എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഞാനതിന് ഉത്തരവാദിയല്ല: കനി കുസൃതി

Thamasoma News Desk

2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ താരം കനി കുസൃതി (Kani Kusruti) നേടിയ വിജയം മലയാളികളുടെ ആത്മാഭിമാനം കൂടിയാണ് ഉയര്‍ത്തിയത്. ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ‘ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെയാണ് കനിക്ക് ഈ നേട്ടം കൈവരിക്കാനായത്. കാനില്‍ തിരക്കിലായിരിക്കുമ്പോള്‍, മാധ്യമങ്ങള്‍ക്ക് കനി നല്‍കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സജിന്‍ ബാബുവിന്റെ ‘ബിരിയാണി’ എന്ന അവാര്‍ഡ് ചിത്രത്തില്‍ അഭിനയിച്ചത് എന്നായിരുന്നു വീഡിയോയില്‍ കനി പറഞ്ഞത്. എന്നാല്‍, ഈ വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന് കനി പറഞ്ഞു. വളരെ വ്യക്തമായ ഭാഷയില്‍ പറഞ്ഞിട്ടും തങ്ങള്‍ക്കു തോന്നിയ രീതിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെയ്തതെന്നും കനി പറഞ്ഞു.

വൈറലായ വീഡിയോയില്‍, തിരക്കഥയെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും എന്നാല്‍ സാമ്പത്തിക ഞെരുക്കം മൂലമാണ് ബിരിയാണിയില്‍ താന്‍ അഭിനയിച്ചതെന്നും കനി പറഞ്ഞിരുന്നു. വളച്ചൊടിക്കപ്പെട്ട വാര്‍ത്തയെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് കനി.

‘പായല്‍ കപാഡിയയുടെ All we imagine as ligth എന്ന ഞാന്‍ കൂടി ഭാഗമായ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍, ഫെസ്റ്റിവല്‍ വേദിയിലെ എന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പശ്ചാത്തലത്തില്‍, മലയാളത്തില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഞാന്‍ നല്‍കാത്ത അഭിമുഖങ്ങളും എന്റെതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കാണുകയുണ്ടായി. ഞാന്‍ മറ്റു മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ നിന്നും തികച്ചും വിപരീതമായി അവര്‍ ഉദ്ദേശിച്ച തരത്തിലേക്ക് എഡിറ്റു ചെയ്താണ് ഇക്കൂട്ടര്‍ ഇന്റര്‍വ്യൂ വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്.

ഇത് എന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താല്‍ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഞാന്‍ ഒരുതരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ.

PS: ഇത് മലയാളത്തില്‍ മാത്രം എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ,’ കനി പറഞ്ഞു.

സംവിധായകന്‍ സജിന്‍ ബാബുവിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. വളച്ചൊടിച്ച വീഡിയോയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ സജിനെ അറിയിച്ചതായും കനി പറഞ്ഞു. ഞങ്ങള്‍ക്ക് താങ്ങാനാവുന്ന പരമാവധി തുക ബിരിയാണി സിനിമയില്‍ അഭിനയിച്ചതിന് കനി കുസൃതിക്കു നല്‍കി”എന്നാണ് ‘ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞത്.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *