കള്ളത്തരത്തിന്റെ ഉസ്താദിന് കാവലാള്‍ മേലങ്കി ചേരില്ല


Jess Varkey Thuruthel & Zachariah

സുരേഷ് ഗോപി ലൂര്‍ദ്ദ് മാതാവിനു നല്‍കിയ കിരീടം സ്വര്‍ണ്ണമോ പൂശോ എന്ന് ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു. പക്ഷേ, അത് യഥാര്‍ത്ഥത്തില്‍ പൂശാണ് എന്നതിന് ഇനി ഒരു പരിശോധനയുടേയും ആവശ്യമില്ല. കാരണം, അതു ചെമ്പാണ് എന്ന് സുരേഷ് ഗോപി തന്നെ പറയാതെ പറഞ്ഞു. ‘വിശ്വാസത്തെ ഉരച്ചു നോക്കാന്‍ പറഞ്ഞത് ആര്? എന്റെ സമ്മാനം മാതാവ് സ്വീകരിച്ചു, എന്റെ ത്രാണിക്കനുസരിച്ചാണ് ഞാന്‍ കിരീടം നല്‍കിയത്,’ ഇതെല്ലാം താന്‍ നടത്തിയത് വന്‍ വഞ്ചനയാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മുക്കുപണ്ടം നല്‍കി പറ്റിച്ച് വോട്ടു നേടാന്‍ നടക്കുന്ന കള്ളത്തരത്തിന്റെ ഉസ്താദ്.

സഹായം യാചിച്ചെത്തിയ അമ്മയോടും രോഗിയായ കുഞ്ഞിനോടും ഗോവിന്ദന്‍ മാഷോടു പോയി ചോദിക്കാന്‍ പറഞ്ഞു കളിയാക്കിയ വ്യക്തി എങ്ങനെയാണ് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ കാവലാളാകുന്നത്? പാര്‍ട്ടി നോക്കി, വോട്ടു നോക്കി, തൊലിയുടെ നിറം നോക്കി കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഇയാളുടെ കൈകളില്‍ എങ്ങനെയാണ് ഈ നാടിന്റെ ഭാവി ഏല്‍പ്പിച്ചു കൊടുക്കുന്നത്? തമിഴ്‌നാട്ടില്‍ നിന്നെത്തിയ സിന്ധു എന്ന ആ അമ്മയെ പരിഹസിച്ചതു പോലെ ഇതിനു മുന്‍പും ഇയാള്‍ നിരവധി പേരെ പരിഹസിച്ചു പറഞ്ഞയച്ചിട്ടുണ്ട്. അപൂര്‍വ്വരോഗം ബാധിച്ച രണ്ടു കുട്ടികളെയും നോക്കാന്‍ ശേഷിയില്ലാത്ത ആ മാതാപിതാക്കള്‍ ദയാവധത്തിനായി സുപ്രീം കോടതിക്കു മുന്നില്‍ യാചിക്കും മുന്‍പേ സുരേഷ് ഗോപിക്കു മുന്നിലും പോയിരുന്നു. എല്ലാവരേയും വാരിക്കോരി സഹായിക്കുന്ന, നന്മയുടെ കാവലാളെന്ന് പിണിയാളുകള്‍ വാഴ്ത്തുന്ന സുരേഷ് ഗോപി ഇവരോടു പറഞ്ഞത് വീണാ ജോര്‍ജ്ജിനോടും പിണറായി വിജയനോടും ചോദിക്കാനായിരുന്നു.

പാവങ്ങളെ സഹായിക്കാന്‍ ഈ ഭൂമിയില്‍ താന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളു എന്ന രീതിയിലാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍. കേരളമാകെ കൂട്ടക്കുഴപ്പത്തിലാണെന്നും ബി ജെ പിക്കാരായ ഈ നേതാക്കളെയെല്ലാം വിജയിപ്പിച്ചാല്‍ മാത്രമേ കേരളത്തിനു രക്ഷയുള്ളു എന്ന മട്ടിലാണ് നാടകങ്ങള്‍. സര്‍ക്കാരിനെതിരെ പടയുമായി പുറപ്പെട്ട മറിയക്കുട്ടിച്ചേട്ടത്തി ഉള്‍പ്പടെ സകലരുടെയും കണ്ണീരൊപ്പാന്‍ ജനിച്ചവനെന്ന ഇമേജുണ്ടാക്കി ജീവിക്കുന്നു ഇയാള്‍. മാധ്യമശ്രദ്ധയാകര്‍ഷിച്ച നിസ്സഹായ മനുഷ്യരെ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ കാണ്‍കെ മാത്രം സഹായിക്കുന്നവന്‍. കാണാന്‍ മാധ്യമപ്പടയില്ലെങ്കില്‍ പരിഹസിച്ചും അപഹസിച്ചും പറഞ്ഞയക്കുന്നയാള്‍. പേരും പ്രശസ്തിയും നേടാന്‍ പെരും കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നയാള്‍.

നിഷ്‌കളങ്കരായ മനുഷ്യരെ ഇത്തരത്തില്‍ അവഹേളിക്കുന്ന ഇവരുടെ മേല്‍ ഇടിത്തീ വീഴ്ത്താന്‍ ഇവിടൊരു ദൈവവുമില്ലെന്ന് ഉറച്ച ബോധ്യമുള്ളവര്‍ ദൈവങ്ങളെയും പറ്റിക്കുന്നു. ഇത് ഇന്ത്യന്‍ ജനതയുടെ ശാപമാണ്. വിദ്യാഭ്യാസമുണ്ടായിട്ടും പണമുള്ളവും അധികാരവുമുള്ളവന്റെ ആസനം താങ്ങികളാകാനാണ് വിധി. ഇതുപോലുള്ള കള്ളനാണയങ്ങളെ നേരിടാനുള്ള ത്രാണി ഇല്ലാത്തൊരു ജനതയാണിത്. തുല്യ നീതി പോയിട്ട് മനുഷ്യര്‍ക്കുള്ള സാമാന്യ നീതിക്കു പോലും ഗതിയില്ലാത്തൊരു ജനത. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിച്ചു രസിക്കുന്ന ഇവര്‍ക്കെല്ലാം വീണ്ടും വീണ്ടും ജെയ് വിളിക്കേണ്ടി വരുന്ന ഗതികെട്ട ജനതയായിപ്പോയി ഇന്ത്യയില്‍.

ലൂര്‍ദ്ദ് മാതാവിനു കൊടുത്ത സ്വര്‍ണ്ണം ചെമ്പാണെന്നു തെളിഞ്ഞതോടെ സുരേഷ് ഗോപി നടത്തുന്നത് നാണംകെട്ട കളിയാണ്. ഉടുതുണി ഉരിഞ്ഞു പോയി എന്നും നാണം മറയ്ക്കാന്‍ അരയില്‍ ഒരു കോണകം പോലുമില്ലെന്നും അറിഞ്ഞുകൊണ്ട് നടത്തുന്ന പൊറാട്ടു നാടകം. ഇനി അടവെന്തെങ്കിലും ബാക്കിയുണ്ടോ ഇദ്ദേഹത്തിന്റെ ആവനാഴിയില്‍? കൊടുത്തത് സ്വര്‍ണ്ണക്കിരീടമാണെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം വാഴ്ത്തിയപ്പോള്‍ അതുകേട്ടു നിറഞ്ഞു ചിരിച്ച സുരേഷ് ഗോപിയുടെ മുഖം മറക്കാറായിട്ടില്ല കേരള ജനതയ്ക്ക്. ചെമ്പിനുള്ള ത്രാണി മാത്രമേയുള്ളുവെന്നും കിരീടം സ്വര്‍ണ്ണം പൂശിയതാണെന്നും എന്തേ അന്നു പറഞ്ഞില്ല? തൃശൂരിലെ ക്രിസ്ത്യാനികളുടെ വിശ്വാസം പിടിച്ചു പറ്റി, വോട്ടു നേടുവാനുള്ള തന്ത്രമായിരുന്നു സുരേഷ് ഗോപി പയറ്റിയത്.

എന്നവസാനിപ്പിക്കും മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ അവിശുദ്ധ ബന്ധം? മതേതര ഇന്ത്യയില്‍ നടക്കുന്നതെല്ലാം മതത്തിന്റെ പേരിലുള്ള അഴിഞ്ഞാട്ടങ്ങള്‍ മാത്രം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുന്നതു പോലും മതവും വിശ്വാസവും ആചാരങ്ങളും നോക്കി. മനുഷ്യനെയും അവന്റെ സഹനങ്ങളെയും കാണാന്‍ കണ്ണില്ലാത്ത ചതിയന്മാരുടെയും അധികാരക്കൊതിയന്മാരുടെയും അഴിഞ്ഞാട്ടങ്ങള്‍ ഇനി എത്ര കാലം സഹിക്കണം. എന്നീ ജനതയ്ക്കു ബോധമുണ്ടാകും?

 

………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
--തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്--

.....................................................................................................
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :


https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *