സ്വയംഭോഗം പോലും ചെയ്യാതെ വെറുപ്പുവിതച്ചു ചത്തുതുലയുന്ന മതഭ്രാന്ത മനുഷ്യര്‍

(മൈത്രേയനുമായി തമസോമ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം)

പ്രപഞ്ചത്തില്‍ ജീവന്റെ ആദ്യകണിക പ്രത്യക്ഷപ്പെട്ട കാലം മുതല്‍ പുതിയ പുതിയ ജീവകണങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും വ്യത്യസ്ഥമായവ വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്ന നിരന്തര പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്.

ഏകദേശം 13.8 ബില്ല്യണ്‍ (1380 കോടി) വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ പ്രപഞ്ചം രൂപപ്പെടുന്നത്. സൂര്യനും ഭൂമിയും ഉണ്ടായിട്ട് 450 കോടി വര്‍ഷവുമായി. അതില്‍ ജീവനാരംഭിച്ചത് 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഏകദേശം 200 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണും പെണ്ണും ഇന്നു കാണുന്നതുപോലെ രണ്ടു വ്യത്യസ്ഥ ജീവികളായിരുന്നില്ല. ഒരു ജീവിയില്‍ത്തന്നെ ആണും പെണ്ണുമുണ്ടായിരുന്നു. പെണ്ണ് പെണ്ണായും ആണ് ആണായും രൂപപ്പെടുന്നത് അതിനു ശേഷമാണ്. ഭൂമിയില്‍ സങ്കീര്‍ണ്ണജീവികള്‍ ഉണ്ടായിട്ട് 55 കോടി വര്‍ഷങ്ങളായി. അതിനു ശേഷമാണ് നാം ഇന്നു കാണുന്ന തരത്തില്‍ ആണും പെണ്ണുമായി ഇത്രത്തോളം വേര്‍പിരിയുന്നത്.

ഭൂമിയില്‍ ആദ്യം രൂപപ്പെട്ടത് മതങ്ങള്‍ പറയുന്നതു പോലെ ആണല്ല. മറിച്ച് പെണ്‍വര്‍ഗ്ഗമാണ്. പെണ്ണില്‍ നിന്നുമാണ് ആണ് ഉരുത്തിരിഞ്ഞത്. അതായത് പെണ്ണില്‍ നിന്നും പൊട്ടി മുളച്ചതാണ് ആണുങ്ങള്‍ എന്നു സാരം. പക്ഷേ, മതങ്ങളും ദൈവങ്ങളും അവരുടെ പിണിയാളുകളും അതൊരിക്കലും സമ്മതിച്ചു തരില്ല. പരിണാമ സിദ്ധാന്തത്തെത്തന്നെ എതിര്‍ക്കുന്നവര്‍ക്ക് ഈ പ്രപഞ്ചസത്യങ്ങള്‍ എങ്ങനെ ദഹിക്കാനാണ്…!

ജീവന്റെ ആദ്യകണിക പ്രത്യക്ഷപ്പെട്ട നാള്‍മുതല്‍ വ്യത്യസ്ഥങ്ങളായ ജീവനുകള്‍ ഭൂമിയില്‍ ഉടലെടുത്തുകൊണ്ടിരുന്നു. പിന്നീട്, പെണ്ണും ആണുമായി വേര്‍പിരിഞ്ഞപ്പോള്‍ മുതല്‍ പ്രത്യക്ഷപ്പെട്ട ജീവജാലങ്ങള്‍ കൂടുതല്‍ വ്യത്യസ്ഥങ്ങളായി. ഒരു ജീവന്റെ തുടിപ്പില്‍ നിന്നും മറ്റൊരു ജീവന്റെ തുടിപ്പിലേക്കെത്തുമ്പോള്‍ വ്യത്യസ്ഥതകള്‍ ഏറിവന്നു. അങ്ങനെ കോടാനുകോടി വര്‍ഷങ്ങളിലൂടെ ജനിച്ചും മരിച്ചും തുടര്‍ന്നുപോരുന്ന ഒരു പ്രക്രിയയാണിത്. പരിണാമങ്ങള്‍ സംഭവിച്ചു സംഭവിച്ചാണ് ഇന്നുകാണുന്ന ജീവിവര്‍ഗ്ഗത്തിലേക്കു നാമെത്തിയത്. മറ്റൊരു ജീവിക്കു ജന്മമേകി മരിച്ചു പോകുക എന്ന കര്‍മ്മമാണ് ഓരോ ജീവജാലത്തിലും നിക്ഷിപ്തമായിരിക്കുന്നത്. അതായത്, ജീവിതത്തെ മനസിലാക്കുക എന്നത് വളരെ ലളിതമാണ് എന്നര്‍ത്ഥം.

ജീവനുള്ള എല്ലാറ്റിനും ഭക്ഷണം ആവശ്യമായതിനാല്‍ നിലവില്‍ ഭക്ഷണമാക്കാന്‍ പറ്റുന്നവയെ ആഹാരമാക്കിയാണ് ഓരോ സ്പീഷീസും ഇവിടെ ജീവിച്ചു മരിച്ചു മണ്‍മറഞ്ഞത്. ഈ ജീവോദ്ദേശം മനസിലാക്കാത്ത മന്ദബുദ്ധികളായ മതപുരോഹിതരും അവരെ അന്ധമായി പിന്തുണയ്ക്കുന്നവരും മനുഷ്യന്റെ ഭക്ഷണത്തില്‍പ്പോലും മതവിഷം കലര്‍ത്തുകയാണ്.

നെല്‍ച്ചെടികള്‍ കഷ്ടപ്പെട്ടു പരാഗണം നടത്തി നെല്ലുണ്ടാക്കുന്നത് മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും തിന്നാന്‍ വേണ്ടിയല്ല, മറിച്ച് ആ നെല്ലില്‍ നിന്നും കൂടുതല്‍ക്കൂടുതല്‍ നെല്‍ച്ചെടികള്‍ ജനിപ്പിക്കാന്‍ വേണ്ടിയാണ്. ഓരോ സസ്യങ്ങളും ജീവജാലങ്ങളും ഇവിടെ കിളിര്‍ക്കുകയും വളരുകയും നശിക്കുകയും ചെയ്യുന്നത് കൂടുതല്‍ മെച്ചപ്പെട്ട സ്പീഷീസിനു വേണ്ടിയാണ്. അടുത്ത തലമുറയുണ്ടാകുന്നതിനുവേണ്ടി സസ്യങ്ങള്‍ ജനിപ്പിച്ച ഫലങ്ങളും കായ്കളും കനികളുമെല്ലാം തിന്നൊടുക്കിയ മനുഷ്യന്‍ പറയുകയാണ്, മൃഗങ്ങളെ കൊന്നു തിന്നരുതെന്ന്. എന്തൊരു യുക്തിയാണത്…??

ഹിംസിക്കരുത് എന്ന തീരുമാനമെടുത്ത മനുഷ്യന്‍, യാതൊന്നിനെയും ഹിംസിക്കാന്‍ പാടില്ല. അത് സസ്യമായാലും സൂക്ഷ്മാണുക്കളായാലും മൃഗങ്ങളായാലും അങ്ങനെ തന്നെ ആയിരിക്കണം. പുല്ലു തിന്നുന്ന മൃഗങ്ങളും ആ മൃഗങ്ങളെത്തിന്നുന്ന മാംസഭുക്കായ മൃഗങ്ങളും ചേര്‍ന്നൊരു ലോകത്തിന്റെ ഭാഗമായ മനുഷ്യന്‍ പറയുന്നു, കൊന്നുതിന്നരുതെന്ന്. എന്തൊരു വിഢിത്തമാണിത്..?? സസ്യാഹാരമായാലും മാംസാഹാരമായാലും കഴിക്കുക എന്നത് ഏതെങ്കിലുമൊന്നിനെ ഹനിക്കാതെ സാധ്യമല്ല. അതിനാല്‍, മാംസാഹാരം കഴിക്കരുതെന്നു പറയുന്നവര്‍, ഈ പ്രകൃതിക്കു വേണ്ടി ഭക്ഷണവും വെള്ളവുമുപേക്ഷിച്ചു ജീവിക്കുകയാണ് വേണ്ടത്.

ജനനമരണങ്ങള്‍: ജീവന്റെ ആധാരം

കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനുവേണ്ടി, അടുത്ത തലമുറ ഇവിടെ ഉണ്ടായി വരുന്നതിനു വേണ്ടി മാത്രമാണ് ലൈംഗികത ഏറ്റവും ആസ്വാദ്യകരമായ ഒന്നായി മാറിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അത്രയേറെ സുഖം നല്‍കിയിരുന്നില്ലയെങ്കില്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ആരും മെനക്കെടില്ലായിരുന്നു. അങ്ങനെ ജീവന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാവുകയും ഈ ലോകം തന്നെ നശിച്ചു പോകുകയും ചെയ്യുമായിരുന്നു. അതിനാല്‍, ജീവന്റെയും ജീവിതത്തിന്റെയും ആധാരം ലൈംഗികതയും അതിലൂടെയുണ്ടാകുന്ന ജീവന്റെ പുതിയ തുടിപ്പുകളുമാണ്. ആ മഹത്തായ പ്രക്രിയയെയാണ് പാപമായിക്കണ്ട് ചില മതങ്ങള്‍ അയിത്തം കല്‍പ്പിച്ച് മാറ്റിനിറുത്തുന്നത്. പമ്പരവിഢിയായ മനുഷ്യര്‍ എന്നല്ലാതെ മറ്റെന്തുപേരിട്ടാണ് ഇവരെ വിളിക്കേണ്ടത്..??

മതപുരോഹിതരെന്ന ഭ്രാന്തമനുഷ്യര്‍

ലൈംഗികതയില്‍ നിന്നും അകന്നു നില്‍ക്കുന്നത് മഹത്തരമായ കാര്യമാണെന്നാണ് മതങ്ങളെല്ലാം പ്രത്യേകിച്ചും ക്രിസ്ത്യന്‍ മതങ്ങളും അതിന്റെ വക്താക്കളും പഠിപ്പിക്കുന്നത്. ബൈബിളിലും ഖുറാനിലും ഭഗവത്ഗീതയിലുമെല്ലാമുള്ള മതദൈവങ്ങളും അവരുടെ പിണിയാളുകളും ചേര്‍ന്ന് പറഞ്ഞുവച്ച പമ്പര വിഢിത്തം കേട്ടു ജീവിതം എരിച്ചു കളയുന്ന ഭ്രാന്ത മനുഷ്യരാണ് പുരോഹിതര്‍. പുരുഷന്‍ നിര്‍മ്മിക്കപ്പെട്ടതു തന്നെ അടുത്ത തലമുറയെ ജനിപ്പിക്കാന്‍ വേണ്ടിയാണ്. ആ മഹത്തായ ലക്ഷ്യത്തെക്കുറിച്ചു ബോധമില്ലാത്ത മനുഷ്യര്‍ സ്വന്തം ജന്മോദ്ദേശം പോലും മനസിലാക്കാതെ ലൈംഗികതയില്‍ നിന്നും അകന്നു നില്‍ക്കുന്നു. ജീവിതകാലമത്രയും ബ്രഹ്മചര്യവ്രതമെടുത്ത മനുഷ്യരാണ് ലോകത്തില്‍ ഏറ്റവുമധികം വീര്‍പ്പുമുട്ടി ജീവിക്കുന്നവര്‍. ആരോഗ്യമുള്ള ഒരു പുരുഷ ശരീരത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ത്വരയും സദാസമയം ഉണ്ടായിക്കൊണ്ടിരിക്കും. മരിച്ചു വീഴുന്ന സമയം വരെയും അവയെ അടക്കി ജീവിക്കുക എന്നതില്‍പ്പരം വലിയൊരു മാനസിക പീഡനവും ഈ ലോകത്തില്ല. സ്വന്തം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കോടിക്കണക്കായ ബീജങ്ങളെ സ്വയംഭോഗം ചെയ്തു പുറത്തു കളയാനുള്ള അവസരം പോലും സ്വയം നിഷേധിച്ചു ജീവിക്കുന്ന മനുഷ്യരെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്…??

സകല മനുഷ്യരെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തി ആര്‍ക്കും മുന്നോട്ടു പോകാന്‍ സാധിക്കുകയില്ല. ഒരാള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യം മറ്റൊരാള്‍ക്ക് നല്ലതായിക്കൊള്ളണമെന്നില്ല. സാമാന്യമായി ഉളള നിയമങ്ങള്‍ എന്താണോ അത് അനുസരിക്കാന്‍ ബാധസ്ഥരാണ് ഓരോ മനുഷ്യരും. ശരിയും തെറ്റും ഈ ലോകത്തില്ല, നമ്മളുണ്ടാക്കിയ അറേഞ്ച്മെന്റിലുള്ള ശരിയും തെറ്റും മാത്രമാണ് ഇവിടെയുള്ളത്. അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമാണ്.

നമ്മുടെ ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും എങ്ങനെയാണ് ഉണ്ടായത് എന്നതിനെക്കുറിച്ച് കുറച്ചെങ്കിലും അറിവ് മനുഷ്യര്‍ക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യ നിര്‍മ്മിതമായ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തില്‍ എത്രമാത്രമാണ് എന്നും നമുക്കു സാധിക്കുന്ന കാര്യങ്ങള്‍ എത്രമാത്രമാണ് എന്നും സാധിക്കാത്തവ എത്ര മാത്രമാണ് എന്നെല്ലാമുള്ള അറിവുണ്ടായിരിക്കണം. ഈ അറിവില്ലാത്ത മനുഷ്യരാണ് ഓരോ വിഢിത്തങ്ങള്‍ പറഞ്ഞ് മനുഷ്യരെ വഴി തെറ്റിക്കുന്നത്. സനാധന ധര്‍മ്മം എന്നോ നിത്യസത്യം എന്നതോ ഇല്ല. ഞാന്‍ നിത്യമായ സന്തോഷം അനുഭവിച്ചു കണ്ടിരിക്കുകയാണെന്ന് ചില വിവരംകെട്ട സന്യാസികള്‍ പറയാറുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ മരിക്കാതിരിക്കണം. നിത്യസത്യം അനുഭവിക്കുകയാണെന്നു പറയുകയും ചത്തുപോകുകയും ചെയ്യുന്നതിലെ യുക്തിയെന്താണ്…??

എല്ലാ മനുഷ്യരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ വേണ്ടി ക്ഷേത്രമുണ്ടാക്കിയ വ്യക്തിയാണ് ശ്രീനാരായണ ഗുരു. നമുക്ക് ജാതിയില്ല, മതമില്ല, അതിനാല്‍ എല്ലാ മനുഷ്യരും ഇവിടെ വരണമെന്ന് ക്ഷേത്രത്തിനു മുന്നില്‍ ഗുരു എഴുതിവയ്ക്കുകയും ചെയ്തു. പക്ഷേ, ഈഴവര്‍ ആ ക്ഷേത്രത്തിലേക്ക് മറ്റൊരാളെപ്പോലും വരാന്‍ സമ്മതിക്കാതെയായി. കയറാന്‍ പറ്റാത്തവര്‍ കരഞ്ഞുകൊണ്ടു പോയി. എല്ലാ മനുഷ്യരും ഒരിടത്ത് എത്തണമെങ്കില്‍ അവര്‍ക്കു പ്രയോജനമുള്ള കാര്യമായിരിക്കണം. ക്ഷേത്രത്തിനു പകരം ശ്രീനാരായണഗുരു ഉണ്ടാക്കിയത് കക്കൂസ് ആയിരുന്നെങ്കില്‍ എല്ലാവരും എത്തുമായിരുന്നു. ജാതിയോ മതമോ തൊലിയുടെ നിറമോ ഒന്നും നോക്കാതെ സകലരും എത്തുമായിരുന്നു. ആ തിരിച്ചറിവ് ഉണ്ടായപ്പോഴാണ് അദ്ദേഹം സ്‌കൂള്‍ പണിതത്. പക്ഷേ, ഈയൊരു തിരിച്ചറിവിലേക്ക് എത്തിയപ്പോഴേക്കും അദ്ദേഹത്തിനു വയസായിപ്പോയി, മറ്റൊന്നും ചെയ്യാന്‍ പറ്റാതെയുമായി.

ലോകം ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന ആഗ്രഹ ചിന്ത വച്ചിട്ടാണ് ഈ മനുഷ്യര്‍ മുഴുവനും ഓരോരോ കാര്യങ്ങള്‍ പറയുന്നത്. നമ്മുടെ ഇഷ്ടമനുസരിച്ചിട്ടോ നമ്മള്‍ വിചാരിക്കുന്നതു പോലെയോ ഉണ്ടായിട്ടുളള ഒന്നല്ല ഈ ലോകം. അതുകൊണ്ടാണ് ചെടി തിന്നുന്ന ആടും ആടിനെ തിന്നുന്ന കടുവയും എല്ലാറ്റിനെയും തിന്നുന്ന മനുഷ്യരുമുണ്ടായത്. ജീവിക്കാനുള്ള എളുപ്പവഴികള്‍ കണ്ടെത്തിയവരാണ് മനുഷ്യര്‍. മറ്റുള്ളവരെക്കൊണ്ടു പണിയെടുപ്പിച്ചു ജീവിക്കാന്‍ കഴിയുമെന്നു മനുഷ്യന്‍ കണ്ടുപിടിച്ചതുകൊണ്ടാണ് നമ്മളീ കാണുന്ന സമൂഹമുണ്ടായത്.

സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും നരകത്തില്‍പോകുമെന്നുമെല്ലാം രാജാക്കന്മാര്‍ പറഞ്ഞു പറ്റിച്ചതാണ് ഇവരെയെല്ലാം. സ്വയം ഭോഗം പോലും ചെയ്യാന്‍ കഴിയാതെ ചത്തുപോയവര്‍ എത്രയോ അധികമാണ്..? കുറെ വിഢികള്‍ പറഞ്ഞു പിടിപ്പിച്ച കഴുതത്തരങ്ങള്‍ അതേപടി അനുസരിച്ചതു കൊണ്ടുണ്ടായ മണ്ടത്തരത്തിന്റെ ഫലമാണിതെല്ലാം. ലോകത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ യാതൊന്നും അറിഞ്ഞുകൂടാത്തവരാണ് ദൈവങ്ങളെന്നു നാം വിളിക്കുന്നവരെല്ലാം.

ജീവിതമെന്നത് വളരെ ലളികമായ കാര്യമാണ്. നന്മ വരണമെന്ന് ആഗ്രഹിച്ചാല്‍ വല്ല നന്മയും വരുമോ…?? വിവരമില്ലാത്തതിനാല്‍ തലയില്‍ തോന്നുന്ന ഉത്തരങ്ങളാണ് ഇവര്‍ പറഞ്ഞു പഠിപ്പിക്കുന്നത്. നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലമാണ് ഇതെല്ലാമത്രെ…! ഈ ജന്മത്തില്‍ ചെയ്യുന്ന പാപത്തിന്റെ ഫലം വരുന്ന ജന്മത്തില്‍ അനുഭവിക്കുമെന്നും അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലും നരകത്തിലും പോയി അനുഭവിക്കുമെന്നും പറയുന്നത് വിവരമില്ലായ്മയുടെ ഫലമാണ്. ഇത്തരത്തിലുള്ള നിരവധി കഥകളുണ്ടാക്കി ജനങ്ങളെ പറഞ്ഞു പറ്റിച്ചിരിക്കുകയാണിവര്‍. ആധുനിക ശാസ്ത്രമറിയാത്ത ഒരുത്തനും ലോകത്തെക്കുറിച്ച് ഒരു വിവരവുമില്ല. യേശുക്രിസ്തുവിനോ ബുദ്ധനോ കൃഷ്ണനോ നബിക്കോ വിവരമുണ്ടെന്നു കരുതുന്നതാണ് ഏറ്റവും വലിയ വിവരക്കേട്. മനുഷ്യന് ആത്മാവുണ്ടെന്നും പരമാത്മാവില്‍ ചേരാനാണ് ജീവിതമെന്നും പറഞ്ഞ് ഭഗവത്ദഗീതയും ബൈബിളും ഖുറാനുമെല്ലാം എഴുതി വച്ചിരിക്കുകയാണ്.

വിവരമില്ലാത്ത കാര്യങ്ങളെപ്പറ്റി വലിയ ജ്ഞാനികളെപ്പോലെ ഈ ഗ്രന്ഥങ്ങളില്‍ ഓരോരുത്തര്‍ എഴുതിപ്പിടിപ്പിക്കും, ലോകത്തെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ടാണത്. കാലികമായ അറിവു നേടുകയാണ് ഓരോ മനുഷ്യരും ചെയ്യേണ്ടത്. ഇപ്പോള്‍ ഞാനീ പറയുന്ന കാര്യങ്ങള്‍ അടുത്ത 50 വര്‍ഷം കഴിയുമ്പോഴേക്കും നവീകരിച്ചു പുതിയ അറിവുകള്‍ വരും. പുതിയ പുതിയ അറിവുകള്‍ അനുനിമിഷം കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കണം. അല്ലാതെ, എല്ലാം അറിയുന്നവര്‍, അകംപൊരുളറിയുന്നവന്‍, സകലത്തിനും ആധാരം, സനാതന ധര്‍മ്മം എന്നിങ്ങനെ പറയുന്നത് പഴഞ്ചന്മാരുടെ ബുദ്ധിയില്ലായ്മയാണ്.

(മൈത്രേയനുമായി നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം നാളെ)

……………………………………………………………………….

Jess Varkey Thuruthel

Leave a Reply

Your email address will not be published. Required fields are marked *