ഹിന്ദിയില്‍ പ്രാവീണ്യമില്ല, അതിനാല്‍ ബോളിവുഡിലേക്കില്ല; കനി കുസൃതി

Thamasoma News desk

2024 ലെ കാനില്‍ തണ്ണിമത്തന്‍ പഴ്‌സുമായി തന്റെ ശക്തമായ രാഷ്ട്രീയ നിലപാട് അറിയിച്ച കനി കുസൃതി (Kani Kusruti), തനിക്ക് ഹിന്ദി നന്നായി അറിയില്ലെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ തനിക്കു ലഭിച്ച കഥാപാത്രങ്ങളെല്ലാം മലയാളം സംസാരിക്കുന്നവരോ മുറിഹിന്ദിയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളോ ആണ്. ഹിന്ദി സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഹിന്ദിയില്‍ നല്ല പ്രാവീണ്യം ആവശ്യമാണ്. ഭാഷ പഠിക്കാന്‍ കഴിയുന്ന ഒരു മികച്ച നടിയല്ല താനെന്നും കനി വ്യക്തമാക്കി. ‘മലയാളം സിനിമകള്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ട്, ബോളിവുഡിലേക്ക് മാറാന്‍ ഭാഷയില്‍ പ്രാവീണ്യം നേടാനാകുമെന്ന് ഞാന്‍ കരുതുന്നില്ല,’ അവര്‍ പറഞ്ഞു.

മുംബൈയിലേക്ക് മാറാന്‍ പദ്ധതിയില്ലെങ്കിലും, ഏതെല്ലാം ബോളിവുഡിലെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നതിന്റെ ഒരു നീണ്ട ലിസ്റ്റ് കനി തയ്യാറാക്കിയിട്ടുണ്ട്. ‘അവരെ ‘ബോളിവുഡ് സംവിധായകര്‍’ എന്ന് വിളിക്കണോ എന്ന് എനിക്കറിയില്ല, എന്നാല്‍ അവരുടെ ജോലി എനിക്ക് ഇഷ്ടമാണ്. അവരില്‍ ആരുടെയെങ്കിലും കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചാല്‍, അതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ശ്രീറാം രാഘവന്‍, കാനു ബഹല്‍, ദിബാകര്‍ ബാനര്‍ജി എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഏറെ ആഗ്രഹമുണ്ട്. ഇവരില്‍ ആരെങ്കിലും വിളിച്ചാല്‍, കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണ്,’ കനി കൂട്ടിച്ചേര്‍ത്തു.

സാമ്പ്രദായിക സിനിമകളുടെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കഥാപാത്രങ്ങളും ഞാനിഷ്ടപ്പെടുന്നില്ല. അവയ്‌ക്കെല്ലാം വെളിയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് എനിക്കേറെ ഇഷ്ടം. ഒരു പ്രദേശത്തോ ഭാഷയിലോ ഒതുങ്ങിക്കൂടുന്ന സിനിമകളല്ല ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാവണമെന്ന ആഗ്രഹമുണ്ട്. ഏതെങ്കിലുമൊരു ഭാഷയില്‍ മാത്രം ഒതുങ്ങിപ്പോകാനും ആഗ്രഹമില്ല,’ കനി പറഞ്ഞു

അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു കനി സംസാരിച്ചിരുന്നു. താന്‍ ആഗ്രഹിക്കാത്ത പ്രോജക്ടുകള്‍ ചെയ്യാന്‍ തന്നെ നിര്‍ബന്ധിതയാക്കിയതും സാമ്പത്തിക പ്രതിസന്ധിയായിരുന്നുവെന്നും കനി പറഞ്ഞു. ‘ബിരിയാണി’യുടെയും ‘ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റ്’എന്ന സിനിമയുടെയും വിജയവും അംഗീകാരവും ജീവിതം എളുപ്പമാക്കുമോ എന്ന ചോദ്യത്തിന്, ‘ഈ രണ്ട് പ്രോജക്റ്റുകള്‍ മാത്രമല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്യങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ‘മഹാറാണി’, ‘ഒ കെ കംപ്യൂട്ടര്‍’ തുടങ്ങിയ വെബ് സീരീസുകളിലും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇനി വരുന്ന പ്രോജക്ടുകളും മികച്ചതാണ്. അതിനാല്‍ ഞാന്‍ നല്ല ആത്മവിശ്വാസത്തിലാണ്,’ കനി പറഞ്ഞു.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഈ വര്‍ഷാവസാനത്തോടെ ഫ്രാന്‍സില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ടീം ശ്രമിക്കുകയാണെന്ന് കനി പറഞ്ഞു. ചിത്രം വാണിജ്യപരമായി തിയറ്ററുകളില്‍ റിലീസ് ചെയ്യുമോ അതോ ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രം ഒതുങ്ങുമോ എന്നു തീരുമാനിച്ചിട്ടില്ലെന്നും കനി വ്യക്തമാക്കി.

ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ അടുത്തിടെ കാനില്‍ 2024 ലെ പരമോന്നത ബഹുമതി നേടി. ഈ ചിത്രത്തിലൂടെ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദയ് ഹാറൂണ്‍ തുടങ്ങിയവരും മികച്ച വിജയം കരസ്ഥമാക്കി.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *