Thamasoma News Desk
നീണ്ട 9 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച്, വിദേശത്തു ജോലി ചെയ്യാന്‍ പോകുന്ന ഒരു നഴ്‌സിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി (Pushpagiri Hospital) നല്‍കി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിവാദമായിരിക്കുകയാണ്. തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ലെന്നത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുകയാണ് പുഷ്പഗിരി. എന്നു മാത്രവുമല്ല, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ആശുപത്രിയുടെ പരസ്യത്തിനുള്ള വേദി കൂടിയാക്കി മാറ്റിയിരിക്കുന്നു. സേവനപരിചയത്തിന് ചട്ടപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ നല്‍കിയതെന്നും സോഷ്യല്‍ മീഡിയ അതിനെ അപകീര്‍ത്തികരമായ രീതിയില്‍ ഉപയോഗിക്കുകയാണെന്നുമാണ് പുഷ്പഗിരി ആശുപത്രിയുടെ വിശദീകരണം.
ശരിയായ രീതിയില്‍ തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ എന്തിനാണ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്യാന്‍ ഈ നഴ്‌സിനെ ആശുപത്രി അനുവദിച്ചത്? രോഗികളുടെ ജീവന്‍ പന്താടാന്‍ അനുവദിച്ചത് എന്തിനാണ്. ഈ സര്‍ട്ടിഫിക്കറ്റിനും വിശദീകരണക്കുറിപ്പിനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്.
‘ചട്ടപ്രകാരം നല്‍കിയ സേവന പരിചയ സര്‍ട്ടിഫിക്കറ്റോ?
ഏത് ചട്ടപ്രകാരം? ആരുണ്ടാക്കിയ ചട്ടം? 9 വര്‍ഷം തൊഴിലെടുത്ത ജീവനക്കാരന് നല്‍കിയത് ചട്ട പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റെന്ന് പുഷ്പഗിരി മാനേജ്‌മെന്റ്. ആരുണ്ടാക്കിയ ചട്ടം. ജീവനക്കാരന്‍ (ബേസില്‍) ആ സ്ഥാപനത്തില്‍ നിന്ന് രാജിവെക്കുന്നത് വിദേശത്ത് മികച്ച ഒരു തൊഴില്‍ ലഭിച്ച പാശ്ചാത്തലത്തിലാണ്. ഇന്ത്യയില്‍ CNE നിര്‍ബന്ധമാക്കിയിട്ടില്ല. നഴ്‌സിംഗ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് റിന്യൂവല്‍ ചെയ്യാന്‍ പോലും നിലവില്‍ CNE കേരളത്തില്‍ നിര്‍ബന്ധമല്ല. CNE കൊണ്ടുവരാന്‍ തീരുമാനിച്ച സമയത്ത് തന്നെ യുഎന്‍എ ആ തീരുമാനത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത് ഭാവിയില്‍ മാനേജ്‌മെന്റ് അതിനെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട് എന്നതിന്റെ ഉത്തമ ബോധ്യത്തിലാണ്. ആ ബോധ്യം ശരിയായിരുന്നുവെന്ന് പുഷ്പഗിരി മാനേജ്‌മെന്റിന്റെ ഇന്നത്തെ പ്രവര്‍ത്തി ശരിവെക്കുന്നു.
2500 ജീവനക്കാരില്‍ ദിനംപ്രതി 1000 ത്തോളം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കി പോകുന്നുവെങ്കില്‍ അവിടെ തുടരാന്‍ മഹാഭൂരിപക്ഷവും തയ്യാറാകുന്നില്ല എന്നതാണര്‍ത്ഥം. അങ്ങിനെയെങ്കില്‍ കേരളത്തില്‍ ഏറ്റവും അധികം പേര്‍ വര്‍ഷത്തില്‍ തൊഴില്‍ ഉപേക്ഷിക്കുന്നതും മികച്ച ജോലി തേടി പോകുന്നതും പുഷ്പഗിരി മാനേജ്‌മെന്റിന് കീഴിലുള്ളതാണ് എന്നത് നിങ്ങളുടെ പ്രസ്താവന തന്നെ സൂചിപ്പിക്കുന്നുണ്ട്.
നിയമങ്ങള്‍ എല്ലാം അനുശാസിക്കുന്നുണ്ടെന്ന പ്രസ്താവനക്ക് ഞങ്ങള്‍ തല്‍ക്കാലം മറുപടി പറയുന്നില്ല. കാരണം അവിടെ എന്താണ് നടക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. രാജി വെച്ച് പോയവരില്‍ നിന്ന് ഇടക്കാലാശ്വാസ ശമ്പളം തിരിച്ച് പിടിച്ച സംഭവവും, അതിനെതിരെ യുഎന്‍എ നടത്തിയ പ്രക്ഷോഭവും ആ നടപടി മരവിപ്പിച്ചതുമെല്ലാം ഈയടുത്ത് ബേസിലിന്റെ നേത്യത്യത്തില്‍ നേടിയെടുത്ത വിജയമായിരുന്നു എന്നത് ഒന്ന് ഓര്‍മ്മിപ്പിക്കുന്നു.
CNOയെ ന്യായീകരിക്കാന്‍ ശ്രമിച്ച് നാണം കെടാതിരിക്കാന്‍ പുഷ്പഗിരി മാനേജ്‌മെന്റ് ശ്രദ്ധിക്കുക. തെറ്റ് തിരുത്തുക. ജീവനക്കാരുടെ ഭാവി തുലക്കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുക. നഴ്‌സിംഗ് പ്രക്ഷോഭ വേദിയായി വീണ്ടും പുഷ്പഗിരി മെഡിക്കല്‍ കോളേജ് മറാതിരിക്കാനുള്ള നടപടികളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.’
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975