അരുതുകള്‍കൊണ്ട് കുട്ടികള്‍ക്കു മുന്നില്‍ നരകം തീര്‍ക്കുന്നവര്‍ അറിയാന്‍…..

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

തലമുടി നീട്ടിവളര്‍ത്തി സ്‌കൂളിലെത്തിയ ആണ്‍കുട്ടികളെയെല്ലാം പിടികൂടി ബലമായി തലമുടി വെട്ടിച്ച വാര്‍ത്ത നമ്മുടെ മുന്നിലേക്കെത്തിയിട്ട് ഏറെ നാളുകളായിട്ടില്ല. ആണ്‍കുട്ടികള്‍ മുടി നീട്ടി വളര്‍ത്തുന്നത് സ്വഭാവദൂഷ്യത്തിന്റെ പ്രകടമായ ലക്ഷണമായി കരുതുന്ന മുതിര്‍ന്ന തലമുറയാണ് കുട്ടികളുടെ ഈ ആഗ്രഹത്തിനു മേല്‍ കത്തിവച്ചത്. കാതില്‍ കമ്മലിട്ടു വന്ന വിദ്യാര്‍ത്ഥിയോട് ഇവിടെ കുറെ അച്ചടക്കം പാലിച്ചേ മതിയാകൂ ഇതൊന്നും ഇവിടെ നടപ്പില്ല എന്നു പറഞ്ഞ അധ്യാപികയോട് കമ്മല്‍ ഇട്ടിരിക്കുന്നത് ഞാനല്ലേ ടീച്ചറേ എനിക്കതില്‍ കുഴപ്പമൊന്നും തോന്നുന്നില്ല എന്നായിരുന്നു ആ കൊച്ചുമിടുക്കന്റെ മറുപടി. എന്നാല്‍, ഇത് ആ കുട്ടിയുടെ ധിക്കാരമായി കണ്ട് അവന്റെ മാതാപിതാക്കളോട് പരാതി പറയുകയാണ് ആ അധ്യാപിക ചെയ്തത്.

ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കാനോ അടുത്തിരിക്കാനോ കളിതമാശകള്‍ പറയാനോ പാടില്ലെന്നു കര്‍ശനമായി പറയുകയും അതിനെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമാണ് മതസ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളിലെ അധ്യാപകര്‍.

അതിര്‍വരമ്പുകളില്ലാതെ കളിച്ചു നടക്കേണ്ട പ്രായത്തില്‍ അരുതുകളുടെ വലിയൊരു ലോകത്തിലേക്ക് എടുത്തെറിയപ്പെടുകയാണിവിടെ ബാല്യങ്ങള്‍. മുതിര്‍ന്നവര്‍ ഇവിടെ രൂപപ്പെടുത്തി വച്ചിരിക്കുന്ന നിയമങ്ങള്‍ക്കുള്ളില്‍ വളരാന്‍ വിധിക്കപ്പെടുകയാണ് കുട്ടികള്‍. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം വളരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ അവരവരെത്തന്നെ മറച്ചു പിടിച്ചുകൊണ്ട് ജീവിക്കേണ്ട ഒരവസ്ഥയാണ് ഇവിടെയുള്ളത്. മറ്റാര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുകയാണിവിടെ കുട്ടികള്‍.

അവരുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, താല്‍പര്യങ്ങള്‍, സന്തോഷങ്ങള്‍ എല്ലാം ഹനിക്കപ്പെടുന്നു. എന്നിട്ട്, മുതിര്‍ന്നവര്‍ക്ക് സ്വീകാര്യമായൊരു നിയമ സംഹിതയ്ക്കുള്ളില്‍ ജീവിക്കാന്‍ അവര്‍ വിധിക്കപ്പെടുകയാണ്.

കുഞ്ഞുന്നാളില്‍ മനസിനേല്‍ക്കുന്ന ശാരീരിക മാനസികാഘാതങ്ങള്‍ വലുതാകുമ്പോഴും അവരെ പിന്തുടരുക തന്നെ ചെയ്യും. മാതാപിതാക്കളുടെ ശക്തമായ പിന്തുണ ലഭിക്കേണ്ട പ്രായമാണ് ജനനം മുതല്‍ 17 വയസുവരെയും. ആ കാലഘട്ടത്തില്‍ അരക്ഷിതമായ സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നതെങ്കില്‍ അതവരുടെ സ്വഭാവത്തെത്തന്നെ പ്രതികൂലമായി ബാധിക്കും.

ശാരീരികമായ ആക്രമണം മാത്രമാണ് കുട്ടികളെ ബാധിക്കുന്നത് എന്ന നിലപാടാണ് മുതിര്‍ന്നവര്‍ക്കുള്ളത്. എന്നാല്‍, അവരുടെ വളര്‍ച്ചാ വഴികളില്‍ നേരിടുന്ന അവഗണന പോലും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാം. സമൂഹത്തിലോ കുടുംബത്തിലോ അവര്‍ കണ്ടുനില്‍ക്കേണ്ടിവരുന്ന അക്രമങ്ങളും അവരുടെ മനസിനെ അസ്വസ്ഥമാക്കും. മാനസിക പിന്തുണ വേണ്ട സമയങ്ങളില്‍ അതു കൊടുക്കാതിരിക്കുന്നതും അവരുടെ മനസിനെ വല്ലാതെ മുറിപ്പെടുത്തും.

കുട്ടികള്‍ നിഷ്‌കളങ്കരാണ്. അതിനാല്‍ത്തന്നെ അവരെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാനും കഴിയും. മുതിര്‍ന്നവരെപ്പോലെ അവരുടെ ആഗ്രഹങ്ങളെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ ഫലപ്രദമായി പറയാന്‍ അവര്‍ക്കു കഴിഞ്ഞെന്നും വരില്ല. സുരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ ബാല്യം ജീവിച്ചു തീര്‍ക്കാനാണ് അവര്‍ സദാ ശ്രമിക്കുക. അവര്‍ക്കാവശ്യമായ സുരക്ഷയും സ്‌നേഹവാത്സല്യങ്ങളും മാതാപിതാക്കളില്‍ നിന്നും കിട്ടാതെ വന്നാല്‍ അതവരുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കും.

മുതിര്‍ന്നവര്‍ക്കൊരു ചിന്തയുണ്ട്, മാനസിക സമ്മര്‍ദ്ദം തങ്ങള്‍ക്കു മാത്രമേയുള്ളുവെന്ന്. ആഹാരവും വസ്ത്രവും പഠിക്കാനുള്ള സൗകര്യങ്ങളുമൊരുക്കിക്കൊടുത്താല്‍ മക്കള്‍ പിന്നെ വേറൊന്നിനെക്കുറിച്ചും ചിന്തിച്ചു വേവലാതിപ്പെടേണ്ടതില്ലെന്ന്. പക്ഷേ അവരുടെ പ്രശ്‌നങ്ങള്‍ അറിയണമെങ്കില്‍ അവരെ മനസിലാക്കാന്‍ ശ്രമിച്ചേ തീരൂ. അവരെ കൂടുതലായി അറിയാന്‍ ശ്രമിച്ചേ തീരൂ.

ബാല്യം വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകട്ടെ…. അരുതുകളുടെ വേലിക്കെട്ടുകൊണ്ട് കൊണ്ട് അവരുടെ മനസിനെ കീറിമുറിക്കാതിരിക്കാം…..


Leave a Reply

Your email address will not be published. Required fields are marked *