Thamasoma News Desk
പുഞ്ചിരിമട്ടത്തിന്റെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ആ ചിത്രങ്ങള്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ നിന്നും നീക്കം ചെയ്തു. ഇനിയാ ഓര്‍മ്മകള്‍ പോലും തന്നെ കണ്ണീരണിയിക്കുമെന്ന് അദ്ദേഹത്തിനറിയാം (wayanad landslide). തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് കല്ലിങ്കല്‍ എന്ന 18 കാരന്‍ തന്റെ ഗ്രാമമായ പുഞ്ചിരിമട്ടത്തിന്റെ പച്ചപ്പും വെള്ളച്ചാട്ടങ്ങളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. നാട്ടിലായിരിക്കുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ചെയ്തിരുന്നതും അതുതന്നെയാണ്. തന്റെ നാടിനെയും അതിന്റെ മനോഹാരിതയെയും അത്രമേല്‍ അദ്ദേഹം നെഞ്ചോടു ചേര്‍ത്തിരുന്നു. എന്നാലിന്ന്, തന്റെ കുടുംബത്തിലെ എല്ലാവരെയും ഉരുള്‍ വിഴുങ്ങിയതോടെ ആ ഓര്‍മ്മകള്‍ക്കു പോലും കണ്ണീരിന്റെ നനവാണ്.
മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ആ ഓര്‍മ്മകളെയെല്ലാം ഫോണില്‍ നിന്നും മായിച്ചു കളയുകയാണദ്ദേഹം. കാരണം ആ വീഡിയോകളും ചിത്രങ്ങളുമുണര്‍ത്തുന്ന വേദനകള്‍ അദ്ദേഹത്തിനു താങ്ങാവുന്നതിലും അപ്പുറമാണ്.
രണ്ടുദിവസം തോരാതെ പെയ്ത മഴയ്‌ക്കൊടുവില്‍, ജൂലൈ 30 ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിക്കും രണ്ടിനുമിടയിലാണ് ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടാകുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, മേപ്പാടി എന്നീ ഇടങ്ങളില്‍ കനത്ത വിനാശമാണ് വിതച്ചത്. കേരളം കണ്ടതില്‍വച്ചേറ്റവും വലിയ ഈ ദുരന്തത്തില്‍ അഭിജിത്തിന്റെ ഗ്രാമം നിലംപൊത്തി. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും മുത്തശ്ശിയും അമ്മാവനും അമ്മായിയും കസിനും നാല് അയല്‍വാസികളും ആ ഉരുളില്‍ ഒലിച്ചു പോയി. ആ ദിവസം വീട്ടിലുണ്ടായിരുന്ന 12 പേരും മരിച്ചു. അച്ഛന്റെയും സഹോദരിയുടേയും അമ്മാവന്റെയും അമ്മായിയുടെയും മൃതദേഹങ്ങള്‍ കിട്ടി. പക്ഷേ, അമ്മയെയും ഒരു സഹോദരനെയും മുത്തശ്ശിയെയും ഒരു ബന്ധുവിനെയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. പഠനത്തിനായി തിരുവനന്തപുരത്തായതിനാല്‍ മാത്രമാണ് അഭിജിത്ത് രക്ഷപ്പെട്ടത്.
തങ്ങളുടെ വീട് ഉയര്‍ന്ന സ്ഥലത്തായതിനാല്‍ സുരക്ഷിതമായിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ കുത്തിയൊലിച്ചെത്തിയ ഉരുളില്‍ വീടു നിന്ന സ്ഥലം പോലും അപ്രത്യക്ഷമായി. ചൂരല്‍മലയില്‍ ബന്ധുവിനെ കാണാനെത്തിയ ഒരു അമ്മായിയും അദ്ദേഹത്തിനു നഷ്ടമായി.
അമ്മാവന്‍ നാരായണന്റെ കുടുംബത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രണവ് മാത്രമാണ് ഏക ബന്ധുവായി ഇനി അഭിജിത്തിനു കൂടെയുള്ളത്. ‘നമ്മുടെ ഗ്രാമം വളരെ മനോഹരമായിരുന്നു. ഞാന്‍ ഒരുപാട് ചിത്രങ്ങള്‍ എടുത്തിരുന്നു. അവയില്‍ മിക്കതും ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എല്ലാം നഷ്ടപ്പെടുമ്പോള്‍ അവ സൂക്ഷിച്ചുവെച്ചിട്ട് എന്ത് പ്രയോജനം?’ അഭിജിത്ത് ചോദിക്കുന്നു. മൊബൈലില്‍ നിന്നും ചിത്രങ്ങള്‍ മായിച്ചു കളഞ്ഞാലും മുറിപ്പാടുകള്‍ ഉണങ്ങാതെ ശേഷിക്കും, ജീവിതാവസാനം വരെയും.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47