ചൂണ്ടിക്കാണിക്കാന്‍ ഒരു തന്ത നിനക്കുണ്ടോ എന്ന ചോദ്യവുമായി അച്ഛനില്ലാതെ വളരുന്ന സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയം കീറിമുറിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. ‘തന്തയ്ക്കു പിറന്നവനാടാ ഞാനെ’ന്നട്ടഹസിച്ചു കൊണ്ട് എതിരാളിയെ നേരിടുന്നവരുണ്ട്. ‘തന്ത ആരാണെന്ന് നിന്റെ തള്ളയ്ക്കു പോലും നിശ്ചയമില്ല’ എന്നു പരിഹസിച്ച് ആര്‍ത്തു ചിരിക്കുന്നവരുമുണ്ട്.
തന്തയാരെന്നു ചോദിച്ചു പരിഹസിച്ച് ഊറ്റം കൊള്ളുന്നവരോടും തന്തയ്ക്കു പിറന്നതില്‍ അഭിമാനിക്കുന്നവരോടും ഒരു ചോദ്യമുണ്ട്. നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാമോ…??
സൂര്യനില്‍ നിന്നും മൂന്നാമതായി സ്ഥിതി ചെയ്യുന്ന ഗ്രഹമായ ഭൂമി ഉണ്ടായത് 4.5 ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് നിലവിലുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ ആദ്യ നൂറുകോടി വര്‍ഷങ്ങളില്‍ ഉണ്ടായത് വെള്ളമാണ്. അതിനുശേഷം കോടാനുകോടി വര്‍ഷങ്ങളുടെ പരിണാമപ്രക്രിയയുടെ ഫലമായിട്ടാണ് ഭൂമിയില്‍ ജീവനുണ്ടായത്. രണ്ടുകാലില്‍ എഴുന്നേറ്റു നടക്കുന്ന മനുഷ്യനെന്ന ജീവിവര്‍ഗ്ഗം ഈ ഭൂമിയില്‍ പ്രത്യക്ഷമായിട്ട് വെറും മൂന്നു ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അതായത്, ജീവന്റെ ആദ്യ തരി ഈ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ശേഷം കോടാനുകോടി വര്‍ഷങ്ങളുടെ ജനന മരണ പരിണാമ പ്രക്രിയയിലൂടെ കടന്നുപോയ ശേഷമാണ് ചിന്താശേഷിയുള്ള, രണ്ടുകാലില്‍ നടക്കുന്ന മനുഷ്യനെന്ന ജീവിയുടെ ഉത്ഭവം. കുറച്ചു മണ്ണുകൂട്ടിവച്ച് ഉണ്ടാവട്ടെ എന്നു കല്‍പ്പിച്ചപ്പോള്‍ നിമിഷനേരം കൊണ്ട് ഉണ്ടായതല്ല മനുഷ്യനെന്നര്‍ത്ഥം.
ഏകദേശം നാലു ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ കെമിക്കല്‍ റിയാക്ഷനുകളുടെ ഫലമായിട്ടാണ് സ്വയം പകര്‍ത്തുന്ന തന്മാത്രകള്‍ ഈ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ ജീവിവര്‍ഗ്ഗത്തിന്റെ നേരിയൊരു പതിപ്പ് പ്രത്യക്ഷപ്പെട്ടതാകട്ടെ, അതിനുശേഷമുള്ള അര ബില്യന്‍ വര്‍ഷങ്ങള്‍ക്കിടയിലാണെന്ന് കരുതപ്പെടുന്നു. ആണ് ആണായിട്ടും പെണ്ണ് പെണ്ണായിട്ടുമല്ല, ആണും പെണ്ണുമടങ്ങുന്ന ഓരോ ജീവ തന്മാത്രകളാണ് അന്നുണ്ടായിരുന്നത്.
അനന്തശൂന്യതയില്‍ നിന്നും ജീവതന്മാത്രയിലേക്കെത്താനെടുത്ത വര്‍ഷങ്ങളെത്രയെന്നു കണക്കാക്കപ്പെട്ടിട്ടില്ല. ശൂന്യതയില്‍ നിന്നും പ്രപഞ്ചമുണ്ടാകാനെടുത്ത കോടാനുകോടി വര്‍ഷങ്ങള്‍, പിന്നീട് ഭൂമിയുണ്ടാകാനെടുത്ത കോടാനുകോടി വര്‍ഷങ്ങള്‍, അതിനു ശേഷം വെള്ളമുണ്ടാവാന്‍, പിന്നെ ജീവന്റെ ഒരു ചെറുതരിയുണ്ടാവാന്‍, ആ തരിയില്‍ നിന്നും ഇന്നത്തെ മനുഷ്യനിലേക്കെത്താനെടുത്ത വര്‍ഷങ്ങളാണ് 4.5 ദശലക്ഷം കോടി വര്‍ഷങ്ങള്‍…!
ഇന്ന് ഈ ഭൂമിയില്‍ ജീവനോടെയുള്ളത് 8.7 ദശലക്ഷം തരം ജീവവര്‍ഗ്ഗങ്ങളാണ്. ഇവയില്‍ 6.5 ദശലക്ഷം ജീവവര്‍ഗ്ഗങ്ങളുള്ളത് കരയിലാണ്. ബാക്കി 2.2 ദശലക്ഷം (ഏകദേശം 25%) ജീവവര്‍ഗ്ഗങ്ങള്‍ കടലിലും ജീവിക്കുന്നു. ഈ ജീവവര്‍ഗ്ഗങ്ങളില്‍ ഒരു വര്‍ഗ്ഗം മാത്രമാണ് മനുഷ്യന്‍. കേവലമൊരു കൃമിക്കു സമമായ മനുഷ്യന്‍ കേമനെന്നവകാശപ്പെടാന്‍ കാരണം ചിന്താശക്തിയുടെയും സംസാരശേഷിയുടെയും ബലത്തിലാണ്. പരിണാമ പ്രക്രിയയില്‍ പ്രപഞ്ചത്തിനു തെറ്റുപറ്റിയത് മനുഷ്യനെന്ന ജീവവര്‍ഗ്ഗത്തിലേക്ക് പരിണാമം എത്തപ്പെട്ടപ്പോഴാണ്.
ഏറ്റവും ബുദ്ധിശാലികളെന്നഹങ്കരിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ ചെയ്തികള്‍ കൊണ്ട് നാശത്തിന്റെ വക്കിലെത്തിനില്‍ക്കുകയാണിന്ന് പ്രകൃതിയും അതിലെ ജീവജാലങ്ങളും. പ്രപഞ്ചത്തിലുരിത്തിരിഞ്ഞുവന്ന മനുഷ്യനൊഴിച്ചുള്ള മറ്റു ജീവവര്‍ഗ്ഗങ്ങളത്രയും പ്രകൃതിയോടും ഈ പ്രപഞ്ചത്തോടുമിണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന്‍ സഞ്ചരിക്കുന്നത് സര്‍വ്വനാശത്തിന്റെ വഴിയിലൂടെയാണ്. ആ നാശം പൂര്‍ണ്ണമാകാനിനി അധിക കാലം കാത്തിരിക്കേണ്ടതില്ല. പ്രപഞ്ചത്തിലതിന്റെ മാറ്റങ്ങള്‍ പ്രകടമായിക്കഴിഞ്ഞു.
ഒരു നേരത്തെ വിശപ്പിനുള്ള ആഹാരം ലഭിച്ചാല്‍ മനുഷ്യനൊഴിച്ചുള്ള സകല ജീവജാലങ്ങളും തൃപ്തരാണ്. അവരുടെ അധ്വാനം ആ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ളതു മാത്രമാണ്. കാട്ടില്‍, പ്രകൃതിയോടൊത്തിണങ്ങിയുള്ള ജീവിതത്തില്‍, ആഹാരമാക്കാന്‍ പറ്റുന്നതെന്തും മനുഷ്യന്‍ ഭക്ഷിച്ചിരുന്നു. എന്നാലിപ്പോള്‍, മാനവികതയും സംസ്‌കാരവും കൈവന്ന മനുഷ്യന്‍ മറ്റു ജീവജാലങ്ങളെക്കാളേറെ അധ്വാനിക്കേണ്ടതായി വരുന്നു. അതോടൊപ്പം, തലമുറകള്‍ തലമുറകള്‍ക്കു വേണ്ടത് ഈ ഭൂമിയില്‍ സമ്പാദിച്ചു കൂട്ടുക എന്ന അക്ഷന്തവ്യമായ തെറ്റും മനുഷ്യന്‍ ചെയ്തുകൂട്ടുന്നു.
ഭൂമിയില്‍ മരിച്ചു മണ്‍മറഞ്ഞു പോയതും ഇപ്പോള്‍ നിലവിലുള്ള 8.7 ദശലക്ഷം തരം ജീവവര്‍ഗ്ഗങ്ങളിലും വസ്ത്രം ധരിക്കുന്നതു മനുഷ്യനെന്ന ജീവവര്‍ഗ്ഗം മാത്രമാണ്. അത് ഈ പ്രപഞ്ച നിയമങ്ങള്‍ക്കെതിരാണ്. ജീവിക്കാന്‍ വേണ്ടി മനുഷ്യന്‍ നിര്‍മ്മിച്ചു കൂട്ടുന്ന കെട്ടിടങ്ങളത്രയും പ്രപഞ്ചനിയമങ്ങള്‍ക്കെതിരാണ്. ആഹാരത്തിനു വേണ്ടി ചെയ്യുന്ന ജോലികളിലേറെയും പ്രപഞ്ചനിയമങ്ങള്‍ക്കെതിരാണ്. അതായത്, മനുഷ്യനെന്ന ജീവിവര്‍ഗ്ഗം ഈ ഭൂമിയില്‍ ഇവിടെ പ്രത്യക്ഷപ്പെട്ട നാള്‍ തുടങ്ങി പ്രപഞ്ചത്തിന്റെ നാശവുമാരംഭിച്ചു എന്നു സാരം. അനിവാര്യമായ ആ നാശത്തെ പറ്റുന്നിടത്തോളം കാലം നീട്ടിക്കൊണ്ടുപോകണമെങ്കില്‍, പ്രകൃതിയോട് പറ്റുന്നത്ര സമരസപ്പെട്ട് മനുഷ്യ വര്‍ഗ്ഗം ജീവിച്ചേ മതിയാകൂ. പക്ഷേ, നോട്ടുകെട്ടുകള്‍ വാരിക്കൂട്ടാന്‍ വേണ്ടി, തലമുറ തലമുറകള്‍ക്കുള്ളതു സമ്പാദിച്ചു വയ്ക്കാന്‍ വേണ്ടി, അധികാരം പിടിച്ചടക്കാന്‍ വേണ്ടി, മറ്റുള്ളവരെ കാല്‍ക്കീഴിലിട്ടു ഞെരിക്കാന്‍ വേണ്ടി, ഒരിക്കലുമവസാനിക്കാത്ത ആര്‍ത്തിക്കു വേണ്ടി, മനുഷ്യന്‍ ചെയ്തു കൂട്ടുന്ന ദ്രോഹങ്ങള്‍ മൂലം പ്രപഞ്ചത്തിന്റെ നാശം വേഗത്തിലായിരിക്കുന്നു. പണവും അധികാരവും അംഗബലവുമുള്ളവരാണ് ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്. ഈ സമ്പാദ്യക്കൂമ്പാരവും അധികാര ഗര്‍വ്വും, പരമാധികാരങ്ങളും, കൊന്നൊടുക്കാനുള്ള ശേഷിയുമാണ് തങ്ങളുടെ മഹത്വവും പാരമ്പര്യവുമെന്ന മ്ലേച്ഛചിന്തയുടെ ഉപോല്‍പ്പന്നങ്ങള്‍ ആര്‍ത്തട്ടഹസിക്കുന്നു, ഇതാണെന്റെ തന്ത, ഇതാണെന്റെ തള്ള, ഇതാണെന്റെ ബന്ധുക്കള്‍, ഇതാണെന്റെ കുലം, ഇതാണെന്റെ വംശം, ഇതാണെന്റെ അധികാരം… തന്തയില്ലാത്തവരെ, തള്ളയില്ലാത്തവരെ, എന്റെ വഴിയില്‍ നിന്നും മാറി നില്‍ക്കുക!
നിങ്ങളുടെ തന്തയാരെന്നും തള്ളയാരെന്നുമുള്ള ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ കോടാനുകോടി വര്‍ഷങ്ങള്‍ പിന്നോട്ടു പോകേണ്ടതുണ്ട്. ആ യാത്രയുടെ ഏതോ ഒരു പോയിന്റില്‍, ജീവന്റെയാ ആദ്യകണികയെ കണ്ടെത്താനാകും. അതെ, ആ തന്മാത്രയില്‍ നിന്നും ഉയിര്‍കൊണ്ട വൈവിധ്യങ്ങളാര്‍ന്ന ജീവവര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍. ഓരോ മനുഷ്യനും കഴിയുന്നതിന്റെ പരമാവധി പ്രപഞ്ചത്തോടിണങ്ങി ജീവിക്കുന്നതിനു പകരം, അങ്ങനെ ജീവിക്കാന്‍ വരും തലമുറയെ പരിശീലിപ്പിക്കുന്നതിനു പകരം പ്രപഞ്ചത്തെ നശിപ്പിക്കുന്ന അസുരമനുഷ്യജന്മങ്ങളില്‍ അഹങ്കരിക്കുന്ന തന്തയ്ക്കും തള്ളയ്ക്കും ജനിച്ചവരെന്ന് ഊറ്റം കൊള്ളുന്നു.
പറയൂ, ജനിപ്പിച്ച തന്തയുടെയും തള്ളയുടെയും പേരില്‍ ഇങ്ങനെ അഹങ്കരിക്കാമോ മനുഷ്യര്‍…?? നിങ്ങളാരാണെന്ന് ഇനിയെങ്കിലും നിങ്ങള്‍ക്കു പറയാനാകുമോ…?? ഭൂമിയെ, ഈ പ്രപഞ്ചത്തെ, അതിലെ ജീവജാലങ്ങളെ നശിപ്പിക്കുന്ന ഏതു തന്തയ്ക്കും തള്ളയ്ക്കുമാണ് നിങ്ങള്‍ പിറന്നത്…?? നശീകരണപാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നതു നിറുത്തുക, എന്നിട്ടു പറയുക, ഈ ഭൂമിയെ, അതിലെ ജീവജാലങ്ങളെ, ഈ പ്രപഞ്ചത്തെ, പഞ്ചഭൂതങ്ങളെ സംരക്ഷിക്കാന്‍ നമ്മള്‍ ചെയ്തത് എന്താണ്…?? ആര്‍ജ്ജിച്ചെടുത്ത ബുദ്ധിയും വിവേകവും ഈ പ്രപഞ്ചത്തിന്റ സംരക്ഷിക്കാനുപയോഗിക്കുന്നതിനു പകരം സര്‍വ്വനാശത്തിനുപയോഗിക്കുന്നത് എന്തിന്…?? ഈ ഭൂമിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കാന്‍ ഇവിടെയൊരു ചെറു ജീവി വര്‍ഗ്ഗം ചെയ്യുന്നതു പോലും കഴിയാത്ത മനുഷ്യരുടെ തന്തയാരെന്നതും തള്ളയാരെന്നതുമിവിടെ പ്രസക്തമല്ല. ഈ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും അടുത്ത തലമുറയ്ക്കു വേണ്ടി സംരക്ഷിക്കാന്‍ കഴിയുമോ എന്നതാണ് അറിയേണ്ടത്. സ്‌നേഹത്തിലും കാരുണ്യത്തിലും സന്തോഷത്തിലും അധിഷ്ഠിതമായ ഒരു ചുറ്റുപാടൊരുക്കാന്‍ നമ്മള്‍ ചെയ്തതെന്ത് എന്നതാണിവിടെ വിലയിരുത്തപ്പേടേണ്ടത്.
നമ്മുടെ ഭാരതത്തിനൊരു സംസ്‌കാരമുണ്ടായിരുന്നു. പഞ്ചഭൂതങ്ങളായ ഭൂമി, വെള്ളം, വായു, ആഗ്നി, ആകാശം എന്നിവയെ പരിചരിച്ചും പൂജിച്ചും ആദരിച്ചും കഴിയുന്നത്രയും അതിനോടിണങ്ങിയും ജീവിച്ചൊരു കാലമുണ്ടായിരുന്നു. ആ ജീവിത ചര്യയ്ക്കുമേല്‍ മതങ്ങളും മതദൈവങ്ങളും അധികാര ഭ്രാന്തുമൂത്ത ആര്‍ത്തിപിടിച്ച മനുഷ്യരും പിടിമുറുക്കിയ നാള്‍ മുതലിവിടെ സര്‍വ്വനാശത്തിനു തുടക്കമായി.
ഈ പ്രപഞ്ചം നിലനിര്‍ത്താന്‍ കേവലമൊരു കൃമി കീടം ചെയ്യുന്നത്ര പോലും പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാത്ത മനുഷ്യാ, പറയൂ, നിങ്ങളുടെ തന്തയും തള്ളയും ഈ പ്രപഞ്ചത്തിനേല്‍പ്പിച്ച സര്‍വ്വവിനാശകരങ്ങളായ പ്രവര്‍ത്തനങ്ങളുടെ ആഘാതം കുറയ്ക്കാന്‍ എന്തു നടപടികളാണ് നിങ്ങളുടെ ഭാഗത്തു നിന്നുള്ളത്…?? നിങ്ങളിവിടെ ജീവിച്ചിരിക്കണമെന്നത് ഈ പ്രപഞ്ചത്തിന്റെ ആവശ്യമല്ല, അതു നിങ്ങളുടെ മാത്രം ആവശ്യമാണ്. ഈ പ്രപഞ്ചത്തിന്റെ നിയമത്തിനനുസരിച്ചു ജീവിക്കാന്‍ തയ്യാറായാല്‍ മാത്രമേ മനുഷ്യനിവിടെ കുറെ വര്‍ഷങ്ങളെങ്കിലും ജീവിച്ചിരിക്കാനാകൂ. അതിനാല്‍, നിങ്ങളില്ലെങ്കില്‍, നിങ്ങളുടെ തന്തയും തള്ളയുമില്ലെങ്കില്‍ നാളെയിവിടെ സൂര്യനുദിക്കില്ലെന്ന വര്‍ത്തമാനമങ്ങു പൂഞ്ഞാറ്റില്‍ പോയി പറഞ്ഞാല്‍ മതി.
കണ്ണുകൊണ്ടു കാണാന്‍ പറ്റാത്തത്രയും ചെറുതായ ഒരു കൃമി കീടത്തില്‍ നിന്നും കോടി കോടി ജന്മങ്ങളുടെ പരിണാമ പ്രക്രിയയിലൂടെ മനുഷ്യരൂപത്തിലേക്കെത്തിയ ഓരോരുത്തരോടും പറയുന്നു, നിങ്ങളുടെ തന്തയും തള്ളയുമാരെന്നതല്ല, ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്തു എന്നും എന്തു ചെയ്യുന്നു എന്നുമാണ് ഇവിടെ അടയാളപ്പെടുത്തുക. അങ്ങനെയുള്ള അടയാളപ്പെടുത്തലില്‍ നിങ്ങളുടെ സ്ഥാനമെവിടെയാണെന്നു നോക്കുക. ഭൂമിയോടും അതിലെ ജീവജാലങ്ങളോടും കാരുണ്യമോ അലിവോ സ്‌നേഹമോ കാണിക്കാത്ത സകലര്‍ക്കും പറയാനുണ്ടാവുക ഈ പ്രപഞ്ചത്തിന്റെ ഹൃദയരക്തം കുടിച്ചു മദിച്ചുരസിക്കുന്ന തന്തയുടേയും തള്ളയുടെയും കുടുംബത്തിന്റെയും പാരമ്പര്യം തന്നെയാവും.
………………………………………………………………………………………..
ജെസ് വര്‍ക്കി തുരുത്തേല്‍