‘കരാട്ടെയില്‍ ഒളിംമ്പിക്‌സ് മെഡലാണ് ലക്ഷ്യം’: സോഷി ഹാന്‍ ജോയ് പോള്‍

Jess Varkey Thuruthel

മിഠായിയുടെ രൂപത്തില്‍പ്പോലും ലഹരി വസ്തുക്കള്‍ ലഭ്യമായ ഈ കാലഘട്ടത്തില്‍, ലഹരിയുടെ പടുകുഴിയിലേക്കു വലിച്ചിടാന്‍ ഉറ്റ സുഹൃത്തുക്കള്‍ ഉള്‍പ്പടെ പതിയിരിക്കുമ്പോള്‍, ആ കെണികളില്‍ വീഴാതിരിക്കാന്‍ മനസിന്റെയും ശരീരത്തിന്റെയും ശക്തിയും നിശ്ചയദാര്‍ഢ്യവും വര്‍ദ്ധിപ്പിക്കാനും ലഹരിയോടു ശക്തമായ നോ പറയാനും കരാട്ടെ പോലുള്ള മാര്‍ഷല്‍ ആര്‍ട്‌സുകളും സ്‌പോര്‍ട്‌സുകളും സഹായിക്കുമെന്ന് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ പൗലോസ് വി കെ പറഞ്ഞു. കോതമംഗലം റോട്ടറി ക്ലബില്‍, കരാട്ടെയുടെ സമ്മര്‍ വെക്കേഷന്‍ ക്യാമ്പിന്റെ സമാപനം കുറിച്ചുകൊണ്ടു സംഘടിപ്പിച്ച, ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുകവലിയുടേയോ മദ്യത്തിന്റെയോ മറ്റു ലഹരിയുടേയോ പിന്നാലെ ആദ്യമായി പോയത് എങ്ങനെയെന്ന് ഏതൊരാളോടു ചോദിച്ചാലും അവര്‍ക്കു പറയാനുണ്ടാകും, അവരുടെ ധൈര്യം പരീക്ഷിക്കാനായി ശ്രമിച്ച ഒരു സുഹൃത്തിനെക്കുറിച്ച്. മദ്യപിക്കാത്തവന്‍ ഭീരുവാണെന്ന അധിക്ഷേപം കേട്ട്, സൗഹൃദ ബന്ധം തകരാതിരിക്കാന്‍ സ്വീകരിച്ച വഴി തെറ്റിപ്പോയി എന്നു മനസിലാകുന്നത് തിരിച്ച് കയറാനാകാത്ത പടുകുഴിയില്‍ വീഴുമ്പോഴാണ്. ലഹരി ഉപയോഗിച്ചാല്‍ നിനക്കു ധൈര്യമുണ്ടെന്നു ഞങ്ങള്‍ സമ്മതിച്ചു തരാമെന്നുള്ള പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് പലരെയും ലഹരിയിലേക്കു വീഴിക്കുന്നത്. കൂടുതല്‍ ലഹരി കിട്ടുവാനായി ഓരോ ദിവസവും ഉപയോഗിക്കുന്ന സാധനത്തിന്റെ അളവു കൂട്ടേണ്ടി വരും, അല്ലെങ്കില്‍ കൂടുതല്‍ വീര്യമുള്ള വസ്തു ഉപയോഗിക്കേണ്ടി വരും. അങ്ങനെയങ്ങനെ, തിരിച്ചു കയറാനാകാത്ത വിധം ലഹരിക്ക് അടിമയായി ജീവിതം തകര്‍ത്തെറിഞ്ഞവര്‍ നിരവധിയാണ്. മദ്യപിക്കാനല്ല, മറിച്ച് മദ്യം വേണ്ടെന്നു പറയാനാണ് അസാമാന്യ ധൈര്യം വേണ്ടത്. എന്റെ സൂര്യനെ മറയ്ക്കാതെ മാറിനില്‍ക്കെന്നു പറയാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും കഴിയണം. അതിനു വേണ്ടത് ഉറച്ചൊരു മനസാണ്. അതു നേടിയെടുക്കാന്‍ കരാട്ടെ പോലുള്ള ആയോധ കലയ്ക്കു സാധിക്കും,’ പൗലോസ് കൂട്ടിച്ചേര്‍ത്തു.

‘കായികക്ഷമതയുടെ കാര്യത്തില്‍ നമ്മുടെ കുട്ടികള്‍ മികച്ചവരാണ്. ദേശീയ തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും മികച്ചു നില്‍ക്കുന്നവര്‍ തന്നെയാണ് നമ്മുടെ കുട്ടികള്‍. സ്‌കൂള്‍ തലത്തിലും കോളജ് തലത്തിലും മികച്ച സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അഡ്മിഷന്‍ കിട്ടാന്‍ മാത്രമല്ല, നല്ല ജോലി നേടിയെടുക്കാനും ഈ കരാട്ടെ പഠനം സഹായിക്കും. കരാട്ടെയില്‍ ഇന്ത്യയ്‌ക്കൊരു ഒളിംമ്പിക്‌സ് മെഡലാണ് എന്റെ ലക്ഷ്യം. എന്റെ പ്രവര്‍ത്തനങ്ങളത്രയും നമ്മുടെ കുട്ടികളെ ഒളിംമ്പിക്‌സ് മെഡലെന്ന ലക്ഷ്യത്തിലേക്കു വളര്‍ത്തിക്കൊണ്ടു വരിക എന്നതാണ്. മനസില്‍ വ്യക്തമായ ലക്ഷ്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി വളര്‍ന്നു വരുന്ന ഒരു കുട്ടിയും വഴിതെറ്റിപ്പോകില്ല, ചീത്ത കൂട്ടുകെട്ടിലേക്കോ തെറ്റുകളിലേക്കോ പോകില്ല. മറിച്ച് ഈ നാടിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ അവര്‍ ഓരോരുത്തരും വളര്‍ന്നുവരും. അതു തന്നെയാണ് ഇതുപോലുള്ള സ്‌പോര്‍ട്‌സിന്റെയും മറ്റും ലക്ഷ്യം,’ സോഷി ഹാന്‍ ജോയ് പോള്‍ പറഞ്ഞു. തന്റെ ജീവിതമത്രയും കരാട്ടെയ്ക്കായി മാറ്റിവച്ച, റെഡ് ബെല്‍റ്റിന് ഒരു ചുവടു മാത്രം പിന്നില്‍ നില്‍ക്കുന്ന ജോയ് പോളിന്റെ കണ്ണുകളില്‍ തികഞ്ഞ ആത്മവിശ്വാസം.

കോതമംഗലം റോട്ടറി ക്ലബില്‍, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന കരാട്ടെ പരിശീലനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി, ബ്ലാക് ബെല്‍റ്റ് സ്വപ്‌നം കണ്ടു പരിശീലിച്ച്, ടെസ്റ്റില്‍ വിജയിച്ച ഒന്‍പതു പേര്‍ക്ക് ഈ ചടങ്ങില്‍ ബ്ലാക് ബെല്‍റ്റ് സമ്മാനിക്കുകയുണ്ടായി. സമ്മര്‍ വെക്കേഷന്‍ കരാട്ടെ പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് കോതമംഗലം എസ് ഐ സുരേഷ് കുമാര്‍ മെഡലുകള്‍ നല്‍കി. രണ്ടു മാസക്കാലയളവില്‍, കുട്ടികള്‍ക്ക് എത്രത്തോളം പാഠങ്ങള്‍ പഠിക്കാനായി എന്നു വിലയിരുത്തുന്നതിനായി ക്വിസ് മത്സരങ്ങളും നടത്തുകയുണ്ടായി.

വിവാഹത്തെത്തുടര്‍ന്ന് കരാട്ടെ പരിശീലനം അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും, പിന്നീട്, കുട്ടികള്‍ മുതിര്‍ന്ന ശേഷം തിരിച്ചെത്തിയ ജയ സതീഷാണ് (ബ്ലാക് ബെല്‍ട്ട് -3rd degree) റോട്ടറി ക്ലബില്‍ കരാട്ടെ പരിശീലനത്തിനു നേതൃത്വം നല്‍കിയവരില്‍ പ്രധാനി. തന്റെ ഭര്‍ത്താവും മക്കളും പരിപൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നതു കൊണ്ടാണ് തനിക്ക് കരാട്ടെയിലേക്കു തിരിച്ചെത്താന്‍ സാധിച്ചതെന്ന് ചടങ്ങില്‍ സംസാരിക്കവെ ജയ വ്യക്തമാക്കി. റോട്ടറി ക്ലബ് പ്രസിഡന്റ് സോണി തോമസ്, റോട്ടറി കരാട്ടെ ക്ലബ് പ്രസിഡന്റ് കെ ഐ ജേക്കബ്, കോതമംഗലം പ്രസ്‌ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി, സെന്‍സായ് റെനി, സോഫിയ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *