പന്തീരങ്കാവ് സ്ത്രീപീഢനക്കേസ്: പെണ്‍കുട്ടിക്കുമേല്‍ അവിഹിതം ആരോപിക്കുന്നവരോട്

Jess Varkey Thuruthel

വിവാഹം കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചവര്‍ക്കു പറയാനുള്ളത് ആ പെണ്‍കുട്ടിയുടെ അവിഹിത ബന്ധത്തെക്കുറിച്ചാണ് (Pantheerankavu dowry case). എം ടെക് വരെ പഠിച്ച് ജോലി നേടിയ ഒരു പെണ്‍കുട്ടിയെയാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്. ഒടുവില്‍, അവള്‍ക്കു നേരെ ലൈംഗിക അപവാദവും! അതോടെ, പെണ്ണിനെ സദാചാരം പഠിപ്പിക്കാനായി സകലരും വാളുമൂരിപ്പിടിച്ച് രംഗത്തെത്തിയിരിക്കുന്നു. പന്തീരാങ്കാവ് പോലീസ് പറഞ്ഞതിന്റെ ആവര്‍ത്തനം. ഇതെല്ലാം വിവാഹ ജീവിതത്തില്‍ പതിവല്ലേ. പെണ്ണ് വഴിപിഴച്ചു പോയാല്‍ പിന്നെ എന്തു ചെയ്യണം എന്ന ചോദ്യങ്ങളും.

മക്കള്‍ക്കു നല്ല വിദ്യാഭ്യാസം കൊടുത്ത്, ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നത് സ്വന്തമായി ജീവിക്കാന്‍ തന്നെയാണ്. ആരുടെയും സഹായമോ പിന്തുണയോ ഇല്ലാതെ തനിയെ ജീവിക്കാനും സമ്പാദിക്കാനും. സ്ത്രീധനമായി യാതൊന്നും വേണ്ടെന്നു പറഞ്ഞവര്‍ക്ക്, കനത്ത സ്ത്രീധനവും കാറും നല്‍കി തന്നെയാണ് ആ അച്ഛനും അമ്മയും മകളെ വിവാഹം കഴിപ്പിച്ചയച്ചത്. ജര്‍മ്മനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവിനാകട്ടെ, മനുഷ്യത്വമെന്ന വികാരമേ ഇല്ലാതായിപ്പോയി. അതീവ യോഗ്യനെന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ എന്‍ജിനീയര്‍ക്ക് ആദ്യം വന്ന രണ്ട് ആലോചനകളും മുടങ്ങിപ്പോയിരുന്നു. ആ പെണ്‍കുട്ടികളുടെ നല്ല നേരം.

വിസ്മയ കൊലക്കേസിലെ ഏറ്റവും വലിയ പ്രശ്‌നം താന്‍ അതിക്രൂരമായി പീഢനങ്ങള്‍ സഹിക്കുന്ന കാര്യം വീട്ടുകാരെ അറിയിച്ചിട്ടും എല്ലാം സഹിക്കാനായിരുന്നു വിസ്മയയുടെ കുടുംബം ആ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. ഉപദ്രവിക്കുന്നവരുടെ വായടപ്പിക്കാനായി കുറെപ്പണം കൂടി നല്‍കുകയും ചെയ്തു. വിസ്മയയുടെ അവസ്ഥ തങ്ങളുടെ മകള്‍ക്ക് ഉണ്ടാകരുതെന്നു കരുതി പോലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പോലീസില്‍ നിന്നു പോലും നീതി ലഭിച്ചില്ല. ഇതെല്ലാം ദാമ്പത്യത്തില്‍ പതിവാണത്രെ! ഈ 21-ാം നൂറ്റാണ്ടിലും ഈ വിധം ചിന്തിക്കുന്ന പോലീസുകാരുണ്ട്.

ഭര്‍തൃവീട്ടില്‍ പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങളായിരുന്നു. ‘അയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി മാറ്റിവച്ചു. വീട്ടില്‍ ആരെയും വിളിക്കാന്‍ അനുവദിച്ചില്ല. കൈയുടെ മുഷ്ടി ചുരുട്ടി മുഖത്തും തലയിലും മാറിമാറി ഇടിച്ചു, രണ്ടുകവിളിലും മാറി മാറി തല്ലി. പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നു, കുനിച്ചു നിര്‍ത്തി കൈമുട്ടുകൊണ്ട് പുറത്ത് തുടരെത്തുടരെ മര്‍ദ്ദിച്ചു, മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മില്‍ വലിച്ചകത്തി വേദനിപ്പിച്ചു, ബെല്‍റ്റ് വച്ച് തലങ്ങും വിലങ്ങും അടിച്ചു, മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. അയാള്‍ അമിതമായ അളവില്‍ എന്തോ ലഹരിവസ്തു ഉപയോഗിച്ചിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.’

കേള്‍ക്കുമ്പോള്‍ പോലും ഭയന്നു പോകുന്ന തരം ഭീകരമായ ക്രൂരതകള്‍ക്കാണ് ആ പെണ്‍കുട്ടി ഇരയായത്. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ അയാള്‍ത്തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചിട്ട് ബാത്ത്‌റൂമില്‍ തെന്നിവീണതാണെന്നു പറഞ്ഞു ചികിത്സതേടി. അത്രയും മര്‍ദ്ദനത്തിന്റെ മുറിവുകള്‍ ആ കുട്ടിയുടെ ദേഹത്ത് ഉണ്ടായിട്ടും ആശുപത്രിക്കാര്‍ പോലീസില്‍ അറിയിക്കാതെ ചികിത്സകൊടുത്തു വീട്ടില്‍ പറഞ്ഞയച്ചുവത്രെ! എത്ര നിരുത്തരവാദപരമായ കാര്യമാണ് ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായിരിക്കുന്നത്! ഇത്രയൊക്കെ നടന്നിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാരെ ആരും വിവരങ്ങള്‍ അറിയിച്ചില്ല. സംഭവം നടന്നതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടുക്കളകാണല്‍ ചടങ്ങിന് ചെന്നപ്പോഴാണ് ഈ ക്രൂരത അവര്‍ തിരിച്ചറിയുന്നത്.

ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്കു നേരിടേണ്ടി വന്നത് അവഗണനയും നീതി നിഷേധവുമാണ്. ഈ കുട്ടിയും മാതാപിതാക്കളും പോലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പ്രതിയുടെ തോളില്‍ കൈയ്യിട്ട് കുശലം ചോദിച്ചുനില്‍ക്കുന്ന പോലീസുകാരെയാണ് കണ്ടതെന്ന് ഇവര്‍ പറയുന്നു. വിദ്യാഭ്യാസവും, ജോലിയും, പ്രതികരണശേഷിയും ഉണ്ടായിട്ടും വേണ്ടത്ര പിന്തുണകൊടുക്കാന്‍ നിയമസംവിധാനങ്ങള്‍ തയ്യാറാകുന്നില്ല എന്ന് ആ കുട്ടിയും മാതാപിതാക്കളും പറയുന്നു. ഇപ്പോഴിതാ, അവളെ സ്വഭാവ ഹത്യ ചെയ്തിരിക്കുന്നു. പെണ്ണിനെ മോശക്കാരിയായി ചിത്രീകരിച്ചാല്‍പ്പിന്നെ അവളെ വെട്ടിനുറുക്കിയാലും അതെല്ലാം ന്യായമെന്ന രീതി.

മര്യാദയ്ക്ക് ആണ്‍മക്കളെ വളര്‍ത്താതെ, ദുശ്ശീലങ്ങളും ലഹരി ഉപയോഗവുമുള്ള ആണ്‍മക്കള്‍ വിവാഹം കഴിച്ചാല്‍ നന്നാകുമെന്ന ചിന്തയില്‍ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കുന്നു. ഇത്തരത്തില്‍ സ്വഭാവ വൈകൃതമുള്ളവര്‍ എന്തിനാണ് മറ്റുള്ളവരുടെ ജീവിതം കൂടി തുലയ്ക്കുന്നത്? വഴിപിഴച്ചു നടക്കുന്നവരെ നന്നാക്കാനുള്ള ഉപാധിയല്ല വിവാഹം. അത്തരക്കാര്‍ക്കു വേണ്ടത് ശിക്ഷയോ ചികിത്സയോ ആണ്. അല്ലാതെ വിവാഹമല്ല. വിവാഹം കഴിക്കുക എന്നത് മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യാനുള്ള ലൈസന്‍സല്ല. വിവാഹത്തിന് ജാതിയും മതവും കുലമഹിമയും പരിശോധിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ശാരീരികമായും മാനസികമായും വിവാഹബന്ധത്തിന് യോഗ്യരാണോ എന്ന പരിശോധനകളാണ് നടത്തേണ്ടത്. അല്ലാത്തപക്ഷം ഇനിയും ഇത്തരം കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എത്ര പണം കിട്ടിയാലും ആര്‍ത്തി തീരാത്തവര്‍ ചോദിച്ചു കൊണ്ടേയിരിക്കും. കിട്ടാന്‍ വേണ്ടി പെണ്ണിനെ കൊല്ലാക്കൊല ചെയ്യും. ഇതു തങ്ങളുടെ വിധിയാണെന്നു കരുതി പലരും പലതും സഹിക്കുകയും ചെയ്യും. ഇത്തരത്തില്‍ സഹിച്ചു ജീവിച്ചു തീര്‍ക്കേണ്ടതല്ല വിവാഹജീവിതം.

…………………………………………………………………………

പ്രധാനമായും അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രമാണ് തമസോമ. ശബ്ദമില്ലാത്തവരുടെ ശബ്ദമാണിത്. അതിനാല്‍, നീതിക്കു വേണ്ടിയുള്ള ഏതു പോരാട്ടത്തിനൊപ്പവും തമസോമയുണ്ടാകും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുമാകട്ടെ, അവയില്‍ സത്യമുണ്ടെങ്കില്‍, നീതിക്കായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പോരാട്ടങ്ങള്‍ക്കൊപ്പം തമസോമയുമുണ്ടാകും.

ഈ നമ്പറിലും ഇമെയില്‍ വിലാസത്തിലും ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം.

എഡിറ്റര്‍: 8921990170, editor@thamasoma.com

(ഓര്‍മ്മിക്കുക, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നു ബോധ്യപ്പെട്ടാല്‍, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാവില്ല, കാരണം നാളിതു വരെ ശരിയുടെ ഭാഗത്തു മാത്രമാണ് തമസോമ നിന്നിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും.)

തമസോമയില്‍ പരസ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ തന്നെ കോണ്‍ടാക്ട് ചെയ്യാവുന്നതാണ്. (സത്യസന്ധമല്ലാത്ത ഒരു ബിസിനസിനൊപ്പവും തമസോമ ഉണ്ടായിരിക്കില്ല, അതിനാല്‍ത്തന്നെ എല്ലാ പരസ്യങ്ങളും സ്വീകരിക്കാന്‍ തമസോമയ്ക്കു കഴിയുകയുമില്ല. പെയ്ഡ് ന്യൂസുകളും തമസോമ സ്വീകരിക്കില്ല)

……………………………………………………………………………….

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *