ഉള്ളൊഴുക്ക്: മലയാള സിനിമയിലേക്കു മടങ്ങിയെത്തുന്ന പെണ്‍കരുത്ത്

Ullozhuk: Female power returns to Malayalam cinema

Thamasoma News Desk

മലയാള സിനിമയില്‍ പെണ്‍കരുത്ത് എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി ‘ഉള്ളൊഴുക്ക് (Ullozhukku).’ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം എന്നിവ പൂര്‍ണ്ണമായും ആണ്‍സിനിമകളായിരുന്നു. കനി കുസൃതിയും ദിവ്യപ്രഭയും മലയാള സിനിമയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്നു നി്ന്ന ചോദ്യവും ഇതുതന്നെയായിരുന്നു.

എന്നാലിപ്പോള്‍ പെണ്‍കരുത്തു വിളിച്ചോതുന്ന നിരവധി സിനിമകളാണ് അണിനിരക്കുന്നത്. ഉര്‍വ്വശിയും പാര്‍വ്വതി തിരുവോത്തും അഭിനയ വിസ്മയം തീര്‍ത്ത ഉള്ളൊഴുക്ക്, റിമ കല്ലിങ്കല്‍ നായികയായ, സജിന്‍ ബാബുവിന്റെ ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’, അമല്‍ നീരദിന്റെ ബൊഗൈന്‍വില്ല എന്നിവയാണ് ഈ സിനിമകള്‍. പതിനൊന്ന് വര്‍ഷമായി അഭിനയ രംഗത്തു നിന്നും മാറി നിന്ന ജ്യോതിര്‍മയിയുടെ തിരിച്ചുവരവുകൂടിയാണ് ബൊഗൈല്‍ വില്ലയിലൂടെ സാധ്യമാകുന്നത്.

ജോളി ജോസഫ് കൊലക്കേസിനെ ആധാരമാക്കി നെറ്റ്ഫ്‌ളിക്‌സില്‍ ഇറങ്ങിയ കറി ആന്റ് സയനൈഡ് എന്ന ഡോക്യു സീരീസിന്റെ സംവധായകന്‍ തന്നെയാണ് ഉള്ളൊഴുക്ക് ഒരുക്കുന്നതും.

‘കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് മലയാള സിനിമയില്‍ കാര്യമായ യാതൊരു പ്രാധാന്യവും ലഭിച്ചിരുന്നില്ല. പുരുഷ സൗഹൃദങ്ങളും ബന്ധങ്ങളും കാണിക്കുന്ന നിരവധി സിനിമകള്‍ വന്‍വിജയമാകുകയും ചെയ്തിട്ടുണ്ട്. ഇതെത്തുടര്‍ന്ന് മലയാള സിനിമയില്‍ സ്ത്രീ എവിടെ എന്ന ചോദ്യങ്ങള്‍ സജീവമായി,’ മുതിര്‍ന്ന സിനിമ വിമര്‍ശകനായ ജി പി രാമചന്ദ്രന്‍ പറഞ്ഞു.

‘സ്ത്രീകള്‍ക്ക് ഒരുകാലത്തും സിനിമയില്‍ അവരര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. സ്ത്രീകള്‍ക്കു പ്രാധാന്യം ലഭിക്കുന്നതു തങ്ങള്‍ക്കു ഭീഷണിയാണെന്ന് പുരുഷന്മാര്‍ കരുതുന്നു. അമ്മയുടെ തെരഞ്ഞെടുപ്പിലും ഇതു വ്യക്തമാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. തങ്ങുടെ പ്രോജക്ടകളില്‍ നിന്നും സ്ത്രീകളെ അകറ്റി നിറുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്,’ ദീദി ദാമോദരന്‍ പറഞ്ഞു.

‘WCC (Women in Cinema Collective) നു ശേഷം രാഷ്ട്രീയപരമായ കണ്ണിലൂടെയാണ് എല്ലാവരും കാര്യങ്ങള്‍ നോക്കിക്കാണുന്നത്. അതിനാല്‍, വിവാദങ്ങള്‍ ഒഴിവാക്കാനായി പല സംവിധായകരും സ്ത്രീകഥാപാത്രങ്ങളെ ഒഴിവാക്കാന്‍ ആരംഭിച്ചു,’ ദീദി പറഞ്ഞു.

എന്നാല്‍ സ്ത്രീ കഥാപാത്രങ്ങളെ അവഗണിക്കുന്ന രീതി മലയാള സിനിമയില്‍ അടുത്തിടെ ഉണ്ടായതാണെന്നാണ് എഴുത്തുകാരി സി എസ് ചന്ദ്രികയുടെ അഭിപ്രായം. ജയഭാരതിയുടേയും ഷീലയുടേയും കാലഘട്ടത്തില്‍ പുരുഷ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യം അവര്‍ക്കും ലഭിച്ചിരുന്നതായി അവര്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഭ്രമയുഗം തുടങ്ങിയ സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ല എന്നത് പ്രേക്ഷകര്‍ നിരീക്ഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതു നല്ല കാര്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *