നീതിയല്ല, കോടതിയില്‍ തെളിയുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രം

Jess Varkey Thuruthel

നീതിയാണോ കോടതികളില്‍ നടപ്പാക്കുന്നത്? അതെയെന്നാണ് നമ്മളെല്ലാം കരുതിയിരിക്കുന്നത്. നമുക്കു കോടതികളില്‍ വിശ്വാസമുണ്ട്. കോടതി നീതി നടപ്പാക്കുമെന്നും നമ്മള്‍ വിശ്വസിക്കുന്നു. പക്ഷേ, കോടതികളില്‍ തെളിയിക്കപ്പെടുന്നതും തെളിയാതെ പോകുന്നതും കുറ്റം മാത്രമാണ്. നീതിയല്ല. കേരളത്തെ പിടിച്ചു കുലുക്കിയ സ്ത്രീധന പീഡനക്കേസ് ഉയര്‍ന്നുവന്നത് പന്തീരാങ്കാവില്‍ നിന്നായിരുന്നു (fake allegation).

വിവാഹിതയായി ഒരാഴ്ച മാത്രം പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനാല്‍ അതിക്രൂരമായി പീഡനങ്ങളേല്‍ക്കേണ്ടി വന്നുവെന്നും തെളിവായി ശരീരത്തിലെ മുറിപ്പാടുകളും ആ യുവതി കാണിച്ചു. കേസ് ഗൗരവത്തോടെ എടുത്തില്ല എന്ന കാരണത്താല്‍ പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലായി. കേസില്‍ പ്രതിപ്പട്ടികയിലെ പ്രധാനി വിദേശത്തേക്കു മുങ്ങി. കേസില്‍ അന്വേഷണം അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ യുവതിയുടെ വെളിപ്പെടുത്തല്‍. അതെല്ലാം വെറും കള്ളമായിരുന്നു. മാട്രിമോണിയല്‍ വഴി പരിചയപ്പെട്ടവരുമായി വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നതിന്റെ പേരിലുണ്ടായ കുടുംബ വഴക്കാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും തനിക്കു തെറ്റുപറ്റിയെന്നും യുവതി! തന്നെ തല്ലിയതിന്റെ വാശിയും ഭര്‍ത്താവിനെതിരെ പരാതി പറയാന്‍ കാരണമായെന്ന് തുറന്നു സമ്മതിക്കുന്നു!!

ഏതാണ് സത്യം? ഏതാണ് കള്ളം? അവരുടെ ഭര്‍ത്താവ് അവരെ ശരിക്കും ഉപദ്രവിച്ചിരുന്നോ? ഉത്തരം എന്തു തന്നെ ആയാലും ആ സ്ത്രീ ഈ സമൂഹത്തിന് ഉണ്ടാക്കി വച്ച ആഘാതം ചെറുതല്ല. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരതകള്‍ സഹിക്കേണ്ടി വരുന്ന, ജീവിക്കാന്‍ വേറൊരു മാര്‍ഗ്ഗവുമില്ലാത്ത അനേകമനേകം സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍. യഥാര്‍ത്ഥനീതി അര്‍ഹിക്കുന്ന അവരോടെല്ലാം ചെയ്ത ഏറ്റവും വലിയ തെറ്റാണ് പന്തീരാങ്കാവ് പീഡനപ്പരാതിയിലെ സ്ത്രീ ചെയ്തത്.

പോലീസില്‍ കള്ളക്കേസ് കൊടുക്കുന്നവര്‍ക്കെതിരെ ആരും കേസിനു പോകാറില്ല. കള്ളക്കേസാണെന്നു തെളിഞ്ഞാല്‍, ‘കേസ് ഒഴിവായികിട്ടിയപ്പോ ഭാഗ്യം’ എന്ന ചിന്താഗതിയാണ് പലര്‍ക്കും. വിവാഹ മോചനക്കേസുകള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്. പക്ഷേ, ജയിക്കാനായി കള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് പലരും. ഇത്തരം കള്ള ആരോപണങ്ങളില്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങളുണ്ട്. അവരെക്കുറിച്ചോര്‍ത്ത് ആര്‍ക്കും വേവലാതികളില്ല.

ഉത്രയും വിസ്മയയും വേദനകളായി നമുക്കു മുന്നിലുണ്ട്. രക്ഷിക്കാന്‍ കഴിയുമായിരുന്ന ജീവനുകളെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിന്റെ വേദനകള്‍ ഓരോ മലയാളി മനസിലുമുണ്ട്. പന്തീരാങ്കാവില്‍ നിന്നും ആദ്യത്തെ നിലവിളി ഉയര്‍ന്നപ്പോള്‍ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചുവല്ലോ എന്ന ആശ്വാസം തന്നെയായിരുന്നു ഓരോ മലയാളിക്കുമുണ്ടായിരുന്നത്. എന്നാല്‍ മാസമൊന്നു തികഞ്ഞപ്പോള്‍ ആ യുവതി പറയുന്നു, അതെല്ലാം കള്ളമായിരുന്നുവെന്ന്.

ഈ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുണ്ട്. ജോലിയുടെ ആധിക്യം മൂലം ഒന്നു വിശ്രമിക്കാന്‍ പോലുമാകാതെ, വീട്ടില്‍ പോകാനാവാതെ പണിയെടുക്കുന്നവര്‍. കഷ്ടപ്പാടുകളെല്ലാം സഹിച്ച് ഓരോ പ്രതിയെ പിടിച്ചു കൊണ്ടുവരുമ്പോഴും പരാതിക്കാരില്‍ ചിലര്‍ പറയും, ‘ഒന്നു വിരട്ടി വിട്ടാല്‍ മതി, ഞങ്ങള്‍ക്കു പരാതിയില്ല എന്ന്!’ ഇവിടെയും പറയുന്നു, പരാതിക്കാരിക്കു പരാതിയില്ല, പിന്നെന്തിനു കേസ് എന്ന്!!

എസ് സി എസ് ടി അട്രോസിറ്റി ആക്ട്, പോക്‌സോ ആക്ട്, സ്ത്രീസംരക്ഷണത്തിന്റെ നിരവധി നിയമങ്ങള്‍ ഇവയെല്ലാം ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നിലവിളിച്ചുകൊണ്ടൊരു സ്ത്രീ പരാതിപ്പെട്ടാല്‍ പ്രതി പിടിയിലാകും. അന്വേഷണമൊക്കെ പിന്നീട്. ചില കേസുകളില്‍ ജാമ്യം പോലും ലഭിക്കില്ല. കുറ്റവാളിയെന്ന പരാതിയിന്മേല്‍ പിടിയിലായാല്‍ പോലീസില്‍ നിന്നും കിട്ടുന്ന മാനസിക പീഡനങ്ങള്‍ വേറെ.

എല്ലാറ്റിനും പരിഹാരം ഒന്നേയുള്ളു. കള്ളപ്പരാതിക്കാര്‍ക്ക് കഠിന ശിക്ഷ നല്‍കണം. കൊടുത്ത പരാതി കള്ളമാണെന്നു തെളിഞ്ഞാല്‍ പരാതിക്കാരെ അറസ്റ്റു ചെയ്യാനും വിചാരണ ചെയ്യാനും കഴിയണം. കള്ളപ്പരാതി നല്‍കിയവര്‍ക്ക് തക്കതായ ശിക്ഷയും നല്‍കണം. പ്രതികാരം തീര്‍ക്കാനായും മറ്റും കള്ളപ്പരാതി നല്‍കുന്നവരെ നിലയ്ക്കു നിറുത്താന്‍ അതുമാത്രമേ മാര്‍ഗ്ഗമുള്ളു. നിരപരാധികള്‍ക്കു നീതി നടപ്പാക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നീതി നിര്‍വ്വഹണം പ്രഹസനമായിപ്പോകും.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *