ഈ പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനത്തിന് അവസാനമില്ലേ?

Jess Varkey Thuruthel

ഒരു പിഞ്ചു കുഞ്ഞിനെ കാണാതായിരിക്കുന്നു. അതിനെ കണ്ടെത്താനായി ഒരു നാടു മുഴുവന്‍ കണ്ണീരോടെ കാത്തിരിക്കുന്നു. അന്വേഷണം നടത്തേണ്ടവര്‍ പോലീസാണ്. തട്ടിക്കൊണ്ടുപോയ ആദ്യ മണിക്കൂറുകള്‍ വിലപ്പെട്ടതാണ്. അതിനാല്‍, ആ കുടുംബത്തിലെത്തി, അവിടെയുള്ളവരോടു സംസാരിച്ചേ തീരൂ. അതിനാണവര്‍ വന്നത്. പക്ഷേ, പോലീസിനെ തടഞ്ഞു നിറുത്തി മൈക്ക് ചൂണ്ടി ചോദ്യങ്ങളുടെ നീണ്ട നിര. എന്തിനാണ് ഇത്രയും ചോദ്യങ്ങള്‍? ഉത്തരവാദിത്തപ്പെട്ട ഒരുമാധ്യമവും ആ സമയത്ത് അന്വേഷണാധികാരമുള്ള ഒരാളെയും തടഞ്ഞുവയ്ക്കില്ല.

കുഞ്ഞിനെ കാണാതായ ആധിയിലിരിക്കുന്ന അമ്മയോട് മാധ്യമങ്ങളുടെ ചോദ്യം? കുട്ടിയെ കൊല്ലുമെന്നോ മറ്റോ അവര്‍ പറഞ്ഞിരുന്നോ? ആ അമ്മയുടെ മനസ് നടുങ്ങി വിറച്ചിരിക്കാം. കുഞ്ഞിന് ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയില്‍ നിമിഷങ്ങളെണ്ണി കാത്തിരിക്കുന്ന ഒരമ്മയോടു ചോദിക്കാന്‍ കൊള്ളുന്ന ചോദ്യമല്ല ഇത്.

 

ചിലരെ സംബന്ധിച്ചിടത്തോളം ചില ദുരന്തങ്ങള്‍ സ്വന്തം വീട്ടില്‍ സംഭവിച്ചാല്‍ മാത്രമേ അതിന്റെ ആഴമറിയാന്‍ കഴിയൂ. ഈ പിതൃശൂന്യ മാധ്യമപ്രവര്‍ത്തകര്‍ എന്നാണിനി മനുഷ്യത്വം പഠിക്കുന്നത്? എന്നാണ് ഇവര്‍ ഉത്തരവാദിത്വബോധത്തോടെ വാര്‍ത്തകളെ സമീപിക്കുന്നത്?

ക്യാമറ കണ്ണുകള്‍ക്കു മുന്നില്‍ നിന്നും കരയുന്ന സ്വന്തം കണ്ണുകളെ മറയ്ക്കാന്‍ ഉറ്റവര്‍ നടത്തുന്ന പരിശ്രമങ്ങള്‍. ആ കണ്ണുനീര്‍ എങ്ങനെയും ക്യാമറ കണ്ണാല്‍ ഒപ്പിയെടുക്കുമെന്ന പ്രതിജ്ഞയുമായി മാധ്യമങ്ങളും. എത്ര എഴുതിയാലും വിമര്‍ശിച്ചാലും ഈ പിതൃശൂന്യത ആവര്‍ത്തിക്കപ്പെടുന്നു.

കളമശേരി കുസാറ്റില്‍ നടന്ന അപകടത്തില്‍, പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇത്തരം വാര്‍ത്തകള്‍ അവരില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു വല്ല ബോധവും ബ്രേക്കിംഗ് ന്യൂസ് മാനിയ പിടിപെട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയുമോ. ഈ ദുരന്തം സംഭവിച്ചത് ഇവരുടെ കുടുംബങ്ങളിലാണെങ്കില്‍, ഇതേ വീറും വാശിയോടെയും അവ റിപ്പോര്‍ട്ട് ചെയ്യുമോ?

കുഞ്ഞിനെ തിരിച്ചു കിട്ടി എന്നു റിപ്പോര്‍ട്ടു ചെയ്തത് മനോരമയാണ്. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയവര്‍ ഫോണ്‍ വിളിച്ചതു കേട്ടതും കുഞ്ഞിനെ തിരിച്ചു കിട്ടി എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. അതു സത്യമാണോ എന്ന് അന്വേഷിക്കുക പോലും ചെയ്യാതെ, പോലീസ് സ്ഥിരീകരിച്ചു എന്ന രീതിയിലായിരുന്നു മനോരമയുടെ റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവല്ലയില്‍ നിന്നും ജസ്‌ന എന്നൊരു പെണ്‍കുട്ടിയെ കാണാതായി. അവള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്ന അറിവു കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് അവിടേക്കു തിരിച്ചു. പക്ഷേ, പോലീസ് അവിടെ എത്തും മുന്‍പ് ജസ്‌നയെ അവിടെ നിന്നും കടത്തിയിരുന്നു. കാരണം, അതിനോടകം, മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായിരുന്നു. അതോടെ കടത്തിക്കൊണ്ടു പോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.

സത്യത്തില്‍ നിലയ്ക്കു നിറുത്തേണ്ടത് മാധ്യമ പ്രവര്‍ത്തരെയല്ല, ഇവരെ ഇത്തരത്തില്‍ ബ്രേക്കിംഗ് ന്യൂസ് സമ്മര്‍ദ്ദത്തിലാക്കുന്ന മാധ്യമ മുതലാളിമാരെയാണ്. ഓരോ ചാനല്‍ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മറ്റാര്‍ക്കും കിട്ടാത്ത വാര്‍ത്ത ആദ്യം പുറത്തു വിട്ടത് തങ്ങളാണെന്ന ക്രെഡിറ്റിനു വേണ്ടി. ഇതാണ് പിതൃശൂന്യത. നാണംകെട്ട മാധ്യമ പ്രവര്‍ത്തനം. എന്നാണിനി ഇതിനൊരവസാനമുണ്ടാവുക?


#Kidnapping #AbigelSara #ransom #Jasna 


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *