ആണിന്റെ കുടിയുടെ ആദര്‍ശ ചരിത്രത്തിലേക്ക് ഓരോ പെണ്ണും കുടിച്ചു വാളുവയ്ക്കണം…!!

വേശ്യാഗൃഹത്തിലേക്കു ഭര്‍ത്താവിനെയും ചുമന്നുകൊണ്ടുപോകുന്ന ശീലാവതിയുടെ കഥ നാം ആവര്‍ത്തിച്ചു പറയാറുണ്ട്. എന്നാല്‍ താനിഷ്ടപ്പെടുന്ന ജാരന്റെ/ കാമുകന്റെ/ വേശ്യന്റെ
ഗൃഹത്തിലേക്കു ഭാര്യയെയും കൊണ്ടുപോകുന്ന ഒരു ഭര്‍ത്താവിന്റെ കഥ നാം പറയാത്തത്
എന്തുകൊണ്ടാണ്? പറയുന്നതു പോയിട്ട്, വേശ്യന്‍ എന്നൊരു പദം തന്നെ സൃഷ്ടിക്കാതെ നാം
ഒളിച്ചുകളിക്കുന്നതെന്തുകൊണ്ടാണ്?

മദ്യപിച്ച് കുന്തം മറിഞ്ഞ് നടന്ന/ക്കുന്ന നിരവധി പുരുഷന്മാരെ ആദര്‍ശ കലാകാരന്മാരായി പ്രതിഷ്ഠിച്ച ഭാവുകത്വമാണ് നമ്മുടേത്. ചങ്ങമ്പുഴ തൊട്ട് ചുള്ളിക്കാട് വരെയുള്ള കവികള്‍, കരള് ലഹരിയുടെ പക്ഷികള്‍ കൊണ്ടുപോയെന്നു പറഞ്ഞ അയ്യപ്പന്റെ വരികള്‍ കാണാത്ത ആണ്‍ ഹോസ്റ്റല്‍ മുറിച്ചുവരുകളുണ്ടോ? ഓരോ ഫ്രെയിമിലും ഗ്ലാസികള്‍ കാലിയാക്കി കാഴ്ചയുടെ വ്യാകരണം സംസാരിച്ച ജോണിനെ അനുസ്മരിച്ച് വീര്യം ചേര്‍ക്കാതെ ഏതു കാലമാണ് പോയിട്ടുള്ളത്? കുടിച്ചു കന്തം മറിഞ്ഞു ജോണ്‍ ഛര്‍ദിച്ചുവച്ച വാചകങ്ങള്‍ വാചകമേളപോലെ നാമെത്രയാണ് ആഘോഷിക്കുന്നത്?

അങ്ങനെ ഓരോ പുസ്തകവും ഓരോ സിനിമയും മദ്യത്തിന്റെ കുപ്പികളായി വന്നുകയറുന്നത് കണ്ട് ബിവേറജിലെ നീണ്ടുപോകുന്ന ആണ്‍നിരയെ നേരംപോക്കായി
ആസ്വദിക്കുന്ന മനസായിട്ടും എന്തുകൊണ്ടാണ് ഒരു പെണ്ണിന്റെ കുടി ‘അലങ്കോലത്തമായി’ മാത്രം നാം വ്യാഖ്യാനിച്ചത്? കുടിയെ (ആണ്‍)കലയായി കാണുന്ന നമുക്ക് ഒരു കലാകാരിയുടെ കുടിയെ ആസ്വദിക്കാനും അംഗീകരിക്കാനും കഴിയാത്തതെന്തുകൊണ്ടാണ്? അസഹിഷ്ണുതയുടെ വാക്കുകളാല്‍ അതിനെ മുറിപ്പെടുത്തിയത് എന്തുകൊണ്ടാണ്? കുടിച്ച് കലാകാരി പറഞ്ഞ വാചകങ്ങള്‍ ജോണിന്റെ ആദര്‍ശ വാചകങ്ങള്‍പോലെ ആവര്‍ത്തിക്കാനാവാത്തതെന്തുകൊണ്ടാണ്?
ഏതെങ്കിലും ആണ്‍ കലാകാരനായിരുന്നെങ്കില്‍ മൊഴിമുത്തുകളായോ കവിതകളായോ പത്രത്തില്‍ നിറയേണ്ടുന്നതാണ് കലാകാരിയായതിനാല്‍ മാത്രം നികൃഷ്ടമാക്കപ്പെട്ടത്.

മദ്യപിച്ചാല്‍ മനസ് അയയുമെന്നും ഫ്രീയാകുമെന്നും പിന്നെ സൗഹൃദത്തിന്റെയും പാരസ്പര്യത്തിന്റെയും പുഷ്പകത്തില്‍ കയറി യാത്രയാകുമെന്നും പറയുന്നതൊക്കെ നുണതന്നെ. കുടിച്ചാലും ഇല്ലേലും നമ്മുടെ ആണിന്റെ മുന്നില്‍ പെണ്ണ്
പെണ്ണുതന്നെയാകും. അതെത്ര കുടിച്ചു ബോധം പോയാലും….

അതിനാല്‍ നമ്മുടെ ആണിന്റെ കുടിയുടെ ആദര്‍ശ ചരിത്രത്തിലേക്ക് ഓരോ പെണ്ണും കുടിച്ചു വാളുവെയ്‌ക്കേണ്ടതുണ്ട്… പെണ്ണ് കുടിക്കുമ്പോള്‍ ഭാഷാപരമായ പ്രശ്‌നവും
വന്നുകേറും. കുടിയന് എന്താണ് സ്ത്രീ ലിംഗം? സംശയമില്ല ‘കുടിച്ചി’ തന്നെ.

 
Written by
യാക്കോബ് തോമസ്

Leave a Reply

Your email address will not be published. Required fields are marked *