അന്ധവിശ്വാസത്തിനു കാരണം കര്‍ത്തവ്യം മറക്കുന്ന ഭരണാധികാരികള്‍: കോതമംഗലം പോലീസ്


Jess Varkey Thuruthel & D P Skariah

അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരുവശത്തുണ്ട്. അതിനിടയില്‍ പ്രാര്‍ത്ഥനയും വഴിപാടും അത്ഭുത സാക്ഷ്യങ്ങളുടെ പ്രഘോഷണങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും തകൃതിയായി നടക്കുന്നു. ഇതിനെതിരെ പോലീസിന് ഒന്നും ചെയ്യാനാവില്ലേ എന്നായിരുന്നു എന്റെ ചോദ്യം. ജീവനോടെയുള്ള ഒരു മനുഷ്യന്‍ മരിച്ചെന്നു ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്‌തെന്ന് വലിയൊരു പുരുഷാരത്തിനു നടുവില്‍ നിന്നു വിളിച്ചു കൂവിയിട്ടും അത്ഭുത രോഗശാന്തി പ്രഘോഷണം നടത്തിയ സ്ത്രീയ്‌ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ പോലീസിനു കഴിയില്ലേ എന്നായിരുന്നു എന്റെ ചോദ്യം…..

‘ജനങ്ങള്‍ക്ക് അന്തസോടെ ജീവിക്കാന്‍ ഉതകുന്നതെല്ലാം കൊടുക്കാമെന്ന ഉറപ്പില്‍ അധികാരത്തിലേറിയ ഭരണകര്‍ത്താക്കള്‍ക്ക് അതു കൊടുക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ ഈ മതങ്ങളും അത്ഭുതരോഗശാന്തിക്കാരുമിവിടെ ആധിപത്യം സ്ഥാപിക്കാന്‍ കാരണം…?? ഈ മരണസര്‍ട്ടിഫിക്കറ്റ് കിട്ടിയ ആളെ ദൈവം രക്ഷപ്പെടുത്തി എന്നു സാക്ഷ്യം പറയുന്ന ഈ സ്ത്രീയെ ശ്രദ്ധിച്ചാലറിയാം, ഇവര്‍ക്കു വലിയ വിദ്യാഭ്യാസമോ ചിന്താശേഷിയോ ഇല്ല. ഇവരുടെ ദുരിതമകറ്റാന്‍ ആരെങ്കിലും എന്തെങ്കിലും നല്‍കിയാല്‍ അവിടേക്കു പെട്ടെന്നു ചായുന്നവരാണിവര്‍. ഇത്തരക്കാരെ സ്വാധീനിക്കാന്‍ എളുപ്പമാണ്. ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ ആളെ കൂട്ടുന്ന കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഭക്ഷണം കൊടുക്കുന്നുണ്ട്. വിശ്വാസിയാണെന്നു പറഞ്ഞാല്‍ അവരുടെ നിരവധി കാര്യങ്ങള്‍ സാധിച്ചു കൊടുക്കാനുമവിടെ ആളുകളുണ്ട്. അവിടേക്ക് ആളുകള്‍ ഒഴുകിയെത്തുന്നു. ദൈവത്തിനു വേണ്ടി കൊല്ലാനും ചാവാനും ആരോടു വേണമെങ്കിലും കലഹിക്കാനും മടിയില്ലാത്തവര്‍. ചെറുപ്പം മുതല്‍, സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഇത്തരം വിശ്വാസമാണ് കുട്ടികളുടെ മനസിനുള്ളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്. വലുതാകുമ്പോള്‍ ആ വിശ്വാസം വര്‍ദ്ധിക്കുന്നു. ഉള്ള കേസുകള്‍ അന്വേഷിക്കാന്‍ തന്നെ സമയമില്ല. ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ പോലും സമയം കിട്ടുന്നില്ല.’

സംസാരിക്കുന്നതിനിടയില്‍ സ്വിച്ചിട്ടപോലെ കോതമംഗലം പോലീസ് സ്‌റ്റേഷനിലെ ആ ഉദ്യോഗസ്ഥനൊന്നു നിറുത്തി, പിന്നെ ചോദിച്ചു. ‘താനിതു റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ….??’

എന്റെ കൈയില്‍ സ്‌പൈ ക്യാമറയോ റെക്കോര്‍ഡറോ ഒന്നുമില്ലെന്നു ഞാന്‍ വ്യക്തമാക്കി……

പറഞ്ഞതിലുള്ള വിശ്വാസം കൊണ്ടാവാം, അദ്ദേഹം തുടര്‍ന്നു….

‘ഇവിടെ നക്‌സല്‍ പ്രസ്ഥാനങ്ങളും മാവോയിസ്റ്റുകളും വളരുന്നുണ്ട്. ഇതുപോലുള്ള മതവ്യാപാരികളുണ്ട്. അന്ധവിശ്വാസത്തിന്റെ പേരില്‍ കൊന്നുതള്ളുന്നവരുണ്ട്. ഇതിനെല്ലാം പ്രധാനകാരണം നട്ടെല്ലുള്ള ഭരണാധികാരികളുടെ അഭാവമാണ്. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയുമില്ല. ഞങ്ങളെപ്പോലുള്ളവരെ നട്ടെല്ലുറപ്പോടെ നിയമം കൈകാര്യം ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പ്രശ്‌നങ്ങളുമുണ്ട്. പതിനായിരം കേസെടുക്കുമ്പോള്‍ ഒന്നോ രണ്ടോ കേസുകളില്‍ പോലീസ് അതിക്രമങ്ങള്‍ കണ്ടേക്കാം. അതിനെ പെരുപ്പിച്ചു കാണിച്ച് കുറ്റവാളിയെ ഒന്നു പേടിപ്പിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആക്കിയതില്‍ നിങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാന്‍ കഴിയുമോ…?? സ്ത്രീയെ കൈയേറ്റം ചെയ്ത ഒരുവനെ ഒന്നു പൊട്ടിക്കാന്‍ പോലും പോലീസിനിപ്പോള്‍ അധികാരമില്ല. അപ്പോള്‍ ഇടപെടും നിങ്ങളെപ്പോലുള്ളവര്‍ അക്രമിയുടെ അവകാശങ്ങളുമായി. സ്‌റ്റേഷന്‍ ജാമ്യത്തില്‍ അവന്‍ നിസ്സാരമായി ഇറങ്ങിപ്പോകും. അടുത്ത പെണ്ണിനു നേരെ ഇതുതന്നെ ചെയ്യും. ഞങ്ങള്‍ നിസ്സഹായരാണ്….’ അദ്ദേഹം പറഞ്ഞു.

നരബലികള്‍ നടക്കുമ്പോള്‍, മതവിശ്വാസത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മനസാക്ഷി സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഇവിടെ അന്ധവിശ്വാസം വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്. അത്ഭുത സിദ്ധിയും ദൈവത്തിന്റെ നേരിട്ടുള്ള അനുഗ്രഹ വര്‍ഷവും പ്രചരിപ്പിക്കാന്‍ മത്സരിക്കുകയാണിവിടെ മാധ്യമങ്ങള്‍. ഈ വാര്‍ത്ത എഴുതുന്നതിനിടയിലാണ് മാതൃഭൂമിയില്‍ ഫുട്‌ബോല്‍ ലോകകപ്പിന്റെ പ്രവചനം ഒരു മീനിനെ വച്ചു ചെയ്യിക്കുന്നത്. ഇതൊരു തമാശായി കാണണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ഈ വാര്‍ത്ത. ടാങ്കില്‍ വളര്‍ത്തുന്ന സൂസി എന്നു പേരുള്ള ഒരു മീനിനു മുന്നില്‍ ഒരു ചുവന്ന പൂവും ഒരു വെള്ളപ്പൂവും കാണിച്ച് ആ പൂക്കളെ ഓരോ രാജ്യമായി പേരുനല്‍കി, മീന്‍ ഏതു പൂവിനടുത്തേക്കു പോകുമെന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവചനം നടത്തുന്നു മാതൃഭൂമി…!

ആകര്‍ഷിക്കുന്ന കളറുള്ളത് ഏതിനാണോ അതിനടുത്തേക്ക് മീന്‍ പോകുമെന്ന സാമാന്യതത്വം അറിയാത്തവരല്ല മനുഷ്യര്‍. എന്നിട്ടും നടത്തുന്ന കോപ്രായങ്ങള്‍…. അടുത്ത നിമിഷം ഇവര്‍ തന്നെ അന്ധവിശ്വാസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കും….. നാടകമേ ഉലകം, എന്റെ പോക്കറ്റിലും നാലു പുത്തന്‍ വീഴണം…. അതാണ് ലക്ഷ്യം….!! അതു മാത്രമാണിവരുടെ ലക്ഷ്യം…..!!!!

Leave a Reply

Your email address will not be published. Required fields are marked *