നാലു കെട്ടി എന്നു കേട്ടതും സദാചാരഭ്രാന്തന്മാര്‍ വാളെടുത്തു

തലക്കെട്ടില്‍ ആവശ്യത്തിലധികം മസാല ചേര്‍ത്തു പിടിപ്പിച്ചാല്‍ സദാചാരഭ്രാന്തന്മാര്‍ ഉറഞ്ഞുതുള്ളി സൈറ്റിലേക്കൊരു തള്ളിക്കയറ്റമുണ്ടാകുമെന്നും അതിലൂടെ പത്തു കാശു നേടാനാകുമെന്നും കരുതുന്നവരാണ് നിലവാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകളില്‍ തലക്കെട്ടില്‍ പറഞ്ഞ ഒരു കാര്യം പോലും അവര്‍ സൈറ്റിലെ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തില്‍, മസാല ചേര്‍ത്തു തലക്കെട്ടുകളും വാര്‍ത്തകളും നിര്‍മ്മിക്കുന്ന, എത്തിക്‌സ് ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ മൂലം എത്രയോ പേരുടെ അഭിമാനമാണ് തെരുവില്‍ വലിച്ചു കീറപ്പെട്ടിട്ടുള്ളത്.

എം80 മൂസയിലൂടെ മലയാളി മനസില്‍ ഇടം നേടിയ വിനോദ് കോവൂരും സദാചാര ഭ്രാന്തന്മാരുടെ ആക്രമണത്തിനു വിധേയനായിക്കൊണ്ടിരിക്കുന്നു. മാധ്യമത്തെ വില്‍പ്പനച്ചരക്കാക്കിയ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇതിനു കാരണം. പലര്‍ക്കും വിവിധ തരത്തിലുള്ള വിവാഹ ചടങ്ങുകളോടു താല്‍പര്യം തോന്നാറുണ്ട്. ചിലവ കാണുമ്പോള്‍, ആ രീതിയില്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹവും ഉണ്ടാകാറുണ്ട്. അത്തരത്തില്‍, ജീവിത പങ്കാളിയായി തെരഞ്ഞെടുത്ത ദേവുവുമായി ഇദ്ദേഹം വിവാഹം നടത്തിയത് നാലു തവണയാണ്. എല്ലാം ഒരു ആഗ്രഹത്തിന്റെ പുറത്തായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ഇക്കാര്യങ്ങള്‍ വാര്‍ത്തയുടെ അവസാന ഭാഗത്തായി മാത്രം പറഞ്ഞുവയ്ക്കുകയാണ് ഈ ഓണ്‍ലൈന്‍ മാധ്യമം ചെയ്തിരിക്കുന്നത്.

തന്റെ വിവാഹം ഗുരുവായൂരില്‍ വച്ചു നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, പലകാരണങ്ങളാലും അന്നത് സാധിച്ചില്ല. പിന്നീട്, വര്‍ഷങ്ങള്‍ക്കു ശേഷം മക്കളെല്ലാം വളര്‍ന്നു വലുതായ ശേഷമാണ് ഈ ആഗ്രഹം സാധിക്കാനായതെന്ന് വിനോദ് കോവൂര്‍ പറയുന്നു. അങ്ങനെ, ഗുരുവായൂരപ്പനെ സാക്ഷിനിറുത്തി വിനോദ് ദേവുവിനെ രണ്ടാമതും വിവാഹം കഴിച്ചു. രാമേശ്വരത്തെ ആചാരങ്ങളില്‍ ആകൃഷ്ടനായി ദേവുവിനെ മൂന്നാമതും വിവാഹം കഴിക്കുകയുണ്ടായി. പിന്നീട്, നാലാം തവണ മൂകാംബികയില്‍ വച്ചും വിവാഹം നടത്തി.

അതായത്, ദേവുവും വിനോദ് കോവൂരും തമ്മില്‍ നാലു തവണ വിവിധ സ്ഥലങ്ങളില്‍ വച്ചു വിവാഹം കഴിച്ചുവെന്നും ഇനിയും ചിലപ്പോള്‍ വിവാഹം കഴിച്ചേക്കാമെന്നുമാണ് വിനോദ് കോവൂര്‍ പറഞ്ഞത്. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമത്തിന്റെ തലക്കെട്ട്, ‘നാലു തവണ വിവാഹം ചെയ്തു, എല്ലാം ഒരു ആഗ്രഹത്തിന്റെ പുറത്തു ചെയ്തതാണ്’ എന്നായിരുന്നു. അതോടെ സദാചാര ഭ്രാന്തന്മാര്‍ സടകുടഞ്ഞെണീറ്റു, വാര്‍ത്തയ്ക്കു താഴെ അസഭ്യവും അശ്ലീലവര്‍ഷവുമായി.

ജനാധിപത്യ രാജ്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. അവ ചീഞ്ഞളിഞ്ഞാല്‍, ഒരു രാജ്യത്തിന്റെ സര്‍വ്വനാശമാണ്. പോലീസ്, ചികിത്സാ രംഗം, അധ്യാപനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ തൊഴില്‍ മേഖലകളെ പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുമ്പോള്‍, അതൊരു നാടിനെത്തന്നെയാണ് നാശത്തിലേക്കു നയിക്കുന്നത്. ഒരു നായയുടെ ജാഗ്രതയോടെ ഒരു നാടിനെ കാത്തു പരിപാലിക്കേണ്ട ഉത്തരവാദിത്തം ഓരോ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട്. എന്നാല്‍, എന്ത് ആഭാസത്തരമെഴുതിയിട്ടായാലും നാലു കാശുണ്ടാക്കിയാല്‍ മതി എന്നു കരുതുന്ന ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തകരാണ് നാടിന്റെ ശാപം.

M80 മൂസ എന്ന കോമഡി സീരീസിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ വിനോദ് കോവൂര്‍ നാടകം, സിനിമ, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെയാണ് സദാചാരവാദികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. അതും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നെറികേടിന്റെ പേരില്‍.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *