മരുന്നടിച്ചും തുടയിടുക്കില്‍ കമ്പി തീര്‍ക്കുന്നവര്‍ ഓര്‍ക്കുക, ദ്വാരമുള്ളൊരു മാംസക്കഷ്ണമല്ലവള്‍

പെണ്ണിനെ സദാ ചൂടായിക്കിടക്കുന്ന ദോശക്കല്ലിനോടുപമിച്ചുള്ള കഥകള്‍ പങ്കിട്ടു ലൈംഗിക തൃപ്തിയടയുന്നവരുടെ നാടാണിത്. ഏതു സമയത്തും ലിംഗസന്നിവേശം സാധ്യമായ ദ്വാരമുള്ളൊരു മാംസക്കഷണമാണ് പെണ്ണെന്ന ചിന്തയാണ് പല പുരുഷന്മാര്‍ക്കും. ഇടഞ്ഞു നില്‍ക്കുന്ന കൊമ്പന്റെ നീണ്ടുവളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ അവളെ ചാരിനിറുത്തി പ്രാപിക്കാന്‍ വെമ്പല്‍ പൂണ്ടു നടക്കുന്നവനെ കാമഭ്രാന്തു പിടിച്ച ക്രിമിനലായി കാണുന്നതിനു പകരം വീരനായകനായി തോളിലെടുത്തു നടക്കുന്ന വിചിത്ര മനുഷ്യരുടെ നാട്.

പുരുഷന്‍ കാണുന്ന ലൈംഗിക സങ്കല്‍പ്പങ്ങളില്‍ ഏറെയും വികൃതമാണ്. പക്ഷേ, അതുതിരുത്തപ്പെടുകയല്ല, മറിച്ച്, ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണിവിടെ. ഭാര്യ ഗര്‍ഭം ധരിച്ചാല്‍ പുരുഷനെ അഭിനന്ദിക്കുന്ന, അവനെന്തോ മഹാ കാര്യം ചെയ്തിട്ടാണതു സംഭവിച്ചതെന്ന മട്ടില്‍ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിയുന്ന ഈ സമൂഹം തെറ്റായ ലൈംഗിക ചിന്തകളുടെ ഉത്തമോദാഹരണങ്ങളാണ്.

പെണ്ണിന്റെ മാറും വയറും തുടയും കണ്ടാല്‍ ആ നിമിഷം പൊങ്ങുന്ന ഒരു സാധനമാണ് തങ്ങളുടേതെന്നും അതിനാല്‍ പെണ്ണ് മാന്യമായി വസ്ത്രം ധരിച്ച് തങ്ങളെ പ്രകോപിക്കിക്കാതെ നടക്കണമെന്നുമാണ് പുരുഷലോകവും അവന്റെ വീരേതിഹാസങ്ങള്‍ പാടിനടക്കുന്ന ‘കുടുംബ’സ്ത്രീകളുടെയും അലിഖിതമായ കല്‍പ്പന. തുടകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന അവന്റെയാ മാംസപിണ്ഡം ഉയരാന്‍ ഇത്തരത്തില്‍ യാതൊന്നും ആവശ്യമില്ലെന്നും ആ ജൈവഘടനയെ അടക്കിനിറുത്താന്‍ ചെറുപ്പം മുതല്‍ ആണു പരിശീലിക്കണമെന്നും ഒരാളു പോലും അവനെ പറഞ്ഞു പഠിപ്പിക്കുന്നില്ല. അവന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ അവനെ പരിശീലിക്കുന്നതിനു പകരമായി, സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ കഴിയുന്നത്ര മറച്ചുവച്ച്, അവളെ വീട്ടില്‍ നിന്നും പുറത്തിറക്കാതെ, പൊതു ഇടങ്ങളില്‍ നിന്നെല്ലാം അവളെ ആട്ടിപ്പായിച്ച്, കൂച്ചുവിലങ്ങിട്ടു നിറുത്തി, അവളുടെ ജീവിതം തന്നെ അടിമ ജീവിതമാക്കി മാറ്റാനുള്ള നിരന്തരമായ ശ്രമങ്ങളാണിവിടെ നടന്നു വരുന്നത്. മതവിശ്വാസത്തിന്റെ പേരിലും സാമൂഹിക നീതിയുടെ പേരിലും സ്ത്രീ ഇതിനെല്ലാം പൂര്‍ണ്ണമായും വഴങ്ങിക്കൊടുത്തുകൊണ്ട് തുണിമറകള്‍ക്കുള്ളിലേക്കും വീടിനുള്ളിലേക്കും ഒതുങ്ങിക്കൂടുമ്പോള്‍ അവളുടെ പതനം പൂര്‍ത്തിയാകുന്നു. ഇത്തരത്തില്‍ പുരുഷന്റെ ലൈംഗിക അടിമകളായി സ്വയം മാറിയ സ്ത്രീകളാണ് സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വത്വബോധത്തെക്കുറിച്ചും ആത്മാഭിമാനത്തെക്കുറിച്ചും ഇവിടെ ഘോരഘോരം പ്രസംഗിക്കുന്നത്. സ്വന്തം ആഗ്രഹത്തിനൊത്തു ജീവിക്കുന്ന സ്ത്രീകളെ പുളിച്ച തെറികൊണ്ടഭിഷേകം ചെയ്ത് ജീവിതം ദു:സ്സഹമാക്കുന്നത്.

തുടയിടുക്കില്‍ കമ്പി തീര്‍ക്കുന്നവര്‍

കൂടുതല്‍ നീളവും വണ്ണവും ശക്തിയും ഉണ്ടാക്കുകയും സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യുക എന്നതാണ് ഓരോ പുരുഷന്റെയും ജീവിതാഭിലാഷമെന്നു തോന്നും ഇത്തരം മരുന്നുകളുടെ പിന്നാലെയുള്ള ഇവരുടെ പാച്ചില്‍ കണ്ടാല്‍. ലൈംഗിക ഉത്തേജന മരുന്നുകള്‍ മാത്രമല്ല, ലിംഗത്തിന്റെ നീളവും വണ്ണവും കരുത്തും കൂട്ടാനുള്ള മരുന്നുകളുടെയും ചാകരയാണ് മാര്‍ക്കറ്റില്‍. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ക്ക് മരുന്നു കമ്പനികള്‍ ചെലവാക്കുന്ന തുക പ്രതിവര്‍ഷം 4000 കോടി രൂപയാണ്! അപ്പോള്‍ ഈ മരുന്നുകളുടെ വില്‍പ്പന എത്ര കോടിയാണ് എന്നത് ഊഹിക്കാവുന്നതേയുള്ളു. നിയമാനുസൃത മരുന്നുകളല്ല ഇവയില്‍ ഏറെയും. അതിനാല്‍, ഇവയുടെ യഥാര്‍ത്ഥ മാര്‍ക്കറ്റ് എത്രയാണ് എന്ന് കൃത്യമായി നിര്‍ണ്ണയിക്കാനും പ്രയാസമാണ്. ഇവയ്ക്കു പുറമേയാണ് മദ്യവും മയക്കു മരുന്നുകളും ഉപയോഗിച്ചുണ്ടാക്കുന്ന ലൈംഗിക ശേഷി. ഇത്തരത്തില്‍, വണ്ണവും വലിപ്പവും ദൈര്‍ഘ്യവും കൂട്ടി അവളെ സമീപിക്കുന്ന പുരുഷന്മാര്‍ ഒരു കാലത്തും മനസിലാക്കാത്ത ഒരു സത്യമുണ്ട്, പുരുഷന്റെ ഇത്തരം ലൈംഗികത അവളെ സംബന്ധിച്ചിടത്തോളം അറപ്പും വെറുപ്പും വേദനയും ഉളവാക്കുന്നതാണ് എന്ന്.

മരുന്നുകളുടെയും മദ്യത്തിന്റെയും പിന്‍ബലത്തില്‍ കമ്പിപ്പാരയുമായി ചെല്ലേണ്ട താമസമേയുള്ളു, അവള്‍ സദാ സന്നദ്ധയാണ് എന്ന ചിന്തയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ള വൈകൃതങ്ങള്‍ കൊണ്ടു നിറഞ്ഞ, ലൈംഗിക വിദ്യാഭ്യാസം ലവലേശമില്ലാത്ത, പെണ്‍ശരീരത്തെ തെല്ലും മാനിക്കാത്ത ഒരു നാടാണിത്. പെണ്ണിനെ അറിയുകയേ വേണ്ട, അവളുടെ ശരീരത്തില്‍ കമ്പിപ്പാര കുത്തിയിറക്കുകയേ വേണ്ടു എന്ന ചിന്ത. ഒരു സ്ത്രീയ്ക്ക് താങ്ങാന്‍ പറ്റുന്ന സമയ ദൈര്‍ഘ്യം വെറും 45 സെക്കന്റുകള്‍ മാത്രമാണെന്നതാണ് വിദഗ്ധാഭിപ്രായം. ഏറ്റവും കൂടിയാല്‍ ഒരു മിനിറ്റ്. ലൈംഗികമായി അത്രയേറെ ഉത്തേജിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഏതാനും മിനിറ്റുകള്‍ കൂടി പിടിച്ചു നില്‍ക്കാനായേക്കും. ആ സമയത്തിനപ്പുറത്തേക്കു നീളുന്ന വേഴ്ച അവളെ സംബന്ധിച്ചിടത്തോളം മരണതുല്യമാണ്. പുരുഷനോടും ലൈംഗികതയോടും അറപ്പും വെറുപ്പുമുണ്ടാക്കാന്‍ മാത്രമേ അത്തരം ലൈംഗികത ഉപകാരപ്പെടുകയുള്ളു.

കണ്ണില്‍ക്കണ്ട ലൈംഗിക ഉത്തേജന മരുന്നുകളും മദ്യവും മയക്കുമരുന്നുമടിച്ച്, അവയവത്തിനു നീളവും വണ്ണവും കൂട്ടി വന്യലൈംഗികതയില്‍ ഏര്‍പ്പെടുന്ന പുരുഷന് സ്ഖലനം സംഭവിക്കണമെങ്കില്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. സമയദൈര്‍ഘ്യമാണ് മിടുക്കെന്നു മനസിലാക്കി വച്ചിരിക്കുന്ന പുരുഷനോട് തനിക്കിതു താങ്ങാനാവുന്നില്ല എന്നെങ്ങാനും മിണ്ടിപ്പോയാല്‍, തന്റെ കളിയില്‍ അവള്‍ക്ക് തൃപ്തിപോരെന്നാവും വൈകൃത മനസുകളുടെ ചിന്ത. പോണ്‍ സൈറ്റുകളില്‍ കണ്ടതാണ് ലൈംഗികതയെന്നും പെണ്ണ് ആഗ്രഹിക്കുന്നത് അതാണെന്നും തീരുമാനിച്ചുറപ്പിച്ച് അവളില്‍ അഴിച്ചു വിടുന്ന കൊടിയ വേദനകള്‍ അവള്‍ക്കു സഹിക്കാവുന്നതിലും അപ്പുറമാണ്. പുരുഷന്റെ ഇത്തരം മാനസിക ശാരീരിക പീഡനങ്ങള്‍ സഹിക്കവയ്യാതെ ഇറങ്ങിപ്പോകുന്ന സ്ത്രീകളെ ഒരായിരം തവണ കുരിശില്‍ തറയ്ക്കാനുള്ള കലിപ്പുമായി ലൈംഗിക അസംതൃപ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുന്നൊരു സമൂഹമിവിടെ കാത്തിരിപ്പുണ്ട്. മണിക്കൂറുകള്‍ ഉത്തേജിച്ചു നില്‍ക്കാന്‍ അവള്‍ക്കു കഴിയണമെങ്കില്‍ ഇത്തരം മരുന്നുകള്‍ കൂടിയ തോതില്‍ അവളുടെ ഉള്ളിലും ചെല്ലണം. ഇതറിയാവുന്ന പുരുഷന്‍ ബലപ്രയോഗത്തിലൂടെ അവള്‍ക്കു മയക്കു മരുന്നു നല്‍കിയും മാംസപിണ്ഡത്തിനു സമം പെണ്‍ശരീരം ഉപയോഗിക്കുന്നു. പിന്നെ, മറ്റുള്ളവര്‍ക്കു മുന്നില്‍ അവളെ പ്രാപിച്ചതിന്റെ കഥകള്‍ പാടി ആത്മരതിയടയുകയും ചെയ്യുന്നു.

കേരളം: പോണ്‍ കാഴ്ചകളുടെ വിളനിലം

സദാചാരം, സനാതന മൂല്യം, ആര്‍ഷഭാരക സംസ്‌കാരം, ബന്ധങ്ങളിലെ പവിത്രത, ഉയര്‍ന്ന ഈശ്വര ഭക്തി തുടങ്ങി പുറമെ കെട്ടിപ്പൊക്കി നിറുത്തിയിരിക്കുന്ന സകല ഇമേജുകള്‍ക്കും മുകളിലേക്കാണ് ഈ പഠന റിപ്പോര്‍ട്ടെത്തുന്നത്. സദാചാരത്തിന്റെ കാവല്‍ഭടന്മാരും കുലസ്ത്രീകളും അരങ്ങുവാഴുന്ന ഈ കൊച്ചു കേരളമാണത്രെ പോണ്‍കാഴ്ചകളില്‍ മൂന്നാം സ്ഥാനത്തുള്ളവര്‍! പോണ്‍സൈറ്റില്‍ പ്രഥമ സ്ഥാനത്തുള്ള പോണ്‍ഹബ് പുറത്തുവിട്ട കണക്കാണിത്. ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയും രണ്ടാം സ്ഥാനം ബ്രിട്ടണുമാണ്. പക്ഷേ, അമേരിക്കയും ബ്രിട്ടണും ഓരോ രാജ്യങ്ങളാണ്. കേരളമാകട്ടെ, ഇന്ത്യയിലെ ചെറിയൊരു സംസ്ഥാനം മാത്രം…!

സ്ത്രീ ശരീരത്തെ ലൈംഗികതയ്ക്കു വേണ്ടിയുള്ള വെറുമൊരു മാംസപിണ്ഡം മാത്രമായികണ്ട്, അവളെ കെട്ടിയിട്ടും പലര്‍ചേര്‍ന്നും അവളുടെ വായിലൂടെയും ഗുദദ്വാരത്തിലൂടെയും യോനിയിലൂടെയും സാധ്യമെങ്കില്‍ മൂത്രമാളിയിലൂടെയും വണ്ണിച്ച നീളമുള്ള ലിംഗം കയറ്റി മണിക്കൂറുകളോളം നടത്തുന്ന പേക്കൂത്താണ് ലൈംഗികത എന്നു ധരിച്ചുവച്ച കുറെ പാഴ്ജന്മങ്ങളിവിടെ സ്ത്രീ ജീവിതം നരകതുല്യമാക്കുന്ന കാഴ്ചകളാണ് കാണുന്നത്. ഇത്തരം വൈകൃതങ്ങള്‍ സഹിച്ചു സഹിച്ച്, ഇറങ്ങിപ്പോകാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാതെ, ജനിച്ചു പോയ മക്കളെക്കരുതി ജീവിതം അഗ്‌നിയിലെരിച്ചു ജീവിക്കുന്ന പെണ്‍ജീവിതങ്ങള്‍ക്കു മുന്നില്‍ നിന്നാണ് ലിംഗവലിപ്പത്തിന്റെയും ദൈര്‍ഘ്യത്തിന്റെയും വീരേതിഹാസങ്ങളിവിടെ പാടിനടക്കുന്നത്….! പുരുഷന്റെ ഇത്തരം വീരചരിതങ്ങളുടെ പ്രചാരകര്‍ പുരുഷന്‍ മാത്രമല്ല, മതവും അന്ധമായ പുരുഷാരാധനയും തലയ്ക്കു പിടിച്ച സ്ത്രീകളുമുണ്ട് കൂട്ടിന്.


അവളുടെ ആര്‍ത്തവം പോലും അവന് ഉത്തേജനമാകുന്നതിനു കാരണം ഇത്തരം ലൈംഗിക വൈകൃത ചിന്തകളാണ്. ലൈംഗികതയെക്കുറിച്ചും സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ചും അവരുടെ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ശരിയായ അറിവു നേടാത്ത സ്ത്രീ പുരുഷന്മാര്‍ മനുഷ്യ ജീവിതമിവിടെ അനുനിമിഷം ദുരിതപൂര്‍ണ്ണമാക്കുകയാണ്.

എത്ര വിദ്യാഭ്യാസം നേടിയാലും പുരുഷന്റെ ഉള്ളിലുള്ള വെറികളവസാനിക്കുന്നില്ല. അത് അവസാനിപ്പിക്കാനുള്ള യാതൊരു പരിശീലനവും അവനു ലഭിക്കുന്നില്ലെന്നു മാത്രമല്ല, കുടുംബങ്ങളിലെ സ്ത്രീകള്‍ തന്നെ അത്തരം വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. അവന്റെ ലൈംഗികത കേമപ്പെട്ടതും അവളുടെത് അടക്കി വയ്ക്കേണ്ടതുമാണെന്ന കാഴ്ചപ്പാടില്‍ ആണിനെ അഴിച്ചു വിട്ടും പെണ്ണിനെ പൂട്ടിയിട്ടും വളര്‍ത്തുന്നിടത്താണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. സ്വന്തം ലൈംഗികതയെ അടക്കി വയ്ക്കാനും നിയന്ത്രിക്കാനും പുരുഷന് ചെറുപ്പം മുതല്‍ പരിശീലനം ലഭിക്കുന്നില്ല. സ്‌കൂളുകളില്‍ ഇത്തരത്തില്‍ ഫലപ്രദമായ വിദ്യഭ്യാസം കൊടുക്കുന്നില്ലെന്നു മാത്രമല്ല, അതെന്തോ മോശപ്പെട്ട സംഗതിയാണെന്ന മട്ടിലാണ് അധ്യാപകര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നതു തന്നെ.

സ്ത്രീകള്‍ സദാ ലൈംഗികതയ്ക്കു തയ്യാറാണെന്നും തങ്ങളുടെ ലിംഗത്തിനു ശേഷി ഉണ്ടായിരിക്കുക എന്നതാണ് പ്രഥമമായ കാര്യമെന്നും ധരിച്ചിരിക്കുന്ന പുരുഷ കേസരികളും ഇത്തരം അറിവുമായി നടക്കുന്ന സ്ത്രീകളും ചില സത്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. സ്ത്രീശരീരമെന്നത് സങ്കീര്‍ണ്ണമായ നിരവധി മാറ്റങ്ങളിലൂടെ നിരന്തരം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിനു പുറമെ അതികഠിനമായ പരിശീലനങ്ങളിലൂടെ സ്വന്തം വികാരങ്ങളെ നിയന്ത്രിച്ചു ജീവിച്ചു വരുന്നവരാണവര്‍. ആര്‍ത്തവ സമയങ്ങളിലെ വേദനകള്‍ അവള്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണ്. അവളുടെ ശരീരം ഉത്തേജിച്ചിരിക്കുന്ന സമയം വളരെ കുറവാണ് എന്നര്‍ത്ഥം. അവളില്‍ ലൈംഗിതക ഉത്തേജിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങള്‍ തുലോം കുറവാണ്. അങ്ങനെയുള്ളവര്‍ക്കു മുന്നിലേക്ക് ഇത്തരം മരുന്നുകളും മറ്റുമുപയോഗിച്ച് മണിക്കൂറുകള്‍ തുടരാനുള്ള കൃത്രിമ ലൈംഗികതയുമായി പുരുഷനെത്തുന്നത്. ഇവനിതൊന്നവസാനിപ്പിച്ചു കിട്ടിയാല്‍ മതിയായിരുന്നു എന്ന ചിന്ത മാത്രമാവും സ്ത്രീയുടെ മനസിലപ്പോള്‍. ഉത്തേജിച്ചു നില്‍ക്കുന്ന അവനെ പിന്തിരിപ്പിച്ചാലുണ്ടാകുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ എന്തു മാത്രമാണെന്ന് അറിയാവുന്ന സ്ത്രീകള്‍ കടിച്ചു പിടിച്ചു സഹിച്ചു നില്‍ക്കും. അതുകാണുന്ന പുരുഷന്‍ ചിന്തിക്കും തന്റെ കളി അതിഗംഭീരമായതുകൊണ്ടാണ് അവള്‍ മിണ്ടാതെ കിടക്കുന്നതെന്ന്. ലൈംഗിക ബന്ധത്തിനു സമ്മതിക്കാത്ത സ്ത്രീകളോട് പുരുഷന്‍ പെരുമാറുന്നതു കണ്ടാല്‍ മനസാക്ഷി പോലും മരവിച്ചു പോകും.

സ്ത്രീകള്‍ ഭക്തിയിലേക്കു തിരിയാനുള്ള കാരണങ്ങള്‍

ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങളും ശാരീരിക മാനസികമായ പീഡനങ്ങളും സഹിക്കാവുന്നതിനും അപ്പുറമാകുമ്പോള്‍ ഭക്തിയില്‍ അഭയം പ്രാപിക്കുക എന്നതാണ് പല സ്ത്രീകളും കൈക്കൊള്ളുന്ന മാര്‍ഗ്ഗം. താന്‍ വ്രതത്തിലാണെന്നോ പ്രാര്‍ത്ഥനയിലാണെന്നോ പറഞ്ഞാല്‍ ലൈംഗികതയില്‍ നിന്നും പുരുഷന്‍ മാറി നില്‍ക്കും. കാരണം, സ്ത്രീകളുടെ അനാരോഗ്യത്തെയോ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള താല്‍പര്യക്കുറവിനെയോ അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറുള്ള പുരുഷന്മാര്‍ തുലോം കുറവാണ്. പക്ഷേ, അവര്‍ പ്രാര്‍്തഥനയിലാണെന്നു പറഞ്ഞാല്‍, അതു കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരുമല്ലോ എന്നു കരുതി കുറച്ചു സമയത്തേക്കെങ്കിലും ലൈംഗികത മാറ്റിവയ്ക്കാന്‍ പുരുഷന്‍ തയ്യാറാവും. അത്രയും സമാധാനമെങ്കിലും തങ്ങള്‍ക്കു കിട്ടുമല്ലോ എന്ന ചിന്തയില്‍ സ്ത്രീകള്‍ കൂടുതല്‍ക്കൂടുതലായി ഭക്തിയിലേക്കു മാറുന്നു.


സ്വന്തം കുടുംബബന്ധത്തിലെ പാളിച്ചകള്‍ പുറംലോകമറിയാതിരിക്കാന്‍ സ്ത്രീകള്‍ ചെയ്യുന്നൊരു പോംവഴി അസുഖമഭിനയിക്കുക എന്നതാണ്. ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍പ്പോലും അവര്‍ക്ക് ആധിയാണ്. ഈ ആധിമൂലവും അവര്‍ രോഗികളായി മാറുന്നു. എല്ലാ ആശുപത്രികളിലും ആരാധനാലയങ്ങള്‍ക്കു മുന്നിലും സ്വാമിമാരുടെ മുന്നിലും സ്ത്രീകള്‍ തടിച്ചുകൂടുന്നതിന്റെ കാരണമിതാണ്. ഇഷ്ടമില്ലാത്ത പുരുഷന്റെ കൂടെ ജീവിക്കുന്നതിലെ സങ്കടങ്ങളും ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂലമുണ്ടാകുന്ന വേദനകളും അവര്‍ക്കു പറഞ്ഞു തീര്‍ക്കാനൊരിടം വേണം. താന്‍ ആരാധനാലയത്തിലാണ്, വ്രതത്തിലാണ്, ഇപ്പോള്‍ ഇതൊന്നും പാടില്ല, ആര്‍ത്തവത്തിലാണ്, തുടങ്ങി കാരണങ്ങളുടെ നിര തന്നെ നിരത്തി ലൈംഗിക ബന്ധത്തില്‍ നിന്നും മോചനം നേടാനവര്‍ ശ്രമിക്കുന്നു.

വിദേശത്തു നിന്നും ഭര്‍ത്താക്കന്മാര്‍ എത്തുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴേ പല ഭാര്യമാരും രോഗികളായി മാറും. ഇതൊന്നും അവര്‍ അഭിനയിക്കുന്നതല്ല, ഇയാളോടൊപ്പം കിടക്കേണ്ടി വരുമല്ലോ എന്നോര്‍ത്തുള്ള ആധിമൂലം വരുന്ന യഥാര്‍ത്ഥ രോഗങ്ങളാണ്. വിദേശത്തു നിന്നും വന്നവനാകട്ടെ, ഭാര്യമാരെ ആശുപത്രിയില്‍ കൊണ്ടുപോകല്‍ പ്രധാന പണിയായി മാറുകയും ചെയ്യും.

സ്ത്രീസ്വാതന്ത്ര്യം പുരുഷന്‍ ഭയപ്പെടുന്നതെന്തുകൊണ്ട്

ഏതു സമയത്തും ലൈംഗികമായി ഉദ്ധരിക്കാവുന്ന ഒരു ശരീരമാണ് പുരുഷനുള്ളത്. അതു നിയന്ത്രിക്കാനുള്ള യാതൊരു പരിശീലനവും അവന്‍ ചെയ്യുന്നില്ലെന്നു മാത്രമല്ല, കുട്ടിക്കാലം മുതല്‍ ആ വികാരത്തെ ഉത്തേജിപ്പിച്ചു നിറുത്താനുള്ള പ്രോത്സാഹനമാണ് അവന് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. ഇത്തരത്തില്‍, ലൈംഗികതയെക്കുറിച്ചു മാത്രം ചിന്തിക്കുന്ന പുരുഷന്‍ ചിന്തിക്കുന്നത് സ്ത്രീ ശരീരവും സദാ സന്നദ്ധമാണെന്നാണ്. യോനിയില്‍ തങ്ങള്‍ ലിംഗം ഇറക്കി ചെയ്യുന്ന പരാക്രമങ്ങളാണ് ലൈംഗികത എന്നു ചിന്തിക്കുന്ന പുരുഷന്‍ എങ്ങനെ അവളുടെ മാനസിക നിലയെക്കുറിച്ചു ചിന്തിക്കാനാണ്…??

ലൈംഗികതയിലേക്ക് ഒരു സ്ത്രീ ശരീരം വളരെ സാവധാനം മാത്രമേ ഒരുങ്ങുകയുള്ളു. പുരുഷനെപ്പോലെ സ്വിച്ചിട്ടമാത്രയില്‍ ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ലൈംഗികതയല്ല സ്ത്രീക്കുള്ളത്. ലൈംഗികതയ്ക്കു പറ്റിയ ശാന്തമായ അന്തരീക്ഷവും ശാന്തമായ മനസും അവള്‍ക്കാവശ്യമാണ്. അതിലേക്കെത്തിപ്പെടാനായി ഒട്ടനവധി ഒരുക്കങ്ങളും അവളുടെ ശരീരം നടത്തേണ്ടതുണ്ട്. പ്രണയമുണ്ടായിരിക്കുക എന്നതാണ് അതില്‍ പ്രധാനം. ശരീരത്തിലെ ഓരോ അവയവവും ഉത്തേജിക്കപ്പെട്ടെങ്കില്‍ മാത്രമേ ആനന്ദകരമായൊരു ലൈംഗികത അവള്‍ക്കു സാധ്യമാവുകയുള്ളു. ക്ഷണ നേരം കൊണ്ടു ലൈംഗികത ഉണരുന്ന സ്ത്രീ ശരീരങ്ങളുണ്ടായിരിക്കാം. പക്ഷേ, അത്തരം സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്.


അവളുടെ ലൈംഗികതയെയോ ശരീരത്തെയോ മനസിനെയോ അവളുടെ വികാരത്തെയോ വിചാരത്തെയോ മാനിക്കാതെ, അവളുടെ നെഞ്ചിലേക്കും തുടയിടുക്കിലേക്കും വയറിലേക്കും ഫോക്കസ് ചെയ്ത എക്സറേക്കണ്ണുകളും തക്കം കിട്ടിയാല്‍ ഇവയിലേക്കെല്ലാം കൈകള്‍ നീളുകയും ചെയ്യുന്ന നെറികെട്ട പുരുഷന്മാരോട് അവള്‍ക്കു തോന്നുന്നത് അറപ്പും വെറുപ്പുമാണ്.

സാമ്പത്തികമായും മാനസികമായും സ്ത്രീ കരുത്തു നേടുന്ന നിമിഷം മുതല്‍ അവളുടെ ശരീരത്തെ അടിമയാക്കി വച്ച് തോന്നുംപടി ഉപയോഗിക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന് പുരുഷന് വ്യക്തമായി അറിയാം. അതിനാല്‍, മനസില്‍ ലൈംഗിക വൈകൃതം പേറി നടക്കുന്ന ഒരു പുരുഷനും അവള്‍ മാനസികമായും സാമ്പത്തികമായും ശക്തിപ്രാപിക്കുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ്, അവളെ ലൈംഗിക അടിമകളാക്കി, തങ്ങള്‍ക്കു തോന്നുന്ന സമയത്തെല്ലാം ഉപയോഗിക്കാന്‍ പാകത്തില്‍ അവളുടെ മനസിനെ മാറ്റിയെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് സദാചാരവും ഭക്തിയും സനാതന ധര്‍മ്മവും സംസ്‌കാരവും കൊട്ടിഘോഷിക്കുന്ന ഈ സമൂഹത്തിനുള്ളത്. ഇത്തരം പുരുഷന്മാരെ സേവിച്ചു ജീവിക്കുന്നതാണ് തങ്ങളുടെ ജീവിതാഭിലാഷമെന്നു വിശ്വസിച്ചു ജീവിക്കുന്ന സ്ത്രീകള്‍ പുരുഷ ലൈംഗിക വൈകൃതവീരങ്ങളുടെ പതാക വാഹകരാണ്. യോനീ മുഖത്തു വീഴുന്ന ആരോഗ്യമുള്ള ഒരു തരി രേതസിനു പോലും അവളെ ഗര്‍ഭിണിയാക്കുവാനുള്ള ശേഷിയുണ്ടെന്നു മനസിലാക്കാത്ത സ്ത്രീ-പുരുഷന്മാര്‍ നിരവധിയാണിവിടെ. അവന്റെ കളിയുടെ വീരത്തവും ശൂരത്തവും പാടി നടക്കുന്ന ഇത്തരക്കാര്‍ക്ക് ബലാത്സംഗ വാര്‍ത്തകള്‍ പോലും ഉത്തേജനദായകങ്ങളായിത്തീരുന്നു. ഇണയുടെ ശരീരത്തില്‍ വന്യത തീര്‍ക്കുന്നിടത്താണ് ലൈംഗികതൃപ്തി കുടി കൊള്ളുന്നതെന്നു വിശ്വസിച്ച് നടക്കുന്ന മനുഷ്യര്‍ക്ക് ഒരുകാലത്തും ലൈംഗികത സംതൃപ്തി അനുഭവിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ അസംതൃപ്ത ലൈംഗിക വികാരവുമായി നടക്കുന്ന മനുഷ്യര്‍ക്ക് കോലില്‍ ചുറ്റിയ സ്ത്രീവസ്ത്രം കണ്ടാലും ഹാലിളകി ഭോഗിക്കും.


മറ്റു ജീവികളെപ്പോലെ തന്നെ മനുഷ്യനെയും ആനന്ദത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ പ്രാപ്തിയുള്ള ഒന്നാണ് ലൈംഗികത. പക്ഷേ, ആണും പെണ്ണും ഒരുമിച്ചാ തീരുമാനത്തിലേക്കെത്തി, പരസ്പരം വേദനിപ്പിക്കാതെയും അവഹേളിക്കാതെയും പ്രണയപൂര്‍വ്വം അതില്‍ പങ്കെടുക്കുമ്പോഴേ ലൈംഗികതയുടെ ശരിയായ ആനന്ദം ലഭിക്കുകയുള്ളു. ആക്രമിച്ചു കീഴടക്കിയും ഭീഷണിപ്പെടുത്തിയും അപമാനിച്ചും നിങ്ങള്‍ നേടിയെടുക്കുന്നതൊന്നും ശരിയായ ലൈംഗികതയല്ല. ജീവി ലോകത്തു പോലും ഇണ മാനിക്കപ്പെടുമ്പോള്‍, വിദ്യാഭ്യാസവും വിവരവും ഭക്തിയും സനാധന ധര്‍മ്മവും വേണ്ടുവോളമുണ്ടെന്നഹങ്കരിക്കുന്ന മനുഷ്യരാകട്ടെ, സ്ത്രീ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നതു പോലും ലൈംഗിക തൃഷ്ണയോടെ കണ്ടു നില്‍ക്കുന്നു….! പുരുഷന്റെ എക്‌സ്‌റേ കണ്ണില്‍ നിന്നും രക്ഷപ്പെടാനെന്ന മതന്യായം വിളമ്പി സര്‍വ്വാംഗം തുണിയില്‍ പൊതിഞ്ഞ് ലൈംഗിക വൈകൃതങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍….! പെണ്ണെന്ന ചിന്തയില്‍ പോലും ഹാലിളക്കുന്ന, അവളുടെ ശരീരഭാഗം കാണാന്‍ പോലും ത്രാണിയില്ലാത്ത വിധം വൈകൃതം ബാധിച്ച, കുഞ്ഞിനു മുലയൂട്ടുന്നതു പോലും ആര്‍ത്തിക്കണ്ണുകളോടെ നോക്കി നില്‍ക്കുന്ന ഭ്രാന്തു പിടിച്ച പുരുഷ ലൈംഗികതയ്ക്കിടയില്‍ നിന്ന് ആര്‍ഷഭാരത സംസ്‌കാരത്തെക്കുറിച്ചും മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചും നിങ്ങള്‍ ഊറ്റം കൊള്ളരുത്…..

…………………………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍


Leave a Reply

Your email address will not be published. Required fields are marked *