Zachariah & Jess Varkey
കൈകള്‍ ബന്ധിച്ചിരുന്നില്ല, തോക്കിന്‍ മുനയിലോ കത്തിമുനയിലോ ആയിരുന്നില്ല, കേരളത്തില്‍ നിന്നും ആയിരത്തിലേറെ കിലോമീറ്ററുകള്‍ക്കകലെ നിന്നും വന്നൊരു ഫോണ്‍ കോള്‍. അത് സ്വിച്ച് ഓഫ് ആക്കാന്‍ ആരുടേയും അനുവാദവും ആവശ്യമില്ല. ഫോണ്‍ ഓഫാക്കിയാലും അവര്‍ക്കു കൊല്ലാന്‍ സാധ്യമല്ല. എന്നിട്ടും പേടിച്ചുമുട്ടിടിച്ച് ലോഹയില്‍ ഒന്നും രണ്ടും സാധിച്ചു പോലും! ആ വീഡിയോ കോള്‍ ഡിസ്‌കണക്ട് ചെയ്തില്ല എന്നു പറയുമ്പോള്‍, മാര്‍ കൂറിലോസും (Mor Coorilose) പറ്റിക്കപ്പെട്ടോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ ഉണ്ട്. തട്ടിപ്പുകാരുടെ കഴിവിനെ വാഴ്ത്തുന്നവരുമുണ്ട്. പക്ഷേ, എത്രയൊക്കെ വെളുപ്പിക്കാനും പാവം ഇമേജ് ഉണ്ടാക്കാനും ഇദ്ദേഹം ശ്രമിച്ചാലും നടക്കില്ല. സഭയും ഇദ്ദേഹവും നടത്തിയ കള്ളത്തരം വെളിയില്‍ വരുമെന്നു പേടിച്ചു തന്നെയാണ് ആ തട്ടിപ്പുകാര്‍ക്ക് പണം കൊടുത്തത് എന്നു സംശയിക്കാന്‍ ഇക്കാരണങ്ങള്‍ ധാരാളമാണ്.
മുംബൈയിലിരുന്ന് ‘സി ബി ഐ’ വീഡിയോ കോളില്‍ വിളിക്കുന്നു, കേരളത്തിലിരുന്ന് അതിബുദ്ധിമാനായ ഒരു ബിഷപ്പ് പേടിച്ചു വിറക്കുന്നു. ബാത്ത്‌റൂമിലേക്കു പോയപ്പോള്‍പ്പോലും വീഡിയോ ഓഫ് ചെയ്യാന്‍ അനുവദിച്ചില്ലത്രെ! അത് ഓഫ് ചെയ്യാന്‍ അവരുടെ സമ്മതം എന്തിനായിരുന്നു? എന്തിനാണ് അവരോട് അനുമതി ചോദിച്ചത്? താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ബിഷപ്പ് ആണയിട്ടു പറയുന്നു. അങ്ങനെയെങ്കില്‍ അവരുടെ വിരട്ടലില്‍ പേടിച്ചതെന്തിന്? അവര്‍ അതിഭയങ്കരമായി പേടിപ്പിച്ചപ്പോള്‍ പേടിച്ചു വിറച്ചു പോലും! എന്തിന്? തെറ്റു ചെയ്തവന്‍ പേടിച്ചാല്‍പ്പോരെ? യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആണയിട്ടു പറയുന്ന ഒരാള്‍ പേടിച്ചതെന്തിന്? പണം അവരുടെ അക്കൗണ്ടിലേക്കു മാറ്റിയാല്‍ കേസ് അവസാനിക്കുമെങ്കില്‍ അങ്ങനെയാകട്ടെ എന്നു ചിന്തിച്ചത്രെ! ഇതെല്ലാം പറയുന്നത് ഡോക്ടറേറ്റ് നേടിയ, യാക്കോബായ സഭയുടെ തലപ്പത്തു നിന്നും സ്വയം ഇറങ്ങിപ്പോന്ന ഒരു വ്യക്തിയാണ്. കേള്‍ക്കുന്ന എല്ലാവരും മണ്ടന്മാരല്ല പിതാവേ.
വിശ്വാസികളില്‍ നിന്നു പിരിച്ചതും കള്ളത്തരത്തിലൂടെ നേടിയതുമായ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ നിരവധിയാണ് ഓരോ മതസ്ഥാപനങ്ങളുടേയും പക്കല്‍ കുമിഞ്ഞുകൂടിക്കിടക്കുന്നത്. യാക്കോബായ സഭയെന്നോ കത്തോലിക്ക സഭയെന്നോ നസ്രാണിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ ആള്‍ ദൈവമെന്നോ അതിനു വ്യത്യാസമില്ല. മതം ഏതായാലും അവര്‍ ഉണ്ടാക്കിയിട്ടുള്ള സ്വത്തുക്കള്‍ അനവധിയാണ്, അനധികൃതവുമാണ്.
വിശ്വാസമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക്. ഒരുരൂപയുടെ പോലും ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമില്ലാത്ത വമ്പന്‍ വ്യവസായമാണ് ഭക്തി. പണം നാനാവഴിക്കു നിന്നും ഒഴുകിയെത്തും. അതിനായി ഇടയ്ക്കിടയ്ക്ക് അത്ഭുതങ്ങളും രോഗശാന്തികളും മഹാത്ഭുതങ്ങളും ഉണ്ടാക്കിയെടുക്കും. പ്രതിമകളില്‍ നിന്നും രക്തമൊഴുകും. ഓസ്തി മാംസമായിത്തീരുന്ന അത്ഭുതങ്ങള്‍ സംഭവിക്കും. മഹാരോഗങ്ങള്‍ക്കു ശാന്തി നല്‍കിയതായി സാക്ഷ്യങ്ങളുണ്ടാകും. മരിച്ചവന്‍ ഉയിര്‍ത്തെഴുന്നേറ്റ എത്രയെത്ര കഥകളാണ് ഇവിടെ പ്രചരിക്കുന്നത്!
അപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ദൈവവും ഇത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാറില്ല. യഥാര്‍ത്ഥ രോഗം ബാധിച്ചവര്‍ക്ക് രോഗത്തില്‍ നിന്നും മുക്തി നല്‍കാനും ഒരു ദൈവവുമില്ല. എല്ലാറ്റിനും ബുദ്ധിമാന്ദ്യം സംഭവിച്ച വിശ്വാസികള്‍ക്കു ന്യായീകരണമുണ്ട്. വിശ്വസിക്കാത്തവന് ദൈവം ഒന്നും ചെയ്യില്ലത്രെ!. പാടിപ്പുകഴ്ത്തിയില്ലെങ്കില്‍ രക്ഷിക്കില്ലെന്നു പറയുന്നവരെ ദൈവമെന്നല്ല വിളിക്കേണ്ടത്.
മനുഷ്യരുടെ ദുരിതജീവിതത്തിനും കഷ്ടപ്പാടിനും അറുതി വരുത്താന്‍ മതസ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ നടക്കും. അവരുടെ സ്ഥാപനങ്ങളില്‍ കുമിഞ്ഞുകൂടിയ സ്വത്തുക്കളുടെ ചെറിയൊരു വിഹിതം മാത്രം മതിയാകും അതിന്. പക്ഷേ, സുഖജീവിതം നയിക്കുന്ന മതനേതാക്കള്‍ അതിനു തയ്യാറാവില്ല. അധികാരം, സമ്പത്ത്, സ്ഥാനമാനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ പണം ആവശ്യമാണ്. ഇവരെയൊക്കെ താങ്ങാനായി നടക്കുന്ന വിശ്വാസികളും. വിദ്യാഭ്യാസം കിട്ടുമ്പോള്‍ വിശ്വാസമെന്ന കാപട്യത്തിന് കുറവുണ്ടാകുമെന്നു കരുതി. പക്ഷേ, വിദ്യാസമ്പന്നരായ വിഢികളുടെ എണ്ണം കൂടി, അത്രമാത്രം. സഹജീവികളോടു കരുണകാണിക്കാത്ത ഒരു മതത്തിനും ദൈവത്വം അവകാശപ്പെടാനാവില്ല. അവര്‍ വെറും ഷൈലോക്കുമാര്‍ മാത്രം. പരിശുദ്ധ കൂറിലോസ് പിതാവേ… അങ്ങയെ ആ ഗണത്തില്‍ കണ്ടിരുന്നില്ല. പക്ഷേ, ക്ഷമിക്കുക, ഇപ്പോള്‍ ഇങ്ങനെയേ കാണാന്‍ സാധിക്കുകയുള്ളു…
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47