നിയമ ലംഘകരെ വാഴ്ത്തിപ്പാടുമ്പോള്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥകള്‍

ജെസ് വര്‍ക്കി തുരുത്തേല്‍

ഇന്നലെ, തമസോമയില്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന് ലഭിച്ച മികച്ച പ്രതികരണങ്ങളാണ് വായനക്കാരില്‍ നിന്നും ലഭിച്ചത്. വാഹനാപകടങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന ഹമീദിന്റെ കുറിപ്പാണ് ചുവടെ കൊടുത്തിരിക്കുന്നത്.

മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആലപ്പുഴയിലെ ചെമ്മാട് എന്ന സ്ഥലത്ത് ഒരു അപകടമുണ്ടായി. നിയമം ലംഘിച്ച് മുന്നിലേക്കു പാഞ്ഞെത്തിയ ഒരു സൈക്കിള്‍ യാത്രക്കാരനെ രക്ഷിക്കുന്നതിനായി ഒരു കെ എസ് ആര്‍ ടി സി ബസ് വലത്തേക്കു വെട്ടിച്ചു. ചെന്നിടിച്ചത് ചകിരിയോ അതോ കയറോ കയറ്റിവന്ന ഒരു ലോറിയില്‍. ബോംബേയിലേക്കോ മറ്റോ ദീര്‍ഘദൂരം പോകാനുണ്ടായിരുന്ന ഒരു ലോറിയായിരുന്നു അത്. ആ അപകടത്തില്‍ 37 യാത്രക്കാരാണ് കത്തിയമര്‍ന്നത്! അപകടത്തിനു കാരണക്കാരനായ സൈക്കിള്‍ യാത്രക്കാരന് യാതൊന്നും സംഭവിച്ചില്ല. ഒരു നിയമവും അയാളെ തേടിയെത്തിയില്ല! അത്രയും പേരെ കൊന്നൊടുക്കിയതിനു കാരണക്കാരനായ അയാളെ ആരും പിടികൂടിയില്ല. അയാള്‍ക്കോ അയാളുടെ കുടുംബത്തിനോ യാതൊരു നഷ്ടവും സംഭവിച്ചില്ല. നഷ്ടപ്പെട്ടതെല്ലാം ആ അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പിന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രം!

ആ ബസും ലോറിയും അപ്പാടെ കത്തിയമര്‍ന്നു! ആ ലോറിയിലുണ്ടായിരുന്ന ചരക്കും കത്തിപ്പോയി. നിയമം ലംഘിച്ചെത്തുന്നവനെ രക്ഷപ്പെടുത്തുന്നത് എന്തിന്? അവന്‍/അവള്‍ എരിഞ്ഞു തീര്‍ന്നേ തീരൂ. മര്യാദയ്ക്ക്, നിയമങ്ങളെല്ലാം അനുസരിച്ച് വാഹനമോടിച്ചെത്തുന്നവരെ കൊലയ്ക്കു കൊടുക്കാനും തീരാ ദുരിതത്തിലാക്കുവാനും ഇതുപോലെ കുറെപ്പേര്‍ ഇറങ്ങും. ഒരു നിയമവും ഇവരെ തൊടില്ല. ഇനി അഥവാ തൊട്ടാല്‍, നിസ്സാര ശിക്ഷകളോടെ ഇവര്‍ രക്ഷപ്പെടും. ഇതേനിയമ ലംഘനങ്ങള്‍ ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ആലുവയില്‍, 2006 ലോ 2007 ലോ ആണെന്നു തോന്നുന്നു, പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച ശേഷം ദേശീയ പാതയിലേക്ക് അലക്ഷ്യമായി ഒരു ഇരുചക്രവാഹനമോടിച്ചു കയറ്റി. വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ ഒരു പാര്‍ട്ടിയുടെ കാറിന്റെ മുന്നിലേക്കാണ് ഇയാള്‍ ചെന്നു ചാടിയത്. ഇയാളെ രക്ഷിക്കാന്‍ കാര്‍ വെട്ടിച്ചു. നേരെ എതിര്‍വശത്തു കിടന്ന ഒരു ടാങ്കര്‍ ലോറിയില്‍ കാര്‍ ചെന്നിടിച്ചു. കാറും ടാങ്കറും നിന്നു കത്തി. കൂടെ കുറച്ചു മനുഷ്യരും. എന്തിനായിരുന്നു ഈ വലിയ ദുരന്തം? നിയമം പാലിക്കാന്‍ അശേഷം താല്‍പര്യമില്ലാത്ത, ഒരു നിയമ ലംഘകനെ രക്ഷിക്കാന്‍ വേണ്ടി നടത്തിയ ശ്രമം! ഈ കടുത്ത നിയമലംഘകരെയെല്ലാം എന്തിനാണ് രക്ഷപ്പെടുത്തുന്നത്? വീണ്ടും പലരുടേയും ജീവനെടുക്കാന്‍ വേണ്ടിയോ?

No one would have believed if it wasn’t caught on cam! Kerala boy on bicycle crashes into motorbike and narrowly escapes being run over by bus. Read full story,,,
Miracle Accident Kerala CCTV pic.twitter.com/xiGB5KxQvN

— Baala DMK oddanchatraM (@123Baalu) March 24, 2022

റോഡിലേക്ക് അലക്ഷ്യമായി സൈക്കിള്‍ ഓടിച്ചെത്തിയ കുട്ടിയുടെ വീഡിയോ നമ്മള്‍ കണ്ടത് ചങ്കിടിപ്പോടെയാണ്. ബൈക്കില്‍ ഇടിച്ചു തെറിച്ചു വീണ ബാലന്‍ പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസിന് അടിയില്‍പ്പെടാതെയും രക്ഷപ്പെട്ടു. കുട്ടിയായിരിക്കാം, പക്ഷേ ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കാണ് ഉത്തരവാദിത്വം.


നമ്മുടെ നാട്ടിലേതു പോലെ, നിയമം ലംഘിക്കുന്നവരെ വാഴ്ത്തിപ്പാടുന്ന മറ്റൊരു നാടുണ്ടോ? നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാനുള്ള ഒന്നാണ് റോഡുകള്‍ എന്ന് അറിയാത്തവരല്ല വാഹനമോടിക്കുന്നവര്‍. അതിനുള്ള പ്രായവും പക്വതയും ആയതിനു ശേഷം തന്നെയാണ് ലൈസന്‍സ് നല്‍കുന്നതും. പക്ഷേ, വാഹനമൊരെണ്ണം ഓടിക്കാന്‍ കിട്ടിയാല്‍ ഹാലിളകുകയാണ് പലര്‍ക്കും. പിന്നെ, നിയമങ്ങളൊന്നും അവര്‍ക്കു ബാധകമല്ല. സ്പീഡ് കുറഞ്ഞവയും കൂടിയവയും ഏതു ട്രാക്കിലൂടെയാണ് പോകേണ്ടതെന്ന് അറിയാത്തവരല്ല, പക്ഷേ, നിയമങ്ങള്‍ പാലിക്കില്ല എന്നുമാത്രം. ഇട റോഡുകളില്‍ നിന്നും പ്രധാന പാതയിലേക്കു പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ യാതൊന്നും പാലിക്കപ്പെടുന്നില്ല. വാഹനമുടമകള്‍ക്ക് സ്വന്തമായി ദേശീയ പാതകള്‍ പതിച്ചു കൊടുത്താലെന്ന പോലെയാണ് ചിലര്‍ വാഹനങ്ങള്‍ ഓടിക്കുന്നത്. വാഹനങ്ങളെ അമിത വേഗത്തില്‍ മറികടന്ന്, തൊട്ടു മുന്നിലെത്തി ഇടത്തോട്ടു വെട്ടിക്കുന്നവര്‍ എത്രയോ ആണ്.

റോഡില്‍ അഭ്യാസം കാണിക്കുന്നതും നിയമലംഘനങ്ങള്‍ നടത്തുന്നതും അമിതവേഗത്തില്‍ പായുന്നതുമെല്ലാം മഹത്തരമാണെന്നു കരുതുന്നവരാണ് പലരും. ഇ ജെറ്റ് ബുള്‍ പോലുള്ള നിയമഘാതകര്‍ക്ക് ഇവിടെ ആരാധകരുണ്ടായതും ഇത്തരം ചിന്താഗതിയില്‍ നിന്നാണ്. കുഞ്ഞുപ്രായം മുതല്‍ 15-20 വര്‍ഷത്തോളം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിട്ടും നിയമം പാലിക്കണമെന്നു പഠിക്കാതെ പുറത്തിറങ്ങുകയാണ് ഓരോ മനുഷ്യരും. യുവജനങ്ങള്‍ മാത്രമല്ല, പ്രായമായവര്‍ക്കു പോലുമില്ല നിയമം പാലിച്ചു വാഹനമോടിക്കണമെന്ന ചിന്താഗതി.

തമസോമ വീണ്ടുമൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. ഇവിടെ പിടിക്കപ്പെടേണ്ടവര്‍ സീറ്റ് ബെല്‍റ്റ് ഇല്ലാത്തവരോ ഹെല്‍മെറ്റ് ധരിക്കാത്തവരോ അല്ല. അത്തരക്കാര്‍ അപകടത്തിലാക്കുന്നത് സ്വന്തം ജീവനെയാണ്. അത് അവരുടെ കാര്യം. പക്ഷേ, നിയമം പാലിക്കാത്തവര്‍ അപടത്തിലാക്കുന്നത് നിരപരാധികളായ നിരവധി ജീവനുകളെയാണ്. അതിവിടെ അനുവദിച്ചു കൂടാ. കര്‍ശനമായി തടയുക തന്നെ വേണം.

അതേപോലെ തന്നെ പ്രധാനമാണ് അപകടങ്ങള്‍ക്കു കാരണഭൂതരായവര്‍. അലക്ഷ്യമായി, യാതൊന്നും ശ്രദ്ധിക്കാതെ റോഡിലേക്കിറങ്ങി വന്‍ ദുരന്തങ്ങള്‍ക്കു വഴിവച്ച ശേഷം കാണാമറയത്ത് ഒളിക്കുന്നവരെ പിടികൂടി ദുരന്തത്തിന്റെ മൊത്തം ഉത്തരവാദിത്വങ്ങളും ചുമത്തുക തന്നെ വേണം. വാഹനമോടിക്കുക എന്നത് ഒരു ഉത്തരവാദിത്വമാണ്. പൊതുവഴികള്‍ ഉപയോഗിക്കുന്നവര്‍ നിയമങ്ങള്‍ പാലിച്ചേ തീരൂ. നിയമലംഘകരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകേണ്ടത്.


കുത്തുകുഴിയില്‍ അപകടമുണ്ടാക്കിയ ആ സ്‌കൂട്ടര്‍ യാത്രികന്‍ എവിടെ?

……………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *