കണ്ണംപടിയിലെ ബലാത്സംഗികളെ വെള്ളപൂശിയെടുത്തത് ആരെല്ലാം ചേര്‍ന്ന്?


Jess Varkey Thuruthel & Zachariah

ഇടുക്കി ഉപ്പുതറ കണ്ണംപടി ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍ വിനീത് എന്ന ചെറുപ്പക്കാരന്‍ ഈയിടെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഉപ്പുതറ പോലീസും കണ്ണംപടി സ്വദേശിയായ ഒരു സ്ത്രീയും അവരുടെ മകളും ചേര്‍ന്ന് നിരപരാധിയായ തന്നെ പോക്‌സോ കേസില്‍ കുടുക്കിയെന്നും തത്ഫലമായി തനിക്ക് 98 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു എന്നും ഒടുവില്‍ കോടതി തന്റെ നിരപരാധിത്വം അംഗീകരിച്ചിരിക്കുന്നു എന്നുമായിരുന്നു അയാള്‍ അന്നു വെളിപ്പെടുത്തിയത്. വിനീതിന്റെ വക്കീല്‍ തന്റെ കക്ഷിയെ വിശേഷിപ്പിച്ചതാകട്ടെ, പഞ്ചപ്പാവമെന്നായിരുന്നു! നിരപരാധിയായി ജയിലില്‍ കിടന്നിട്ടും പ്രത്യുപകാരമായി സര്‍ക്കാര്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞിട്ടും സ്വീകരിക്കാത്തത്ര പഞ്ചപ്പാവം!! കൊള്ളാം വക്കീലേ, കേവലം 14 വയസു മാത്രം പ്രായമുള്ള, പഠിക്കാന്‍ മിടുക്കിയായ ഒരു പെണ്‍കുട്ടിയെ, അവളുടെ ദുരിതപൂര്‍ണ്ണമായ സാഹചര്യത്തെ ചൂഷണം ചെയ്ത്, നിരവധി തവണ ബലാത്സംഗം ചെയ്ത വിനീതിനെ താങ്കള്‍ യാതൊരു പോറലുമേല്‍ക്കാതെ കോടതിയില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നു! അവളുടെ മൊഴിയുടെ കൂടി ആനുകൂല്യത്തില്‍ കേസില്‍ നിന്നും രക്ഷപ്പെട്ട ശേഷം അവള്‍ ബാലവേശ്യയാണ് എന്ന് വിനീത് പ്രചാരണവും തുടങ്ങി! മാധ്യമങ്ങളായ മാധ്യമങ്ങളെയെല്ലാം അയാള്‍ ഇക്കാര്യം അറിയിച്ചു. നിരപരാധിയായ ഒരു ചെറുപ്പക്കാരനൈ കരുതിക്കൂട്ടി പോക്‌സോ കേസില്‍ കുടുക്കിയെന്നാരോപിച്ച് അവളുടെ നേരെ ഈ സമൂഹം വിദ്വേഷപ്രചാരണമഴിച്ചുവിട്ടു.

അവളുടെ അന്തസിനെയും ആത്മാഭിമാനത്തെയും ഹനിച്ച വിനീതും വക്കീലും പിന്നെ പ്രമുഖനായ ആ രാഷ്ട്രീയ നേതാവും കളിച്ചത് വൃത്തികെട്ട നാണംകെട്ട കളിയായിരുന്നു. ആ പെണ്‍കുട്ടിയെ ദ്രോഹിച്ചവരും അവരെ രക്ഷപ്പെടുത്തിയെടുത്തവരും ശിക്ഷിക്കപ്പെടണം. ഞങ്ങള്‍ നടത്തുന്ന ഈ പോരാട്ടം കേരളത്തിലെ നിസ്സഹായരും നിരാലംബരുമായ ഓരോ വ്യക്തികള്‍ക്കും വേണ്ടിയാണ്. ആരോരും ആശ്രയമില്ലാതെ, നീതി നിഷേധിക്കപ്പെട്ട ഓരോ നിസ്സഹായ ജന്മങ്ങള്‍ക്കും വേണ്ടിയാണ്.

കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കിയതിനു ശേഷം 2023 നവംബര്‍ 2 ല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍, പെണ്‍വാക്കിന്റെ ഇരയാണ് താനെന്ന് വെളിപ്പെടുത്തിക്കൊണ്ട് വിനീത് പറഞ്ഞ കാര്യങ്ങളിലെ വൈരുദ്ധ്യമാണ് ഈ കേസിനെക്കുറിച്ചു കൂടുതല്‍ അന്വേഷിക്കാന്‍ തമസോമയെ പ്രേരിപ്പിച്ചത്. അതിനു ശേഷം കണ്ണംപടിയിലും സമീപപ്രദേശങ്ങളിലും ഞങ്ങള്‍ നടത്തിയ നിരവധി സന്ദര്‍ശനങ്ങളുടേയും അന്വേഷണങ്ങളുടേയും ഭാഗമായി കണ്ടെത്തിയ വിവരങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

2019 ഒക്ടോബര്‍ 14 നാണ് ഉപ്പുതറ പോലീസ് വിനീതിനെ പിടികൂടുന്നത്. വീടുപണിയുടെ സാധനങ്ങള്‍ കയറ്റിയ ലോഡ് വണ്ടിയുമായി വന്ന വിനീതിനെ കാറില്‍ എത്തിയ അഞ്ചംഗ സംഘം വളകോടു വച്ച് തടഞ്ഞു നിറുത്തി. പേരും അച്ഛന്റെ പേരും ചോദിച്ചു, ഉത്തരം പറഞ്ഞപ്പോള്‍, ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ച് താഴെയിറക്കി, വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു, ഇതോടെ അങ്ങോട്ടുമിങ്ങോട്ടും വഴക്കുണ്ടായി. പ്രശ്‌നം വഷളായതോടെ, വണ്ടിയിലുണ്ടായിരുന്ന വിനീതിന്റെ കൂട്ടുകാര്‍ ഇടപെട്ടു. അതോടെ, വന്നവര്‍ പറഞ്ഞു, തങ്ങള്‍ ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍ നിന്നാണെന്ന്. കാര്യമെന്താണ് എന്നു ചോദിച്ചപ്പോള്‍, അതെല്ലാം അവിടെ ചെന്ന ശേഷം സംസാരിക്കാമെന്നു പറഞ്ഞു. നേരെ കൊണ്ടുപോയത് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ്. അവിടെ, ഈ പെണ്‍കുട്ടിയും അവളുടെ അമ്മയുമുണ്ടായിരുന്നു. ‘ഇയാളാണോ എന്നു ചോദിച്ചപ്പോള്‍ പെണ്ണും അമ്മയും പറഞ്ഞു, ഇയാള്‍ അല്ല എന്ന്. ആളു മാറിപ്പോയി എന്ന് അവര്‍ പറഞ്ഞു. സംഭവം എന്താണ് എന്നു ചോദിച്ചപ്പോഴാണ് പറയുന്നത്, ഈ പെണ്ണ് നാലു മാസം ഗര്‍ഭിണിയാണ്. അവള്‍ പറഞ്ഞത് നിന്റെ പേരാണ് എന്ന്. ഞാനങ്ങനെയൊരു തെറ്റു ചെയ്തിട്ടില്ല, രണ്ടു മാസം കഴിയുമ്പോള്‍ എന്റെ കല്യാണമാണ്. ഞാനല്ല എന്നു പെണ്ണും അവളുടെ അമ്മയും പറഞ്ഞതോടെ ഞാനവിടെ ബഹളമുണ്ടാക്കി. എന്റെ കൈയില്‍ വണ്ടിക്കൂലിക്കു പോലും പൈസയില്ല. ഞാന്‍ കൊണ്ടുവന്ന വണ്ടി കൂട്ടുകാര്‍ തിരിച്ചു കൊണ്ടുപോയി. ഒന്നുകില്‍ എന്നെ വീട്ടില്‍ കൊണ്ടുവിടണം. അല്ലെങ്കില്‍ എനിക്ക് വണ്ടിക്കൂലിക്കുള്ള പണം തരണം എന്നു പറഞ്ഞു. അതോടെ, എന്നോടു റോഡില്‍ ഇറങ്ങി നില്‍ക്കാന്‍ പറഞ്ഞു. ഞാനവിടെ നില്‍ക്കുമ്പോള്‍, പെണ്ണും പെണ്ണിന്റെ അമ്മയും പോലീസുകാരും കൂടി മാറി നിന്നു സംസാരിച്ചിട്ട് എന്റെ അടുത്തു വന്നു പറഞ്ഞു, പെണ്ണു സമ്മതിച്ചു നീയാണ് എന്ന്. പെണ്ണിനു 18 വയസാകുമ്പോള്‍ പെണ്ണിനെ കെട്ടാമെന്ന് സമ്മതിക്കാമെങ്കില്‍, പെണ്ണിനെയും കൊച്ചിനെയും ഏറ്റെടുക്കാമെങ്കില്‍ നിന്നെ വെറുതെ വിടാമെന്ന് പോലീസ് പറഞ്ഞു. ചെയ്യാത്ത കുറ്റം ഞാന്‍ ഏല്‍ക്കില്ല എന്നു പറഞ്ഞു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ തല്ലുമെന്നായി പോലീസ്. തല്ലിക്കൊന്നാലും ഏറ്റെടുക്കില്ല എന്നു ഞാനും പറഞ്ഞു. അതോടെ പോലീസ് എന്നെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.’

ഇതാണ് വിനീത് പറഞ്ഞ വാക്കുകള്‍. ഈ വെളിപ്പെടുത്തല്‍ തന്നെയാണ് അയാളെ സംശയിക്കാനും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും ഞങ്ങളെ പ്രേരിപ്പിച്ചത്. മഫ്തിയില്‍ വന്ന പോലീസ് വിനീതിനെ പിടികൂടുമ്പോള്‍, അയാള്‍ ഒറ്റയ്ക്കായിരുന്നില്ല, കൂടെ അയാളുടെ കൂട്ടുകാരുമുണ്ടായിരുന്നു. തങ്ങളെ തടഞ്ഞു നിറുത്തിയത് പോലീസ് ആണെന്നറിയാതെ ഇവര്‍ പോലീസുമായി വഴക്കുണ്ടാക്കി. അതിനു ശേഷം, വിനീതിനെ പോലീസ് കൊണ്ടുപോയി. ലോഡുവണ്ടിയുമായി കൂട്ടുകാരെല്ലാം പോയി എന്നു വിനീത് പറയുന്നു. കൂട്ടത്തിലൊരാളെ പോലീസ് പിടികൂടി കൊണ്ടുപോയി. കാരണമെന്താണ് എന്ന് പോലീസ് പറഞ്ഞിട്ടുമില്ല. എന്നിട്ടും കൂട്ടുകാരെന്നു പറയുന്ന ഒരാളുപോലും വിനീതിനെത്തേടി പോയില്ല. അയാള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചില്ല. എന്താണു സംഭവമെന്നും ആരും തിരക്കിയില്ല. ഇയാളല്ല എന്നു പെണ്‍കുട്ടിയും അമ്മയും പറഞ്ഞപ്പോള്‍ വിനീത് കൂട്ടുകാരെ ആരെയും വിളിച്ചു പറഞ്ഞില്ല, തന്നെ വന്നു കൊണ്ടുപോകാന്‍. പകരം പോലീസിനോടു വഴക്കിടുകയാണ് ചെയ്തത്. എന്തിന്? കൂട്ടത്തിലൊരുവനെ പോലീസ് കൊണ്ടുപോയിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കാതിരുന്നത് എന്ത്?

രണ്ടാമത്തെ സംശയം, ഒരു ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍, പെണ്‍കുട്ടിയുടെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന, സഹോദരന്റെ കൂട്ടുകാരനായ ഒരാളെ വിളിച്ചു വരുത്തിയപ്പോള്‍ പെണ്‍കുട്ടിയും അമ്മയും പറയുന്നു ഇയാളല്ല എന്ന്! ചിരപരിചിതനായ ഒരാളെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിയുമെന്നിരിക്കെ, എന്തിന് പെണ്‍കുട്ടിയും അമ്മയും ഇത്തരത്തില്‍ മൊഴി നല്‍കണം? വിനീതിന്റെ നമ്പര്‍ പോലീസിന് എവിടെ നിന്നും കിട്ടി? വിനീത് ഒരു രാഷ്ട്രീയ നേതാവല്ല, പൊതുപ്രവര്‍ത്തകനല്ല, ആ നാട്ടില്‍ പരക്കെ അറിയപ്പെടുന്ന ഒരാളുമല്ല. അപ്പോള്‍ വിനീതിന്റെ ഫോണ്‍ നമ്പര്‍ പോലീസിന് ആരു നല്‍കി?

ഡി എന്‍ എ റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടിയുടെ മൊഴിയുടേയും അടിസ്ഥാനത്തില്‍ വിനീതിനെ കോടതി വെറുതെ വിട്ടുവെങ്കില്‍, അതേ നീതിക്ക് അര്‍ഹനാണ് കേസിലെ മറ്റൊരു പ്രതിയായ പെണ്‍കുട്ടിയുടെ സഹോദരനും. പക്ഷേ, അയാള്‍ ഒന്നര വര്‍ഷമായി ജയിലിലാണ്. എന്തുകൊണ്ട് വിനീതിനു കിട്ടിയ അതേ നീതി അയാള്‍ക്കും ലഭിച്ചില്ല?

പെണ്‍കുട്ടിയെ താന്‍ കണ്ടിട്ടില്ലെന്നും ആ വീട്ടില്‍ പോയിട്ടേയില്ലെന്നും വിനീത് ആവര്‍ത്തിച്ചു പറയുന്നു. ഞങ്ങളുമായി നടത്തിയ സംഭാഷണത്തില്‍ മറ്റൊരു കാര്യം കൂടി വിനീത് പറഞ്ഞു. കേസില്‍, ഡി എന്‍ എ ഫലമനുസരിച്ച് പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ അച്ഛനായ ശ്രീധരനും പെണ്‍കുട്ടിയും അമ്മയും കൂടി ആ സ്ത്രീയുടെ വീടിന്റെ മുന്നില്‍ നില്‍ക്കുന്നത് താന്‍ റോഡിലൂടെ പോകുമ്പോള്‍ പലതവണ കണ്ടിട്ടുണ്ട് എന്നായിരുന്നു അത്. ഇക്കാര്യങ്ങള്‍ താന്‍ കൂട്ടുകാരോടു പറഞ്ഞുവെന്നും അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ശ്രീധരന്‍ തന്നെ ഈ കേസില്‍ പെടുത്തുകയായിരുന്നുവെന്നും വിനീത് പറഞ്ഞിരുന്നു. എന്നാല്‍, റോഡില്‍ നിന്നും നോക്കിയാല്‍ ആ പെണ്‍കുട്ടിയുടെ വീടു കാണാനാവില്ല. റോഡില്‍ നിന്നും താഴോട്ട് കുറെ ദൂരം ഇറങ്ങിച്ചെല്ലുമ്പോള്‍ കാണുന്നത് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരന്റെ വീടാണ്. അവിടെ നിന്നു നോക്കിയാല്‍പ്പോലും റോഡോ അതിലൂടെ സഞ്ചരിക്കുന്നവരെയോ കാണാനാവില്ല. ഈ വീടിനും താഴെയുള്ള വീട്ടിലാണ് പെണ്‍കുട്ടിയും അമ്മയും താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ശ്രീധരനെ പലപ്പോഴും താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍, അവളുടെ വീട്ടില്‍ താന്‍ പോകാറില്ലെന്നും അവളെ തനിക്ക് അത്ര പരിചയമില്ലെന്നും വിനീത് പറഞ്ഞത് പച്ചക്കള്ളമാണെന്ന് അതിലൂടെ മനസിലായി.

മകള്‍ക്ക് കലശലായ വയറുവേദനയെത്തുടര്‍ന്നാണ് 2023 ഒക്ടോബര്‍ 14 ന്, ആ അമ്മ അവളുമായി ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ആദ്യം ശ്രദ്ധിച്ചത് അവളുടെ ക്ഷീണിച്ച ശരീരവും തളര്‍ച്ചയും കണ്ണുകളിലെ രക്തക്കുറവുമായിരുന്നു. വയറുവേദനയ്ക്കായി കൊടുത്ത മരുന്നു കൊണ്ടും വേദന കുറയാതെ വന്നപ്പോള്‍ ഡോക്ടര്‍ക്കു സംശയമായി. അങ്ങനെയാണ് മൂത്രം പരിശോധിച്ചത്. അതോടെ, പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്നു കണ്ടെത്തി. കേവലം 14 വയസ് മാത്രമുള്ള 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവളന്ന്. ആദിവാസി പെണ്‍കുട്ടി. കേസ് പോക്‌സോ. ഡോക്ടര്‍ ഉടന്‍ തന്നെ ഉപ്പുതറ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ചോദ്യങ്ങളാരംഭിച്ചു.

അച്ഛനില്ലാത്തവള്‍. മക്കളെ വേണ്ടവിധം സംരക്ഷിക്കാന്‍ കഴിയാത്ത ഒരമ്മയുടെ മകള്‍. ആരും ആശ്രയമില്ലാത്തവള്‍. അതിനിടയില്‍ ഗര്‍ഭവും. പോലീസുമായി ഇടപെടേണ്ടി വന്നിട്ടുള്ള ആദ്യ സന്ദര്‍ഭം. അവള്‍ ഭയന്നിരിക്കണം, ആശ്രയവും പ്രതീക്ഷയുമറ്റിരിക്കണം. തന്നെ അതിക്രൂരമായി ഉപയോഗിച്ചവന്റെ പേരായിരിക്കണം അപ്പോള്‍ അവളുടെ നാവില്‍ ആദ്യമെത്തിയത്. ആ പേരുകാരന്‍ വിനീതായിരുന്നു.

ശക്തനായ ഒരു രാഷ്ട്രീയ നേതാവ് വിനീതിന്റെ മോചനത്തിനായി രാപ്പകല്‍ പ്രയത്‌നിച്ചിട്ടുണ്ടെന്നു ഞങ്ങള്‍ സംശയിക്കുന്നു. പതിമൂന്നുപേര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന്് ആ പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ 13 പേരില്‍ ഒരാള്‍ക്കു മാത്രമേ കുഞ്ഞിന്റെ അച്ഛനാകാന്‍ കഴിയുകയുള്ളു. ഡി എന്‍ എ റിസല്‍ട്ട് പ്രകാരം അതു ശ്രീധരനാണ്. എന്നുകരുതി ബാക്കി 12 പേര്‍ കുറ്റക്കാരല്ലാതാകുമോ? പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ അച്ഛന്‍ വിനീത് അല്ല എന്നു കരുതി അയാളെങ്ങനെയാണ് ഈ കേസില്‍ നിരപരാധിയാകുന്നത്? നിരാലംബയായ ഒരു പെണ്‍കുട്ടിയെ പലര്‍ ചേര്‍ന്ന് ഉപദ്രവിച്ച ശേഷം വലിച്ചെറിഞ്ഞവര്‍ ഇപ്പോഴും കണ്ണംപടിയില്‍ തലയുയര്‍ത്തിപ്പിടിച്ചു വിലസുന്നു. ആ പെണ്‍കുട്ടിയുടെ ദേഹത്തെ മാംസദാഹം തീര്‍ക്കാനായി ഉപയോഗിച്ച ഒരാള്‍ പോലും രക്ഷപ്പെട്ടു കൂടാ. ഇരയുടെ മൊഴിയെപ്പോലും സ്വാധീനിക്കാന്‍ ശേഷിയുള്ള, അന്വേഷണത്തിന്റെ ആരംഭത്തില്‍ തന്നെ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ ശേഷിയുള്ള, പോലീസിനെപ്പോലും നിയന്ത്രിക്കാന്‍ ശക്തിയുള്ളവര്‍ക്കു മുന്നില്‍ എത്രകാലം പിടിച്ചു നില്‍ക്കാന്‍ ആ പാവം പെണ്‍കുട്ടിക്കാവും? അവളുടെ കണ്ണുനീര്‍ വീണ മണ്ണില്‍, രക്ഷിക്കണേ എന്ന നിശബ്ദ നിലവിളികളുയര്‍ന്ന മണ്ണില്‍, ഒരു ദിവസമെങ്കിലും അവള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെങ്കില്‍ ആ അപരാധികളും അവരെ പൊതിഞ്ഞു സംരക്ഷിക്കുന്നവരും ശിക്ഷിക്കപ്പെട്ടേ മതിയാകൂ.


(ഈ കേസിന്റെ അന്വേഷണ പരമ്പരയുടെ ആദ്യഭാഗമാണിത്. ഇതിന്റെ രണ്ടാംഭാഗം നാളെ തമസോമയില്‍)


#Kannampadi #Upputhara #Police #POCSO #Vineeth #Fasttrackcourt #Kattappana #Sreedharan 


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *