കാട്ടുമൃഗങ്ങള്‍ക്ക് കാട് വാസയോഗ്യമല്ലാതായത് എങ്ങനെ….??


Jess Varkey Thuruthel & D P Skariah

വനം, വന്യജീവി സംരക്ഷണത്തിന് നമുക്കൊരു വകുപ്പുണ്ട്, വകുപ്പു ഭരിക്കാനൊരു മന്ത്രിയും അസംഖ്യം ജീവനക്കാരുമുണ്ട്. പക്ഷേ, നാളിതുവരെ ഭരിച്ചിട്ടും വനത്തെയും വന്യജീവികളെയും സംരക്ഷിച്ചിട്ടും എന്തുകൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട വാസസ്ഥലം മൃഗങ്ങള്‍ക്ക് വാസയോഗ്യമല്ലാതായത്….?? എന്തിനാണവര്‍ ജനവാസമേഖലയിലേക്ക് കൂട്ടത്തോടെ എത്തുന്നത്…??

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടത്തിയത് കാട്ടിലൂടെയുള്ള നിരന്തരമായ യാത്രകളായിരുന്നു. നേര്യമംഗലം മുതല്‍ വട്ടവട വരെ, നേര്യമംഗലത്തു നിന്നും വണ്ടിപ്പെരിയാറിലേക്ക്, കല്ലാര്‍കുട്ടി പനങ്കുട്ടി റോഡ് താണ്ടി, അടിമാലിയും കടന്ന് നേര്യമംഗലത്തേക്ക്, ആവോലിച്ചാലിലേക്ക്, ഇഞ്ചത്തൊട്ടിയിലേക്ക്, മാമലക്കണ്ടം റോഡിലൂടെ ഇരുമ്പുപാലത്തേക്ക്, തട്ടേക്കാട് നിന്നും ഉള്‍വനത്തിലൂടെ മാമലക്കണ്ടത്തേക്ക്……. അങ്ങനെയങ്ങനെ നടത്തിയ നിരവധി യാത്രകള്‍….. ചില ഇടവഴികളിലൂടെ, റോഡുകളിലൂടെ, മണ്‍പാതകളിലൂടെയുള്ള യാത്രകള്‍……

അന്വേഷണം ഇത്രമാത്രമാണ്….. കാട് എങ്ങനെയാണ് മൃഗങ്ങള്‍ക്ക് അന്യമായത്….?? അവ എന്തുകൊണ്ടാണ് മനുഷ്യരെയും അവരുടെ കൃഷിയിടങ്ങളെയും ആക്രമിക്കുന്നത്…?? ജനവാസമേഖലകളിലേക്ക് അവ എന്തുകൊണ്ടാണ് നിരന്തരമായി കടന്നുവരുന്നത്…?? അതിനു തക്ക എന്തു പ്രശ്നങ്ങളാണ് കാട്ടിനുള്ളില്‍ സംഭവിച്ചത്….???

ഈ യാത്രയില്‍ ഒരിടത്തു പോലും കാടിന്റെ തനതായ ഫലവര്‍ഗ്ഗങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. ഒരുകാലത്ത് കാട് ഒരു അക്ഷയഖനിയായിരുന്നു. ഒഴിഞ്ഞ വയറുമായി കാട്ടിലേക്കു കയറിയാല്‍ വിശപ്പകറ്റാനുള്ള വക കാടു തരുമായിരുന്നു. ഏതു സമയത്തും കാടിന്റെ തനതു പഴങ്ങളും കിഴങ്ങുകളും ആവശ്യാനുസരണം കിട്ടിയിരുന്നു. കാട്ടില്‍ നിന്നും ശേഖരിക്കുന്ന പഴങ്ങളും കിഴങ്ങുകളും മറ്റുഫലവര്‍ഗ്ഗങ്ങളും കൊണ്ടു ജീവിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ആദിവാസികള്‍. കാടിന്റെ ഓരം ചേര്‍ന്നു ജീവിതം നയിച്ചിരുന്നവരുടെ ആശ്രയവും കാടുതന്നെയായിരുന്നു. അവരെ ജീവിപ്പിച്ചിരുന്നതും കാടു തന്നെ.

പക്ഷേ, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. കാട്ടിനുള്ളില്‍ ഭക്ഷണത്തിന്റെ ലഭ്യത തുലോം കുറഞ്ഞു. ഭക്ഷണം തേടി കിലോമീറ്ററുകളോളം അലഞ്ഞു നടക്കേണ്ട അവസ്ഥ. എന്നാല്‍പ്പോലും വയര്‍ നിറയ്ക്കാന്‍ യാതൊന്നും കിട്ടാനില്ലാതെ വരുന്നു. ഭക്ഷണം അന്യമായ വനത്തില്‍, വിശന്ന വയറോടെ കിലോമീറ്ററുകളോളം അലഞ്ഞു നടന്ന് ഒടുവില്‍, വിശപ്പകറ്റാന്‍ വേണ്ടി മൃഗങ്ങള്‍ നടത്തുന്ന കടന്നാക്രമണങ്ങളാണ് ഇവയെല്ലാം. വനവത്കരണത്തിന്റെ ഭാഗമായി ആദ്യം സര്‍ക്കാര്‍ ചെയ്തത് സ്വാഭാവിക വനങ്ങളെപ്പോലും വെട്ടിനശിപ്പിച്ച് കാട്ടില്‍ റിസര്‍വ്വ് വനങ്ങള്‍ വച്ചുപിടിപ്പിക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു തേക്ക്, ഈട്ടി, മഹാഗണി, അക്കേഷ്യ പോലുള്ള മരങ്ങള്‍ നട്ടുവളര്‍ത്തിയത്. ഈ പ്രക്രിയ സര്‍ക്കാര്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നുണ്ട്. അവ വെട്ടി വിറ്റു കാശാക്കി സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും തിന്നുമുടിക്കാമെന്നല്ലാതെ കാട്ടിലെ മൃഗങ്ങള്‍ക്ക് അവ കൊണ്ട് എന്തു ഗുണമാണ് ഉണ്ടായത്…?? വനവത്കരണത്തിന്റെ ഭാഗമായി അടിക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിച്ചു. നാമ്പുകള്‍ പോലും ഭക്ഷണമാക്കിയിരുന്ന മൃഗങ്ങള്‍ക്ക് തേക്കിന്‍ വനങ്ങളില്‍ ശേഷിച്ചത് നാമ്പുകളേതുമില്ലാത്ത വെറും മണ്ണുമാത്രം.

മൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിത്തുടങ്ങിയപ്പോള്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വനാതിര്‍ത്ഥികളില്‍ ചൂരലുകള്‍ വച്ചു പിടിപ്പിക്കാന്‍ ആരംഭിച്ചതെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ഡ്‌മെന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ദീര്‍ഷവീക്ഷണമേതുമില്ലാത്ത ഈ പ്രവൃത്തി മൂലം ഇന്നിപ്പോള്‍ കാട്ടിലെമ്പാടും ചൂരല്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. അങ്ങനെ, വന്യമൃഗങ്ങള്‍ക്ക് കാട് സ്വന്തമല്ലാതായി മാറിക്കഴിഞ്ഞു. കാട്ടിലൂടെയുള്ള യാത്രകള്‍ പോലും സാധ്യമല്ലാത്ത വിധത്തില്‍ മുള്ളുകള്‍ പടര്‍ന്നുപിടിച്ചു. അവരുടെ സ്വസ്ഥത നശിച്ചു, ഭക്ഷണത്തിനുള്ള വക പണ്ടേ കാട്ടില്‍ ഇല്ലല്ലോ.

ദീര്‍ഘവീക്ഷണമില്ലാത്ത മന്ത്രിമാരും ചെയ്യുന്ന ജോലിയോടു കൂറില്ലാത്ത ഉദ്യോഗസ്ഥരും ചെയ്തു കൂട്ടിയതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത് മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പ്രകൃതിയും അതിലെ ജീവജാലങ്ങളും കൂടിയാണ്. ഭക്ഷണം, വെള്ളം, സമാധാനമായി സഞ്ചരിക്കാനും വിശ്രമിക്കാനും സാധ്യമാകുന്ന ഇടങ്ങള്‍ എന്നിവ മാത്രമാണ് മൃഗങ്ങള്‍ക്ക് ആവശ്യം. മറ്റൊന്നും അവയ്ക്ക് ആവശ്യമില്ല. കാട്ടില്‍ ഇങ്ങനെയൊരു അന്തരീക്ഷമായിരുന്നുവെങ്കില്‍ മൃഗങ്ങളൊന്നും തന്നെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുമായിരുന്നില്ല. കാട്ടില്‍ മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ടാക്കിയതെല്ലാം ദീര്‍ഘവീക്ഷണമില്ലാത്ത മനുഷ്യരാണ്. ഈ ഭൂമിയില്‍ തങ്ങള്‍ മാത്രം മതിയെന്ന അഹന്തയ്ക്കുള്ള തിരിച്ചടി തന്നെയാണിത്.

നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങളെ സോളാര്‍ ഫെന്‍സിംഗ് ഉപയോഗിച്ച്, ചെറിയ രീതിയില്‍ കറണ്ടടിപ്പിച്ച് അവയെ കാട്ടിനുള്ളിലേക്കു തന്നെ പറഞ്ഞയക്കുക എന്നതാണ് സര്‍ക്കാരും വനംവകുപ്പും ഇപ്പോള്‍ വ്യാപകമായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം. നബാഡിന്റെ കൂടി പിന്തുണയോടെ, സര്‍ക്കാര്‍ ഫണ്ടും വനംവകുപ്പിന്റെ ഫണ്ടുമെല്ലാം ഉള്‍പ്പടെ നീണ്ടപാറ, പുന്നേക്കാട് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഫെന്‍സിംഗിനു വേണ്ടി ഒരുകോടി 30 ലക്ഷം രൂപ അനുവദിച്ചതായി കവളങ്ങാട് പഞ്ചായത്തു പ്രസിഡന്‍ഡ് സൈജന്റ് ചാക്കോ പറഞ്ഞു. എന്നാല്‍, നീണ്ടപാറയിലുള്ള കര്‍ഷകരുടെ ജീവനുവേണ്ടിയുള്ള നിലവിളികള്‍ക്ക് ശക്തിപോരെന്ന കാരണത്താല്‍ സര്‍ക്കാര്‍ കനിയുന്നില്ലെന്നാണ് കവളങ്ങാട് പഞ്ചായത്ത് പ്രതിനിധികളും വനംവകുപ്പും വ്യക്തമാക്കുന്നത്.

വനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടുമൃഗങ്ങള്‍ക്ക് ഭക്ഷണത്തിനായി അധികമൊന്നും അലയേണ്ടി വരുന്നില്ല. ഏതെങ്കിലുമൊരു കൃഷിയിടത്തിലേക്കു കയറിയാല്‍ അവര്‍ക്കാവശ്യമായ ഭക്ഷണം ലഭിക്കും. ഫെന്‍സിംഗും പടക്കം പൊട്ടിച്ചും ശക്തികുറഞ്ഞ തോക്കുപയോഗിച്ചും ഭയപ്പെടുത്തി ഓടിക്കുന്ന മാര്‍ഗ്ഗങ്ങളൊന്നും ശാശ്വതമായ പരിഹാരമല്ലെന്ന് നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാട്ടില്‍ ഭക്ഷണം ഉറപ്പാക്കണം. സ്വാഭാവിക വനവത്കരണം ഇപ്പോള്‍ കാര്യമായ തോതില്‍ നടക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷികളും മറ്റു മൃഗങ്ങളുമെല്ലാം കഴിച്ച പഴങ്ങളുടേയും മറ്റും വിത്തുകള്‍ അവരുടെ വിസര്‍ജ്ജ്യത്തിലൂടെയും മറ്റും കാട്ടില്‍ വീണാണ് മുന്‍പെല്ലാം കാട്ടില്‍ മരങ്ങള്‍ മുളപൊട്ടിയിരുന്നത്. ഇത്തരത്തിലൊരു വനവത്കരണ പ്രക്രിയയ്ക്ക് ശരിയായ രീതിയില്‍ നടക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുവാനോ പരിഹാര മാര്‍ഗ്ഗങ്ങള്‍ കാണുവാനോ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ താല്‍പര്യമില്ല. വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് അറിയുന്ന ഉദ്യോഗസ്ഥര്‍ ഇവിടെ തുലോം കുറവാണ്. സ്വാഭാവിക വനത്തിന് ഏതെല്ലാം തരത്തില്‍ നാശമുണ്ടാക്കാമോ അതെല്ലാം ചെയ്യുക, കൈയ്യേറാന്‍ പറ്റുന്ന ഇടങ്ങളെല്ലാം കൈയ്യേറുകയും ചെയ്യുക, മലിനമാക്കാന്‍ പറ്റാവുന്നത്ര മലിനമാക്കുക, പ്ലാസ്റ്റിക്കുകള്‍ നാലു ദിക്കും വലിച്ചെറികുക തുടങ്ങിയവാണ് ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. വനമേഖല കുറഞ്ഞു വരികയും അവശേഷിക്കുന്ന വനത്തില്‍ ആഹാരത്തിന് യാതൊന്നും ഇല്ലാതിരിക്കുകയും ചെയ്താല്‍ മൃഗങ്ങള്‍ക്കു പിന്നെ നാട്ടിലേക്കിറങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല.

കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കണമെങ്കില്‍, കാട് കാടായിത്തന്നെ നിലനില്‍ക്കണം. അവിടെ ആഹാരവും വെള്ളവുമുണ്ടാകണം. അവയുടെ ജീവിതത്തിനുതകുന്ന കാലാവസ്ഥ ഉണ്ടായിരിക്കണം. ആവാസ വ്യവസ്ഥയെ പാടെ തകര്‍ത്തെറിഞ്ഞ് കാട്ടുമൃഗങ്ങള്‍ക്ക് കാട് വാസയോഗ്യമല്ലാതാക്കി മാറ്റിയതിന് ഇവിടെ ഭരിച്ച ഓരോ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറുപടി പറഞ്ഞേ തീരൂ. നാടിനോടും മനുഷ്യരോടും മൃഗങ്ങളോടും എന്തിന് ഈ പ്രകൃതിയോടു പോലും കൂറില്ലാത്ത, ആര്‍ത്തിഭ്രാന്തന്മാരായ, ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത തെല്ലുമില്ലാത്ത കുറെ ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും പണക്കൊതിയും അധികാരാന്ധതയും മൂലം ജീവിതം തന്നെ തകര്‍ന്നടിഞ്ഞത് ഇവിടെയുള്ള സാധാരണക്കാരായ മനുഷ്യര്‍ക്കു മാത്രമല്ല, കാട്ടില്‍ സമാധാനത്തോടെ കഴിഞ്ഞിരുന്ന മൃഗങ്ങള്‍ക്കു കൂടിയാണ്. മനുഷ്യരോടും മൃഗങ്ങളോടും പ്രകൃതിയോടും ചെയ്യുന്ന ദ്രോഹത്തിന് പ്രകൃതി തന്നെ കണക്കു ചോദിക്കും. സുനാമിത്തിരകള്‍ പോലെ ആഞ്ഞടിക്കുന്ന പ്രകൃതിയുടെ രോക്ഷാഗ്നിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആര്‍ത്തിമൂത്ത മനുഷ്യരേ, ചതിച്ചും വഞ്ചിച്ചും വെട്ടിപ്പിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിങ്ങള്‍ വാരിക്കൂട്ടിയ ധനത്തിനു കഴിയില്ലെന്ന് ഓര്‍മ്മയിരിക്കട്ടെ….!


Leave a Reply

Your email address will not be published. Required fields are marked *