സ്ത്രീവസ്ത്രത്തില്‍ വിവശരാകുന്ന ഷണ്ഡസമൂഹം

Jess Varkey Thuruthel & D P Skariah

സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നു മാത്രമല്ല അവരുടെ ഓരോ ചലനവും ഏതു രീതിയിലായിരിക്കണമെന്നു തീരുമാനിക്കാനുള്ള കുത്തകാവകാശം ഏറ്റെടുത്തു ഫലപ്രദമായി നടപ്പാക്കി ക്കൊണ്ടിരിക്കുകയാണീ പൊതു സമൂഹം. നെഞ്ചില്‍ നിന്നോ നിതംബത്തില്‍ നിന്നോ വസ്ത്രം വഴുതി മാറുന്നുണ്ടോ എന്നു സൂഷ്മനിരീക്ഷണം നടത്തി നഖശിഖാന്തം വിമിര്‍ശിക്കുകയും അവളെ കല്ലെറിയാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഈ ജനങ്ങള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമെവിടെ…??

ലെഗിന്‍സ് മാന്യമായ വസ്ത്രമല്ലെന്നും സ്‌കൂളില്‍ അതു ധരിച്ചെത്തിയ അധ്യാപിക കുട്ടികള്‍ക്ക് മോശം മാതൃകയാണ് നല്‍കുന്നതെന്നും ആരോപിച്ച് അധ്യാപികയ്‌ക്കെതിരെ വണ്ടൂര്‍ ഡി എം ഒയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് മലപ്പുറം എടപ്പറ്റ സി കെ എച്ച് എം സ്‌കൂളിലെ പ്രധാനാധ്യാപിക. ഈ ആകാശമിങ്ങനെ താഴേക്കു പതിക്കാതെ അവിടെത്തന്നെ നില്‍ക്കാന്‍ കാരണം സ്ത്രീയുടെ ചാരിത്ര്യമാണെന്നും അതിനാല്‍ അവള്‍ സ്വന്തം ചാരിത്ര്യത്തെ മരണം വരെ സംരക്ഷിക്കണമെന്നും അതിനു സാധിക്കാത്ത പക്ഷം ജീവിച്ചിരിക്കാന്‍ അവള്‍ക്ക് അര്‍ഹതയില്ലെന്നുമുള്ള വിശ്വാസം നിലനിന്നിരുന്ന നാടാണിത്. ഇത്തരത്തിലുള്ള വിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ് കുലസ്ത്രീ/പുരുഷന്മാര്‍.

സ്ത്രീയുടെ നഗ്നത കണ്ടാല്‍പ്പോലും സ്ഖലനം സംഭവിക്കുന്ന, സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത പുരുഷഗണങ്ങളപ്പാടെ സ്ത്രീയുടെ വസ്ത്രധാരണത്തിനെതിരെ പരാതി ഉന്നയിക്കുന്നു! മാന്യമായി വസ്ത്രം ധരിക്കണമത്രെ. തങ്ങളെ വഴിതെറ്റിക്കുന്നുവെന്ന്! തങ്ങള്‍ക്കും വികാരങ്ങളും വിചാരങ്ങളുമുണ്ടെന്ന്. അതുകണ്ട് കുലസ്ത്രീകള്‍ക്കും ഹാലിളകിയിരിക്കുന്നു, തങ്ങളുടെ പുരുഷന്മാരെയും കുട്ടികളെയും ഇത്തരം സ്ത്രീകള്‍ വഴിതെറ്റിക്കുന്നുവത്രെ!

എന്താണീ മാന്യമായ വസ്ത്രധാരണം….? എന്താണ് നിങ്ങളുടെ മാന്യത…?? നാലാള്‍ കാണ്‍കെ സദാചാരം പ്രസംഗിക്കുകയും ആരും കാണില്ലെന്നുറപ്പുള്ളപ്പോഴെല്ലാം സ്ത്രീശരീരത്തെ ആര്‍ത്തിക്കണ്ണുകള്‍ കൊണ്ട് കൊത്തിവലിക്കുകയും ചെയ്യുന്നതാണോ നിങ്ങളുടെ മാന്യത?? നിങ്ങളിലെ രാക്ഷസീയതയത്രയും പുറത്തു വരുമെന്നും അതു നാലാളറിയുമെന്നും പേടിച്ചല്ലേ നിങ്ങള്‍ അവളുടെ വസ്ത്രത്തിനു നേരെ വാളെടുത്തു പാഞ്ഞടുക്കുന്നത്….?? അല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍, ഈ ചോദ്യത്തിനു നിങ്ങള്‍ ഉത്തരം പറഞ്ഞേ തീരൂ. അത്രയ്ക്കു മാന്യരാണു നിങ്ങളെങ്കില്‍, സ്ത്രീ എന്തു വസ്ത്രം ധരിച്ചാലും നിങ്ങള്‍ക്കെന്താണ്….?? സ്ത്രീയുടെ നഗ്നതയുടെ നേരിയൊരംശം കാണുന്നതുപോലും സഹിക്കാനാവാത്ത വിധം വികാരപരവശരായ നിങ്ങളുടെ മാന്യതയ്ക്കനുസരിച്ചോ സ്ത്രീ സ്വന്തം വസ്ത്രമേതെന്നു തീരുമാനിക്കേണ്ടത്….??

ജെലോ എന്ന വിളിപ്പേരുള്ള, ഗായികയും അഭിനേത്രിയുമായ, അമേരിക്കക്കാരി ജെന്നിഫര്‍ ലോപ്പസിന്റെ ചിത്രമാണ് ഈ ലേഖനത്തോടൊപ്പമുള്ളത്. നിതംബഭാഗം പകുതിയോളം കാണത്തക്ക രീതിയില്‍ വസ്ത്രം ധരിച്ച അവരുടെ മേനിയഴകിലേക്ക് കണ്ണുപായിച്ചു നില്‍ക്കുന്ന രണ്ടു പുരുഷന്മാരെക്കൂടി ചിത്രത്തില്‍ കാണാം. സ്ത്രീ ശരീരത്തോടുള്ള ആര്‍ത്തിയത്രയും അവരുടെ മുഖത്തു പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിലായാലും ലോകത്തിലെവിടെ ആയിരുന്നാലും സ്ത്രീ ശരീരത്തിലേക്കും അവളുടെ നഗ്‌നതയിലേക്കും കണ്ണുനട്ട് ഉണ്ണാതെ ഉറങ്ങാതെ കാത്തിരിക്കുന്ന പുരുഷാരങ്ങള്‍…!

തന്റെ ശരീരത്തിനു കിട്ടുന്ന സ്വീകാര്യത മനസിലാക്കി അതിനെ വേണ്ടവിധത്തില്‍ പ്രദര്‍ശിപ്പിക്കുന്ന, മാര്‍ക്കറ്റില്‍ തന്റെ താരമൂല്യമുയര്‍ത്തുന്ന ഒരു അഭിനേത്രിയാണ് ഹണി റോസ്. വലിയൊരു ജനക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള ഹണിറോസിന്റെ വൈദഗ്ധ്യം കണ്ടാവും മലയാളത്തിലെ മറ്റു പല നടിമാരും ശരീര പ്രദര്‍ശനം നടത്തുന്നുണ്ട്. പെണ്‍ശരീരത്തിന്റെ അഴകളവുകളെല്ലാം കൃത്യമായി കണ്ടറിയുകയും ആസ്വദിക്കുകയും ചെയ്ത ശേഷം ആ പുരുഷാരം പറയുകയാണ് ഹാ! കഷ്ടം, മ്ലേച്ഛം, അശ്രീകരം എന്ന്…!! ആഹാ…! എന്തൊരന്തസ്….!!

തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്ന തനിയെ സഞ്ചരിക്കുന്ന സ്ത്രീകളെല്ലാം പോക്കു കേസുകളാണെന്നും അവരെല്ലാം തങ്ങള്‍ക്കു കടന്നു പിടിക്കാനുള്ളവരാണെന്നും അങ്ങനെ ചെയ്യുന്നത് വലിയ ധീരതയാണെന്നും കരുതുന്ന വലിയൊരു ജനവിഭാഗമുണ്ടിവിടെ. അവര്‍ക്കു സര്‍വ്വ പിന്തുണയും ചെയ്തു കൊടുക്കുന്നത് കുലസ്ത്രീകളാണ്. പോക്കു കേസുകളെന്നോ ചന്തപ്പെണ്ണുങ്ങളെന്നോ അവരെ മുദ്ര കുത്തുന്നു. പിന്നെ പണി എളുപ്പമായി, അവളങ്ങനെ നടന്നിട്ടല്ലേ, അപ്പോള്‍ കയറിപ്പിടിച്ചെന്നും ബലാത്സംഗം ചെയ്‌തെന്നും വരും. അതവളുടെ കൈയിലിരിപ്പുകൊണ്ടാണ്, അവളനുഭവിക്കണം, എന്ന ചിന്താഗതി….. മനസിന് കുഷ്ഠം ബാധിച്ചവരെ എത്ര പെട്ടെന്നാണ് ഇത്തരത്തില്‍ വെള്ളപൂശിയെടുക്കുന്നത്…??

തന്റെ ചിന്തകള്‍ക്കും കാഴ്ചപ്പാടിനും പിടിക്കാത്തവരെല്ലാം ചന്തപ്പെണ്ണുങ്ങളും മാന്യതയില്ലാത്തവരുമാണെന്ന് പറഞ്ഞു വയ്ക്കുമ്പോള്‍, നാളെ അവളെ കടന്നു പിടിക്കാനും ബലാത്സംഗം ചെയ്യാനുമുള്ള എല്ലാ സാഹചര്യവുമൊരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം സ്ത്രീകളെ അതിക്രൂരമായി മര്‍ദ്ദിച്ചാലും ചവിട്ടിത്തേച്ചാലും തല്ലിക്കൊന്നാല്‍പ്പോലും ചോദിക്കാന്‍ ആരുമില്ലെന്ന ആണഹന്ത. ആ അഹന്തയ്ക്കു വളം വച്ചു കൊടുക്കുന്ന കുലപ്പെണ്ണഹന്ത…!

മിഠായിയുടെയും പാനീയങ്ങളുടേയും രൂപത്തില്‍ അതിമാരകമായ ലഹരി വസ്തുക്കള്‍ വിദ്യാര്‍ത്ഥികളെ വരിഞ്ഞുമുറുക്കിയതിനെക്കുറിച്ച് ഇവിടെയാര്‍ക്കും ആശങ്കയില്ല. മദ്യത്തിലൂടെ കേരളം കുടിച്ചു തുലയ്ക്കുന്ന കോടികളെക്കുറിച്ചും ഇവിടെ ആര്‍ക്കും പരാതികളില്ല. അതെല്ലാം സര്‍ക്കാര്‍ ഖജനാവിനെ താങ്ങിനിറുത്താനാണത്രെ…! മദ്യവും മാലിന്യങ്ങളും വിഷഭക്ഷണവും മൂലം തകര്‍ന്നടിയുന്ന ആരോഗ്യത്തെക്കുറിച്ചും ജീവിതങ്ങളെക്കുറിച്ചും സന്തോഷകരമായ ജീവിതത്തെക്കുറിച്ചും ആര്‍ക്കും യാതൊരു പരാതികളുമില്ല….! അതെല്ലാം സ്വാഭാവികം….! എല്ലാറ്റിനും പരിഹാരമായി ഇവര്‍ക്കു മുന്നിലുള്ളത് ഒരേയൊരു പോംവഴിയെയുള്ളു, സ്ത്രീയുടെ വസ്ത്രധാരണം തങ്ങള്‍ പറയുന്ന പോലെ ആയിരിക്കണം…! ഹേ സമൂഹമേ…. ഇത്രമേല്‍ ഷണ്ഡീകരിക്കപ്പെട്ടുപോയോ നിങ്ങളുടെ ചിന്തകള്‍….??


Leave a Reply

Your email address will not be published. Required fields are marked *