കര്‍ദ്ദിനാളേ…… ഞങ്ങള്‍ നിങ്ങളുടെ കുഞ്ഞാടുകളോ അതോ ബലിയാടുകളോ…..???

നായ കൊല്ലിയില്‍ തൂറിയതുപോലെ ആയിപ്പോയി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ ഭൂമി വില്‍പ്പന. കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീണ പോലെ. നാറ്റമടിച്ചിട്ട് സമീപത്തെങ്ങും നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ. വൈദികര്‍ സ്ത്രീകളുടെ മേല്‍ നടത്തിയ കൈയ്യേറ്റങ്ങളായിരുന്നു ഇത്രയും നാള്‍ സഭയെ നാണക്കേടിലാഴ്ത്തിയത്. എന്നാലിപ്പോള്‍, ആലഞ്ചേരി പിതാവിന്റെ ഭൂമിയിടപാടാണ് സഭയ്ക്ക് അത്യന്തം മാനക്കേട് ഉണ്ടാക്കിയിരിക്കുന്നത്. പിതാവിനെതിരെ സഭ ഒരു ലഘുലേഖനവും ഇറക്കിക്കഴിഞ്ഞു. അത് താഴെ കൊടുത്തിട്ടുണ്ട്. എങ്കിലും ചില ചിതറിയ സംശയങ്ങള്‍. അത് ചോദിക്കാതെ തരമില്ല…. 


ആലഞ്ചേരി പിതാവിന്റെ ഈ നടപടി അദ്ദേഹം ഒറ്റയ്ക്ക് എടുത്തതാണോ…? ഇരട്ടച്ചങ്കന്റെ ഉപദേശകസമിതി പോലെ ഇവിടേയും ഉണ്ടല്ലോ ഉപദേശക ബുദ്ധിരാക്ഷസന്മാര്‍….! അതോ, ആരെങ്കിലും അദ്ദേഹത്തെ ചതിക്കുഴിയില്‍ വീഴ്ത്തിയതാണോ…….? ഇദ്ദേഹം ഒറ്റയ്ക്ക് എടുത്ത തീരുമാനമാണ് എങ്കില്‍, ഈ  കളിയില്‍ അദ്ദേഹത്തോടൊപ്പം നിന്ന (നില്‍ക്കുന്ന) അഭിഭാഷകരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും മാനേജര്‍മാരും മറ്റുള്ളവരും കൂട്ടുപ്രതികള്‍ അല്ലേ….? പിതാവിന് ഒറ്റയ്ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പറ്റുമോ…? ഇതൊരു  ചതിയാണ് എങ്കില്‍, അദ്ദേഹം എങ്ങനെ ഈ ചതിയില്‍ പെട്ടു……???? 
ഈ ചോദ്യങ്ങള്‍ക്കെല്ലാം നമ്മുടെ സഭയും ആലഞ്ചേരി പിതാവും ഒരു വിശദീകരണം തരേണ്ടേ…?? അല്ലാതെ, ഞാനാണ് നേതാവ്, ഞാനാണ് രാജാവ് എനിക്ക് ഇഷ്ടമുള്ളതു ചെയ്യും എന്നു പറയുന്നത് ധാര്‍ഷ്ട്യമല്ലേ…? ഇതെല്ലാം പോകട്ടേ. ക്രിസ്തുവില്‍ വിശ്വസിക്കുന്ന, ബൈബിളില്‍ വിശ്വസിക്കുന്ന, ഒരു യഥാര്‍ത്ഥ വിശ്വാസിയാണ് ഇദ്ദേഹമെങ്കില്‍ ഇദ്ദേഹം ചെയ്തത് ഒരു കൊടിയ പാപമല്ലേ….?? 
തെറ്റുപറ്റിയാല്‍, അത് ഏറ്റുപറഞ്ഞാല്‍, പാപം എത്ര കഠിനമാണെങ്കിലും, ക്ഷമിക്കുന്ന മതമാണ് ക്രിസ്തുമതവും അതിലെ നാഥനായ യേശുക്രിസ്തുവും നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. തെറ്റ് ഏറ്റുപറഞ്ഞ മഗ്ദലന മറിയത്തെ വരെ വിശുദ്ധയാക്കിയവരാണ് നമ്മള്‍. ആലഞ്ചേരി പിതാവ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വിശ്വാസികള്‍ അതും ക്ഷമിക്കും. പിന്നെ എന്തുകൊണ്ടാണ്  ഏകാധിപതിയെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്……?? 
യഥാര്‍ത്ഥത്തില്‍ പിതാവു തെറ്റു ചെയ്തിട്ടുണ്ട് എങ്കില്‍ ഇദ്ദേഹത്തിന്റെ മുന്നില്‍ പോയി കുമ്പസാരിക്കുന്ന വിശ്വാസികള്‍ എത്ര മണ്ടന്മാരാണ്….??? കുമ്പസാരം ഒരു വിശ്വാസമാണ്. ജീവിതത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ക്കു മാത്രമേ അത് നടത്താനുള്ള അര്‍ഹതയുള്ളു. അല്ലാതെ, കണ്ട കള്ളന്മാരുടേയും തെമ്മാടികളുടേയും പെണ്ണുപിടിയന്റെയും അടുത്തു പോയി കുമ്പസാരിച്ചാല്‍ എന്തു പുണ്യമാണ് കിട്ടുന്നത്….??? ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് അതു തിരുത്തി പോകുമ്പോഴല്ലേ ക്രിസ്തീയ സഭയിലെ യഥാര്‍ത്ഥ വിശ്വാസിയാവുന്നത്….?? ഒരിത്തിരി കോടികളുടെ കാര്യം വരുമ്പോള്‍ നമ്മുടെ സഭയ്ക്കു കാലിടറുന്നത് എന്തുകൊണ്ട്….???
ആലഞ്ചേരി പിതാവേ… ഇത് താങ്കള്‍ ഒറ്റയ്ക്ക് ചെയ്യുമെന്ന് എനിക്കു വിശ്വാസമില്ല. പണം അടിച്ചുമാറ്റുമെന്ന വിശ്വാസവുമില്ല. എന്നാല്‍ കുറെ കള്ളന്മാര്‍ നമ്മുടെ സഭയിലുണ്ട്. കൈക്കാരന്മാരായിട്ടും പള്ളിയുടെ വലിയ സ്ഥാനത്തിരുന്നും കള്ളക്കണക്കെഴുതി പണം പോക്കറ്റിലാക്കുന്നവര്‍. എല്ലാവരുമല്ല, പക്ഷേ പുഴുക്കുത്തുകള്‍ ധാരാളമുള്ള സഭയാണ് സീറോ മലബാര്‍. ആ വിഭാഗത്തിനെ നിലയ്ക്കു നിര്‍ത്താത്തിടത്തോളം കാലം ഇത്തരം കള്ളത്തരങ്ങള്‍ ആവര്‍ത്തിക്കും. ഇതിന് ഒറ്റ പോംവഴിയേയുള്ളു. സഭയിലും സംഘടനകളിലും കഴിയുന്നത്ര സുതാര്യത നിലനിര്‍ത്തണം.

സീറോ മലബാര്‍ സഭ തയ്യാറാക്കിയ ലഘുലേഖനം എന്നുപറഞ്ഞ് ഞങ്ങള്‍ക്കു കിട്ടിയത് താഴെ പ്രസിദ്ധീകരിക്കുന്നു
എറണാകുളം അങ്കമാലി അതിരൂപത നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധിയില്‍ സഭ തയ്യാറാക്കിയ ലഘു വിവരണം. 1896 ല്‍ സ്ഥാപിതമായതിനു ശേഷം ഇന്നേവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് എറണാകുളം അങ്കമാലി അതിരൂപത കടന്നുപോകുന്നത്. ആധികാരിക രേഖകളുടെ വെളിച്ചത്തിലാണ് ഈ ലേഖനം സഭ തയ്യാറാക്കിയിരിക്കുന്നത്. 
1. മെഡിക്കല്‍ കോളേജ് പദ്ധതി, മറ്റൂര്‍
കേരളത്തിലെ ഏറ്റവും വലിയ അതിരൂപതയായ എറണാകുളത്തിന് മെഡിക്കല്‍ കോളേജ് വേണമെന്ന താല്പര്യമാണ് അങ്കമാലിക്കടുത്ത് തുറവൂര്‍ വില്ലേജിലെ മറ്റൂരില്‍ 23.22 ഏക്കര്‍ റബര്‍ തോട്ടം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 58.2 കോടി രൂപാ കടമെടുത്ത് വാങ്ങാന്‍ ഇടയാക്കിയത്. മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്റെ കാലഘട്ടത്തില്‍ സ്വീകരിച്ച ‘നമുക്ക് മെഡിക്കല്‍ കോളേജ് വേണ്ട” എന്ന തീരുമാനത്തെ അട്ടിമറിച്ചു കൊണ്ടായിരുന്നു ഇത് സംഭവിച്ചത്. ഒരു വര്‍ഷത്തെ അവധിക്കു ശേഷം 2016ല്‍ പലിശയുള്‍പ്പെടെ ഈ കടം 64 കോടിയായി ഉയര്‍ന്നു. പ്രതിമാസം 70 ലക്ഷത്തോളം രൂപ പലിശയായി അടക്കേണ്ടി വന്നത് രൂപതക്ക് വലിയ ആഘാതമായിരുന്നു.
മറ്റൂരിലെ ഈ സ്ഥലം മെഡിക്കല്‍ കോളേജിന് അനുയോജ്യമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് സമീപം പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രെഷര്‍ യൂണിറ്റ,് അരി മില്ലുകള്‍, ഫാക്ടറികള്‍ എന്നിവ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നവയാണ്. മാത്രമല്ല വാങ്ങിയ സ്ഥലത്തിന്റെ നടുവില്‍ 43 സെന്റ് പുറംപോക്ക് ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. അവിടെ ഉണ്ടായിരുന്ന മൂവായിരത്തോളം റബര്‍ മരങ്ങള്‍ തിരക്കിട്ട് മുറിച്ചു മാറ്റിയതില്‍ പിന്നെ ഇതു വരെ അവിടെ യാതൊന്നും ചെയ്തിട്ടില്ല.
2. സ്ഥലം വില്‍പ്പനയും പ്രശ്‌നങ്ങളും
മറ്റൂര്‍ ഭൂമിയിടപാടുമൂലം ഭവിച്ച സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാനാണ് അതിരൂപത വക ഭൂമി വില്‍ക്കാന്‍ തീരുമിച്ചത്. 2016 ജൂണ്‍ 19 മുതല്‍ 2017 ഒക്ടാേബര്‍ വരെയുള്ള കാലയളവില്‍ വിറ്റത് മരട്, നിലം പതിഞ്ഞ മുകള്‍, തൃക്കാക്കര ഭാരത മാതാ കോളേജിന് സമീപം, തൃക്കക്കര നൈപുണ്യക്ക് സമീപം, കരുണാലയത്തി സമീപം (ആകെ 301 സെന്റ് ) എന്നീ സ്ഥലങ്ങളാണ്.
സെന്റിന് ഏറ്റവും കുറഞ്ഞത് 9.05 ലക്ഷം രൂപാ നിരക്കില്‍ വിറ്റ് 27 കൊടി രൂപയുടെ കടം പകുതി വീട്ടി ബാദ്ധ്യത കുറക്കാനാണ് പ്രൊക്യുറേറ്ററെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വില്പനക്കു ശേഷം 36 ആധാരങ്ങളുടെ അതേ വിലയായി രേഖപ്പെടുത്തപ്പെട്ടത് 13.51 കോടിയും രൂപതയുടെ അക്കൗണ്ടില്‍ ആകെ വന്നത് 9.13 കോടിയും മാത്രമാണ്.
താഴെ പറയുന്ന പ്രശ്‌നങ്ങള്‍ സ്ഥലവില്‍പ്പനയെ സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുണ്ട്
1. വില പൂര്‍ണ്ണമായും കിട്ടി ബോധ്യപ്പെടാതെ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്ന പതിവ് എവിടെയുമില്ല. അതിരൂപതയുടെ ഭൂമി വില്‍പ്പനയിലെ 18 കോടി രൂപ എവിടെ? പണം കൈപ്പറ്റിയിട്ട് വരവ് വയ്ക്കാത്തതാണോ?അതോ ഇടനിലക്കാര്‍ വഞ്ചിച്ചതാണോ? പണം കൈപ്പറ്റിയെങ്കില്‍ അത് എവിടെപ്പോയി?
2. സ്ഥലത്തിന്റെ കുറഞ്ഞ വിലയായി 9.05 ലക്ഷം രൂപാ നിശ്ചയിച്ചതിന്റ അടിസ്ഥാനമെന്ത്? സാധാരണ വില നിലവാരമനുസരിച്ച് ചുരുങ്ങിയത് 46 കോടി രൂപ (സെന്റിന് ശരാശരി 15 ലക്ഷം) ലഭിക്കുമായിരുന്ന ഭൂമിയാണിത്. കാനോന്‍ നിയമം ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അറിഞ്ഞു കൂടായിരുന്നോ? (CCE0 10351042)
3. എന്തുകൊണ്ട് സ്ഥലം വില്‍ക്കാന്‍ കച്ചവടക്കാരെ ഏല്‍പ്പിച്ചു? യാതൊരു പരസ്യവും നല്‍കാതെ, അതീവ രഹസ്യമായി കാര്യങ്ങള്‍ നടന്നത് എന്തിനായിരുന്നു. എന്തിനാണീ ദുരൂഹത ?
4. കാനോനിക സമിതികളായ ആലോചന സമിതി, ഫിനാന്‍സ് കൗണ്‍സില്‍ എന്നിവയില്‍ നിയമപരമായ ആലോചനയില്ലാതെയാണ് വില്പന നടത്തിയത്. സീറോ മലബാര്‍ സഭാ ചട്ടപ്രകാരമുള്ള പെര്‍മനന്റ് സിന്‍ഡിന്റെ അനുവാദവും ചോദിച്ചിട്ടില്ല.
5. കൂരിയായുടെ തീരുമാനം 2016 ജൂണ്‍ 21 ന് പ്രൊക്യുറേറ്ററുടെ ഓഫര്‍ ലെറ്ററിനൊപ്പം നല്കിയിരിക്കുന്നു. എന്നാല്‍ ഇതിനു രണ്ടു ദിവസം മുന്‍പ് തന്നെ (19.06.2016) ഒന്നാമത്തെ ഭൂമി രജിസ്‌ട്രേഷന്‍ നടന്നു കഴിഞ്ഞിരുന്നു.
6. 36 ആധാരങ്ങളിലും ഉദ്ധരിച്ചിരിക്കുന്ന 02.02.2014ലെ ഫിനാന്‍സ് കൗണ്‍സില്‍ 7ാം നമ്പര്‍ തീരുമാനം തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. വിറ്റുപോയ സ്ഥലങ്ങളെ പറ്റി അവിടെ യാതൊരു പരാമര്‍ശവും കാണുന്നില്ല.
7. കരുണാലയത്തിന് സമീപമുള്ള ഭൂമി അലക്‌സിയന്‍ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അതിരൂപതയെ ഏല്പിച്ചതാണ്. അത് വില്പനക്കായിരുന്നില്ല.
8. കിട്ടാനുള്ള 18 കോടി രൂപാ കള്ളപ്പണത്തിന്റെ പരിധിയില്‍ പെടുന്നതാണ്.
9. 10 ലക്ഷത്തിലേറെ രൂപാ പണമായി കൈപ്പറ്റിയത് ഇന്ത്യന്‍ സാമ്പത്തിക നിരമങ്ങളുടെ ലംഘനമാണ്.
10. ഒന്നര കൊല്ലത്തോളം കൊണ്ടു നടത്തിയ ഭൂമി വില്‍പ്പനയുടെ വിശദ വിവരങ്ങള്‍ സഹായ മെത്രാന്മാരെയോ, കൂരിയയെയോ കൃത്യമായി അറിയിച്ചിരുന്നില്ല. അവര്‍ വിവരങ്ങള്‍ അറിയുന്നത്
വൈദികര്‍ ഈ വിവരം അന്വേഷിച്ച് പുറത്തു കൊണ്ടു വന്നപ്പോള്‍ മാത്രമാണ്.
3. ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലം വാങ്ങിയത്
പരിസ്ഥിതി ലോല പ്രദേശമായ ആനവിരട്ടി വില്ലേജില്‍ (ദേവികുളം താലൂക്ക്) 17 ഏക്കര്‍ സ്ഥലം 2017 ഫെബ്രുവരി 22ാം തീയതി ആലഞ്ചേരി പിതാവിന്റെ പേരില്‍ അതിരൂപതക്ക് വേണ്ടി വാങ്ങുകയുണ്ടായി. 1.6 കോടി രൂപയായിരുന്നു അകെ വില. 2017 ഏപ്രില്‍ 7ന് കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ 23 ഏക്കര്‍ റബര്‍ തോട്ടം 6.6 കോടി രൂപക്ക് അതിരൂപതക്ക് വേണ്ടി വാങ്ങി. കൂടാതെ രേഖകളില്ലാതെ 9.38 കോടി രൂപ ആറു പേര്‍ക്ക് നല്‍കി. അതിരൂപത കടത്തില്‍ മുങ്ങി നില്ക്കുമ്പോള്‍ എന്തിന് 17 കോടി മുടക്കി ഈ രണ്ടു സ്ഥലങ്ങളിലും ഭൂമി വാങ്ങിയത് എന്നത് ദുരൂഹമാണ്. ഇപ്പോഴും ഈ സ്ഥലങ്ങള്‍ സ്വന്തമായി വച്ച് ആദായമെടുക്കുന്നത് പഴയ ഉടമകള്‍ തന്നെയാണ്. ഈ ഇടപാടിലെ പ്രശ്‌നങ്ങള്‍.
1. ദേവികുളത്തും, കോട്ടപ്പടിയിലും സ്ഥലങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് ആലോചനസമിതി ,ഫിനാന്‍സ് കൗണ്‍സില്‍, കൂരിയ എന്നിവയിലൊന്നും അറിയിക്കുകയോ ആലോചിക്കുകയോ ചെയ്തിരുന്നില്ല.
2. സഹായമെത്രന്മാര്‍ പോലും വിവരം അറിയുന്നത് പിന്നീടാണ്.
3. എടയന്ത്രത്ത് പിതാവ് പ്രസിഡന്റായ ട്രസ്റ്ററ്റിന്റെ പേരില്‍ പിതാവറിയാതെ, തെറ്റായ രേഖകള്‍ തയ്യാറാക്കി, 10 കോടി രൂപാ ബാങ്കു വായ്പ എടുക്കുകയുണ്ടായി.
4. ഈ സ്ഥലം വാങ്ങിയതിന്റെ ലക്ഷ്യം നിഗൂഢമാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായുളള ബന്ധം വ്യക്തമാണ്.
5. രേഖകളില്ലാതെ 9.38 കോടി രൂപ അഞ്ചുപേര്‍ക്ക് നല്കിയത് വിശ്വാസ ലംഘനവും നിയമ ലംഘനവുമാണ്.
6. അതിരൂപതയുടെ കടക്കെണി മാറാന്‍ സ്ഥലം വില്‍പ്പന നടക്കുമ്പോള്‍ 17 കോടി  രൂപ ചിലവില്‍ ഈ സ്ഥലങ്ങള്‍ വാങ്ങിയത് അതിരുപതയെ തകര്‍ക്കാനാണെന്ന്  സംശയമുണ്ട്.
മറ്റു പ്രശ്‌നക്കള്‍…..
  • അതിരൂപതയ്ക്കുള്ള വസ്തുക്കള്‍ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുന്നു. 
  • വാടകയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള കുടിശിഖ രണ്ടു കോടിയിലേറെ രൂപയാണ്
  • ചക്കരപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകിയതിന്റെ വരുമാന നഷ്ടം 12 കോടി രൂപയാണ്
  • 2016-17 വര്‍ഷത്തെ കണക്കുകള്‍ ഇതുവരെ ഓഡിറ്റു ചെയ്യപ്പെട്ടിട്ടില്ല.
  • ജീവകാരുണ്യ ഫണ്ടുകള്‍ പോലും കടം വീട്ടാന്‍ ഉപയോഗിക്കപ്പെട്ടു.
  • വിവാദ റിയല്‍ എസ്റ്റേറ്റു ബിനിനസുകാരന്‍ സാജുവിനെ പൊക്യുറേറ്റര്‍ക്ക് പരിചയപ്പെട്ടുത്തിയത് ആലഞ്ചേരി പിതാവാണ്. സാജു വര്‍ഗ്ഗീസില്‍ നിന്ന് കണക്കുകള്‍ പ്രകാരം 34 കോടി രൂപാ ഇനിയും അതിരുപതക്ക് കിട്ടുവാന്‍ ഉണ്ട്.
അമേദ്യം കൊണ്ട് അഭിഷിക്തനായി നില്‍ക്കുന്ന ആലഞ്ചേരി പിതാവ് എത്രയും പെട്ടെന്ന് അത് കഴുകി വൃത്തിയാക്കി എഴുന്നേറ്റുവരണം. ക്രിസ്ത്യാനികള്‍ എന്നും നല്ല ഇടയനെ പ്രതീക്ഷിക്കുന്ന കുഞ്ഞാടുകളാണ്. പക്ഷേ, അവരെ ബലിമൃഗങ്ങളാക്കരുത്…..! പ്രിയ പിതാവേ, താങ്കള്‍ വിശദീകരണം നല്‍കിയാലും…….! കേള്‍ക്കാന്‍ കുഞ്ഞാടുകള്‍ തയ്യാറാണ്……!! 
By Benny Joseph, Janapaksham
———————————————————————————————
Tags: Cardinal Mar George Alancherry, Sero Malabar Dioceses, Ernakulam Angamaly Athiroopatha, 

Land scam case of Cardinal Mar George Alancherry

Leave a Reply

Your email address will not be published. Required fields are marked *