ശരിയായില്ല, എങ്കിലും അത് കങ്കണ ചോദിച്ചു വാങ്ങിയ തല്ല്

Thamasoma News Desk

ആ തല്ലിലെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. 2020 ല്‍ കര്‍ഷക സ്ത്രീകളെ അപമാനിച്ചതിന് എന്തിന് ഇപ്പോള്‍ തല്ലി എന്ന ചോദ്യവും അവിടെ നില്‍ക്കട്ടെ. സ്വന്തം അമ്മ ഉള്‍പ്പടെയുള്ള കര്‍ഷക സ്ത്രീകള്‍ നൂറു രൂപയ്ക്കു വില്‍ക്കാന്‍ നടക്കുന്നവരാണെന്ന് അധിക്ഷേപിച്ച വ്യക്തി എത്ര ഉന്നതനിലയിലുള്ള ആളായാലും പ്രതികരിച്ചേ തീരൂ. അതു തന്നെയാണ് ആ സി ഐ എസ് എഫ് ഓഫീസര്‍ ചെയ്തതും (Kangana Ranaut).

ഹിമാചലിലെ മാണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി എം പി കങ്കണ റണാവത്താണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഛണ്ഡീഗഡ് വിമാനത്താവളത്തില്‍, സുരക്ഷാ പരിശോധനയ്ക്കിടയില്‍ വനിതാ സി ഐ എസ് എഫ് കോണ്‍സ്റ്റബിള്‍ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. വിസ്താര വിമാനത്തില്‍, ഡല്‍ഹിയിലേക്കു പുറപ്പെടുന്നതിനു മുമ്പ് സുരക്ഷാ പരിശോധനയ്ക്കു വിധേയയാകുന്നതിനിടെയായിരുന്നു സംഭവം.

കങ്കണയെ തല്ലുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പഞ്ചാബിയായ കുല്‍വിന്ദര്‍ കൗര്‍ എന്ന കോണ്‍സ്റ്റബിളാണ് കങ്കണയെ തല്ലിയത്. 2020 ല്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ കങ്കണ റണാവത്ത് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കുല്‍വിന്ദര്‍ ശക്തമായി പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. നൂറും ഇരുന്നൂറും രൂപ കൂലി കൊടുത്തു വിലയ്‌ക്കെടുത്തവരാണ് ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ എന്നായിരുന്നു അന്ന് കങ്കണ പറഞ്ഞത്. പ്രതിഷേധിച്ച കര്‍ഷകരില്‍ ഒരാള്‍ തന്റെ അമ്മയായിരുന്നുവെന്ന് കുല്‍വിന്ദര്‍ പറയുന്നുണ്ട്.

കങ്കണയുടെ മുഖത്തടിച്ച കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനോട് കോടതി ഉത്തരവിടുകയും ചെയ്തു.

‘ഒരു കോണ്‍സ്റ്റബിള്‍ തന്റെ സമീപത്തേക്കു വന്ന് മുഖത്തടിച്ച ശേഷം അസഭ്യം പറയുകയും കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നു പറയുകയും ചെയ്തു,’ എന്നാണ് കങ്കണ ഈ സംഭവത്തെക്കുറിച്ചു പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം ശക്തി പ്രാപിക്കുകയാണെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *