ഉപേക്ഷിച്ച് ഇറങ്ങിപ്പോയവള്‍ക്ക് ഇപ്പോള്‍ മകനെ വേണമത്രെ! ഇനി…

Thamasoma News Desk

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന്റെ എല്ലാ ദുരിതങ്ങളും അരക്ഷിതാവസ്ഥയും പേറി ജീവിച്ചവനായിരുന്നു ദാസ്. എല്ലാ പിണക്കങ്ങളും അവസാനിപ്പിച്ച് മാതാപിതാക്കള്‍ ഒരുമിച്ചു ജീവിക്കണമെന്നും സന്തുഷ്ടമായൊരു കുടുംബാന്തരീക്ഷത്തില്‍ വളരണമെന്നും വല്ലാതെ ആഗ്രഹിച്ചിരുന്നു ആ കുഞ്ഞ് (broken family). പക്ഷേ, ഒരിക്കലും അതു സാധ്യമായില്ല. അച്ഛന്റെ നിരുത്തരവാദിത്വം മൂലം കുഞ്ഞുപ്രായത്തില്‍ തന്നെ ജോലിക്കിറങ്ങി, ബാല വേലയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. മുന്നില്‍ വേറെ വഴികളില്ലായിരുന്നു.

അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമ്പോള്‍ അവന്റെ പ്രായം 14 വയസായിരുന്നു. ജീവിക്കാനായി എന്തു ജോലിയും ചെയ്യാന്‍ അവന്‍ തയ്യാറായിരുന്നു. ആ ലക്ഷ്യം മുന്നില്‍ക്കണ്ട് കഠിനമായി ജോലി ചെയ്തു, കുടുംബം മുന്നോട്ടു നയിച്ചു. നിര്‍ദ്ധന കുടുംബത്തില്‍ നിന്നും കല്യാണം കഴിക്കണമെന്നും ഭാര്യയെ പൊന്നുപോലെ പോറ്റണമെന്നും സന്തോഷകരമായ ജീവിതം നയിക്കണമെന്നും അവന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. സമൂഹത്തില്‍ മാതൃകാ കുടുംബമായി ജീവിക്കണമെന്നതായിരുന്നു അവന്‍ കണ്ട ഏറ്റവും വലിയ സ്വപ്നം. അതിനായി കഷ്ടപ്പെട്ടതിന് ഒരു കണക്കുമില്ല. ഒടുവില്‍, സാമ്പത്തിക വിജയം നേടാനായി കടല്‍ കടന്നു. പിന്നെ ആ കടം വീട്ടാനുള്ള കഷ്ടപ്പാടായിരുന്നു. മൂന്നുവര്‍ഷമെടുത്തു കടക്കെണിയില്‍ നിന്നും മോചനം നേടാന്‍.

വിവാഹ പ്രായമെത്തിയപ്പോള്‍, ആഗ്രഹിച്ചതു പോലെ തന്നെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും ഒരു പെണ്ണിനെ ജീവിത സഖിയാക്കി. രണ്ടു മാസത്തെ മധുവിധുവിനു ശേഷം ദാസ് ജോലി സ്ഥലത്തേക്കു മടങ്ങിപ്പോയി. വീണ്ടും പ്രവാസത്തിന്റെ നാളുകള്‍. സോഷ്യല്‍ മീഡിയ എത്തിയതോടെ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം കൂടി. മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ള ഫോണ്‍ തന്നെ അദ്ദേഹം അവള്‍ക്കു വാങ്ങി നല്‍കി. പിന്നീട് പരാതികളുടെ പ്രവാഹമായിരുന്നു. ഉറങ്ങിയെഴുന്നേറ്റു വരുമ്പോള്‍ത്തന്നെ മൊബൈല്‍ ഫോണുമായി വരുന്ന, സദാ ഫോണില്‍ തിരക്കായ ഭാര്യയെ ദാസിന്റെ വീട്ടുകാര്‍ക്ക് പിടിക്കാതെയായി. അവള്‍ക്കാകട്ടെ, ഫോണ്‍ ശരീരത്തിലെ ഒരു അവയവം പോലെ മാറ്റിനിറുത്താന്‍ കഴിയാത്ത ഒന്നായി.

ഒടുവില്‍, കുടുംബ കലഹങ്ങള്‍ കൂടിക്കൂടി വന്നു. സമാധാനം നഷ്ടപ്പെട്ടു. ജീവിതത്തില്‍ നിന്നും സന്തോഷം എന്നേക്കുമായി അകന്നു പോയി. ജീവിതം തന്നെ മടുത്തു. ഇനി ജീവിക്കേണ്ടെന്നും തോന്നി. കുടുംബജീവിതത്തെ രക്ഷപ്പെടുത്താനുള്ള അവസാന പരിശ്രമമെന്ന നിലയില്‍, കഷ്ടപ്പെട്ടു പണിയെടുത്തും കടം വാങ്ങിയും അവളെ വിദേശത്ത് എത്തിച്ചു, പിന്നെ ഒരുമിച്ചായി ജീവിതം. നഷ്ടപ്പെട്ടെന്നു കരുതിയ സന്തോഷവും സമാധാനവും വീണ്ടെടുത്തു. കിട്ടുന്ന പൈസയെല്ലാം ചെലവാക്കി അടിച്ചു പൊളിച്ചു ജീവിച്ചു. അങ്ങനെയിരിക്കെ അവള്‍ ഗര്‍ഭിണിയായി. ഒന്നുകില്‍ പ്രസവം വിദേശത്തു തന്നെയാക്കണം, അല്ലെങ്കില്‍ നാട്ടില്‍. വിദേശത്തെ ആശുപത്രിച്ചിലവും മറ്റും താങ്ങാനാവില്ല, എങ്ങനെയും നാട്ടിലെത്തിക്കുക എന്നതു മാത്രമേ മാര്‍ഗ്ഗമുള്ളു. കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാന്‍ അവളുടെ അമ്മ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഓടിയും ചാടിയും അവളതിനു ശ്രമിച്ചു. പക്ഷേ, കുഞ്ഞിനെ നശിപ്പിക്കാന്‍ ദാസ് തയ്യാറല്ലായിരുന്നു. അങ്ങനെ ആറാം മാസത്തില്‍ ഭാര്യയെ നാട്ടിലേക്കയച്ചു.

തന്റെ വീട്ടുകാര്‍ പിണക്കത്തിലായതിനാല്‍ ഭാര്യവീട്ടിലായിരുന്നു താമസം. യാതൊരു സൗകര്യവുമില്ലാത്ത ആ വീട്ടില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു ആദ്യം ചെയ്തത്. വെള്ളവും കിടക്കയും കട്ടിലുമെല്ലാമൊരുക്കി കാത്തിരുന്നു. ഒടുവില്‍, ഒരു ശിവരാത്രി നാളില്‍ അവന്‍ ജനിച്ചു. ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷവും വേദനയും ഒരുമിച്ചനുഭവിച്ച ദിവസമായിരുന്നു അയാള്‍ക്കത്. മകനെ കിട്ടിയ സന്തോഷം, അതിനായി ഭാര്യ സഹിച്ച വേദനയും അദ്ദേഹത്തിന്റെ ഹൃദയത്തെ മഥിച്ചു.

ജീവിതത്തിലേക്ക് കുഞ്ഞുകൂടി വന്നതോടെ ജീവിതം സ്വര്‍ഗ്ഗതുല്യമായി. ആദ്യമാസങ്ങളില്‍ ജീവിതം വളരെ സുന്ദരമായിരുന്നു. ഭാര്യയ്ക്കും മകനും വേണ്ടി എന്തും ചെയ്തുകൊടുക്കാന്‍ ഉത്സാഹമായിരുന്നു. അവര്‍ക്കു വേണ്ടതെല്ലാം ഒരുക്കിയാണ് വീണ്ടും പ്രവാസ ജീവിതത്തിലേക്കു തിരിച്ചത്. യാതൊരു തരത്തിലുമുള്ള കഷ്ടപ്പാടുകള്‍ അവരെ അറിയിക്കരുതെന്ന് ആഗ്രഹിച്ചു. അച്ഛനില്‍ നിന്നും അമ്മയ്ക്ക് യാതൊരു തരത്തിലുള്ള സ്നേഹമോ പരിഗണനയോ കിട്ടിയിട്ടില്ല. അതിനെല്ലാം പകരമായി ഭാര്യയ്ക്ക് എല്ലാം നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ അവര്‍ക്കു വേണ്ടി മാത്രമായി ജീവിച്ചു, കഷ്ടപ്പെട്ടു.

വര്‍ഷങ്ങള്‍ കഴിയവെ അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി. ഭാര്യക്ക് തന്നോടല്ല സ്നേഹം, മറിച്ച് താനയക്കുന്ന പണത്തോടു മാത്രമാണ്! അവിടെ തനിക്കു പരിഗണന കുറഞ്ഞു വരുന്നതായി അദ്ദേഹത്തിനു തോന്നി. അവധി നാളുകളില്‍ താന്‍ വീട്ടിലെത്തുന്നതു പോലും ഭാര്യയ്ക്ക് ഇഷ്ടമാകുന്നില്ലെന്നു തിരിച്ചറിഞ്ഞു തുടങ്ങി. എന്തുകൊണ്ടാണ് ഭാര്യ ഇങ്ങനെ പെരുമാറുന്നത് എന്ന ചിന്തയായി. ഒടുവില്‍ അവളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍, അതിന്റെ കാരണം കണ്ടെത്തി.

ഭാര്യയ്ക്ക് ഒരാളുമായിട്ടല്ല, ഒന്നില്‍ക്കൂടുതല്‍ പേരുമായി ബന്ധങ്ങള്‍. കേട്ടിട്ടു വിശ്വസിക്കാനേ തോന്നിയില്ല. ഇവള്‍ക്കു വേണ്ടിയാണോ തന്റെ ജീവിതം ഹോമിച്ചത്? മരുഭൂമിയില്‍ കഷ്ടപ്പെട്ടത്? കഠിനമായി അധ്വാനിച്ചത്? വീട്ടുകാരെപ്പോലും വെറുപ്പിച്ച് എല്ലാ സൗകര്യങ്ങളും അവള്‍ക്ക് ഒരുക്കിക്കൊടുത്തത്?

കൂടുതല്‍ ചിന്തിക്കാന്‍ തോന്നിയില്ല, ചിന്തിച്ചിട്ടും കാര്യമില്ലല്ലോ. എന്താണു കാര്യമെന്ന് അവളോടു ചോദിച്ചു. അവള്‍ക്ക് ഈ ജീവിതം വേണ്ട, അത്രതന്നെ. കുഞ്ഞിനെ നോക്കാനോ കുടുംബം നോക്കാനോ അവള്‍ക്കു താല്‍പര്യമില്ല. ഒടുവില്‍ പിരിയാന്‍ തീരുമാനിച്ചു. മനുഷ്യരുടെ മനസ് മാറുന്നത് എങ്ങനെയെന്ന് അദ്ദേഹം മനസിലാക്കുകയായിരുന്നു. എന്തായാലും തന്റെ കുട്ടിയെ അവര്‍ കൊന്നില്ലല്ലോ. അത്രയും ആശ്വാസം.

ഏഴുവയസു വരെ മകന്‍ ജീവിച്ചത് അമ്മയുടെ കൂടെയായിരുന്നു. എന്നിട്ടു പോലും അച്ഛമ്മയുടെ അരികിലേക്കു പോകുമ്പോള്‍ അവന് യാതൊരു സങ്കടവുമില്ലായിരുന്നു. അമ്മയുമായുള്ള വേര്‍പിരിയല്‍ അവനെ തെല്ലും ബാധിച്ചതേയില്ല. അതിന്റെ കാരണമായി അവന്‍ പറഞ്ഞത് അമ്മ തന്നെ രണ്ടു തവണ കൊല്ലാന്‍ നോക്കി എന്നാണ്. അതുകേട്ടിട്ട് കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ മാത്രമേ ദാസിനായുള്ളു.

ഭാര്യയുടെ പരപുരുഷ ബന്ധം വീഡിയോ തെളിവുകള്‍ അടക്കം കോടതിയില്‍ തെളിയിക്കാന്‍ അദ്ദേഹത്തിനായി. അതിനെയൊന്നും അവള്‍ എതിര്‍ത്തതുമില്ല. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് വിവാഹ മോചനം ലഭിച്ചു. ഇപ്പോള്‍ 5 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തന്നെയും കുഞ്ഞിനെയുമുപേക്ഷിച്ച് പോയവള്‍ക്ക് ഇപ്പോള്‍ ബോധോദയം. ദാസിന്റെ നമ്പര്‍ തേടിപ്പിടിച്ച് അവള്‍ വിളിച്ചു. ‘രണ്ടു ദിവസത്തേക്ക് ഞാനെന്റെ മോനെ കൊണ്ടുപോകും,’ ഇതാണ് അവളുടെ ആവശ്യം.

കുട്ടിയെ വേണ്ടെന്നു കോടതിയില്‍ എഴുതിക്കൊടുത്തവള്‍ക്ക് ഇപ്പോള്‍ കുട്ടിയെ വേണം പോലും. ഇക്കാലമത്രയും സ്വന്തം കുഞ്ഞിനെ ഒന്നു തിരിഞ്ഞു നോക്കുക പോലുമവള്‍ ചെയ്തിട്ടില്ല. അവരുടെ കൂടെ മോനെ വിടാന്‍ മനസില്ലെന്ന് ദാസ് തറപ്പിച്ചു പറഞ്ഞു. അവനിപ്പോള്‍ അച്ഛമ്മയ്ക്കൊപ്പം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നു. അമ്മയെ കാണണോ എന്ന് നാട്ടില്‍ ചെല്ലുമ്പോഴെല്ലാം ദാസ് മകനോടു ചോദിക്കും. വേണ്ടെന്നാണ് അവന്റെ മറുപടി.

അവന് നല്ല വിദ്യാഭ്യാസം നല്‍കണം, നല്ലൊരു ബാല്യം സമ്മാനിക്കണം, കളിചിരികളും സന്തോഷങ്ങളും നല്‍കണം. അവന്റെ ആഗ്രഹമനുസരിച്ച് അവനെ വളര്‍ത്തണം, ഇതുമാത്രമാണ് ആ അച്ഛന്‍ ആഗ്രഹിക്കുന്നത്.

കുട്ടിയെ വിട്ടുകിട്ടാനായി കോടതിയില്‍ പോകുമെന്ന് ഭാര്യയുടെ ഭീഷണിയുണ്ട്. ഇത്രമേല്‍ സഹിച്ച തനിക്കിന് എന്തു പേടിക്കാനെന്ന് ദാസ്…

……………………………………………………………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *