ഈ പ്രചാരണം ഞങ്ങള്‍ക്കപമാനം: മൈഫീല്‍ഡ് റബ്ബേഴ്‌സ്

This campaign is a disgrace to us: Myfield Rubbers

ജെസ് വര്‍ക്കി തുരുത്തേല്‍

ഇടതുപക്ഷത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൊടി പിടിച്ചതു കാരണം മൈഫീല്‍ഡ് റബ്ബേഴ്‌സ് (MayField Rubbers) എന്ന ചെരിപ്പു കമ്പനി അടച്ചുപൂട്ടി എന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുകയാണ്. ഇടതുപക്ഷം വ്യവസായങ്ങള്‍ക്ക് എതിരാണെന്നും സമരം ചെയ്ത് പൂട്ടിക്കുകയാണെന്നുമുള്ള പ്രചാരണങ്ങളാണ് വ്യാപകമായി നടക്കുന്നത്. ഈ വിഷയത്തില്‍, തമസോമയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മൈഫീല്‍ഡ് ഉടമ മുഹമ്മദ് ഇബ്രാഹിം മനസു തുറക്കുന്നു.

‘സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു പ്രചാരണം ഞാനും കണ്ടു. ആ പ്രചാരണങ്ങള്‍ക്കു താഴെ ഞാനൊരു വിശദീകരണക്കുറിപ്പും എഴുതിയിരുന്നു. ഞങ്ങളുടെ കമ്പനി അടച്ചു പൂട്ടിയിട്ടില്ല. എറണാകുളത്ത് ഇപ്പോള്‍ മൂന്നു കമ്പനികള്‍ ഞങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള പ്രചാരണം കമ്പനിക്കു മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന ഞങ്ങളുടെ ജീവനക്കാര്‍ക്കും അപമാനകരമാണ്.’

‘കണ്ണൂര്‍ മാഹി സ്വദേശികളായ എന്റെ കുടുംബം എറണാകുളത്ത് താമസമാരംഭിച്ചത് 1960 കാലഘട്ടത്തിലാണ്. പിന്നീട്, 1964 ല്‍ എടത്തലയിലേക്കു താമസം മാറ്റി. ആ വര്‍ഷം തന്നെയാണ് എന്റെ വല്യുപ്പ സുബൈര്‍ ഹാജി മൈഫീല്‍ഡ് എന്ന കമ്പനി തുടങ്ങിയത്. അതിനു പ്രചോദനമായത് എടത്തലയില്‍ പണിത ഒരു പള്ളിയായിരുന്നു. ഇവിടുള്ള നാട്ടുകാര്‍ തന്നെയായിരുന്നു ആ പള്ളിയുടെ പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. അവരുടെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ആത്മസമര്‍പ്പണവും കണ്ടപ്പോള്‍ ഈ ആളുകള്‍ക്കായി ഇവിടെയൊരു കമ്പനി സ്ഥാപിക്കണമെന്ന ചിന്ത വല്യുപ്പയ്ക്ക് ഉണ്ടായി. പള്ളിക്കു സമീപമുള്ള സ്ഥലം തന്നെയാണ് അതിനായി തെരഞ്ഞെടുത്തത്. അങ്ങനെ, നാട്ടുകാരായ പണിക്കാരെ കൂടെകൂട്ടി കമ്പനിക്കു തുടക്കമിട്ടു.

ഇവിടുത്തെ നാട്ടുകാര്‍ക്ക് മൈഫീല്‍ഡ് എന്നത് ഒരു വികാരമായിരുന്നു. നാടിന്റെ എല്ലാമെല്ലാമായിരുന്നു ഈ കമ്പനി. ഭക്ഷണം സൗജന്യമായിട്ടാണ് കമ്പനി നല്‍കിയിരുന്നത്. ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ജീവനക്കാര്‍ ഇവിടെ കഴിഞ്ഞിരുന്നത്. ജോലി ചെയ്യുകയായിരുന്നില്ല, അവരിവിടെ ജീവിക്കുകയായിരുന്നു. ആഘോഷങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചു തന്നെയായിരുന്നു. തൊഴിലാളികളും അവരുടെ കുട്ടികളുമായി സന്തോഷകരമായ ഒരു ജീവിതം തന്നെയാണ് ഞങ്ങളിവിടെ നയിച്ചിരുന്നത്. അങ്ങനെ കമ്പനിയും ജനങ്ങളും തമ്മില്‍ നല്ലൊരു ബന്ധമായിരുന്നു നിലനിന്നിരുന്നത്. കമ്പനിയുടെ വരവോടെ ജനങ്ങളുടെ സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ടു. മികച്ചൊരു ജീവിതം നയിക്കാന്‍ അവര്‍ക്കു സാധിച്ചു. ഈ കമ്പനിയില്‍ ജോലി ചെയ്യുക എന്നത് ആളുകള്‍ക്കും വലിയ അഭിമാനമായിരുന്നു. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവിടെ ജോലി ചെയ്ത ഓരോ മനുഷ്യരുടേയും മനസില്‍ മൈഫീല്‍ഡ് ഒരു വികാരമാണ്.

എന്നിരുന്നാലും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കമ്പനിയില്‍ ചില പ്രശ്‌നങ്ങളുണ്ടായി. തൊഴിലാളി പ്രശ്‌നം മാത്രമായിരുന്നില്ല അത്. അങ്ങനെ ആ കമ്പനി ഞങ്ങള്‍ക്കു വില്‍ക്കേണ്ടി വന്നു. പക്ഷേ, പിന്നീട് എടത്തലയിലും കിന്‍ഫ്ര പാര്‍ക്കിലുമായി ഞങ്ങള്‍ മൂന്നു കമ്പനികള്‍ സ്ഥാപിച്ചു. അതു മൂന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മൈഫീല്‍ഡ് പൂട്ടിപ്പോയി എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്.

ഏതൊരു ബിസിനസിലുമെന്നതു പോലെ മൈഫീല്‍ഡിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും കമ്പനി ഇപ്പോള്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. ഇനിയും വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. തൊഴിലാളികളും ഞങ്ങളുമായി നിലനില്‍ക്കുന്ന ഊഷ്മളമായൊരു ബന്ധമുണ്ട്. അവരാണ് ഞങ്ങളുടെ യഥാര്‍ത്ഥ സമ്പാദ്യം. അവര്‍ മൂലം ഈ കമ്പനി അടച്ചു പൂട്ടി എന്ന പ്രചാരണം അവരെയും കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. എങ്ങനെയാണ് ഇത്തരത്തിലൊരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങളുടെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഈ പ്രചാരണങ്ങളൊന്നും നടക്കുന്നത്. തൊഴിലാളികളും ജനങ്ങളുമായി പഴയതിനേക്കാള്‍ കൂടുതല്‍ അടുപ്പം ഞങ്ങള്‍ക്ക് ഇപ്പോഴുണ്ട്. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ ചില മോശം സമയങ്ങളുണ്ട്. അത്തരമൊരു സംഭവം ഞങ്ങളുടെ ജീവിതത്തിലുമുണ്ടായി. അങ്ങനെയാണ് ആ കമ്പനി വില്‍ക്കേണ്ടി വന്നത്.

ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും പോലെ തന്നെ കേരളത്തിലും ബിസിനസ് നടത്താന്‍ അതിന്റെതായ ബുദ്ധിമുട്ടുകളുണ്ട്. ഓരോ നാടിന്റെയും പ്രശ്‌നങ്ങള്‍ വെവ്വേറെ ആയിരിക്കും. എങ്കിലും കേരളത്തില്‍ ബിസിനസോ ഫാക്ടറിയോ നടത്തി ശീലമുള്ള ഒരാള്‍ക്ക് നാടു തന്നെയാണ് ഏറ്റവും അനുയോജ്യമായ ഇടം. നമുക്കു പരിചയമുള്ള ആളുകളും ഇടങ്ങളുമാണ് ഇവിടെയുള്ളത്. ജനങ്ങള്‍ അംഗീകരിച്ച, അവര്‍ വിശ്വസിക്കുന്ന ഒരു ബ്രാന്‍ഡ് ആണ് മൈഫീല്‍ഡ്. എനിക്കെപ്പോഴും മികച്ചതായി തോന്നിയിട്ടുള്ളത് ഈ നാടും ഇവിടുത്തെ ആളുകളും തന്നെയാണ്. ജനങ്ങളുടെ പിന്തുണയില്ലെങ്കില്‍ മറ്റേതെങ്കിലും നാട്ടില്‍ ബിസിനസ് ചെയ്യുന്നത് ഏറെ പ്രയാസകരമാണ്.

നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള ഒരാളാണു ഞാന്‍. നമ്മുടെ നാട്ടിലുള്ള സംസ്‌കാരവും പരസ്പര ബഹുമാനവും ബന്ധങ്ങളുമൊന്നും മറ്റെവിടെയും കിട്ടില്ല. തൊഴിലാളികളുമായി സൗഹൃദങ്ങളുണ്ടാകുന്നതും വലിയ കാര്യമാണ്. ഈ കമ്പനി അവരുടേതു കൂടിയാണെന്ന ചിന്ത അവരിലുണ്ടാകുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്കു സാധിക്കുന്നു. ആഘോഷങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചാണ് നടത്താറ്. ഇത്രയേറെ അടുപ്പമൊന്നും വിദേശരാജ്യങ്ങളിലെവിടെയും ഞാന്‍ കണ്ടിട്ടില്ല.

ലക്ഷ്യബോധവും നിശ്ചയ ദാര്‍ഢ്യവുമാണ് മുന്നോട്ടുകുതിക്കാന്‍ നമുക്കാവശ്യം. നമ്മുടെ നാടിനെ നേര്‍വഴിക്കു നയിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന ചിന്ത നമുക്കുണ്ടാവണം. വേറെയാരും വന്നു നേരെയാക്കിയെടുക്കേണ്ടതല്ല. നമ്മുടെ പൂര്‍വ്വികര്‍ ചെയ്തവസാനിപ്പിച്ചു പോയ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടര്‍ന്നു നടത്താന്‍ നമുക്കു കഴിയണം. കുറ്റങ്ങളും കുറവുകളുണ്ടാകാം. പക്ഷേ, ഈ നാടിനെ നിലനിര്‍ത്തേണ്ടത് നമ്മള്‍ തന്നെയാണ്.

അന്നത്തെ യൂണിയന്‍ നേതാക്കളായ എം ഒ ജോണ്‍, വി പി ജോര്‍ജ്ജ് സാര്‍, വാസുവേട്ടന്‍ എന്നിവരുമായെല്ലാം നല്ല ബന്ധമാണ് ഇപ്പോഴുമുള്ളത്. അവര്‍ക്കിന്നും ഞങ്ങളോടു ബഹുമാനവുമുണ്ട്. സി പി എമ്മിന്റെ മറ്റു പ്രവര്‍ത്തരും ഞങ്ങളോട് ഇടപെടുന്നതും അങ്ങനെ തന്നെ. ചെരിപ്പു നിര്‍മ്മാണത്തില്‍ മൈഫീല്‍ഡ് ഇപ്പോഴുമുണ്ട്. എങ്കിലും ഇപ്പോള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്‍സോള്‍ നിര്‍മ്മാണത്തിലും മാറ്റിംഗി(mating)ലുമാണ്. പ്രമുഖ പാദരക്ഷ നിര്‍മ്മാതാക്കള്‍ക്കെല്ലാം ഞങ്ങള്‍ ഇന്‍സോള്‍ സപ്ലൈ ചെയ്യുന്നുണ്ട്,’ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു നിറുത്തി.

ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത് വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയുമെല്ലാം തകര്‍ച്ചയാണെന്ന രീതിയില്‍ വന്‍ പ്രചാരണങ്ങളാണ് നടക്കുന്നത്. അങ്ങനെയെങ്കില്‍, ഈ നാട്ടില്‍ വ്യവസായങ്ങളോ വാണിജ്യങ്ങളോ യാതൊന്നും തന്നെ കാണില്ലായിരുന്നു. സത്യസന്ധമായ നിരവധി കാര്യങ്ങള്‍ ഇടതുപക്ഷത്തിനെതിരെ പ്രയോഗിക്കാനുണ്ടെന്നിരിക്കെ എന്തിനീ അപവാദപ്രചാരണം?

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com ദുരന്തമുഖത്ത്

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *