പരാതികള്‍ കൃത്യവും വ്യക്തവുമല്ലെങ്കില്‍, ശുദ്ധീകരണം അസാധ്യം

Jess Varkey Thuruthel

സിനിമ മേഖലയിലെ (Film Industry) ക്രിമിനലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്തു കൊണ്ടുവരുവാനും മാത്രമല്ല സിനിമാ രംഗം ആരോഗ്യകരമായ ഒരു തൊഴിലിടമായി മാറ്റിയെടുക്കാന്‍ കൂടിയാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചത്. മറ്റു തൊഴിലിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സിനിമാ വ്യവസായത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്. ഒരാള്‍ക്കു നഷ്ടപ്പെടുന്ന അവസരം മറ്റൊരാളുടെ നേട്ടമാണ് എന്നതാണ് ഈ വ്യവസായത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ വ്യവസായത്തില്‍ അവസരം നിഷേധിക്കപ്പെട്ടാല്‍, ശക്തമായ മറ്റൊരു തൊഴിലിടമില്ല. മലയാള സിനിമയില്‍ ഇടം കിട്ടിയില്ലെങ്കില്‍ മറ്റു ഭാഷകളില്‍ ഭാഗ്യം പരീക്ഷിക്കാമെന്നു മാത്രം. അതല്ലാതെ, ഇത്രയും പ്രതിഫലവും പ്രശസ്തിയും നേടിക്കൊടുക്കുന്ന മറ്റൊരു തൊഴില്‍ മേഖലയില്ല അഭിനേതാക്കള്‍ക്ക്. അതിനാല്‍ത്തന്നെ പുകച്ചു ചാടിച്ചാല്‍ സിനിമ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കു മുന്നിലില്ല.

എന്നാല്‍, മറ്റു തൊഴിലിടങ്ങളിലെ സ്ഥിതി അങ്ങനെയല്ല. അവിടെ ഒരാളുടെ അവസരം മറ്റൊരാള്‍ തട്ടിയെടുക്കുന്നത് സിനിമാ മേഖലയിലെന്നപോലെ തീവ്രമല്ല. ഇനി തട്ടിയെടുത്താല്‍ തന്നെ, പുറത്ത് വേറെയും കമ്പനികളുണ്ട്. അവര്‍ക്ക് ജോലി തേടി എവിടേക്കു വേണമെങ്കിലും പോകാം. കേരളത്തിനകത്തോ പുറത്തോ വിദേശത്തോ എവിടെ വേണമെങ്കിലും. അതിനാല്‍ത്തന്നെ, ആഗ്രഹിച്ചു നേടിയെടുത്ത ഒരു തൊഴില്‍ മേഖല ഉപേക്ഷിക്കേണ്ടതായും വരുന്നില്ല.

കല പാഷനായി കൊണ്ടു നടക്കുന്ന നിരവധി പേരുണ്ട്. അതിനു വേണ്ടി ജീവന്‍ കളയാന്‍ പോലും തയ്യാറുള്ളവര്‍. അവരുടെ ശേഷിയും കഴിവും പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ വേദിയാണ് സിനിമ. എന്നാല്‍, പച്ചമാംസത്തിനായി കാത്തിരിക്കുന്ന കാപാലികര്‍ക്ക് ഇവര്‍ വെറും ഉപഭോഗവസ്തു മാത്രം. ആഗ്രഹിച്ച് ഈ മേഖലയിലേക്കു കടന്നു വരുന്നവരില്‍ തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ തുരത്തിയോടിക്കുന്ന വേട്ടമൃഗങ്ങള്‍.

ഈ വേട്ടമൃഗങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കി സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കിയാല്‍ മാത്രമേ ഈ രംഗം ശുദ്ധമാകുകയുള്ളു. എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു തൊഴിലിടമായി ഇതു മാറുകയുമുള്ളു. സിനിമാ മേഖലയിലെ എല്ലാവരും വേട്ടമൃഗങ്ങളല്ല. പക്ഷേ, ഈ തൊഴിലിടത്തില്‍ സ്വാര്‍ത്ഥതയ്ക്കാണ് പ്രമുഖ സ്ഥാനം. നടീനടന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും മാറ്റി നിറുത്തലുകളും ഉള്‍പ്പടെ എല്ലാം അറിയുന്നവര്‍ തന്നെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍. അറിയില്ല എന്ന് നിഷ്‌കളങ്കരാകുന്നവര്‍ തീര്‍ച്ചയായും അനീതി നടക്കുമ്പോള്‍ കേള്‍വിയും നഷ്ടപ്പെട്ടവരായിരിക്കണം. അനീതിയെ എതിര്‍ത്താല്‍ തങ്ങളും പുറത്താക്കപ്പെടുമെന്ന ഭയത്താല്‍ വായ് മൂടിക്കെട്ടിയവര്‍.

സിനിമയിലെ എല്ലാവരും ഇന്ന് സംശയ നിഴലിലാണ്. വലിയൊരു വ്യവസായമാണ് ഈ വിധം ആടിയുലഞ്ഞിരിക്കുന്നത്. സിനിമയുടെ വര്‍ണ്ണപ്രഭയില്‍ മയങ്ങി ഈയാംപാറ്റകളെപ്പോലെ പറന്നെത്തുന്നവരുണ്ട്. ചിലര്‍ ശാരീരിക സൗന്ദര്യമുള്ളവരായിരിക്കാം, പക്ഷേ, അഭിനയ ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലരാകട്ടെ ഇതു രണ്ടുമില്ലാത്തവര്‍. കഴിവുള്ളവരുമായി തട്ടിച്ചു നോക്കുമ്പോള്‍ പിന്നിലായിപ്പോകുന്നവര്‍. കഴിവില്ലാത്തവര്‍ക്കു ചിലപ്പോള്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ കിട്ടിയേക്കാം. പക്ഷേ, പ്രേക്ഷകര്‍ തള്ളിയാല്‍പ്പിന്നെ നിലനില്‍പ്പില്ല. അത്തരത്തില്‍ അവസരം നഷ്ടപ്പെട്ടവര്‍ സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടി ശരീരം കാഴ്ചവച്ചേക്കാം. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെയെല്ലാം കാരണം മാംസമല്ല എന്നു സാരം.

ഒരു വ്യക്തിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കുമ്പോള്‍, പരാതി പറയുന്നവരുടെ ഭാഗത്ത് ന്യായമുണ്ടായിരിക്കണം. വെറും വൈരാഗ്യത്തിന്റെ പുറത്തോ പകരം വീട്ടാനോ തേജോവധത്തിനോ വേണ്ടിയാകരുത് പരാതികള്‍. കള്ളപ്പരാതികള്‍ കൂടിയാല്‍ സിനിമാരംഗത്ത് ശുദ്ധീകരണം സാധ്യമല്ലാതെ വരും. മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന എല്ലാവരെയും അതിനനുവദിക്കുകയല്ല വേണ്ടത്. കൃത്യമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, പരാതി പറയുന്നവരുടെ വിശ്വാസ്യത കൂടി പരിശോധിച്ചതിനു ശേഷം വേണം പ്രേക്ഷകരുടെ മുന്നിലേക്ക് അവരെ ഇറക്കി നിറുത്താന്‍. അല്ലാത്ത പക്ഷം സിനിമാ വ്യവസായത്തില്‍ ആരോഗ്യകരമായ മാറ്റമുണ്ടാകുന്നതിനു പകരം തകര്‍ന്നടിയുകയാവും ഫലം.

പരാതി പറയുന്നവരില്‍ ചിലരെങ്കിലും പോലീസില്‍ പരാതി നല്‍കാനോ കേസുമായി മുന്നോട്ടു പോകാനോ തയ്യാറാകുന്നില്ല. എന്നു മാത്രമല്ല, പറയുന്നതില്‍ കൃത്യതയുമില്ല. ഇത്തരക്കാര്‍ മാധ്യമങ്ങളില്‍ പരാതിയുമായി എത്താതിരിക്കുകയാവും ഈ ഇന്‍ഡസ്ട്രിയുടെ ശുദ്ധീകരണത്തിന് നല്ലത്.

സിനിമയില്‍ നടനും സംവിധായകരും പ്രൊഡ്യൂസറും മാത്രമല്ല ഉള്ളത്. പോസ്റ്ററൊട്ടിക്കുന്നവര്‍ മുതല്‍ താഴെക്കിടയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നൊരു മേഖല കൂടിയാണത്. ആ മേഖല തകരരുത്. പക്ഷേ, ശുദ്ധികലശം കൂടിയേ തീരൂ. ക്രിമിനലുകള്‍ പുറത്താക്കപ്പെട്ടേ തീരൂ. അതിന് വ്യാജപരാതിക്കാരെ തിരിച്ചറിയുകയും മാറ്റി നിറുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. വാക്കുകളും വിവരണങ്ങളും കൃത്യവും വ്യക്തവുമായിരിക്കണം. ലൈംഗികാതിക്രമത്തിനും മറ്റും തെളിവുകള്‍ നല്‍കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അതും കൂടി ഉണ്ടായിരിക്കണം.

…………………………………………………………………………

In Short: The victims in film industry must file complaints on proper proofs and clarity. Hema committee report is also aimed to create a healthy atmosphere in Malayalam Cinema. Some are giving fake complaints, which will weaken the protest.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *