കൊച്ചി കോര്‍പ്പറേഷനെ തറ പറ്റിച്ച് ബിജിന്‍ എന്ന ഒറ്റയാന്‍

ബിജിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ ഒടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ മുട്ടുമടക്കി. കോര്‍പ്പറേഷന്റെ നിയമലംഘനത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ബിജിന്‍ നടത്തിയത്.

കൊച്ചി നഗരസഭയുടെ അനുവാദമില്ലാതെ, ചില സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് ഒരു റോഡിന്റെ പേരുമാറ്റി. അതിനിപ്പോള്‍ എന്താണു പ്രശ്നമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, അതു ചെയ്യേണ്ടിയിരുന്നത് നിയമപരമായ വഴികളിലൂടെയായിരുന്നു. പാതിരാത്രിയില്‍ പാത്തും പതുങ്ങിയുമായിരുന്നില്ല. ഏകദേശം 15 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. അതിനെതിരെ ബിജിന്‍ ഒറ്റയ്ക്കു പൊരുതി. കോടതികള്‍, നിയമനടപടികള്‍, കോര്‍പ്പറേഷനുകളുമായി ചര്‍ച്ചകള്‍, ഹൈക്കോടതിയില്‍ നിന്നും ബിജിന് അനുകൂലമായ നടപടികള്‍ വന്നിട്ടും നിയമം നടപ്പാക്കാന്‍ കൊച്ചി നഗരസഭ തയ്യാറായില്ല.എന്നാലിപ്പോള്‍, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ട്രിബ്യൂണലിന്റെ വിധി വന്നിരിക്കുന്നു. നിയമലംഘനം നടത്തിയ കൊച്ചി നഗരസഭയ്ക്കെതിരെ ജില്ലാ ജഡ്ജി പി മായാദേവിയുടെ വിധി പ്രസ്താവിച്ചിരിക്കുന്നത്. കള്ളത്തരത്തിലൂടെ സ്ഥാപിച്ചെടുത്ത പേരു മാറ്റി നിയമപരമായ പേരു തന്നെ നല്‍കണമെന്നാണ് ട്രിബ്യൂണല്‍ വിധിച്ചിരിക്കുന്നത്.

നാടാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന അഴിമതിക്കെതിരെ ഒറ്റയ്‌ക്കൊരു മനുഷ്യന് എന്തുചെയ്യാന്‍ കഴിയുമെന്ന് ഇനിയൊരിക്കലും നിങ്ങള്‍ ചോദിക്കരുത്. നട്ടെല്ലുറപ്പോടെ അഴിമതിക്കെതിരെ ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് പരിശ്രമിച്ചാല്‍ ഇവിടെ പലതും നടക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് ബിജിന്‍ പി കെ എന്ന ഈ സാധാരണക്കാരന്‍.

ബിജിനെതിരെ അണിനിരന്നത് വമ്പന്‍ തിമിംഗലങ്ങളായിരുന്നു. കൊച്ചി നഗരസഭ, കൗണ്‍സിലര്‍, കോണ്‍ഗ്രസിലെയും സി പി എമ്മിലെയും ബി ജെ പിയിലെയും ഉന്നത നേതാക്കളും പ്രവര്‍ത്തകരും പിന്നെ മതനേതാക്കളും. ഇവരോടെല്ലാം എതിരിട്ടു പൊരുതി നേടിയ വിജയം നിസ്സാരവുമല്ല.ശ്രീനാരായണ റോഡ് എന്ന് നഗരസഭ നാമകരണം ചെയ്ത ഒരു റോഡിന്റെ പേര് സ്വന്തം ഇഷ്ടപ്രകാരം മാറ്റി, ‘വടക്കേപ്പള്ളി റോഡ്’ എന്നാക്കി മാറ്റുകയായിരുന്നു ചില വ്യക്തികള്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ഒരു റോഡിനു നാമകരണം ചെയ്യാനും പുനര്‍ നാമകരണം ചെയ്യാനുമുള്ള അധികാരം നഗരസഭയ്ക്കു മാത്രമാണെന്നിരിക്കെ, തന്നിഷ്ടപ്രകാരം ഈ റോഡിന്റെ പേരു മാറ്റുകയായിരുന്നു. ഈ വിഷയത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കൗണ്‍സിലര്‍ പി ജി രാധാകൃഷ്ണനും കൊച്ചി കോര്‍പ്പറേഷനും പ്രശ്‌നത്തില്‍ ഇടപെട്ടതേയില്ല.

കൊച്ചി നഗരസഭയുടെ ഇടപ്പള്ളി മേഖല ഓഫീസ് പരിധിയില്‍ വരുന്ന 37-ാം ഡിവിഷനില്‍ പഴയ NH 17 ല്‍ നിന്നുള്ള അല്‍ അമീന്‍ റോഡിനു കിഴക്കു ഭാഗത്തു നിന്നും മണിമല റോഡിനെ ബന്ധിപ്പിക്കുന്ന ശ്രീനാരായണ റോഡിന്റെ നാമകരണമാണ് നിയമപ്രകാരമല്ലാതെ നടത്തിയത്. നഗരസഭയുടെ കീഴിലുള്ള ഒരു റോഡിന്റെ പേരു വയ്ക്കുന്നത് നഗരസഭയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍, ‘വടക്കേപ്പള്ളി റോഡ്’ എന്നത് ഈ ഭാഗത്തുള്ള ഒരു വിഭാഗം ആളുകള്‍ അനധികൃതമായി സ്ഥാപിക്കുകയായിരുന്നു.
ഒരു റോഡിന്റെ ആരംഭത്തിലും അവസാനത്തിലും പേര് ഉള്‍പ്പെടുന്ന ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. ഈ റോഡിന്റെ അവസാന ഭാഗത്ത് ശ്രീനാരായണ റോഡ് എന്നു തന്നെ. എന്നാല്‍, റോഡ് ആരംഭിക്കുന്നിടത്ത്, വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. അതായത് ഇപ്പോള്‍ ശ്രീനാരായണ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് ശ്രീനാരായണ റോഡ് എന്നും കിഴക്കു ഭാഗത്ത് വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡുമാണ് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത് എന്ന് കാഴ്ചക്കാര്‍ക്കു തോന്നുമെങ്കിലും ഈ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷന്റേത് ആയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാമറിഞ്ഞിട്ടും കോര്‍പ്പറേഷന്‍ കണ്ണടയ്ക്കുകയായിരുന്നു.

കേരള മുനിസിപ്പാലിറ്റി ആക്ട് 379 പ്രകാരം റോഡുകള്‍ക്ക് പേരുനല്‍കാനുള്ള അവകാശം നഗരസഭയ്ക്കാണ്. ഈ അവകാശം കുറെ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്നു നടിക്കുകയായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍.

ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് ചില വ്യക്തികള്‍ ചേര്‍ന്ന് പിഴുതുമാറ്റിയത് 15 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൈയ്യൂക്കിന്റെ ബലത്തില്‍ ബോര്‍ഡ് പിഴുതുമാറ്റിയ ശേഷം റോഡിന് മസ്ജിദ് റോഡ് എന്ന പേരു നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തീരുമാനത്തെ ഇവിടെയുള്ള നിവാസികളില്‍ പലരും എതിര്‍ത്തു. പേരുമാറ്റാന്‍ താല്‍പര്യമുണ്ടെങ്കില്‍ അത് നിയമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ വേണമെന്നും തന്നിഷ്ടപ്രകാരം ആവരുത് എന്നും അവര്‍ വാദിച്ചു. ആളുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന 9 വര്‍ഷത്തോളം റോഡിന്റെ കിഴക്കു ഭാഗത്ത് പേരു സൂചിപ്പിക്കുന്ന ബോര്‍ഡ് ഇല്ലായിരുന്നു. ആറുവര്‍ഷം മുമ്പ്, ഒരു സുപ്രഭാതത്തില്‍ ഇവിടെ വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചതാണ് എന്നു തോന്നും. വെള്ള, നീല എന്നീ കളറുകളിലാണ് ബോര്‍ഡ്. അടിയില്‍ കോര്‍പ്പറേഷന്‍ ഓഫ് കൊച്ചി എന്ന് എഴുതിയിട്ടുമുണ്ട്. പക്ഷേ, ഈ ബോര്‍ഡ് സ്ഥാപിച്ചത് കോര്‍പ്പറേഷനല്ല. ഇതെത്തുടര്‍ന്ന്, ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് സ്ഥാപിച്ചു കിട്ടാനായി, ഇവിടെയുള്ള ആളുകള്‍ ചേര്‍ന്ന് ശ്രീനാരായണ റോഡ് റെസിഡന്റ് അസോസിയേഷന്‍ രൂപീകരിച്ച് നിയമനടപടികള്‍ ആരംഭിച്ചത്.

ഈ ഏരിയയില്‍ താമസിക്കുന്ന ഏതാനും മുസ്ലീങ്ങള്‍, അവരുടെ താല്‍പര്യപ്രകാരം സ്ഥാപിച്ച ബോര്‍ഡാണ് വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡ്. മുന്‍ കൗണ്‍സിലര്‍ ദീപ വര്‍മ്മയുടെ ഭരണകാലത്താണ് റോഡിന്റെ കിഴക്കും പടിഞ്ഞാറും ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് സ്ഥാപിച്ചത്. ദീപാ വര്‍മ്മയ്ക്കു ശേഷം പല കൗണ്‍സിലര്‍മാരും ഇടപ്പള്ളി 37-ാം ഡിവിഷന്റെ ചുമതല ഏറ്റെടുത്തു. എന്‍ എ മണി, വി എന്‍ സരോജനി എന്നിവരാണ് അതിനു ശേഷം വന്ന കൗണ്‍സിലര്‍മാരില്‍ ചിലര്‍. ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണ് എന്ന് മുന്‍ കൗണ്‍സിലര്‍ സരോജനി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ബോര്‍ഡ് ആരു സ്ഥാപിച്ചുവെന്ന് അറിയില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.

കള്ളത്തരത്തിനു കൂട്ടുനിന്ന കോര്‍പ്പറേഷന്‍ ഒടുവില്‍ മുട്ടുമടക്കി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ബിജിന് ഈ നേട്ടം കൈവരിക്കാനായത്. ഒരു പേരിന്റെ പേരില്‍ എന്തിനിത്ര പിടിവാശി പിടിക്കുന്നുവെന്നും അതു വിട്ടുകളഞ്ഞുകൂടെയെന്നും ബിജിനോടു ചോദിച്ചവര്‍ നിരവധിയാണ്. ഒരു റോഡിന്റെ പേര് എന്തുതന്നെ ആയാലും അതില്‍ ജനങ്ങള്‍ക്ക് യാതൊന്നും സംഭവിക്കാനില്ലെന്നു തോന്നിയേക്കാം. എന്നാല്‍, കള്ളത്തരത്തിലൂടെ ആ പേരുമാറ്റം സാധിച്ചെടുക്കുമ്പോള്‍ അതിവിടെയുള്ള ജനങ്ങളെ ഒന്നാകെ വഞ്ചിക്കലാണ്. ആ പേരുമാറ്റത്തിലൂടെ മനുഷ്യമനസുകള്‍ക്കുള്ളില്‍ കുത്തിവയ്ക്കുന്ന വര്‍ഗ്ഗീയ വിഷം കാണാതെ പോകരുത്.

എന്തായാലും ബിജിന് അഭിമാനിക്കാം. ജീവനു തന്നെ ഭീഷണി വന്നിരുന്നു. കുടിവെള്ളം മുട്ടിക്കുന്നതുള്‍പ്പടെ പലരീതിയില്‍ ബിജിന്റെ ജീവിതം ദുസ്സഹമാക്കി. എന്നിട്ടും തരിമ്പും പിന്നോട്ടു പോകാതെ പോരാടി നിന്നു. ഈ ചെറുപ്പക്കാരനെപ്പോലെ കുറച്ചു പേര്‍ ഈ നാട്ടിലുണ്ടെങ്കില്‍ നമ്മുടെ നാടു നന്നാവും.

……………………………………………………
ജെസ് വര്‍ക്കി

Tags: Kochi Corporation, vadakkeppally road, Sree Narayana Road, local self government tribunal, Edappally, Kerala Municipality act 379, Adv Thomas M jacob, LSGT, A common man defeated Kochi Corporation, LSGT verdict against Kochi corporation, Illegally placed road name should be removed
    

Leave a Reply

Your email address will not be published. Required fields are marked *