ജീവനോടെ മണ്ണിനടിയില്‍, കുലുക്കമില്ലാതെ കര്‍ണാടക

Arjun rescue operation

Thamasoma News Desk

മാലിന്യക്കടലായ ആമയിഴഞ്ചാന്‍ കനാലില്‍ കാണാതായ ജോയിക്കായി പ്രതീക്ഷയോടെ കേരളം രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂന്നു ദിവസമാണ്. വെള്ളത്തില്‍ ഒരാളെ കാണാതായാല്‍, ഏതാനും മിനിറ്റുകള്‍ മാത്രമേ ജീവനോടെയുണ്ടാവൂ എന്ന സത്യമറിയാമായിരുന്നിട്ടും പ്രതീക്ഷയായിരുന്നു. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ടെക്‌നോളജിയെയും ഉപയോഗപ്പെടുത്തി കേരളമതു ചെയ്തു.

കഴിഞ്ഞ നാലു ദിവസമായി മലയാളിയായ അര്‍ജ്ജുന്‍ അദ്ദേഹത്തിന്റെ ലോറിയോടൊപ്പം കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിനടിയില്‍ (landslide) ജീവനോടെ കാത്തിരിക്കുകയാണ്. രക്ഷാകരങ്ങള്‍ തങ്ങളെത്തേടിയെത്തുമെന്ന പ്രതീക്ഷയോടെ. പക്ഷേ, കുറെ ജീവനുകള്‍ മണ്ണിനടിയിലായിട്ടും കര്‍ണാടകയ്ക്കു കുലുക്കമില്ല. അര്‍ജ്ജുന്‍ ജീവനോടെ മടങ്ങിയെത്തുന്നതും പ്രതീക്ഷിച്ച് അവിടെ നിലയുറപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും.

ഈ നിമിഷം വരെ ഒരു ജെസിബിയും നാലഞ്ച് പോലീസുകാരും ഒരു ഫയര്‍ ഫോഴ്‌സിന്റെ വണ്ടിയും മാത്രമാണ് സംഭവസ്ഥലത്ത് ഉള്ളു എന്നാണ് മണ്ണിടിഞ്ഞ് അനേകം പേര് ഉള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്ന് കരുതപ്പെടുന്ന ദേശീയ പാതയ്ക്ക് സമീപം ഇത് വരെ എത്തിയിട്ടുള്ളത്. ഇന്ന് രാവിലേ വരെ അദ്ദേഹത്തിന്റെ ഫോണ്‍ റിങ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി വരെ ഉള്ളില്‍ കുടുങ്ങിയ ഭാരത് ബെന്‍സ് ലോറിയുടെ എഞ്ചിന്‍ ഓണ്‍ ആയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മിസ്സ്ഡ് കാള്‍ വന്നിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാന്‍ ആരെങ്കിലും വരുന്നതും കാത്ത് ജീവനോടെ അര്‍ജ്ജുന്‍ വണ്ടിയില്‍ തന്നെയുണ്ട് എന്നതാണ്.

എന്നിട്ടും രക്ഷാ പ്രവര്‍ത്തനത്തിന്റെയൊരു രീതി നോക്കുക. കേരളത്തില്‍ ഒരപകടമുണ്ടായപ്പോള്‍ ലോകത്തു സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ട് സംസ്ഥാനവും അധികാരികളും ജനതയും ഒരു മനുഷ്യന് വേണ്ടി തിരഞ്ഞു, കാത്തിരുന്നു. മനുഷ്യ ജീവന് ഓരോ സംസ്ഥാനവും കൊടുക്കുന്ന വിലയുടെ വ്യത്യാസം മനസിലാക്കാന്‍ ഇത് തന്നെ ധാരാളം. ഈ പ്രതിസന്ധിയും അതിജീവിക്കാന്‍ അര്‍ജ്ജുന് കഴിഞ്ഞെങ്കില്‍!

ഓരോ നിമിഷവും കേരളത്തെയും ഭരണസംവിധാനത്തെയും കുറ്റംപറയുന്നവര്‍ ഇതുകൂടി ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *