മനുഷ്യജീവിതം തകര്‍ത്തില്ലേ? മൃഗങ്ങളെയെങ്കിലും വെറുതെ വിടുക!


Jess Varkey Thuruthel

മനുഷ്യനെ അടിമകളാക്കാനായി, അവരുടെ സന്തോഷങ്ങളെ കെടുത്താനും കെട്ടിയിടാനുമായി മനുഷ്യര്‍ തന്നെ നിര്‍മ്മിച്ച മതമെന്ന ചങ്ങല കൊണ്ട് മൃഗങ്ങളെ കെട്ടിയിടാതിരിക്കാനുള്ള വിവേകമെങ്കിലും ആ മതവിശ്വാസികള്‍ക്ക് ഉണ്ടായെങ്കില്‍! മനുഷ്യരുടെ ജീവിതം ഇവ്വിധം നരകപൂര്‍ണ്ണമാക്കി, ആ നരകത്തിന് പുണ്യത്വം നല്‍കി അര്‍മ്മാദിച്ചു നടക്കുന്നവര്‍ ഇപ്പോള്‍ കണ്ണുവയ്്ക്കുന്നത് മൃഗങ്ങളിലേക്കാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത്, സ്വാതന്ത്ര്യത്തോടെ, ഇഷ്ടമുള്ളപ്പോള്‍ ഇണ ചേര്‍ന്ന് ജീവിക്കുന്ന ആ മൃഗങ്ങളെക്കൂടി മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന മതവെറി ബാധിച്ചവരെ അടക്കി നിറുത്തിയേ തീരൂ.

മൃഗങ്ങള്‍ക്കോരോന്നിനും പേരിടുന്നത് മനുഷ്യരാണ്. മൃഗങ്ങള്‍ക്ക് പരസ്പരം പേരിന്റെ ആവശ്യമില്ല. അവര്‍ ആരെയും പേരെടുത്തു വിളിക്കാറുമില്ല. അവര്‍ക്ക് പേരു കൊണ്ട് യാതൊരു ഗുണവുമൊട്ടില്ല താനും. സീതയെന്നോ രാമനെന്നോ നബിയെന്നോ മുഹമ്മദെന്നോ യേശുക്രിസ്തുവെന്നോ മൃഗങ്ങള്‍ക്കു പേരു നല്‍കുന്നതു മനുഷ്യരാണ്. കാട്ടില്‍, സുഖമായി ജീവിച്ചിരുന്ന, സ്വാതന്ത്ര്യത്തോടെ നടന്നിരുന്ന മൃഗങ്ങളെ പിടിച്ചു കൊണ്ടുവന്ന് കൂച്ചുവിലങ്ങിട്ട് കൂട്ടില്‍ പാര്‍പ്പിച്ചതേ തെറ്റ്. മനുഷ്യര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത അപരാധം. ആ മൃഗങ്ങള്‍ ജീവിക്കേണ്ടതു കാട്ടിലാണ്. അവരുടെ കാട് കൈയ്യേറി, അവ നശിപ്പിച്ച്, വെട്ടി നശിപ്പിച്ച്, ജൈവവൈവിധ്യങ്ങള്‍ ഇല്ലാതാക്കി, അവര്‍ക്ക് അവിടെ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാക്കി, തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ കാട് വാസയോഗ്യമല്ലാതാക്കിയത് മനുഷ്യരാണ്. എന്നിട്ട്, അവടെ പിടിച്ചു കൊണ്ടുവന്നു കൂട്ടിലിട്ടു. എന്നിട്ടും പോരാതെ, അവര്‍ക്ക് ഓരോരോ പേരുമിട്ട് ഇപ്പോള്‍ ആ പേരിന്റെ പേരില്‍ വെട്ടിക്കൊല്ലാനൊരുങ്ങുന്നു! ഇതെന്തുതരം ഭ്രാന്താണ് ഈ മനുഷ്യര്‍ക്ക്??

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒരുമിച്ചു പാര്‍പ്പിച്ചതിന്റെ പേരില്‍ വി എച്ച് പി പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. മാംസ ഭോജിയായ ഒരു മുതലയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്‍കി ദൈവമാക്കിയ കഥ മറക്കാറായിട്ടില്ല. തങ്ങള്‍ പറയുന്നതു മാത്രം ഇവിടെ നടപ്പായാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു പോകാമെന്നും പറയുന്ന കുടില ബുദ്ധിയുള്ള മനുഷ്യര്‍.

ആഹാരത്തിനു വേണ്ടിയും ജീവന്‍ രക്ഷിക്കാനുമല്ലാതെ ഒരു മൃഗവും മറ്റൊന്നിനെ ആക്രമിക്കുന്നില്ല. പക്ഷേ, മനുഷ്യരാകട്ടെ സ്വന്തം ആര്‍ത്തിക്കു വേണ്ടി, ചതിച്ചു നേടാന്‍ വേണ്ടി, വെട്ടിപ്പിടിക്കാന്‍ വേണ്ടി, കീഴടക്കാന്‍ വേണ്ടി, സ്വന്തം മനസുഖത്തിനു വേണ്ടിയും പരസ്പരം കടിച്ചു കീറുന്നു, കൊന്നൊടുക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും വൃത്തികെട്ട, അതിക്രൂരരായ ജീവിവര്‍ഗ്ഗം മനുഷ്യരാണ്, ഏറ്റവും മഹത്തരമായ ജന്മവും അവരുടേതു തന്നെ എന്നതാണ് വിചിത്രം.

മറ്റുള്ളവരെ കാല്‍ക്കീഴിലിട്ടു ചവിട്ടി മെതിക്കാന്‍, സഹജീവികളുടെ വേദനയും കരച്ചിലും പിടച്ചിലും കണ്ണീരും കാണാന്‍ ഇത്രയേറെ ആഗ്രഹിക്കുന്ന മറ്റൊരു ജീവിയും ഈ ഭൂമുഖത്തില്ല. പരസ്പരം കൊന്നൊടുക്കാനും വെട്ടിക്കീറാനും അടിയുണ്ടാക്കാനും അടിച്ചമര്‍ത്താനും വേണ്ടി മനുഷ്യര്‍ സൃഷ്ടിച്ചതാണ് മതങ്ങളെ. ആ മതത്തിന്റെ പേരിലിപ്പോള്‍ മൃഗങ്ങളുടെ സൈ്വര്യ ജീവിതത്തിലേക്കു കൂടി മനുഷ്യര്‍ കൈകടത്തുന്നു. വ്യക്തമായ ലക്ഷ്യത്തോടെയും അജണ്ഡയോടെയും കൂടിയാണിത്. ഈ കാട്ടാള ജന്മങ്ങളുടെ പേക്കൂത്തുകള്‍ അനുവദിച്ചു കൊടുക്കരുത്.


………………………………………………………………………………….


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………………


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


Leave a Reply

Your email address will not be published. Required fields are marked *