ചിത്തഭ്രമം (കവിത)


പരിഭാഷ : പ്രീത ക്‌ളീറ്റസ്

****
മൂല കവിത
Tha. Sri.Gururaj


വിരസമാം സ്വര്‍ഗ്ഗശാന്തിയില്‍
വശംകെട്ട ദൈവം
ഭൂമിയിലേക്കിറങ്ങി യൊരു നാള്‍
കാമം ധനം ദാരിദ്ര്യം മനുജനില്‍
വളര്‍ത്തും ഭാവങ്ങള്‍ കണ്ടസ്വസ്ഥനായി
അന്ധാളിച്ചു നിന്നു ഭവാന്‍!
തീപ്പന്തമായി തീയമ്പുകളായി
പായും തീപ്പൊരിജന്മങ്ങള്‍ക്കിടയില്‍
നിലവിട്ട് വീണു
ബോധം പോയി പാവം

നിദ്രയകന്നപ്പോള്‍ ദൈവ –
മേതോ അത്യാഹിത വാര്‍ഡില്‍!
കൈകാലുകള്‍ ബന്ധനത്തില്‍ !
ദേഹം പൊതിഞ്ഞു ബാന്‍ഡേജില്‍ !
മൂക്കില്‍ തുളയിട്ട ഓക്‌സിജന്‍ കുഴലില്‍
ശ്വാസം മുട്ടി അറിയാതെയലറി
‘ ഇതേത് നരകത്തിന്നറ’
എന്നാലൊരു മാത്ര കൊണ്ടാ നാവടഞ്ഞു
നേഴ്‌സമ്മ തന്‍ പുരികം ചുളിഞ്ഞ നോട്ടത്താല്‍
നിശബ്ദതയിലാണ്ടാ പാവം ‘ദൈവം’.

ദിനങ്ങളങ്ങനെ നടന്നു പോയി.
ആമ ഇഴയുംപോലാ ഡിസ്ചാര്‍ജ്ജ് ദിനമെത്തി.
നീണ്ട ബില്ല് കണ്ട് ശ്വാസം മറന്നെങ്കിലും
ശാന്തനായി ദൈവമരുളി
‘ എന്ത് കണക്കിത്?
എനിക്കെന്തിനിതെല്ലാം?’

സര്‍ജ്ജനും ശാന്തനായി
തന്ത്രത്തില്‍ മൊഴിഞ്ഞു
ഓക്‌സിജന്‍
കുപ്പിയില്‍ നിറച്ച ശുദ്ധമാം വെള്ളം
ഇവിടെ താന്‍ കണ്ട സാമഗ്രികള്‍
പാല് ഫലമൂലാദികള്‍
പല വകഭേദങ്ങളായി
കക്കൂസ് കുളിമുറി
കണ്ടില്ലേ അങ്ങനെയെന്തെല്ലാം?
കിടക്ക, മരുന്നുകള്‍, നോക്കുകൂലി
പിന്നെ ജീവന്‍ തന്നെ തിരിച്ചു തന്നില്ലേ
അതിനും വേണ്ടേ പണം?
അഞ്ചു ശതമാനം പോരേ ഡിസ്‌ക്കൗണ്ട്?

ശബ്ദം ഉറഞ്ഞു പോയെങ്കിലും
വിഡ്ഢിയാം ദൈവമുരച്ചു,
‘ കാലങ്ങളായി ഞാന്‍ തന്നിതെല്ലാം
കണക്കു പറഞ്ഞോ ഒരിയ്ക്കലെങ്കിലും?’

ക്ഷമകെട്ട സര്‍ജ്ജനലറി
‘എന്റെ സമയം പാഴാക്കും
മുഴുഭ്രാന്തനിവന്‍ ‘

‘ അടുത്ത രോഗിയ്ക്കായി
കാലിയാക്കൂ കിടക്കയുടന്‍.
ബന്ധുക്കള്‍ കടം തീര്‍ക്കും വരെ
എറിയുക ഇവനെയാ
ഭ്രാന്തര്‍ കിടക്കും വാര്‍ഡില്‍ !’

…………………………………………………………………………

One thought on “ചിത്തഭ്രമം (കവിത)

Leave a Reply

Your email address will not be published. Required fields are marked *