കൊച്ചിയുടെ ഹൃദയഭാഗത്ത് കൈയ്യേറ്റം: ഭാഗ്യം, അധികാരികള്‍ ഇതുവരെയും അറിഞ്ഞിട്ടില്ല…!!!കൊച്ചിയുയെ ഹൃദയഭാഗത്ത്, പനമ്പിള്ളി നഗര്‍ ഷിഹാബ് തങ്ങള്‍ റോഡില്‍,
പാസ്‌പോര്‍ട്ട് ഓഫീസിനടുത്ത് ഒരു തോട് കൈയ്യേറി ഏകദേശം പത്തോളം വീടുകള്‍
അവിടെ നിര്‍മ്മിച്ചുകഴിഞ്ഞു. ഇത് ആരു കൈയ്യേറി എന്നോ ആരാണ് പണിതെന്നോ
കോര്‍പ്പറേഷനോ കൗണ്‍സിലര്‍ക്കോ അറിയില്ല. സാധാരണ ഗതിയില്‍, പാവപ്പെട്ട ചേരി
നിവാസികള്‍ക്ക് ചെറിയ വീടുകള്‍ പണിതു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ
ഉത്തരവാദിത്വമാണ്. പക്ഷേ, ഇവിടെ നടക്കുന്നത് വലിയൊരു തട്ടിപ്പാണ്. കാരണം
എറണാകുളത്തു തന്നെ ജനിച്ചു വളര്‍ന്ന അനേകര്‍ ഒരു തരി ഭൂമിയില്ലാതെ,
കിടപ്പാടമില്ലാതെ അലയുന്നുണ്ട്. ഈ പാവപ്പെട്ടവര്‍ ആരുമല്ല കൊച്ചി
പനമ്പിള്ളി നഗറില്‍ സ്ഥലം കൈയ്യേറി വീടു പണിതിരിക്കുന്നത്. ഈ
കൈയ്യേറ്റക്കാരില്‍ കൂടുതലും ഒരു വിഭാഗം രാഷ്ട്രീയ ഗുണ്ടകളും മയക്കുമരുന്നു
കച്ചവടക്കാരുമാണ്. ജനജീവിതം ദുസ്സഹമാക്കുന്ന ഇവര്‍ക്ക് സര്‍ക്കാര്‍
ചെലവില്‍ എന്തിനു വീടു നല്‍കി സംരക്ഷിക്കുന്നു….???

സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും സമ്മതമാണ് എങ്കില്‍, ഫലപ്രദമായ ഒരു
മാര്‍ഗ്ഗം ഞങ്ങള്‍ നിര്‍ദ്ദേശിക്കാം. സര്‍ക്കാരിന്റെ സഹായത്തോടെ
പാവപ്പെട്ടവര്‍ക്ക് ഉറപ്പുള്ള വീടുനിര്‍മ്മിച്ചു നല്‍കാന്‍ ജനപക്ഷം
തയ്യാറാണ്. 25 വര്‍ഷത്തിലേറെ കാലം നിലനില്‍ക്കുന്ന, ഉറപ്പുള്ള കൊച്ചു
വീടുകള്‍. പക്ഷേ, ഈ വീടുകള്‍ നൂറു വര്‍ഷങ്ങള്‍ക്കു ശേഷം സര്‍ക്കാരിനു
തിരിച്ചു നല്‍കണം. ഇവിടെ താമസിക്കുന്ന കാലമത്രയും സര്‍ക്കാരിലേക്ക് മാസം 50
രൂപ വച്ച് വാടകയും നല്‍കണം. 

തലചായ്ക്കാന്‍ ഒരിടമില്ലാതെ കടത്തിണ്ണയിലും തെരുവിലും റോഡിലും
കിടന്നുറങ്ങുന്ന അനേകം മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍. തലയ്ക്കുമുകളില്‍
ഉറപ്പില്ലാത്ത ഒരു മറയില്ലാത്തതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന
മാനസികവും ശാരീരികവുമായ ഭവിഷ്യത്തുകള്‍ എത്ര എന്നത് വിവരണാധീതമാണ്.
തുറസ്സായ സ്ഥലങ്ങളില്‍ കിടന്നുറങ്ങുന്ന പെണ്‍കുഞ്ഞുങ്ങള്‍ നിരന്തരം
പീഡനത്തിന് ഇരയാവുന്നു. തെരുവില്‍ കിടന്നുറങ്ങുന്നവരെ ലക്ഷ്യമിട്ടു
നടക്കുന്ന നിരവധി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. എല്ലാറ്റിനും
അറുതിവരുത്താന്‍ അവര്‍ക്കും വേണം ഒരു കൂര. തലചായ്ക്കാന്‍ ഒരിടം. 
എന്നാല്‍, സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ഒന്നൊഴിയാതെ പാവങ്ങള്‍ക്കായി
എന്നെന്നേക്കുമായി പതിച്ചു നല്‍കിയാല്‍, വീടുവച്ചു നല്‍കിയാല്‍, പിന്നീടു
വരുന്ന ആവശ്യക്കാരെ എങ്ങനെ പരിഗണിക്കാന്‍ കഴിയും…? സഹായം തേടുന്ന
എല്ലാവര്‍ക്കും അതു നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലേ….?
ഒരിക്കല്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റിയവരുടെ ജീവിത നിലവാരം
മെച്ചപ്പെട്ടാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ സഹായം തുടര്‍ന്നും നല്‍കുന്നത്
ഉചിതമോ….? സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉണര്‍ന്നിരുന്ന് ചിന്തിച്ച്
തീരുമാനമെടുക്കേണ്ട ഒരു വിഷയമാണിത്. ഇവിടെയാണ് ജനപക്ഷം മുന്നോട്ടു വച്ച
നിര്‍ദ്ദേശം ഫലപ്രദമാകുന്നത്. ഒരിക്കല്‍ സഹായം സ്വീകരിച്ചവര്‍,
എല്ലാക്കാലവും ആ ജീവിത സാഹചര്യത്തില്‍ ആയിരിക്കുകയില്ല. അവരുടെ സാമ്പത്തിക
സ്ഥിതി മെച്ചപ്പെട്ടാല്‍, മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന് അനുസരിച്ച്
അവര്‍ക്ക് കോളനി ജീവിതവും ചേരി ജീവിതവും അവസാനിപ്പിക്കാവുന്നതാണ്. 
ഒരിക്കല്‍ ദരിദ്രരുടെ പട്ടികയില്‍ പേര്‍ വന്നാല്‍ പിന്നെ അതിനു മാറ്റമില്ല
എന്നതാണോ ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ സാമൂഹിക വ്യവസ്ഥിതി…?
ദരിദ്രജീവിതം നയിക്കുന്നവര്‍ക്ക് ആ ജീവിത സാഹചര്യത്തില്‍ നിന്നും മാറി,
സാമ്പത്തികമായി കുറച്ചുകൂടി ഭദ്രമായ ഒരു ജീവിതം നേടിയെടുക്കാന്‍ ആഗ്രഹം
കാണില്ലേ….??? എന്താണ് നാടിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതം…??
ദരിദ്രരെ ദരിദ്രരായി നിലനിര്‍ത്തി എന്നെന്നും അവരുടെ ജീവിതത്തെ പിന്തുണച്ച്
സാമ്പത്തിക സഹായം എല്ലായ്‌പ്പോഴും നല്‍കുന്നതോ അതോ അവരുടെ ദരിദ്രമായ
ചുറ്റുപാടില്‍ നിന്നും ഒരു മോചനം നല്‍കാന്‍ അവരെ സഹായിക്കുന്നതോ….?
എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്തു നടക്കുന്ന ഒരു കൈയ്യേറ്റമാണ്
ജനപക്ഷത്തെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. 
ഈ നൂതന ആശയം ജനപക്ഷവും തമസോമയും സര്‍ക്കാരിന്റെയും ജില്ലാ
ഭരണകൂടത്തിന്റെയും മുന്നില്‍ വയ്ക്കുന്നു. നെല്ലും പതിരും തിരിച്ചറിഞ്ഞ്
മുന്നോട്ടു പോകുന്നുവെങ്കില്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നു. 
എന്നുമെന്നും പാവപ്പെട്ടവരായി ജീവിക്കുക എന്നത് പാവപ്പെട്ടവര്‍ ഏറെയുള്ള
ഒരു നാട്ടില്‍ നടക്കില്ല. അവര്‍ അവരുടെ മക്കളെ വളര്‍ത്തട്ടെ. അങ്ങനെ അവരുടെ
ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തട്ടെ. താമസിക്കുന്ന വീടിന് ഒരു അമ്പതു
രൂപ മാസ വാടക വില്ലേജ് ഓഫീസില്‍ റവന്യു ഡിപ്പാര്‍ട്ട്‌മെന്റിനു കൊടുക്കണം.
പക്ഷേ, ഇപ്പോള്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം ജനങ്ങള്‍ മറന്നു
പോകരുത്. കൈയ്യേറലിന്റെ നാള്‍വഴി ഇങ്ങനെയാണ്. സിറ്റിയുടെ കണ്ണായ ഭാഗമാണ്
കൈയ്യേറ്റക്കാരുടെ ഇഷ്ടസ്ഥലം. പനമ്പിള്ളി നഗറിലോ മറൈന്‍ ഡ്രൈവിലോ ഒക്കെ
ചെറിയ കുടില്‍ കെട്ടും. പിന്നെ, പെട്ടിക്കടയോ ചെറിയ വീടുകളോ ആക്കി
അതുമാറ്റും. പിന്നീട് അവരവിടെ വാസമുറപ്പിക്കും. 
കിടപ്പാടമില്ലാത്ത ചേരിനിവാസികള്‍ക്ക് തങ്ങളുടെ രണ്ടോ മൂന്നോ സെന്റ്
സ്ഥലത്ത് ഒരു വീടു വയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഇവരെല്ലാം
പാവങ്ങള്‍ തന്നെ. പക്ഷേ, ഈ പാവങ്ങള്‍ക്കൊന്നും പൂന്തോട്ടയിലോ
തൃപ്പൂണിത്തുറയിലോ കാക്കനാട്ടോ വരാപ്പുഴയിലോ സ്ഥലം കൊടുത്താല്‍ വേണ്ട.
ഇവര്‍ക്കെല്ലാം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലും മറൈന്‍ ഡ്രൈവിലും ബോട്ട്
ജെട്ടിയിലും ഷേണായീസിലും പനമ്പിള്ളി നഗറിലും അങ്ങനെ പ്രധാന സ്ഥലങ്ങളില്‍
മാത്രമേ ഈ പാവങ്ങള്‍ക്ക് ചേരി വയ്ക്കാന്‍ താല്‍പര്യമുള്ളു. ഇതൊരു തെറ്റായ
കീഴ്‌വഴക്കമാണ്. എറണാകുളത്തു ജനിച്ചുവളര്‍ന്ന എത്രയോ മനുഷ്യര്‍
കിടപ്പാടമില്ലാതെ നരകിക്കുന്നു! പലരും ദാരിദ്ര്യവും കഷ്ടപ്പാടും രോഗവും
സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നു. 
പനമ്പിള്ളി നഗറില്‍ ഇപ്പോള്‍ നടക്കുന്ന കൈയ്യേറ്റം രാഷ്ട്രീയക്കാര്‍ക്കു
കൈമടക്കു കൊടുത്തുകൊണ്ടാണ് എന്നതില്‍ സംശയമേയില്ല. രാഷ്ട്രീയ
ഗുണ്ടകള്‍ക്കും മയക്കുമരുന്നു മാഫിയയ്ക്കും ഉദ്യോഗസ്ഥരുടെ അറിവോടെ
നല്‍കുന്ന പാരിതോഷികമാണിത്. 
പുതിയ തലമുറയാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഒന്നും ഇടപെടുന്നില്ല.
നമ്മുടെ എറണാകുളത്തെ മിക്ക തോടുകളും കായലുകളും പുറംപോക്കും
കൈയ്യേറിയിരിക്കുന്നത് പാവങ്ങളാണ്. സത്യത്തില്‍ അവര്‍ അവിടെയൊക്കെ കുടില്‍
കെട്ടി താമസിച്ച് കുറച്ചു ദിവസം താമസിച്ചു പോകുന്നെങ്കില്‍ കുഴപ്പമില്ല.
പക്ഷേ ഇവരെല്ലാം ഇത് പലരീതിയിലും ഉപയോഗപ്പെടുത്തിക്കഴിഞ്ഞിട്ട്, പിന്നീട്
ഈആ സ്ഥലം 10 ലക്ഷത്തിനും 25 ലക്ഷത്തിനും മറിച്ചു വില്‍ക്കുന്നു. അഞ്ചോ
പത്തോ കൊല്ലം ഈ സ്ഥലത്തു താമസിച്ചിട്ട് ഇവര്‍ ഈ സ്ഥലം വില്‍ക്കുകയാണു
ചെയ്യുന്നത്. ഇങ്ങനെ വില്‍ക്കുമ്പോള്‍ ഇവിടുത്തെ കൗണ്‍സിലര്‍ക്കും
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമടക്കും കൊടുക്കുന്നു. തെരുവോര വഴിയോര
കച്ചവടക്കാര്‍ സത്യത്തില്‍ പാവങ്ങളാണ്. പക്ഷേ എറണാകുളത്ത് എത്രയോ വഴിയോര
കച്ചവടക്കാര്‍ ഉണ്ട്? വഴിയോരക്കച്ചവടത്തിലൂടെയും തട്ടുകട നടത്തിയും
കോടീശ്വരന്മാര്‍ ആയവരും ഇതിലുണ്ട്. ഇത്തരത്തില്‍ നിരവധിപേരെ ജനപക്ഷത്തിന്
അറിയാം. 
തട്ടുകടയും വഴി വാണിഭങ്ങളും നടത്തുന്നവര്‍ക്ക് അനേകം വാഹനങ്ങളും ആഡംബര
കാറുകളും ഉണ്ട.് ഇവിടെയുള്ള വലിയവലിയ ക്ലബുകളായ റോട്ടറി ലയണ്‍സ്, ലോട്ടസ് ,
രാജീവ് ഗാന്ധി എന്നീ ക്ലബിലൊക്കെ ഇവര്‍ക്ക് അംഗത്വവുമുണ്ട്. ഇത്തരം
വമ്പന്‍ ക്ലബുകളിലെ അംഗത്വത്തിന് ഒരു ലക്ഷവും രണ്ടു ലക്ഷവും വരെ ചെലവുണ്ട്.
പാവപ്പെട്ടവര്‍ എന്നു നമ്മള്‍ വിധിയെഴുതിവര്‍ക്ക് ഇങ്ങനെ വീശിയെറിയാന്‍
ലക്ഷങ്ങള്‍ ഉണ്ടെന്നതാണ് സത്യം. അപ്പോള്‍ നമ്മളീ പാവങ്ങള്‍ എന്നു
ധരിക്കുന്ന പലരും അത് വ്യാഖ്യാനം ചെയ്തു മുതലെടുക്കുന്നു. അതിന്
അനുവദിക്കരുത്. എല്ലാത്തിനും ഒരു നീതിയും നിയമവുമൊക്കെ ഉണ്ടാക്കേണ്ടത്
ഭരണകൂടത്തിന്‍രെ ഉത്തരവാദിത്വമാണ്. വളഞ്ഞ വഴിയില്‍ക്കൂടി നിയമമുണ്ടാക്കി
വളഞ്ഞ കാര്യങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ ചിലര്‍ക്ക് കീശയില്‍ പൈസ
വീഴുന്നു. അതാണ് ഇവിടുത്തെ പ്രധാന വിഷയം. അതുകൊണ്ട്, ഇത്തരം
കീഴ്‌വഴക്കങ്ങള്‍ക്കാണ് മാറ്റമുണ്ടാകേണ്ടത്. ഈ സിസ്റ്റം മാറ്റി നമുക്ക്
കുറച്ചുകൂടി സുതാര്യതയും പാവങ്ങളോടു കരുണയും കാണിക്കാം.

 നീരവ് മോദി കൊണ്ടുപോയത് 11,400 കോടി രൂപയാണ്. പേനക്കമ്പനി ഉടമ
പോക്കറ്റിലാക്കിയത് 3695 കോടിയും. 9000 കോടിയുമായി മല്യ മുങ്ങി.
കാക്കയ്ക്ക് തൂറാന്‍ ഉണ്ടാക്കിയ ശിവജി പ്രതിമയ്ക്ക് 3000 കോടി. പട്ടേല്‍
പ്രതിമയ്ക്ക് 2500 കോടി. ഇത്തരം നിരവധി സംഘടിത കൊള്ളയ്ക്കു മുന്നില്‍
പനമ്പിള്ളി നഗറിലെ കൈയ്യേറ്റത്തെക്കുറിച്ചു പറയാന്‍ ഉളുപ്പുണ്ട്. എങ്കിലും
ഇതു പറയാതെ വയ്യ. 

നല്ല കാര്യങ്ങള്‍ക്കായി, നാടിന്റെ നന്മയ്ക്കായി, കക്ഷി രാഷ്ട്രീയത്തിനും
മതവിവേചനത്തിനും അതീതമായി ജനപക്ഷത്തോടു ചേര്‍ന്നു നിന്നു സഹകരിക്കുവാന്‍
അപേക്ഷിക്കുന്നു.
എന്ന് നിങ്ങളുടെ സ്വന്തം 
ബെന്നി ജോസഫ് ജനപക്ഷം

Leave a Reply

Your email address will not be published. Required fields are marked *