ജാസ്മിന്‍ ഷാ, പേടിയാല്‍ താങ്കളുടെ മുട്ടിടിക്കുന്നുണ്ട്…!

 

ആറുവയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കുട്ടിയുടെ പിതാവിലേക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നഴ്‌സിംഗ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനു നേരെയും നീളുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തുന്ന സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ശരീര ഭാഷ ശ്രദ്ധിക്കുക. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അദ്ദേഹത്തിന് അടിപതറുന്നുണ്ട് എന്നു കാണാനാവും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി നോക്കുന്ന പിതാവിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, സംശയ നിഴലിലായിരിക്കുകയാണ് നഴ്‌സിംഗ് സംഘടനയും.

ഇത്രയും വലിയ റിസ്‌കെടുത്ത് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം പ്രതികള്‍ ആവശ്യപ്പെട്ടത് വെറും അഞ്ചു ലക്ഷം രൂപയാണ്. പിന്നീട് 10 ലക്ഷമായി ഉയര്‍ത്തിയെങ്കിലും അവര്‍ എടുത്ത റിസ്‌കിനും ഈ തട്ടിക്കൊണ്ടു പോകലിനു ചെലവാകുന്ന പണത്തിനും പിന്നീട് ഇവരുടെ സാമ്പത്തിക കാര്യത്തിനും ഉതകുന്ന ഒരു തുകയല്ല അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ത്തനെ മനസിലാക്കാം, പ്രതികളുടെ ലക്ഷ്യം പണമായിരുന്നില്ല എന്ന്. അതോടൊപ്പം തന്നെ, ഈ കുടുംബത്തെ വളരെ നന്നായി അറിയുന്ന ആരോ ഇതിനു പിന്നിലുണ്ടെന്നും.

   യു എന്‍ എ പ്രസിഡന്റ് ജാസ്മിന്‍ ഷാ മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍, അയാളുടെ ഉള്ളിലെ പേടിയും വേവലാതിയും മുഖത്തു നിന്നും വായിച്ചെടുക്കാന്‍ സാധിക്കും. ഇതേ പേടിയും വേവലാതിയുമാണ് കുട്ടിയെ തിരിച്ചു കിട്ടിയിട്ടും അച്ഛന്റെ മുഖത്തുള്ളതും. ഒരു ആശ്വാസമോ സന്തോഷമോ ആ മുഖത്തു കാണാനില്ല. പകരം, എന്തൊക്കെയോ വേവലാതികള്‍ ഉണ്ടു താനും. ഈ ശരീര ഭാഷ തന്നെയാണ് ഇവരെ സംശയ മുനയില്‍ നിറുത്തുന്നതും.

കരുത്തുറ്റ ഒരു സംഘടനയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെന്നും ഇതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും ജാസ്മിന്‍ ഷാ മുന്നറിയിപ്പു നല്‍കുന്നു. സംഘടനയില്‍ ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ ശിക്ഷിക്കപ്പെടണം. അതു കണ്ടെത്താന്‍ അന്വേഷണവും വേണം. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ആരെങ്കിലും ഈ തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഏതന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് യു എന്‍ എ പോലുള്ള ഒരു സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട സാരഥി പറയേണ്ടിയിരുന്നത്. അതിനു പകരം, പറയുന്നതാകട്ടെ, തങ്ങളുടെ സംഘടന അതിശക്തമാണെന്നും കുട്ടിയുടെ പിതാവ് ശക്തനായ നേതാവാണ് എന്നുമാണ്.

നഴ്‌സുമാരുടെ നിയമനവും നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്നത് കോടികളുടെ കൊടുക്കല്‍ വാങ്ങലുകളാണ്. കോടികളുടെ വെട്ടിപ്പു നടത്തിയെന്ന പേരില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ജാസ്മിന്‍ ഷാ. കേരള പോലീസ് വിരിച്ച വലയില്‍ നിന്നും പുറത്തു കടക്കാനാവാതെ വലഞ്ഞതിനെത്തുടര്‍ന്നു തന്നെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് തട്ടിക്കൊണ്ടുപോകല്‍ സംഘം തടിയൂരിയത്. ദിവസങ്ങളുടെ കണക്കു പറഞ്ഞ് എന്തിനാണ് പോലീസിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത്? തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നും അധികമൊന്നും പ്രതികള്‍ സഞ്ചരിക്കാന്‍ ഇടയില്ലെന്ന പോലീസിന്റെ കണക്കുകൂട്ടലും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നീക്കവുമായിരുന്നു അവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. നില്‍ക്കക്കള്ളിയില്ലാതെ മാളത്തിനു പുറത്തു ചാടുക തന്നെയായിരുന്നു പ്രതികള്‍.

ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അബിഗേല്‍ സാറയ്ക്ക് യാതൊരു തരത്തിലുള്ള ഭയപ്പാടുകളും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ തിക്താനുഭവങ്ങളിലൂടെ കടന്നു പോയ ആറുവയസുകാരിയില്‍ ഉണ്ടാകേണ്ടത്ര ഭയപ്പാടുകള്‍ കുഞ്ഞില്‍ ഉണ്ടായിരുന്നില്ല. നിലവിളികളോ കരച്ചിലോ മറ്റു ബഹളങ്ങളോ ഉണ്ടായിരുന്നില്ല.

കുട്ടിയെ മുന്‍നിറുത്തി, പിതാവിനെ പ്രതിരോധത്തിലാക്കി, പണത്തിനപ്പുറം എന്തോ നേടിയെടുക്കാന്‍ തന്നെ ആയിരുന്നിരിക്കണം പ്രതികള്‍ ശ്രമിച്ചത്. എന്തായാലും പിതാവ് റെജിയുടെയും ജാസ്മിന്‍ ഷായുടേയും ശരീര ഭാഷകളില്‍ നിന്നും ഇവര്‍ എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന കാര്യം സത്യമാണ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെതിരെ വരുന്ന ഏത് ആരോപണങ്ങളും തങ്ങളെ തകര്‍ക്കാനുള്ളതാണെന്നും തങ്ങള്‍ അതിശക്തരാണെന്നും തകര്‍ക്കാനാവില്ലെന്നും വ്യക്തമാക്കേണ്ട കാര്യമില്ല.

ഒന്നുറപ്പാണ്, കുറ്റം കണ്ടുപിടിക്കാന്‍ തീരുമാനിച്ചാല്‍, കേരളപ്പോലീസ് അതു കണ്ടെത്തുക തന്നെ ചെയ്യും. കാരണം, അതീവ സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ തെളിയിച്ചിട്ടുള്ളവര്‍ തന്നെയാണ് കേരളത്തിന്റെ പോലീസ് ഫോഴ്‌സ്. അതിനാല്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, ജാസ്മിന്‍ ഷാ, താങ്കളുടെ മുട്ടിടിക്കുക തന്നെ ചെയ്യും.Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47


#JasminShah #UNA #Unitednursesassociation #AbigelSara #abductionofchild #Keralapolice


Leave a Reply

Your email address will not be published. Required fields are marked *