ഹിന്ദു-മുസ്ലീം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

Thamasoma News Desk

മുസ്ലീം വ്യക്തി നിയമപ്രകാരം (Muslim Personal Law) ഹിന്ദു-മുസ്ലീം വിവാഹത്തിന് നിയമ സാധുതയുള്ളതായി കണക്കാക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മിശ്ര മത ദമ്പതികളുടെ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണയത്തിലായ മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും വിവാഹം കഴിക്കുന്നതിനായി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹ ഓഫീസറെ സമീപിച്ചു. എന്നാല്‍, വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവര്‍ക്ക് വിവാഹ ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാനും സാധിച്ചില്ല. വിവാഹം രജിസ്‌ട്രേഷന്‍ തീയതിയില്‍ വിവാഹ ഓഫീസര്‍ക്കു മുമ്പാകെ ഹാജരാകാന്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, മുസ്ലീം വ്യക്തിനിയമപ്രകാരം ഹിന്ദു സ്ത്രീയും മുസ്ലീം പുരുഷനും തമ്മിലുള്ള വിവാഹം നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതി സംരക്ഷണം നിഷേധിച്ചു.

”മുസ്ലീം നിയമമനുസരിച്ച്, വിഗ്രഹാരാധകയോ അഗ്‌നി ആരാധികയോ ആയ ഒരു പെണ്‍കുട്ടിയുമായി ഒരു മുസ്ലീം ആണ്‍കുട്ടിയുടെ വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്താലും, ആ വിവാഹം ഇനി സാധുവായ വിവാഹമായിരിക്കില്ല,’ ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയ പറഞ്ഞു.

‘വ്യക്തിനിയമമനുസരിച്ച്, വിവാഹത്തിന് ചില ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. എന്നിരുന്നാലും, സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം നടത്തുകയാണെങ്കില്‍, അത്തരം നിര്‍ബന്ധിത ആചാരങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ അത്തരം വിവാഹത്തെ വെല്ലുവിളിക്കാന്‍ കഴിയില്ല. എന്നാല്‍, കക്ഷികള്‍ നിരോധിത ബന്ധത്തിലല്ലെങ്കില്‍ മാത്രമേ വിവാഹം നടത്താന്‍ കഴിയൂ എന്ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 പറയുന്നുണ്ട്, അതിനാല്‍, മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം നിയമവിധേയമാക്കില്ല,” കോടതി പറഞ്ഞു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *