വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയില്‍

Thamasoma News Desk 

കോളിളക്കം സൃഷ്ടിച്ച വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതിയായ കുട്ടി മധു എന്ന എം മധുവിനെ ഇന്നലെ (ഒക്ടോബര്‍ 25) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടുകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ആലുവയിലെ കൊച്ചി ബിനാനി സിങ്ക് കമ്പനിയിലെ ഫാക്ടറിയിലാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌ക്രാപ്പ് നീക്കം ചെയ്യുന്ന കരാര്‍ എടുത്ത കമ്പനിയിലെ മണ്ണ് പരിശോധന വിഭാഗം ജീവനക്കാരനാണ് പ്രതി. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു താമസം. വാളയാര്‍ കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്ത്യ (സിബിഐ) പുനരന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളുടെ മരണം.

പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു അന്വേഷണ സംഘം. കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാര്‍ 2020 നവംബര്‍ 4 ന് ആത്മഹത്യ ചെയ്തിരുന്നു.

2017 ജനുവരി ഏഴിനാണ് വാളയാറിലെ ഷെഡില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷം 9 വയസുകാരിയായ അനുജത്തിയെയും അതേ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പെണ്‍കുട്ടികളും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്.

മധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തയച്ചു. മരിച്ചയാളുമായി ബന്ധപ്പെട്ട രേഖകളും ഫോണും ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *