മതവിശ്വാസമല്ല, ഇത് കരുതിക്കൂട്ടി നടത്തുന്ന കൊലപാതകങ്ങള്‍

Jess Varkey Thuruthel & Zachariah

അവള്‍ ആ മാതാപിതാക്കളുടെ ഏക മകളായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ ആ മാതാപിതാക്കള്‍ സ്‌കൂളില്‍ അയച്ചിരുന്നില്ല. പകരം, രാവും പകലും മാതാപിതാക്കള്‍ മാറി മാറി അവളെ പഠിപ്പിച്ചു. തങ്ങളുടെ മകള്‍ സ്‌കൂളില്‍ മറ്റുകുട്ടികളുമായി കൂട്ടുകൂടുന്നതും ഇടപെടുന്നതുമൊന്നും ആ മാതാപിതാക്കള്‍ക്കു സഹിക്കാനാകുമായിരുന്നില്ല. പരീക്ഷ എഴുതാന്‍ മാത്രമവള്‍ വിദ്യാലയത്തിലെത്തി. അങ്ങനെ അവള്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയെത്തി. അപ്പോഴാണ് അവള്‍ക്കൊരു പനി വന്നത്. മാതാപിതാക്കളുടെ പള്ളിയില്‍ നിന്നും ആളുകളെത്തി, പ്രാര്‍ത്ഥന തുടങ്ങി. രാത്രിയും പകലും പ്രാര്‍ത്ഥന. യേശുവാണ് യഥാര്‍ത്ഥ വൈദ്യനെന്നും മകളുടെ രോഗം യേശു മാറ്റുമെന്നും അവര്‍ വിശ്വസിച്ചു. ഒടുവില്‍ രോഗം മൂര്‍ച്ഛിച്ച് ആ പെണ്‍കുട്ടി മരിച്ചു… അല്ല, മതം തലയ്ക്കു പിടിച്ച കുറെ മനുഷ്യപ്പിശാച്ചുക്കള്‍ അവളെ കൊന്നു!

രണ്ടാം ഭാര്യയുടെ മൂന്നാമത്തെ പ്രസവം വീട്ടില്‍ നടത്തിയ നയാസും കടുത്ത മതവിശ്വാസി. ഭാര്യ ഷമീറയുടെ ആദ്യ രണ്ടു പ്രസവവും സിസേറിയന്‍ ആയിരുന്നു. സിസേറിയന്‍ രീതിയിലാണ് കുഞ്ഞു ജനിക്കുന്നതെങ്കില്‍ മൂന്നാമതൊരു പ്രസവം തന്നെ അപകടമാണ്. അപ്പോഴാണ് ഇയാള്‍ ഭാര്യയെ ആശുപത്രിയില്‍ പോലും കാണിക്കാതെ പ്രസവം വീട്ടിലാക്കിയത്. കൂട്ടിന് ബീമാപള്ളിയില്‍ അക്യുപങ്ചര്‍ ക്ലിനിക് നടത്തുന്നത് വെഞ്ഞാറമൂട് സ്വദേശി ശിഹാബുമുണ്ടായിരുന്നു. നയാസിന്റെ ആദ്യഭാര്യയിലെ മകളും ഇവിടെ പ്രാക്ടീസ് ചെയ്യുന്നുവത്രെ. ഈ മകളാണ് വയറ്റാട്ടിയായത്. ആരോഗ്യപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പും പോലീസിന്റെ ഇടപെടലും ഫലം കണ്ടില്ല.

പൂര്‍ണഗര്‍ഭിണിയായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും വിവരമറിയിച്ചു. അവര്‍ ഇടപെട്ടെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഇയാള്‍ തയാറായില്ല. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ കൊണ്ട് പോയില്ല. കുഞ്ഞിനെ പുറത്തെടുക്കാന്‍ നയാസിന്റെ ആദ്യഭാര്യയിലെ മകള്‍ മണിക്കൂറുകള്‍ ശ്രമിച്ചിട്ടും വിഫലമായി.

തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി. ബോധരഹിതയായ ഷമീറയെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഭര്‍ത്താവ് നയാസിനെ കസ്റ്റഡിയില്‍ എടുത്തു.

ഈ സംഭവത്തില്‍ പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയുമെല്ലാം വിമര്‍ശിക്കുന്നവരുണ്ട്. മതവിശ്വാസത്തെ തൊട്ടുകളിച്ചു എന്ന പേരില്‍ കേരളം തന്നെ കത്തിക്കാന്‍ പ്രാപ്തിയുള്ളവരാണ് ഈ വിശ്വാസികള്‍. അമിതമായ ദൈവവിശ്വാസം വച്ചുപുലര്‍ത്തുന്നവര്‍ ഏതു മതത്തില്‍ പെട്ടവരായാലും തൊടാന്‍ പേടിയാണ് ഉദ്യോഗസ്ഥര്‍ക്കു പോലും. കാരണം, തങ്ങളുടെ മതവിശ്വാസം വ്രണപ്പെട്ടു എന്ന പേരിലാവും പിന്നീടുള്ള ആക്രമണങ്ങളെല്ലാം.

ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്‌നമല്ല. രോഗത്തിനു മരുന്ന് പ്രാര്‍ത്ഥനകളാണെന്നു വിശ്വസിച്ച്, മാരക രോഗത്തിനു പോലും പ്രാര്‍ത്ഥന ചികിത്സ തേടുന്നവരുണ്ട്. രോഗശാന്തി ശുശ്രൂഷ എന്ന പേരില്‍ നടക്കുന്ന വന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ചെറുവിരല്‍ പോലുമനക്കാന്‍ സാധിക്കുന്നില്ല. മരിച്ചുവെന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തയാള്‍ എഴുന്നേറ്റുവന്നു എന്നു പറഞ്ഞപ്പോള്‍ വിശ്വസിക്കാനും ആളുകളുണ്ടായി. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍, മന്ത്രവാദത്തിനു പിന്നാലെ പോയി മനുഷ്യ ജീവിതം ദുരിതമാക്കുന്നവരുമുണ്ട്. അത്തരത്തിലും എത്രയോ മരണങ്ങള്‍!

കണ്ണൊഴികെ, ബാക്കി എല്ലാ അവയവങ്ങളും പൊതിഞ്ഞുകെട്ടി, വെളിയില്‍ ഇറങ്ങാന്‍ പോലും അനുവാദമില്ലാതെ വേദനകളുടെ ലോകത്തു മാത്രം ജീവിക്കുന്നവര്‍. ഈ മതദൈവങ്ങള്‍ക്ക് സ്ത്രീകളെ തളച്ചിടുന്നതിലാണ് ശ്രദ്ധ. ഇവിടെ മറ്റെന്ത് അതിക്രമങ്ങള്‍ നടന്നാലും ദൈവങ്ങള്‍ മൗനത്തിലാണ്. അതിനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ സാധിക്കുന്നില്ല. പക്ഷേ, സ്ത്രീകളൊന്നു പുറത്തിറങ്ങിയാല്‍, അവരുടെ അവകാശങ്ങളെക്കുറിച്ചു സംസാരിച്ചാല്‍, പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ദൈവങ്ങള്‍ക്കും മൂടുതാങ്ങികള്‍ക്കും ഹാലിളകും.

ഇന്ത്യയിലെ ഏതൊരു പൗരനും ചികിത്സ കിട്ടാനുള്ള മൗലികാവകാശങ്ങളുണ്ട്. അത് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാമുള്ളത്. ഇവിടെ ആരെങ്കിലും ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെങ്കില്‍ അത് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയല്ല. മനപ്പൂര്‍വ്വം, കൊല്ലണമെന്നു കരുതിക്കൂട്ടി, കുരുതി കൊടുക്കുന്നതാണ്. അതിനാല്‍, കൊലക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുക്കേണ്ടത്, അല്ലാതെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കല്ല.

…………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


……………………………………………………………….

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


Leave a Reply

Your email address will not be published. Required fields are marked *