ആണ്‍-പെണ്‍ സൗഹൃദങ്ങളെ അവഹേളിക്കുന്ന മാധ്യമങ്ങള്‍

സ്‌നേഹിക്കുന്ന പെണ്ണിനൊപ്പം അല്ലെങ്കില്‍ ആണിനൊപ്പം ജീവിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ സ്വന്തം ലൈംഗികതയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ക്രിമിനലുകളായ സ്ത്രീ പുരുഷന്മാര്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെപ്പോലും കൊന്നു തള്ളിയോ ഉപേക്ഷിച്ചോ പോകാറുണ്ട്. ആ അവസരത്തിലെല്ലാം അത്തരത്തിലുള്ള ക്രിമിനല്‍ ബന്ധങ്ങളെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ആണ്‍സുഹൃത്ത് എന്നോ പെണ്‍സുഹൃത്ത് എന്നോ അല്ലെങ്കില്‍ വെറും സുഹൃത്ത് എന്നോ ആണ്. മുഖ്യധാര മാധ്യമങ്ങള്‍ പറയുന്നതത്രയും പുരോഗമനമാണ്, പക്ഷേ, പ്രചരിപ്പിക്കുന്നതാകട്ടെ, ഇടുങ്ങിയ, സങ്കുചിത ചിന്താഗതികളും.

ആണും പെണ്ണും തമ്മില്‍ അകലം പാടില്ലെന്നും അവര്‍ പരസ്പരം അടുത്തിടപഴകേണ്ടവരാണെന്നുമുള്ള പുരോഗമനാശയങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോഴാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. സുഹൃത്ത് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ നേര്‍വഴി കാട്ടുന്നവര്‍ എന്നാണ്. തെറ്റിലേക്കു നയിക്കുന്നവരെ, തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരെ സുഹൃത്തുക്കളായി ആരും പരിഗണിക്കാറില്ല. അവ വെറും ക്രിമിനല്‍ ബന്ധങ്ങള്‍ മാത്രം.

അമ്മയുടെ ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാനെന്നു മാധ്യമങ്ങള്‍ പറഞ്ഞുവയ്ക്കുമ്പോള്‍ അമ്മയ്ക്ക് സുഹൃത്തായി ആണുങ്ങളാരും പാടില്ലെന്നൊരു മുന്‍വിധി കൂടി അരക്കിട്ടുറപ്പിക്കുകയാണ്. അല്ലെങ്കില്‍ അമ്മയുടെ ആണ്‍സുഹൃത്തുക്കളെല്ലാം അവളുടെ കിടപ്പറയിലേക്കെത്തുന്നവരാണെന്നു കൂടി പറഞ്ഞു വയ്ക്കുന്നു മാധ്യമങ്ങള്‍. അമ്മയുടെ കാമുകന്‍ എന്നു പറയാന്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ മടിക്കുന്നത്…?? അമ്മയ്ക്ക് ആണ്‍സുഹൃത്തും അച്ഛന് പെണ്‍സുഹൃത്തും ഉണ്ടാകുന്നത് പ്രശ്‌നമാണെന്ന ചിന്താഗതി എന്തിനാണീ മാധ്യമങ്ങള്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നത്…?? ഇതോ മാധ്യമങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഉത്തരാധുനിക സംസ്‌കാരം…??

മൂന്നു വയസുകാരനായ മകനെ ശ്വാസം മുട്ടിച്ചുകൊന്ന ആസിയയെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചതു നോക്കുക.

………………………………………………………………………………..
സുഹൃത്തിനൊപ്പം ജീവിക്കാന്‍ മൂന്നുവയസ്സുള്ള മകനെ ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍

സുഹൃത്തിനൊപ്പമുള്ള ജീവിതത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അസിയ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. അമ്മ ആസിയയെ (22) പാലക്കാട് കസബ പോലീസാണ് അറസ്റ്റ് ചെയ്തത്.

സുഹൃത്തിനൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടില്‍ കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ ആസിയയെ പാലക്കാട് കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *