കാലു കവയ്ക്കരുത് രാമേഷ്ണാ…!

Jess Varkey Thuruthel

കാലു കവയ്ക്കുന്നതിനെതിരെ നാട്ടാരും വീട്ടാരും വഴിയെ പോയവരുമെല്ലാം ഇക്കാലമത്രയും വാളെടുത്തിരുന്നത് പെണ്ണിനു നേരെയായിരുന്നു. ഇപ്പോഴിതാ കാലു കവച്ച ആണിനു നേരെയും പെണ്ണൊരുത്തി വാളെടുത്തിരിക്കുന്നു! ‘ആണുങ്ങളിങ്ങനെ കാലു കവച്ചു വച്ചാല്‍ എന്തൊരു വൃത്തികേടാണ്’ എന്നവര്‍ പറയുമ്പോള്‍, അവര്‍ പറഞ്ഞ എല്ലാ അധിക്ഷേപങ്ങളെയും മാറ്റിവച്ചു പൊട്ടിച്ചിരിച്ചു പോയി!! (Kalamandalam Sathyabhama)

പെണ്ണ് കാലുകവച്ചാല്‍

കാല് അല്‍പ്പമൊന്നകത്തി വച്ചാല്‍പ്പോലും അവള്‍ കേള്‍ക്കുന്ന പഴിക്കൊരു കണക്കില്ല. അവളുടെ തുണിയും നടപ്പും കൈകാലുകളുടെ ചലനങ്ങളുമെല്ലാം പലരുടേയും നെഞ്ചിലെ തീയാണ്. വഴക്കു പറഞ്ഞും പേടിപ്പിച്ചും അവളെ വളര്‍ത്തി വളര്‍ത്തി, അപകടസമയത്ത് ഒന്നോടി രക്ഷപ്പെടാന്‍ പോലും കഴിയാത്ത വിധമായി പെണ്‍ജീവിതങ്ങള്‍. ആരെങ്കിലും വന്നു രക്ഷപ്പെടുത്തുന്നതും കാത്തു നിലവിളിച്ചു കൊണ്ടു നില്‍ക്കാനെ ഇത്തരത്തില്‍ വളര്‍ത്തപ്പെട്ട പെണ്ണിനു സാധിക്കുന്നുള്ളു. ആണധികാരം ഊട്ടിയുറപ്പിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നതും ഇതുതന്നെ. മരിക്കേണ്ടി വന്നാല്‍പ്പോലും പെണ്ണ് കാലുയര്‍ത്തുകയോ അകത്തുകയോ ചെയ്തുകൂടെന്ന തിട്ടൂരം.

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍, കാലുയര്‍ത്തി വഞ്ചിയില്‍ കയറാന്‍ പോലുമറിയാത്ത നിരവധി പെണ്‍രൂപത്തെ നമ്മള്‍ കണ്ടു. അത്തരക്കാര്‍ക്കായി സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കിയ മത്സ്യത്തൊഴിലാളിയായിരുന്നു പ്രളയകാലത്തെ ഹീറോ. ആരെങ്കിലും ആക്രമിക്കാനെത്തിയാല്‍ ഒന്നോടി രക്ഷപ്പെടാന്‍ പോലും കഴിയാത്ത രീതിയിലാണ് അവളുടെ വസ്ത്രധാരണം. അവനവന് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പോലും അവള്‍ക്കു സ്വാതന്ത്ര്യമില്ല. അവളുടെ വസ്ത്രത്തിന്റെ പേരിലാണ് ഇപ്പോഴുമിവിടെ ആളുകള്‍ ചര്‍ച്ചിച്ചു തകര്‍ക്കുന്നത്.

ആണ്‍ കാലകത്തലുകള്‍

നൃത്തം കൊണ്ടു നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള പുരുഷന്മാരുണ്ട്. ലക്ഷണമൊത്ത സ്ത്രീ ശരീരമുണ്ടെങ്കിലേ നൃത്തം ചെയ്താല്‍ ഭംഗിയുണ്ടാവൂ എന്നു പറയുന്നവരെപ്പോലും വിസ്മയിപ്പിച്ചു അവരുടെ നൃത്തങ്ങള്‍. നൃത്തം പഠിക്കാത്ത മോഹന്‍ലാല്‍ തീര്‍ത്ത നടന വിസ്മയങ്ങള്‍ മലയാളികള്‍ മറക്കുന്നതെങ്ങനെ. നര്‍ത്തകന്‍ വിനീതും മണിച്ചിത്രത്താഴിലെ നര്‍ത്തകന്‍ രാമനാഥനു (Sreedhar Sreeram) മെല്ലാം മലയാളികളെ പ്രതിഭ കൊണ്ട് അമ്പരപ്പിച്ചവരാണ്.

മോഹിനിയാട്ടം പെണ്ണാട്ടമാണെന്നും അതിനാല്‍ പെണ്ണ് ആടിയാല്‍ മാത്രമേ മനോഹരമാകുകയുള്ളുവെന്നുമാണ് സത്യഭാമയുടെ നിരീക്ഷണം. സത്യഭാമയുടെ അഭിപ്രായത്തില്‍ പുരുഷന് മോഹിനിയാട്ടം നടത്തണമെങ്കില്‍ അസാമാന്യമായ സൗന്ദര്യവും മേനിയഴകുമുണ്ടായിരിക്കണം. ക്ഷമിക്കുക, കറുത്തവരെ സൗന്ദര്യമുള്ളവരായി സത്യഭാമ കണ്ടിട്ടു പോലുമില്ല. കറുപ്പ് വൈരൂപ്യത്തിന്റെ ലക്ഷണമായിട്ടാണ് അവര്‍ വിലയിരുത്തുന്നത്. കാക്കയുടെ കറുപ്പെന്നും പെറ്റമ്മ പോലും സഹിക്കില്ലെന്നും അവര്‍ പറയുന്നു.

മോഹിനിയാട്ടം നടത്തുന്ന രാമകൃഷ്ണന്റെ ചുവടുകളും ചലനങ്ങളും അത്യന്തം ആകര്‍ഷകങ്ങളാണ്. എത്ര മനോഹരമായിട്ടാണ് ആ മനുഷ്യന്‍ ചുവടു വയ്ക്കുന്നത്. അദ്ദേഹത്തിന്റെ മെയ് വഴക്കവും അപാരം. മോഹിനീ രൂപത്തിലുള്ള അദ്ദേഹത്തിന്റെ ചുവടുകളില്‍ എവിടെയാണ് സത്യഭാമ അശ്ലീലം കണ്ടതെന്ന് അറിയില്ല. ആ ചുവടുകള്‍ പുരുഷന്‍ വച്ചാലും സ്ത്രീ വച്ചാലും അതിന്റെ ഭംഗിക്കു കുറവു വരുന്നുമില്ല. ഒരു കലയെ ഒരു വ്യക്തി എത്രമാത്രം സ്‌നേഹിക്കുന്നു, എത്രമാത്രം അതിനെ മനസില്‍ കൊണ്ടു നടക്കുന്നു എന്നതും ആ കലയെ അവര്‍ സമീപിക്കുന്ന രീതിയിലൂടെ വ്യക്തമാകും.

കറുപ്പിനെതിരെയുള്ള വിപുലമായ പ്രചാരണങ്ങള്‍

സത്യഭാമയെക്കുറിച്ചുള്ള ജനരോക്ഷം ആഞ്ഞടിക്കുമ്പോള്‍, അവര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ ചാനലുകളില്‍ നിറയുമ്പോള്‍, അതാ വരുന്നു ഇടവേളയിലൊരു പരസ്യം. ഹമാം സോപ്പിന്റെതാണ്. കറുത്ത നിറമുള്ള താനെങ്ങനെ മികച്ചൊരു പോലീസ് ഓഫീസറാകുമെന്ന ഒരു മകളുടെ ആശങ്കയ്ക്കു പരിഹാരമായി അമ്മ അവള്‍ക്കു ഹമാം സോപ്പ് നിര്‍ദ്ദേശിക്കുന്നു. കൊള്ളാം, ബഹുകേമം തന്നെ. വെളുപ്പിക്കല്‍ ക്രീമുകളാണ് സൗന്ദര്യ സംരക്ഷണ മേഖലയെ നയിക്കുന്നത്. എല്ലാവര്‍ക്കും വേണ്ടത് കറുപ്പില്‍ നിന്നും മോചനം നല്‍കുന്ന വെളുപ്പിക്കല്‍ ക്രീമുകളാണ്. ബ്യൂട്ടി പാര്‍ലറുകളും മറ്റുമെല്ലാം ഇവിടെ ഇത്രയേറെ ഉണ്ടാകാന്‍ കാരണവും മനുഷ്യര്‍ക്ക് വെളുപ്പിനോടുള്ള തീവ്രമായ ആഗ്രഹമാണ്.

ഇത്രയും കാലവും കറുപ്പും സൗന്ദര്യമില്ലായ്മയും വിലങ്ങു തടിയായിട്ടുള്ളത് പെണ്ണിന്റെ ജീവിതത്തിലായിരുന്നു. ഏതൊരു മേഖലയിലേക്കു കടന്നു ചെല്ലണമെങ്കിലും, അവള്‍ക്കു വേണ്ടിയിരുന്നത് സൗന്ദര്യവും നിറവുമായിരുന്നു. കാണാന്‍ ഭംഗിയുള്ളവരുടെ കൊടിയ അപരാധങ്ങള്‍ പോലും ക്ഷമിക്കപ്പെട്ടിരുന്നു.

സൗന്ദര്യത്തെ വെളുപ്പുമായി കൂട്ടിക്കെട്ടിയിരിക്കുന്നത് പണിയെടുക്കാതെ പൂജയും മന്ത്രങ്ങളും കലകളും മാത്രമായി നടന്നിരുന്ന വരേണ്യവര്‍ഗ്ഗമാണ്. പണിയെടുക്കുന്നതും ശരീരം വിയര്‍ക്കുന്നതും അലര്‍ജ്ജിയായ ഇവര്‍ ആധിപത്യം സ്ഥാപിച്ചിരുന്നത് ദൈവത്തിന്റെ സ്വന്തം ജനമെന്ന പ്രചാരണത്തിലായിരുന്നു. ദൈവത്തെ പൂജിക്കാനും പ്രാര്‍ത്ഥിക്കാനും പ്രീതിപ്പെടുത്താനും തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളുവെന്ന് അവര്‍ സ്വയമങ്ങു പ്രഖ്യാപിച്ചു. ദൈവത്തെപ്പോലും ഉണ്ടാക്കിയത് മനുഷ്യരാണെന്ന കാര്യം പണിയെടുത്തു ജീവിക്കുന്ന, അടിമകളാക്കപ്പെട്ട മനുഷ്യര്‍ക്ക് അറിയാതെ പോയി. ഇന്ന് ഈ 21-ാം നൂറ്റാണ്ടിലും ദൈവങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ആഭിചാരങ്ങള്‍ക്കും അതിശക്തമായ സ്വാധീനമാണുള്ളത്. ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല, എല്ലാ മതങ്ങളും വിശ്വാസികളും ഇങ്ങനെയൊക്കെയാണ്.

വെളുപ്പാണ് സൗന്ദര്യമെന്നും ആകര്‍ഷകമെന്നുമുള്ള വിശ്വാസം ബഹുഭൂരിപക്ഷം മനുഷ്യന്റെയുമുള്ളിലുണ്ട്. അല്ലായിരുന്നുവെങ്കില്‍ ഇത്രയേറെ വെളുപ്പിക്കല്‍ ക്രീമുകളും സ്ഥാപനങ്ങളും ഇവിടെ ഉണ്ടാകില്ലായിരുന്നു. 2023 ലെ കണക്കനുസരിച്ച് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് 8.1 ബില്യന്‍ അമേരിക്കന്‍ ഡോളറാണ്. 2032 ആകുമ്പോഴേക്കും, അതായത് പത്തു വര്‍ഷത്തിനുള്ളില്‍ അത് 18.4 ബില്യന്‍ അമേരിക്കന്‍ ഡോളറായി ഉയരും. വെളുപ്പിന് ഇന്ത്യക്കാര്‍ നല്‍കുന്ന പ്രസക്തി ഇതില്‍ നിന്നും വ്യക്തമാണ്.

പരസ്യങ്ങളില്‍ നിറയുന്നതെല്ലാം കറുപ്പ് സൗന്ദര്യമില്ലെന്നും വെളുപ്പിനാണ് സൗന്ദര്യമെന്നും അതിലാല്‍ വെളുത്തു സുന്ദരിയാകാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുമാണ്. ഇത്തരം വെളുപ്പിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ബ്യൂട്ടിപാര്‍ലറുകളില്‍ സന്ദര്‍ശനം നടത്തി വെളുപ്പിക്കുന്നവരും തന്നെയാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപഭോക്താക്കളും. മുടി കറുപ്പിക്കാത്ത അച്ഛന്‍ സ്‌കൂളില്‍ രക്ഷകര്‍തൃ മീറ്റിംഗിന് വരേണ്ടെന്ന പരസ്യം പോലും മലയാളികള്‍ യാതൊരു ക്ഷോഭവുമില്ലാതെ കണ്ടുനിന്നു.

ക്ഷേത്ര കലാരൂപങ്ങള്‍

മോഹിനികള്‍ നടത്തുന്ന, മോഹിപ്പിക്കുന്ന ആട്ടമാണ് മോഹിനിയാട്ടം. രതിയുമായി ബന്ധപ്പെട്ട ഈ നൃത്തരൂപം അറിയപ്പെട്ടിരുന്നത് കൂത്തിച്ചിയാട്ടം എന്ന പേരിലായിരുന്നു. ആണുങ്ങള്‍ കാലകത്തി വച്ച് കളിച്ചാല്‍ ആര് ആകര്‍ഷിക്കപ്പെടാനാണ്? അവര്‍ണ്ണനും ശൂദ്രനും വേണ്ടി രചിക്കപ്പെട്ടതല്ല നാട്യശാസ്ത്രം. സവര്‍ണ്ണരുടെ രതിദാഹം തീര്‍ക്കാന്‍ രചിക്കപ്പെട്ടതാണ്. മോഹിനിയാട്ടം, കഥകളി, തിരുവാതിര എന്നിവ സവര്‍ണ്ണര്‍ക്കു രസിക്കത്തക്കവിധത്തില്‍ എങ്ങനെ ആടിത്തീര്‍ക്കണമെന്ന് നാട്യശാത്രത്തിലുണ്ട്. അതിനാലാണ് നാട്യശാസ്ത്രം വായിച്ചിട്ടുണ്ടോ എന്നവര്‍ ആവര്‍ത്തിച്ചു ചോദിക്കുന്നത്. ജന്മിത്വവും ബ്രാഹ്‌മണ്യവും സവര്‍ണ്ണതയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഈ കലാരൂപത്തില്‍ കീഴാളര്‍ക്ക് വഴിയില്‍പ്പോലും നില്‍ക്കാന്‍ അവകാശമില്ലായിരുന്നുവെന്ന് സത്യഭാമയെപ്പോലുള്ളവര്‍ക്ക് നന്നായി അറിയാം.

മേക്കപ്പ് കൊണ്ടുണ്ടാക്കുന്ന സൗന്ദര്യം

മേക്കപ്പിനൊരു പരിധിയില്ലേ എന്ന് ഉദയനാണു താരത്തില്‍ മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. പ്രായമായൊരു സ്ത്രീയെ സുന്ദരിയായ ചെറുപ്പക്കാരിയാക്കി മേക്കപ്പ് അണിയിച്ച് നമ്മളെ അമ്പരപ്പിച്ചൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെക്കുറിച്ച് കുറച്ചു കാലം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സത്യഭാമ പറഞ്ഞതു പോലെ കാക്കയെയും കൊക്കാക്കാന്‍ കഴിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുള്ളപ്പോള്‍ കറുപ്പോ വൈരൂപ്യമോ ഒന്നുമൊരു പ്രശ്‌നമല്ല, എല്ലാറ്റിനും പരിഹാരമായി മേക്കപ്പുണ്ട്. ഇത്തരത്തില്‍ പോയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ആധിയും ഇവരുടെ മനസിലുണ്ടാകാം. ഒരു മനുഷ്യനെ ഏതു തരത്തില്‍ വേണമെങ്കിലും രൂപമാറ്റം വരുത്താവുന്ന മേക്കപ്പ് ഉള്ളപ്പോള്‍ സ്ത്രീ ആയതു കൊണ്ടോ സൗന്ദര്യമുണ്ടായതു കൊണ്ടോ കാര്യമില്ലെന്നും കഴിവിലാണ് കാര്യമെന്നും ഇവര്‍ക്കു ബോധ്യമുണ്ടായിരിക്കാം. അധിക്ഷേപിച്ച് അകത്തിരുത്തിയാല്‍പ്പിന്നെ കലയെന്നും പറഞ്ഞ് പുറത്തിറങ്ങില്ലല്ലോ.

കറുപ്പിനെ അപസഹിച്ച സത്യഭാമയ്‌ക്കെതിരെ വാളെടുത്തു വാര്‍ത്ത കൊടുക്കുന്ന മാധ്യമശിങ്കങ്ങളായ പെണ്‍തരികള്‍ പോലും വെളുത്ത സുന്ദരികളാണ്. സിനിമയില്‍പ്പിന്നെ പേരിനു പോലും കറുത്തൊരു നായികയെ കണ്ടുകിട്ടില്ല. വെളുപ്പിനെ അത്രമേല്‍ ആരാധിക്കുന്നവരാണ് സിനിമാക്കാര്‍. പുരുഷന്‍ അത്തരം ആക്രമണങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ അവര്‍ക്കും രക്ഷയില്ലാതായി. ഇനിയവര്‍ കാല്‍ കവയ്ക്കുന്നതൊന്നു കാണണം, ഹല്ല പിന്നെ!

…………………………………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “കാലു കവയ്ക്കരുത് രാമേഷ്ണാ…!

Leave a Reply

Your email address will not be published. Required fields are marked *