മരുന്നു മാഫിയയെ തുറന്നു കാണിച്ച് ഹോമോ സാപ്പിയന്‍സ്


കാന്‍സര്‍….. ലോകം ഒരു ഞെട്ടലോടെ ഉള്‍ക്കൊണ്ടു തുടങ്ങിയ സത്യമാണത്.
മനുഷ്യകുലം കാന്‍സര്‍ എന്ന ഞണ്ടിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍,
ആഹ്ലാദം കൊണ്ട് നൃത്തം ചവിട്ടുന്ന മറ്റൊരു കൂട്ടരുണ്ട്. മരുന്നു കമ്പനികളും
ആര്‍ത്തിപിടിച്ച ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും പിന്നെ ഈ
ആര്‍ത്തിക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച സര്‍ക്കാരുകളുമാണത്. ഈ
ദുഷിച്ച കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചെറുസിനിമയാണ് ‘ഹോമോസാപ്പിയന്‍സ്’.

Click here to watch the movie

ജോസ് മാനുവല്‍ മോത്ത സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം പറയുന്നത് മരുന്നു
മാഫിയയുടെ ചൂഷണത്തെക്കുറിച്ചാണ്. മരുന്നുകമ്പനികളുടെ പ്രലോഭനത്തില്‍
മയങ്ങിയ ഡോക്ടര്‍, അവശരായ രോഗികളെ വകവയ്ക്കാതെ, മരുന്നു കമ്പനികളുടെ
പ്രതിനിധികള്‍ക്ക് തന്നെ കാണാനും സംസാരിക്കാനും പ്രഥമ പരിഗണന
നല്‍കുന്നിടത്തു നിന്നും മനുഷ്യജീവന്റെ വില നിര്‍ണ്ണയിക്കപ്പെടുന്നു.
കേന്ദ്രകഥാപാത്രമായ മെയ്യപ്പന്‍, തന്റെ കൈയിലുള്ളതെല്ലാം നല്‍കിയിട്ടും
മരുന്നുവാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും
മരുന്ന് തട്ടിപ്പറിച്ച് ഓടുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. അങ്ങനെ
വാങ്ങിയ ആ മരുന്നു പോലും ഫലം നല്‍കാതെ, ആ മനുഷ്യന്‍ മരിച്ചുവീഴുന്നു. ഇതാണ്
ഈ ഹ്രസ്വചിത്രത്തിന്റെ സാരാംശം. 
ആര്‍ട്ടിക്കള്‍ 21: ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോ….?
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ന് എന്തെങ്കിലും
കുഴപ്പമുണ്ടോ….? കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മനു
വില്‍സനാണ് ഈയൊരു ചോദ്യമുന്നയിച്ചത്. ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത ഓരോ
ഇന്ത്യന്‍ പൗരനും ഈ സംശയം ഉണ്ടാകും. ആര്‍ട്ടിക്കിള്‍ 21 പ്രകാരം
ഇന്ത്യയിലെ ഓരോ പൗരനും ജീവിക്കാനുള്ള അവകാശം മൗലികമായി നല്‍കപ്പെട്ടതാണ്.
എന്നാല്‍, മരുന്നു കമ്പനികളുടെ പ്രലോഭത്തില്‍ കുടുങ്ങി, ആര്‍ത്തിമൂത്ത
ഡോക്ടര്‍മാരും ആശുപത്രികളും ഈ തൊഴിലിനെ വ്യഭിചരിക്കുമ്പോള്‍ പാവപ്പെട്ട
രോഗികള്‍ക്കു നഷ്ടമാകുന്നത് ജീവനും ഒപ്പം കൈയിലുള്ളതൊക്കെയുമാണ്. 
മരുന്നുകമ്പനികളെ കടിഞ്ഞാണ്‍ ഊരി വിട്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ
അര്‍ത്ഥമെന്താണ്…? ജനങ്ങളുടെ ജീവന് സര്‍ക്കാരിന് ഉത്തരവാദിത്വമില്ല എന്നു
തന്നെയല്ലേ…? ജനറിക് നാമത്തില്‍ മരുന്നുകള്‍ കുറിക്കണമെന്ന തീരുമാനം
ശക്തമായി നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയാത്തത് എന്തുകൊണ്ട്…?
ഡോക്ടര്‍മാരെ മാത്രമല്ല, സര്‍ക്കാരുകളെ പോലും മരുന്നു കമ്പനികള്‍ വിലയ്ക്കു
വാങ്ങിയിരിക്കുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവനും സ്വത്തിനും
സംരക്ഷണം നല്‍കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് സമയമില്ല എന്നതാണു സത്യം. 
ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്, ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ്,
അഡ്വക്കേറ്റ് മനു വില്‍സന്‍ എന്നിവര്‍ നടത്തുന്ന ഒറ്റപ്പെട്ടതെങ്കിലും
ശക്തമായ സമരങ്ങളാണ് ഇത്തരമൊരു ചിത്രമെടുക്കാന്‍ ജോസ് മോത്തയെ
പ്രേരിപ്പിച്ചത്.
ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സിനിമ പ്രദര്‍ശനത്തിലും പിന്നീടു
നടന്ന ചര്‍ച്ചയിലും നിരവധി പ്രമുഖര്‍ പങ്കെടുത്തു. മേയര്‍ സൗമിനി ജെയിന്‍
ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സിനിമ നടന്‍മാരായ
സുധീര്‍ കുമാര്‍, ദ്രുവന്‍, സുപ്രീം കോടതി അഭിഭാഷകന്‍ എം ആര്‍
രാജേന്ദ്രന്‍, ഫാ റോബി കണ്ണഞ്ചിറ, വി കെ വി വര്‍ഗീസ്, ലയണ്‍ മുന്‍
ഗവര്‍ണര്‍ റോയ് വര്‍ഗീസ്, എം എല്‍ ജോര്‍ജ്ജ്, ഡോ തോമസ് വര്‍ഗ്ഗീസ്, ജോസ്
മാവേലി, അഡ്വ ഡി ബി ബിനു, ജോസ് മാവേലി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അഡ്വ മനു വില്‍സനായിരുന്നു മോഡറേറ്റര്‍. ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ്
ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചര്‍ച്ചയില്‍ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് തോമസ് വര്‍ഗ്ഗീസ് (റിനൈ
മെഡിസിറ്റി, ലേക്ഷോര്‍) ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ഒരു വിഫല ശ്രമം
നടത്തിയിരുന്നു. ക്യാന്‍സര്‍ മരുന്നുകള്‍ കൂടിയ വിലയില്‍ വില്‍ക്കാന്‍
കാരണം റിസര്‍ച്ചിനു വേണ്ടിവരുന്ന ഭീമമായ തുക മൂലമാണ് എന്നായിരുന്നു
അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ചെലവാകുന്ന തുക ആരെങ്കിലും വഹിച്ചേ തീരൂ
എന്നതിനാല്‍ രോഗികളില്‍ നിന്നും തുക ഈടാക്കുകയാണ് ചെയ്യുന്നത്
എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 
ഒരു മരുന്ന് ഫലപ്രദമാണ് എങ്കില്‍, യാതൊരു രീതിയിലുള്ള മാര്‍ക്കറ്റിംഗും
അതിന് ആവശ്യമില്ല. മരുന്നു വിറ്റഴിക്കുന്നതിന് മരുന്നുകമ്പനികള്‍
കോടിക്കണക്കിനു തുക എന്തിനാണ് എന്തിനാണ് ചെലവഴിക്കുന്നത് എന്നും അദ്ദേഹം
പറഞ്ഞില്ല. ആ മരുന്നു വിറ്റഴിക്കാന്‍ എന്തിനാണ് ഡോക്ടര്‍മാരെ വിലയ്ക്കു
വാങ്ങുന്നത് എന്നതിനും അദ്ദേഹത്തിന് ഉത്തരമൊന്നും ഉണ്ടായില്ല. 
ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്ത ജോസ് മോത്ത മറന്നുപോയ (അതോ മനപ്പൂര്‍വ്വം
വിട്ടുകളഞ്ഞതോ) ഒരു സത്യമുണ്ട്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിയില്‍ മരുന്നു
കമ്പനികളുടെ പ്രതിനിധികള്‍ തങ്ങളുടെ ടാര്‍ഗറ്റ് 5 കോടി ആണെന്നും
ഇപ്രാവശ്യം ഡോക്ടര്‍മാര്‍ക്കുള്ള സമ്മാനം യൂറോപ്പിലേക്കുള്ള
സുഖസഞ്ചാരമാണെന്നും പറയുന്നുണ്ട്. സമ്മാനങ്ങള്‍ യൂറോപ്യന്‍ ട്രിപ്പും
കഴിഞ്ഞ് ബെന്‍സ് കാറുകളിലേക്കും അത്യന്താധുനിക ഫഌറ്റുകളിലേക്കും
വില്ലകളിലേക്കും കടന്നത് ജോസ് മോത്ത ഒരുപക്ഷേ അറിഞ്ഞിരിക്കാന്‍ വഴിയില്ല.
കേരളത്തില്‍ ഒരുമാസം 30 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍
ഉണ്ടെന്നുള്ളതും മോത്ത അറിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടായിരുന്നുവെങ്കില്‍
അതെല്ലാം ഈ സിനിമയിലും കണ്ടേനെ. ഒരുപക്ഷേ, ഡോക്ടര്‍മാരെ ഒന്നു തലോടിയതാവാം.
കാരണം അസുഖം വന്നാല്‍ ചെല്ലേണ്ടതും ഇതേ ആശുപത്രിയിലേക്കു തന്നെ.
അല്ലെങ്കില്‍ നടന്‍ ശ്രീനിവാസന്റെ അനുഭവമാകും ഉണ്ടാകുക! വീണുപോയ അങ്ങേരെ
ആക്രമിക്കാന്‍ ചുറ്റും കൂടിയവര്‍ക്ക് എന്താ ഒരു ഉശിര്…..!!! 

Tags: Homo Sapiens, short movie, fight against medicine mafia, generic medicine

Leave a Reply

Your email address will not be published. Required fields are marked *