മുസ്ലീം വിരുദ്ധ പരാമര്‍ശം, ഇടഞ്ഞ് ന്യൂനപക്ഷ മോര്‍ച്ച, പുറത്താക്കി ബി ജെ പി

Thamasoma News Desk

ഭാരതീയ ജനതാപാര്‍ട്ടി എന്ന ബി ജെ പി യുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്നത് മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകൊണ്ടാവില്ല, മറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകൊണ്ടാവും അത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിനിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച (BJP Minority Morcha) ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനിയാണ്. എന്നാല്‍, വര്‍ഗ്ഗീയ പാരാമര്‍ശം തിരുത്തുന്നതിനു പകരം ഘാനിയെ പുറത്താക്കിയാണ് ബി ജെ പി ആ പ്രശ്‌നം പരിഹരിച്ചത്. അതായത്, ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങളും ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങളും തുടരുമെന്നര്‍ത്ഥം.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍, ജനങ്ങളുടെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്കു നല്‍കുമെന്നായിരുന്നു രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി അദ്ദേഹം ആരോപിച്ചു. ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും കടുത്ത വിയോജിപ്പാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, മോദിയുടെ ഈ പരാമര്‍ശം മൂലം രാജസ്ഥാനിലെ 25 ലോക്സഭാ സീറ്റുകളില്‍ മൂന്ന് നാല് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ന്യൂഡല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ ഘാനി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങളെയും അദ്ദേഹം അപലപിച്ചു. താനൊരു മുസ്ലീമായതിനാല്‍, പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ നിരാശനാണെന്നായിരുന്നു ഘാനി പറഞ്ഞത്. ബി.ജെ.പിക്ക് വേണ്ടി താന്‍ മുസ്ലീങ്ങളോട് വോട്ട് ചോദിക്കുമ്പോള്‍, പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങള്‍ സംസാരിക്കുമെന്നും അതിന് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിയോട് ജാട്ട് സമുദായത്തിന് അമര്‍ഷമുണ്ടെന്നും ചുരു ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അവര്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നതിന്റെ പേരില്‍ പാര്‍ട്ടി തനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ഭയപ്പെടുന്നില്ലെന്നും ഘാനി പറഞ്ഞിരുന്നു.

ഘാനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം, മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉസ്മാന്‍ ഘാനി ശ്രമിച്ചതായി ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ലഖാവത് പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഉസ്മാന്‍ ഘാനിയുടെ നടപടി പാര്‍ട്ടി മനസ്സിലാക്കുകയും അച്ചടക്ക ലംഘനമായി കണക്കാക്കി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുകയും ചെയ്തു,” ലഖാവത് പ്രസ്താവനയില്‍ പറഞ്ഞു.

ബിക്കാനീര്‍ ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

…………………………………………………………………………

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

……………………………………………………………………………….

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *