വഴിയില്‍ പൊലിയുന്ന ജീവനുകള്‍: കണ്ണില്ലാത്ത നിയമമല്ല, നീതിയാണു നടപ്പാകേണ്ടത്

 

-Jessy T V

വഴിയരികിലൊരു മനുഷ്യന്‍ മുറിവേറ്റു പിടഞ്ഞുവീണു ചോരയൊഴുകി കിടന്നാലും ഒരാളുപോലും തിരിഞ്ഞുനോക്കാത്ത മനുഷ്യത്വം മരവിച്ച ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. വീണത് ഞാനോ എന്റെ പ്രിയപ്പെട്ടവരോ എനിക്കു വേണ്ടപ്പെട്ടവരോ അല്ലല്ലോ, പിന്നെന്തിനു ഞാന്‍ പുലിവാലു പിടിക്കണം എന്ന നിലപാടാണ് ഭൂരിഭാഗം മനുഷ്യര്‍ക്കുമുള്ളത്. മരണാസന്നരായി വഴിയില്‍ കിടക്കുന്നവരെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ വളരെക്കുറച്ചു പേര്‍ മാത്രമേ തയ്യാറാവുകയുള്ളു. കണ്‍മുന്നിലൊരു അപകടം നടന്നിട്ടും വാഹനത്തില്‍ നിന്നൊരു മനുഷ്യന്‍ തെറിച്ചു റോഡരികില്‍ വീണിട്ടും അതു തെല്ലും ഗൗനിക്കാതെ, വീണുകിടക്കുന്ന മനുഷ്യനെയോ വാഹനത്തെയോ തട്ടാതെ സ്വന്തം സ്‌കൂട്ടറോടിച്ചു പോകുന്നൊരു മനുഷ്യന്റെ വീഡിയോ ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വാഹനാപകടങ്ങളില്‍ പെട്ട മനുഷ്യരെ ആര്‍ക്കു വേണമെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും ആശുപത്രിയിലെത്തിക്കുന്നവരുടെ നേരെ നിയമനടപടികള്‍ ഒന്നുമുണ്ടാവില്ലെന്നും അതിന്റെ പേരില്‍ പിന്നീടവരെ ബുദ്ധിമുട്ടിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ പൊതുജനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സന്ദേശം ജനങ്ങളിലെത്തിക്കാനായി നിരവധി പരസ്യങ്ങളിലൂടെയും കേരള സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, നിയമപാലകര്‍ക്ക് മനുഷ്യമുഖം നഷ്ടപ്പെട്ടാലുള്ള കുഴപ്പമെന്താണെന്ന് ചില നേരനുഭവങ്ങള്‍ നമുക്കു പറഞ്ഞു തരും.

ഇടുക്കിയില്‍, സ്വന്തം ഭര്‍ത്താവിനെ കുരുക്കാനായി അയാളോടിക്കുന്ന ബൈക്കില്‍ മയക്കുമരുന്നു വച്ച ശേഷം പോലീസിനെ വിവരമറിയിച്ച ഭാര്യയുടെ കുശാഗ്രബുദ്ധിയില്‍ നിന്നും ആ പാവം മനുഷ്യന്‍ രക്ഷപ്പെടാന്‍ കാരണം അന്വേഷണ ഉദ്യോഗസ്ഥന് മനുഷ്യമുഖം ഉണ്ടായിരുന്നതു കൊണ്ടുമാത്രമാണ്. ഒരുവനെ മയക്കുമരുന്നുമായി അത്രയേറെ തെളിവോടെ പിടിക്കപ്പെട്ടിട്ടും അറസ്റ്റു ചെയ്യാതെ കേസിന്റെ സത്യസന്ധത അന്വേഷിക്കാന്‍ ഒരു പോലീസുകാരന്‍ കാണിച്ച ധൈര്യമാണ് ആ നിരപരാധിയുടെ ജീവന്‍ രക്ഷിച്ചത്. അതേമനുഷ്യമുഖം തന്നെയാണ് ഓരോ നിയമ പാലകരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ, സംഭവിക്കുന്നതു നേരെ തിരിച്ചാണെന്നു മാത്രം. ആവശ്യങ്ങള്‍ നിയമങ്ങള്‍ നമുക്കുണ്ട്, പക്ഷേ, അതു നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ മൂലം നിരവധി പ്രശ്‌നങ്ങളാണ് സമൂഹത്തിലുണ്ടാക്കുന്നത്.

താഴെ ഒരു മലയാളിക്ക് ഈയിടെ ഉണ്ടായ അനുഭവമാണ് വിവരിച്ചിരിക്കുന്നത്. ഇത് ഒരു മലയാളിയുടെ മാത്രം അനുഭവമല്ല, ഈ സാഹചര്യത്തിലൂടെ കടന്നു പോയ നിരവധി മനുഷ്യരുണ്ടിവിടെ. മനുഷ്യത്വം നഷ്ടപ്പെടാത്ത അവര്‍ക്കു കിട്ടിയ പ്രതിഫലം നോക്കുക.

ക്യാന്‍സര്‍ ബാധിതയായിരുന്ന അദ്ദേഹത്തിന്റെ സഹോദരിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് സ്വന്തം കാറില്‍ ലൈറ്റിട്ട് അദ്ദേഹം ആശുപത്രിയിലേക്ക് അതിവേഗം യാത്ര തിരിച്ചത്. ആദ്യം പാലയിലെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയിട്ടും സഹോദരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അതിവേഗത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രകള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. പൊതുനിരത്തുകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താനും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കാനും വേണ്ടി സ്ഥാപിച്ചിട്ടുള്ളവയാണ് ഈ ക്യാമറകള്‍. പക്ഷേ, വാഹനങ്ങള്‍ അമിത വേഗത്തിലോടുന്നത് എല്ലായിപ്പോഴും ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തുന്നതിനോ സ്വന്തം അഹങ്കാരം കാണിക്കുന്നതിനോ വേണ്ടിയല്ല. സഹജീവിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലാവാനും സാധ്യതയുണ്ടത്. അതിനാല്‍, നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തും മുന്‍പ്, അമിതവേഗത്തില്‍ വണ്ടിയോടിച്ച വാഹന ഉടമയെ വിളിച്ച് കാര്യമന്വേഷിച്ചതിനു ശേഷം യഥാര്‍ത്ഥ കുറ്റവാളികളാണോ എന്ന് ഉറപ്പു വരിത്തി പിഴ ചുമത്തുമ്പോഴാണ് നിയമപാലകര്‍ മനുഷ്യരാകുന്നത്.


സ്വന്തം വാഹനം അമിത വേഗത്തില്‍ ഓടിച്ചു എന്ന കുറ്റത്തിന് ആ മനുഷ്യന് മൂന്നു തവണയായി 1500 രൂപ വീതം പിഴയടയ്‌ക്കേണ്ടതായി വന്നു. ഇതിനെക്കുറിച്ച് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയോടു ചോദിച്ചപ്പോഴും പിഴയടയ്ക്കാതെ നിവൃത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അപകടത്തില്‍പ്പെട്ട് ജീവനോടു മല്ലടിച്ചു കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളത്രെ…! അതിനാല്‍, അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, കെ എസ് ആര്‍ ടി സി ബസുകള്‍, മന്ത്രിമാരുടെയും മറ്റു വി ഐ പി മാരുടെയും വാഹനങ്ങള്‍ക്കു മാത്രമേ അനുവാദമുള്ളത്രെ…! മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ ആയാലും ഓവര്‍ സ്പീഡ് ആയാല്‍ ഫൈന്‍ അടക്കേണ്ടി വരുമത്രെ….!!

ഇതില്‍, അടിയന്തിര ഘട്ടത്തില്‍ സ്പീഡില്‍ വാഹനമോടിക്കാന്‍ അനുവാദമുള്ള കെ എസ് ആര്‍ ടി സിയുടെ അവസ്ഥ എന്താണെന്ന് ആ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരോടു ചോദിച്ചാല്‍ വ്യക്തമാകും. കെ എസ് ആര്‍ ടി സിയുടെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ടാല്‍, ഡിപ്പാര്‍ട്‌മെന്റ് എം ഡിയുടെ പേരിലും അതതു ഡിപ്പോയുടെ പേരിലും നോട്ടീസെത്തും. ഡിപ്പോകള്‍ ആ ദിവസം വാഹനമോടിച്ച ഡ്രൈവറെ കണ്ടെത്തും. യാതൊരു വിശദീകരണവും ചോദിക്കാതെ ഡ്രൈവറില്‍ നിന്നും പിഴ ഈടാക്കാനുള്ള നിയമനടപടികളും കൈക്കൊള്ളും. അമിത വേഗത്തിന് ഡ്രൈവര്‍ പിഴയൊടുക്കേണ്ടതായും വരും.

സി സി ടി വി ക്യാമറകള്‍ വെറും യന്ത്രങ്ങള്‍ മാത്രമാണ്. അവയ്ക്ക് മനുഷ്യരുടെ വികാരങ്ങളോ വിചാരങ്ങളോ മനസിലാവുകയില്ല. നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കോ കുടുംബാംഗങ്ങളിലാര്‍ക്കെങ്കിലുമോ ഒരപകടം സംഭവിച്ചതായി നിങ്ങളറിഞ്ഞാല്‍ കിട്ടിയ വണ്ടിയില്‍ എത്രയും വേഗം അവരുടെ അടുത്തെത്താനായിരിക്കില്ലേ ഓരോ മനുഷ്യരും ശ്രമിക്കുക. അല്ലാതെ ആംബുലന്‍സോ പോലീസോ ഫയര്‍ഫോഴ്‌സ് വാഹനങ്ങളോ വരാന്‍ വേണ്ടി ആരും കാത്തു നില്‍ക്കില്ല. സ്വന്തം വാഹനത്തില്‍, എത്രയും വേഗം അപകടത്തില്‍പ്പെട്ടവരുടെ അടുത്തെത്താനാണ് നിങ്ങള്‍ ശ്രമിക്കുക. അങ്ങനെയുള്ള യാത്രകളില്‍ നിങ്ങള്‍ക്കു പറ്റാവുന്നത്രയും സ്പീഡില്‍ വാഹനമോടിച്ചാലും സ്പീഡു പോരെന്ന ചിന്തയാവും നിങ്ങളുടെ മനസിലുണ്ടാവുക. എന്നാല്‍, സി സി ടി വി ദൃശ്യങ്ങളില്‍ അമിത വേഗത്തിലോടിയ വാഹനം പതിഞ്ഞെന്ന കാരണത്താല്‍, അതിന്റെ വിശദാംശങ്ങള്‍ പോലും ചോദിക്കാതെ പിഴയടക്കേണ്ടി വരുന്നത് എത്രയോ ദയനീയമാണ്…..!!

വാഹനക്കച്ചവടങ്ങള്‍ നടത്തി നിരവധി പേരിവിടെ ജീവിക്കുന്നുണ്ട്. വണ്ടി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവര്‍. വാങ്ങുന്ന വാഹനങ്ങളത്രയും തങ്ങളുടെ പേരിലാക്കിയല്ല ഓരോരുത്തരും ഈ ബിസിനസ് നടത്തുന്നത്. ഇത്തരത്തില്‍ ഓണര്‍ഷിപ്പ് മാറ്റാതെ വാങ്ങിയ വണ്ടി അപകടത്തില്‍പ്പെട്ടാല്‍, ആരുടെ പേരിലാണോ ആര്‍ സി ബുക്കുള്ളത്, അവര്‍ക്കാവും ആ വാഹനത്തിന്റെ ഉത്തരവാദിത്വം. കുറ്റം ചെയ്തവര്‍ മാന്യമായി ഞെളിഞ്ഞു നടക്കും. കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും.

വാഹനങ്ങളോട് മാനസികമായ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് മിക്കവാറും മനുഷ്യര്‍. അതിനാല്‍ത്തന്നെ ദൂര ദിക്കുകളില്‍ ജോലി സംബന്ധമായോ മറ്റാവശ്യങ്ങള്‍ക്കോ പോകുമ്പോള്‍, വാഹനം കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍, അത് വീട്ടിലാരെയെങ്കിലും ഏല്‍പ്പിച്ചു പോകുകയാണ് പതിവ്. അങ്ങനെ ഏല്‍പ്പിച്ചു പോകുന്ന വാഹനം മറ്റാരെങ്കിലുമെടുത്താലും കേസു വന്നാല്‍ കുടുങ്ങുന്നത് വാഹനമുടമ തന്നെയാണ്. ഇവിടെയാണ് നിയമത്തിനപ്പുറം നീതി നടപ്പാകേണ്ടത്. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുള്ളു.


2021 ല്‍ കേരളത്തില്‍ ആകെയുണ്ടായ വാഹനാപകടങ്ങള്‍ 33,296 ആണ്. ഈ അപകടങ്ങളില്‍ 3429 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 40,204 പേര്‍ക്ക് പരിക്കേറ്റു. 2022 ഇതുവരെയുള്ള കണക്കനുസരിച്ച് വാഹനാപകടങ്ങള്‍ 7,240 ആണെന്ന് കേരള പോലീസിന്റെ വെബ്‌സൈറ്റ് പറയുന്നു. അപകടത്തില്‍ പെട്ട 740 പേര്‍ക്ക് ജീവന്‍ നഷ്ടമായി, 7979 പേര്‍ക്ക് അപടത്തില്‍ പരിക്കേറ്റു.

ഇത്രയേറെ അപടങ്ങള്‍ നടക്കുന്ന കേരളത്തില്‍, മരണത്തോടു മല്ലടിക്കുന്ന മനുഷ്യരെ രക്ഷപ്പെടുത്താന്‍ മനുഷ്യത്വമുള്ള മനുഷ്യരുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. പക്ഷേ, അവരെപ്പോലും പിന്നോട്ടു പിടിച്ചു വലിക്കുന്ന ഒരു നിയമസംവിധാനമാണ് നമുക്കിപ്പോഴുള്ളത്. അതു മാറണം. നിയമപാലകര്‍ക്കും നിയമത്തിനും മനുഷ്യത്വം നഷ്ടപ്പെടാന്‍ പാടില്ല….. കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളിലേക്കിറങ്ങിച്ചെന്ന് കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയതിനു ശേഷം മാത്രം വേണം ഒരുവ്യക്തി കുറ്റം ചെയ്‌തോ ഇല്ലയോ എന്നു തീരുമാനിക്കാന്‍. അന്വേഷണങ്ങളിലൂടെ ലഭിച്ച ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാവണം കേസെടുക്കേണ്ടതും ശിക്ഷ വിധിക്കേണ്ടതും.

Leave a Reply

Your email address will not be published. Required fields are marked *