ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ വെളിപ്പെടുത്തല്‍: വ്‌ളോഗര്‍ നിയമക്കുരുക്കില്‍

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഏതെന്നു വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ നടത്തുന്നത് പാശ്ചാത്യ നാടുകളിലെ ഒരു ട്രെന്‍ഡ് ആണ് (Gender reveal party). ഇത്തരത്തില്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഏതെന്നു പാര്‍ട്ടി നടത്തി വെളിപ്പെടുത്തിയ ടു ട്യൂബര്‍ നിയമക്കുരുക്കിലായി. തമിഴകത്തെ ജനപ്രിയ ഫുഡ് വ്‌ളോഗര്‍ ഇര്‍ഫാനാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി, വലിയ പാര്‍ട്ടി നടത്തി വെളിപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്.

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതാവായ ഇര്‍ഫാന്‍ സംഘടിപ്പിച്ച ലിംഗ വെളിപ്പെടുത്തല്‍ പാര്‍ട്ടി, ലിംഗ നിര്‍ണയ നിരോധനം എന്നും വിളിക്കപ്പെടുന്ന പ്രീ-കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് (പിസി-പിഎന്‍ഡിടി) നിയമം ലംഘിച്ചതിന് തമിഴ്നാട് ആരോഗ്യ വകുപ്പ് അദ്ദേഹത്തിനെതിരെ നിയമനടപടിയിലേക്ക് സ്വീകരിച്ചിരിക്കുകയാണ്.

വ്‌ളോഗറും ഭാര്യയും ദുബായിലെ ഒരു ആശുപത്രിയില്‍ ലിംഗനിര്‍ണയ പരിശോധനയ്ക്ക് വിധേയരാകുന്ന വീഡിയോ പോസ്റ്റ് ചെയ്തത് മെയ് 18 നാണ്. മെയ് 2 ന് അവര്‍ ആശുപത്രി സന്ദര്‍ശിച്ചതും പിന്നീട് ചെന്നൈയില്‍ ‘ലിംഗ വെളിപ്പെടുത്തല്‍’ പാര്‍ട്ടി നടത്തുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

ഇന്ത്യയില്‍ ലിംഗനിര്‍ണ്ണയ പരിശോധനകള്‍ നിയമവിരുദ്ധമാണെങ്കിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതിന് അനുമതിയുണ്ടെന്ന് ഇര്‍ഫാന്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. ലിംഗ വെളിപ്പെടുത്തല്‍ പാര്‍ട്ടിയും ദമ്പതികളുടെ ദുബായ് യാത്രയും 4.28 ദശലക്ഷം വരിക്കാരുള്ള അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ വ്‌ലോഗുകളില്‍ വിശദീകരിക്കുന്നുണ്ട്.

ജെന്‍ഡര്‍ വെളിപ്പെടുത്തല്‍ വീഡിയോ മാത്രം 2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അതേസമയം ദുബായ് ട്രിപ്പ് വ്‌ളോഗ് ഏകദേശം 1.1 ദശലക്ഷം പേര്‍ കണ്ടു.

ഇന്ത്യയില്‍, ഒരു മാര്‍ഗ്ഗത്തിലൂടെയും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം ഭേദം നിര്‍ണ്ണയിക്കാന്‍ അവകാശമില്ല. സെക്സ് സെലക്ഷന്‍ നിരോധന നിയമ പ്രകാരം ഇത് കുറ്റകരമാണ്. പെണ്‍ഭ്രൂണഹത്യ തടയുന്നതിനു വേണ്ടിയുള്ള നിയമമാണിത്. ഗര്‍ഭധാരണത്തിനു മുമ്പുള്ള ഡയഗ്‌നോസ്റ്റിക് പരിശോധനയിലൂടെ പെണ്‍ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം നടത്തിയ ശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്നതാണ് ഇപ്പോഴുള്ള രീതി. ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമപരമാണെങ്കിലും, ലിംഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷയുണ്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനമനുസരിച്ച്, 2000-നും 2019-നും ഇടയില്‍ ഇന്ത്യയില്‍ കുറഞ്ഞത് 9 ദശലക്ഷം പെണ്‍ ഭ്രൂണങ്ങള്‍ ഗര്‍ഭച്ഛിദ്രം ചെയ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *