‘എനിക്ക് വര്‍ഷങ്ങളുടെ പരിശീലനമുണ്ട്. ഏതെങ്കിലുമൊരു സ്ത്രീ നഗ്‌നയായി എനിക്കു മുന്നില്‍ വന്നു നിന്നാലും എന്നില്‍ ലൈംഗിക വികാരമുണ്ടാവില്ല. പക്ഷേ, ഞാന്‍ അതിതീവ്രമായി പ്രണയിക്കുന്നവളാണെങ്കില്‍ എനിക്കു വികാരതീവ്രത ഉണ്ടാവുകയും ചെയ്യും…’
ഇതൊരു പുരുഷന്റെ വാക്കുകളാണ്. ഇതു കേള്‍ക്കുന്ന ഏതൊരു സ്ത്രീയും അതിശയപ്പെട്ടു പോകും. കാരണം, സ്നേഹിക്കുന്നവനുമായി അല്ലാതെ, സാധാരണ ഗതിയില്‍ ഒരു സ്ത്രീ മറ്റൊരു പുരുഷനുമായി സ്വന്തം ലൈംഗികത പങ്കുവയ്ക്കില്ല. അടക്കാനാവാത്ത ലൈംഗികാഭിനിവേശമുള്ള വളരെക്കുറച്ചു സ്ത്രീകളുണ്ടാവാം. അവരല്ലാതെ മറ്റാരും പുരുഷ നഗ്‌ന ശരീരം കാണുന്ന മാത്രയില്‍ ലൈംഗികതയെക്കുറിച്ചു ചിന്തിക്കുക പോലുമില്ല. ഒരു പക്ഷേ, കണ്ടുനിന്നാസ്വദിച്ചേക്കാം. എന്നാല്‍പ്പോലും അവനുമായി ശാരീരിക ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കില്ല.
ഒരു സ്ത്രീ പോലും തന്നെ ലൈംഗികമായി ആക്രമിക്കില്ല എന്ന് ഓരോ പുരുഷനും ഉറച്ചവിശ്വാസമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ത്രീകളൊരു പക്ഷേ, പുരുഷനെ കുടുക്കാനായി മനപ്പൂര്‍വ്വം കെണികള്‍ പണിതേക്കാം. പക്ഷേ, അതില്‍ ചെന്നുവീഴുന്നവരില്‍ ഏറിയ പങ്കും ഏതു സ്ത്രീ ആയാലും സ്വന്തം ലൈംഗികത ശമിപ്പിച്ചാല്‍ മതി എന്ന ചിന്താഗതിയുള്ള പുരുഷന്മാര്‍ ആണ്.
ഇഷ്ടപ്പെടുന്ന ഒരു പുരുഷനോടൊപ്പമുള്ള ജീവിതം സ്വര്‍ഗ്ഗതുല്യമെന്നു വിശ്വസിക്കുന്ന സ്ത്രീകളാണ് മഹാഭൂരിപക്ഷവും. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയാല്‍ സ്ത്രീ വേലിചാടുമെന്നും വേലി ചാടുന്ന പശുക്കള്‍ കോലുകൊണ്ടു ചാവുമെന്നും പാടി നടക്കുന്നവരില്‍ സ്ത്രീകളുമേറെയുണ്ട്. സ്വന്തം ജനനേന്ദ്രിയത്തിന്റെ വലിപ്പവും നീളവും കണ്ട് ആകര്‍ഷണം തോന്നി ഏതെങ്കിലും സ്ത്രീകള്‍ ലൈംഗികതയ്ക്കു മുതിര്‍ന്നാലോ എന്ന ചിന്തയാവണം അതു പ്രദര്‍ശിപ്പിച്ചു നടക്കാന്‍ ചില പുരുഷന്മാരെ പ്രേരിപ്പിക്കുന്ന ഘടകം.
ലൈംഗികാവയവങ്ങളെക്കുറിച്ചു പറയാന്‍ തെറിവാക്കുകള്‍ മാത്രമുപയോഗിക്കുന്ന പുരുഷന്മാരുമുണ്ട്. കുഞ്ഞുപ്രായം മുതല്‍ അടിവസ്ത്രമുപയോഗിക്കാതെ നടന്നും അവയവത്തില്‍ ഞെക്കുകയും വലിക്കുകയും ചെയ്യുന്ന ആണ്‍കുട്ടികളെ അഭിമാനത്തോടെയും കുസൃതിയോടെയുമാണ് അവരുടെ മാതാപിതാക്കള്‍ നോക്കിക്കാണുന്നത്. എന്നാല്‍, പെണ്‍കുട്ടികളെ അതികഠിനമായ രീതിയില്‍ അച്ചടക്കം പഠിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍, ചെറുപ്പം മുതല്‍ സ്വയം ലൈംഗികത ആസ്വദിച്ചു വളര്‍ന്നുവരുന്ന പുരുഷന്മാര്‍ പോലും എത്രയോ അബദ്ധമായിട്ടാണ് സ്ത്രീ ലൈംഗികതയെക്കുറിച്ചു ചിന്തിക്കുന്നത്…??
സദാ ഉദ്ധരിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ ജീവിക്കുന്ന പുരുഷന്മാരും ഈ സമൂഹത്തിലുണ്ട്. അവര്‍ ആഗ്രഹിക്കുന്ന മാത്രയിലെല്ലാം സ്ത്രീ ശരീരം അവരെ പ്രാപിക്കാന്‍ സജ്ജമാണ് എന്ന വിശ്വാസത്തില്‍ ജീവിക്കുന്നവര്‍. കിടപ്പറയില്‍ സ്വന്തം കഴിവു മാത്രം മതിയെന്നു ചിന്തിക്കുന്നവര്‍. കീഴ്‌പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവള്‍ കീഴടങ്ങണമെന്നും ചിന്തിക്കുന്നവര്‍.
ലൈംഗികതയെക്കുറിച്ച് ഒട്ടേറെ അബദ്ധധാരണകള്‍ മാത്രമുള്ള, അതില്‍ നിന്നും മാറാന്‍ പോലും തയ്യാറില്ലാത്ത പുരുഷന്മാര്‍ക്കു വേണ്ടി സ്വന്തം ജീവിതം ചങ്ങലയില്‍ കുരുക്കി അവനു മുന്നിലേക്കിട്ടുകൊടുക്കുകയാണ് കുടുംബത്തില്‍ പിറന്നവരെന്നതില്‍ ഊറ്റം കൊള്ളുന്ന സ്ത്രീകള്‍ ചെയ്യുന്നത്.
സ്വന്തം വ്യക്തിത്വത്തെയും സ്വത്വബോധത്തെയും കഴിവിനെയും മറന്ന്, അവന്‍ പറയുന്നതു കേട്ടു മാത്രം ജീവിക്കുമ്പോള്‍ അവള്‍ക്കു കിട്ടുന്ന സമാധാനവും സുരക്ഷിത ബോധവുമാണ് അവളെ അതിനു പ്രേരിപ്പിക്കുന്നത്.
സ്ത്രീ ലൈംഗികതയും പുരുഷ ലൈംഗികതയും തമ്മില്‍ വളരെയേറെ അന്തരമുണ്ട്.
ഭര്‍ത്താവിനെയും മക്കളെയും വിട്ടിറങ്ങിപ്പോകുന്ന സ്ത്രീകളെ അടക്കമില്ലാത്തവള്‍ എന്നധിക്ഷേപിക്കുന്നവരാണ് അധികവും. പക്ഷേ, സ്നേഹമില്ലാതുള്ള ഒരു ലൈംഗികതയും അവളെ തൃപ്തയാക്കില്ല. ഇറങ്ങിപ്പോകുന്ന സ്ത്രീകളെല്ലാം ലൈംഗിക അരാചകത്വം അനുഭവിക്കുന്നവരാണ് എന്ന രീതിയിലാണ് പിന്നീടുള്ള പുരുഷന്റെ പെരുമാറ്റമത്രയും. സ്ത്രീ മനസ് അറിയുന്ന സ്ത്രീകള്‍ക്കു പോലും അതിനെ ലൈംഗികതയില്‍ ഉള്‍പ്പെടുത്തി അവളെ സ്വഭാവ ഹത്യ ചെയ്യാനാണ്. എന്തുകൊണ്ടവള്‍ പോയി എന്നൊരു സൂഷ്മ പരിശോധന പോലും അവിടെ നടക്കുന്നില്ല…..
സ്ത്രീകളുടെ മനസറിയാനൊരു ശ്രമവും നടത്താറില്ല. അവളുടെ ആവശ്യങ്ങള്‍ക്കു വില കല്‍പ്പിക്കാറുമില്ല. അവള്‍ക്ക് ആവശ്യത്തിനു ഭക്ഷണമോ വിശ്രമമോ പരിഗണനയോ കിട്ടാറുണ്ടോ എന്നു നോക്കാറുമില്ല. തന്റെ ആവശ്യങ്ങളെല്ലാം അവള്‍ ഭംഗിയായും തടസ്സമേതുമില്ലാതെയും നടത്തിക്കൊടുത്തിരിക്കണമെന്ന ചിന്ത മാത്രം. ദാഹിച്ചാല്‍ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിക്കാന്‍ പോലും വീട്ടിലുള്ള പെണ്ണിന്റെ സഹായം തേടുന്നത്ര പരാശ്രയ ജീവിയാണ് പുരുഷന്‍. പെണ്ണു കുറച്ചു ദിവസത്തേക്കു വീട്ടില്‍ നിന്നും മാറി നിന്നാല്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ചു വിശപ്പടക്കുന്നവര്‍…… സ്വന്തം ആഹാരം സ്വയം വച്ചുണ്ടാക്കി കഴിക്കാനറിയാത്തവര്‍…..
തന്നെ ഒരു മനുഷ്യജീവിയായിപ്പോലും പരിഗണിക്കാതെ വച്ചുണ്ടാക്കാനും പെറ്റുപോറ്റാനും ലൈംഗിക ദാഹം ശമിക്കാനുമുള്ള ഉപകരണം മാത്രമായി കാണുന്നവര്‍ക്കു വേണ്ടി സ്വന്തം സ്വാതന്ത്ര്യവും ജീവിതവുമെല്ലാം സമര്‍പ്പിച്ച് അടിമത്തം ഏറ്റുവാങ്ങുന്ന മതജീവികളായ സ്ത്രീകളില്‍ എന്നാണിനി തിരിച്ചറിവിന്റെ ബോധമുതിക്കുന്നത്….??
മതങ്ങള്‍ തങ്ങളുടെ കാലുകളെ ബന്ധിക്കുന്ന വന്‍ ചങ്ങലകളാണെന്നും ഇവിടെയുള്ള രാഷ്ട്രീയ നേതാക്കളും മതനേതാക്കളുമെല്ലാം നിലനില്‍ക്കുന്നത് തന്റെ അടിമത്തത്തിലാണെന്നും അവളെന്നാണ് തിരിച്ചറിയുന്നത്….??
ആ തിരിച്ചറിവ് അവള്‍ക്കെന്നെങ്കിലുമുണ്ടാകുമോ….??
കാരണം അടിമത്തം ഇഷ്ടപ്പെടുന്നവരും അതാസ്വദിക്കുന്നവരുമാണ് ഭൂരിഭാഗം സ്ത്രീകളും. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുഴിച്ചുമൂടി മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്നതാണ് തങ്ങളുടെ ജന്മലക്ഷ്യമെന്നു കരുതുന്നവര്‍. അതാണവര്‍ക്കു സൗകര്യപ്രദം.
അതിനാല്‍, മതങ്ങളും മതനിയമങ്ങളും പുരുഷനിയമങ്ങളും അനുസരിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ചങ്ങലയ്ക്കുള്ളില്‍ നിന്നും ഒരു മോചനവുമാഗ്രഹിക്കുന്നില്ല.
ഒഴുക്കിനെതിരെ ജീവിക്കുന്ന സ്ത്രീകള്‍ നേരിടുന്ന എതിര്‍പ്പുകളും അവഗണനകളും വെറുപ്പുകളും സ്നേഹരാഹിത്യവുമെല്ലാം സഹിക്കുന്നതിനെക്കാള്‍ നല്ലത് അടിമത്തമാണെന്ന് ചിന്തിക്കുന്ന സ്ത്രീകളാണേറെയും.
…………………………………………………………………………..
ജെസ് വര്‍ക്കി
ചീഫ് എഡിറ്റര്‍
തമസോമ ഡോട്ട് കോം