ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോകരുത്: പരാതികളുടെ പെരുമഴ

Thamasoma News Desk

കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ളയെന്നും ജീവനുണ്ടെങ്കില്‍ അവിടെ ചികിത്സയ്ക്കായി പോകരുതെന്നും മുന്നറിയിപ്പ്. ചികിത്സ തേടിയ നിരവധി പേരാണ് സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി ഉന്നയിക്കുന്നത്. തന്റെ മകള്‍ക്ക് ശ്വാസം മുട്ടലും ക്ഷീണവും കാരണം സണ്‍റൈസില്‍ പ്രവേശിപ്പിച്ചുവെന്നും പകല്‍ക്കൊള്ളക്കാരെക്കാള്‍ നാണംകെട്ട പിടിച്ചു പറിയാണ് ഈ ആശുപത്രിയില്‍ നടക്കുന്നതെന്നും മാതൃഭൂമിയിലും ഏഷ്യാനെറ്റിലും എഡിറ്ററായി ജോലി ചെയ്തിരുന്ന വരുണ്‍ രമേശ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ച അനുഭവമാണ്.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ:

കൊച്ചിക്കാരുടെ ശ്രദ്ധയ്ക്ക്. !
ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ഹോസ്പ്പിറ്റലിലേക്ക് പോവരുത്!
ജൂണ്‍ എട്ടാം തീയ്യതി ശ്വാസം മുട്ടലും ക്ഷീണവും കാരണം കൊച്ചി സണ്‍റൈസ് ആശുപത്രിയില്‍ ഇതള്‍ അഡ്മിറ്റ് ആവുന്നു. അവള്‍ക്ക് നേരത്തെ ഈ പ്രശ്‌നം ഉള്ളതുകൊണ്ട് നെബുലൈസ് ചെയ്ത് വിട്ടയക്കും എന്ന് കരുതിയാണ് കൊണ്ടുപോയത്.

എന്നാല്‍ കാഷ്വാലിറ്റിയില്‍ എത്തിയ ഉടനെ കുട്ടിക്ക് ഗുരുതരമായ ചെസ്റ്റ് ഇന്‍ഫക്ഷന്‍ ആണെന്നും അഡ്മിറ്റാവണമെന്നും പറഞ്ഞു. വെറുതെ അഡ്മിറ്റ് ആയതല്ല, ICU വിലാണ് അഡ്മിറ്റ് ആക്കിയത്. ഡോക്ടറെ വിശ്വാസത്തില്‍ എടുക്കുക എന്നത് മാത്രമാണ് അന്നേരം ചെയ്യാനുണ്ടായിരുന്നത്.
സുഹൃത്തുക്കളില്‍ പലരും എന്തിനാണ് സണ്‍റൈസിലേക്ക് കൊണ്ടുപോയത്, മോശം ഹോസ്പ്പിറ്റല്‍ ആണെന്ന് പറഞ്ഞിരുന്നു. അപ്പോഴും വേഗം വീട്ടിലേക്ക് പോകാം എന്നായിരുന്നു കരുതി വിശ്വസിച്ചു.


പക്ഷേ അഡ്മിറ്റ് ആയതിന് ശേഷം ഡോക്ടര്‍ പറഞ്ഞു 3 ദിവസമെങ്കിലും കിടക്കണമെന്ന്. അതെന്തിനാണെന്ന് ചോദിച്ചപ്പൊ കുട്ടി ഗുരുതരമായ അവസ്ഥയിലാണെന്നും കിടന്നേ മതിയാവൂ എന്ന് ഡോക്ടര്‍ ആവര്‍ത്തിച്ചു. ശരി ഡോക്ടറെ വിശ്വസിക്കണമല്ലോ.
അഡ്മിഷന്‍ പൈസ 3,000 രൂപ അതിന്റെ സ്പ്ലിറ്റ് കിട്ടുമോ എന്ന് ചോദിച്ചപ്പോ ഇതിങ്ങനെയാണ് കൊടുക്കാറ് എന്നു പറഞ്ഞ് ഒഴിഞ്ഞു. ശരി കുഴപ്പമില്ല പോട്ടെ എന്നു കരുതി.

അതിനിടയില്‍ ഒരു നേഴ്‌സ് വന്നിട്ടു പറഞ്ഞു നിങ്ങള്‍ ഫാര്‍മസിയിലേക്ക് ഇടയ്ക്കിടെ മരുന്ന് വാങ്ങാന്‍ പോവേണ്ടെന്നുണ്ടെങ്കില്‍ ഒരു 5000 രൂപ കെട്ടിവെക്കാന്‍. അത് ന്യായമാണല്ലോ എന്ന് വിചാരിച്ച് പോയപ്പോ പറയുകയാണ് 5000 അല്ല 10,000 കെട്ടിവെക്കണമെന്ന്!
പറ്റില്ല ഞങ്ങള്‍ വാങ്ങിക്കോളാം എന്ന് പറഞ്ഞ് അവിടെ നിന്ന് മടങ്ങി.

പിറ്റേന്ന് രാവിലെ തന്നെ ICU ബില്ലു വന്നു. 10,000 രൂപ എല്ലാ മരുന്നുകളും പുറമെനിന്ന് വാങ്ങിയതിന് ശേഷമാണ് വെറും 12 മണിക്കുറിനുള്ളില്‍ ഈ ബില്ല് എന്ന് ഓര്‍ക്കണം. സംശയം തോന്നി ബില്ലിന്റെ സ്ലിറ്റ് കിട്ടിയേ മതിയാവൂ എന്ന് കട്ടായം പറഞ്ഞു. പിന്നെ ബില്ല് തന്നു.


കുനുകുനാ അക്ഷരത്തില്‍ എഴുതിയത് ശരിക്കും ഒന്ന് വായിച്ചു നോക്കി. രാത്രി എപ്പൊഴോ ഓക്‌സിജന്‍ സാച്വറേഷന്‍ ഡ്രോപ്പ് ഉണ്ടായെന്നും ഓക്‌സിജന്‍ കൊടുത്തിരുന്നു എന്നും പറഞ്ഞ് ഒരു 2,640 രൂപ. ചിലപ്പൊ കൊടുത്തു കാണുമായിരിക്കും. ഉറപ്പില്ല, ഞങ്ങള് കണ്ടിട്ടുമില്ല. പിന്നെയും വായിച്ചു.

Nursing care charges- 1200
നേഴ്‌സ് ആണല്ലോ കുട്ടിയെ ഡോക്ടര്‍ ഇല്ലാത്തപ്പോള്‍ നിരീക്ഷിക്കേണ്ടത്. പക്ഷേ നേഴ്‌സിങ് ചാര്‍ജിന് ഒപ്പം PICU ( pediatric ICU ) observation charges- 750 – അപ്പൊ നമ്മള് വിചാരിക്കും വല്ല യന്ത്രങ്ങളുടെയും പൈസയാണെന്ന് അതെല്ലാം വേറെ എഴുതിക്കൂട്ടിയിട്ടുണ്ട്.
അത് ചോദിച്ചപ്പൊ അത് ആശുപത്രിയുടെ പോളിസിയുടെ ഭാഗമാണെന്ന് ഉത്തരം. കോമഡി അതല്ല, ഇതിന് പുറമെ മറ്റൊരു ചാര്‍ജ്ജുകൂടെ മെഡിസിന്‍ എടുത്തു കൊടുത്തതിന് ചാര്‍ജ് 150 ! അതും 12 മണിക്കുറിന്.
അപ്പൊ വീണ്ടും ചോദിച്ചു എന്താ ഇതെല്ലാം നേഴ്‌സിങ് കെയറില്‍ പെടില്ലേന്ന്. അപ്പോഴും അതു തന്നെ ഉത്തരം ഇത് ആശുപത്രി പോളിസിയുടെ ഭാഗമാണെന്ന് എന്താ ലേ…??

തീര്‍ന്നില്ല, ICU വില്‍ നിന്ന് ഇറങ്ങി ശ്വാസം മുട്ടലും ചുമയും മാറാത്ത കുട്ടിക്ക് കൊടുത്ത റൂം ഒന്ന് കാണണം. മഴയുടെ ഈര്‍പ്പം കയറിയ പൂപ്പല്‍ നിറഞ്ഞ ഒരു റൂം ഇതിന്റെ ചാര്‍ജ്ജ് എത്രയാണെന്നല്ലേ, നേഴ്‌സ് വന്ന് നോക്കിയത് ഉള്‍പ്പെടെ ഒരു ദിവസത്തേക്ക് 2500 രൂപ അങ്ങനെ 5 ദിവസം.
നല്ല ചികിത്സയ്ക്കും സൗകര്യത്തിനും പണം കൊടുക്കാം. പക്ഷേ ഇത് ഒരു സൗകര്യവും തരാതെ പിടിച്ചുപറിയാണ്. ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.
സോ, കൊച്ചിക്കാരേ,
ജീവനുണ്ടെങ്കില്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലേക്ക് പോവരുത് ‘

വരുണിന്റെ ഈ പോസ്റ്റിനു താഴെയായി സണ്‍റൈസ് ആശുപത്രിയില്‍ നിന്നും മോശം അനുഭവം നേരിട്ട നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്.


രാഖി പാര്‍വ്വതി തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. ‘എന്റെ അച്ഛന് ലിവര്‍ സീറോസിസ് ആയിട്ട് 2012 ല്‍ അവിടെ അഡ്മിറ്റ് ചെയ്തിരുന്നു. ട്യൂബ് ട്രാന്‍സ്ഫര്‍ അത്, ഇത് എന്നൊക്കെ പറഞ്ഞു ഞങ്ങളെ ഒത്തിരി പിഴിഞ്ഞു. കഴുത്തില്‍ കിടന്ന താലി മാല വരെ അമ്മ അന്ന് ഊരിയത് ഓര്‍ക്കുന്നു. ഒരാളെ കിട്ടാന്‍ അതൊക്കെ ok ആണ്. അന്നു ഞാനും ചേട്ടനും ചെറുപ്പമാണ്. കാര്യങ്ങള്‍ അറിയില്ല. നിസ്സഹായരായി നോക്കി നിന്നു. ചികിത്സ ചെയ്‌തെങ്കിലും ഹോസ്പിറ്റലില്‍ നിന്നും തിരികെ എത്തിയ അച്ഛന്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് തന്റെ 54-ാം വയസ്സില്‍ ഞങ്ങളെ വിട്ടു പോയി. അതൊരു വേദനായായാണ് ഇന്നും ഈ പേര് കേള്‍ക്കുമ്പോള്‍.’

സണ്‍റൈസ് ആശുപത്രിയുടെ കഴുത്തറുപ്പന്‍ നിലപാടിനെതിരെ നിയമപരമായി പോരാടാനാണ് വരുണിന്റെ തീരുമാനം.
……………………………………………………………………Leave a Reply

Your email address will not be published. Required fields are marked *