സൂപ്പര്‍ താരപദവി തകര്‍ന്നടിയുന്നത് ആരാധകര്‍ക്കു സഹിക്കുമോ?

Jess Varkey Thuruthel

‘ആ പതിനഞ്ചു പേരുടെ പേരു പറയൂ, ഞങ്ങള്‍ കൈകാര്യം ചെയ്യാം അവരെ.’ ഇതാണ് സമൂഹത്തില്‍ നിന്നുള്ള മുറവിളി. നടന്‍ തിലകനും വിനയനുമെല്ലാം ഏറ്റവുമധികം എതിര്‍ത്തിട്ടുള്ളത് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെയാണ് (Superstardom). ഇവര്‍ക്കെല്ലാം വേണ്ടി ഫാന്‍സുകള്‍ അരയും തലയും മുറുക്കി രംഗത്തു വന്നുകഴിഞ്ഞു. ആ 15 പേര്‍ ആരെല്ലാമെന്ന് പൊതുവേദിയില്‍ വന്നൊരു നടി പറഞ്ഞാല്‍ അവരെ കൈകാര്യം ചെയ്യുന്ന രീതി ഇതാണ്. ആരാണ് ഈ നടി, ഇവളൊക്കെ വല്ലവര്‍ക്കും കിടന്നു കൊടുത്തതിന് ഞങ്ങടെ ഏട്ടന്മാരെന്തിനു പഴി കേള്‍ക്കണം. തുണി അഴിക്കാന്‍ നിന്നിട്ടല്ലേ? വല്ല തൊഴിലുറപ്പു പണിക്കും പൊയ്ക്കൂടെ? അഭിനയിക്കണമെന്ന് ഇത്ര നിര്‍ബന്ധമെന്തിനാ? വേറെ എത്ര പണികളിരിക്കുന്നു. പൈസ കിട്ടുന്നതല്ലേ, വാങ്ങിച്ചിട്ടു മിണ്ടാതിരുന്നാല്‍പ്പോരെ?

വിവാഹം പോലും വേണ്ടെന്നു വച്ച് തന്റെ ജീവിതം താന്‍ സിനിമയ്ക്കും അമ്മ സംഘടനയ്ക്കുമായി ത്യജിച്ചു എന്നാണ് ഇടവേള ബാബു പല അഭിമുഖങ്ങളിലും പറയാറ്. അമ്മയില്‍ അംഗത്വത്തിന് ഒന്നര ലക്ഷമൊന്നും തരേണ്ടതില്ല, തനിക്കൊന്നു കിടന്നു തന്നാല്‍ മതിയെന്ന് പറഞ്ഞു എന്നു വെളിപ്പെടുത്തിയ ഒരുനടിയുടെ വാര്‍ത്തയ്ക്കു താഴെ വന്ന കമന്റുകള്‍ നോക്കുക. എത്ര നീചവും നികൃഷ്ടവുമായിട്ടാണ് പരാതിക്കാരുടെ വായടപ്പിക്കുന്നത് എന്നു നോക്കൂ. ഈ വയറും വച്ച് ഇടവേള ബാബു എന്തു ചെയ്യാമാണ് എന്നാണ് അതിലൊരു കമന്റടിക്കാരന്‍ പറഞ്ഞിരിക്കുന്നത്. അവസരം കിട്ടിയാല്‍ സ്വന്തം അമ്മയെവരെ ഉപയോഗിക്കാന്‍ മടിയില്ലാത്ത കുറെ ആണ്‍വര്‍ഗ്ഗങ്ങള്‍ അഴിഞ്ഞാടുന്ന കാഴ്ചയാണിവിടെ.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടനെ സംഘടനയില്‍ നി്ന്നും പുറത്താക്കണമെന്ന് അതിശക്തമായി ആവശ്യപ്പെട്ട നടി രമ്യ നമ്പീശനെ ഒതുക്കി മൂലയ്ക്കിരുത്തി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ അവര്‍ അഭിനയിച്ചത് വെറും നാലു സിനിമികളില്‍ മാത്രം. ഇക്കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനു താഴെയുള്ള കമന്റുകളില്‍ ചിലത് ഇങ്ങനെയാണ്, ഏതാണീ നടി? കഴിവുള്ളവര്‍ക്കല്ലേ അവസരം ലഭിക്കുക, സിനിമയില്ലെങ്കില്‍ വേറെ എന്തെങ്കിലും പണിക്കു പൊയ്ക്കൂടെ? എന്നിങ്ങനെ…

തങ്ങളുടെ വിഗ്രഹങ്ങളെ തൊടുന്നതു വരെ മാത്രമാണ് പ്രതിഷേധങ്ങള്‍. 15 പേരുടെ ആ പവര്‍ ഗ്രൂപ്പില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ മറ്റു പ്രമുഖ താരങ്ങളോ ഉണ്ടെന്നറിയുന്ന നിമിഷം മുതല്‍ പരാതി പറഞ്ഞവര്‍ക്കെതിരെ കടന്നല്‍ക്കൂട്ടം പോലെ ആരാധകരിളകും. അതിമ്ലേച്ഛമായ ഭാഷ കൊണ്ട് ഇവരെ നേരിടും. ഞങ്ങളുടെ സൂപ്പര്‍ താരം ഇങ്ങനെ ചെയ്യില്ല, ഇവളുമാര്‍ കിടന്നു കൊടുത്തിട്ടല്ലേ എന്ന നിലവിളികള്‍ പല ഭാഗത്തു നിന്നും മുഴങ്ങിക്കേള്‍ക്കും. സ്വന്തം തട്ടകത്തിലെ നെറികേടുകളെ എതിര്‍ക്കാന്‍ പോലും ശേഷിയില്ലാത്ത സൂപ്പര്‍ താരങ്ങള്‍ക്കു ക്ലീന്‍ ഇമേജ് നല്‍കാനും തമസോമ തയ്യാറല്ല.

മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ശബ്ദിക്കാന്‍ കുറച്ചു പാടാണ്. അതിനാല്‍ ആരാധകര്‍ ഒന്നടങ്കം മഞ്ജു വാര്യര്‍ക്കു നേരെ തിരിഞ്ഞിട്ടുണ്ട്. WCC എന്ന സംഘടനയില്‍ നിന്നും ഇറങ്ങിപ്പോന്നതിന്റെ പേരിലാണത്. അതായത്, ബലാത്സംഗമുള്‍പ്പടെയുള്ള നെറികേടുകള്‍ കാണിച്ചവരോട് യാതൊരു തരത്തിലുമുള്ള എതിര്‍പ്പില്ല. അവര്‍ പ്രമുഖരായതിനാല്‍ അവരെ പിണക്കാനും സാധിക്കില്ല. പിന്നെയുള്ള വഴി സ്ത്രീകള്‍ക്കു മേല്‍ തന്നെ കുതിര കയറുക എന്നതാണ്. പരാതി പറയുന്നവരുടെ വായടച്ചാല്‍ മതിയല്ലോ പ്രശ്‌നം അവസാനിക്കാന്‍ എന്ന നിലപാട്.

ബലാത്സംഗികള്‍ക്ക് വീരപരിവേഷം നല്‍കുന്നത് ആണും പെണ്ണും ചേര്‍ന്ന കേരള സമൂഹം തന്നെയാണ്. അവനു കഴിവുണ്ടായി, അവനുപയോഗിച്ചു എന്ന നിലപാട്. പുരുഷന്റെ ഇത്തരം കഴിവുകളെ അംഗീകരിക്കുന്ന വലിയൊരു ശതമാനം സ്ത്രീകളുണ്ട്. കുറ്റകൃത്യങ്ങളിലും കൂട്ടിക്കൊടുപ്പിലുമെല്ലാം പങ്കാളിത്തമുള്ള സ്ത്രീകള്‍.

വിഗ്രഹങ്ങള്‍ തകര്‍ന്നടിയാന്‍ ഇവരാരും അനുവദിക്കില്ല. എങ്കിലും, ഒറ്റപ്പെട്ടു പോയാലും ആക്രമിക്കപ്പെട്ടാലും പോരാടിയേ തീരൂ. അന്തസോടെ ആത്മാഭിമാനത്തോടെ സ്ത്രീകള്‍ക്കും തൊഴില്‍ ചെയ്യണം. അതിന് ഇത്തരക്കാരെ നിലയ്ക്കു നിറുത്തിയേ തീരൂ. പ്രതി സ്ഥാനത്ത് എത്ര വലിയവരായാലും നീതി നടപ്പാക്കിയേ തീരൂ.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *