്ളിയെടുത്തു കൊണ്ടുപോകുന്ന അധ്യാപകരെ എങ്ങനെയാണ് അധ്യാപകരെന്നു വിളിക്കാന്‍ തോന്നുന്നതെന്ന് ജിയോ ചോദിക്കുന്നുണ്ട്.

സ്വന്തം മക്കളോടു സ്‌നേഹവും പഠിക്കാനെത്തുന്ന കുട്ടികളോടു ക്രൂരതയും കാണിക്കുന്ന അനേകം അധ്യാപകരുണ്ട്. ആ വിഭാഗത്തില്‍ പെടുന്ന അധ്യാപികയാണ് ജിയോയുടെ അമ്മയുമെന്നാണ് നഥാന്റെ വെളിപ്പെടുത്തല്‍. അമ്മ പഠിപ്പിച്ച അതേ സ്‌കൂളിലാണ് ജിയോയും പഠിച്ചതെങ്കില്‍ ഇക്കാര്യം അദ്ദേഹത്തിനും അറിവുള്ളതു തന്നെ ആയിരിക്കും.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *